Current Date

Search
Close this search box.
Search
Close this search box.

അണഞ്ഞാലും തെളിഞ്ഞുകത്തുന്നവര്‍

പദാര്‍ത്ഥ ലോകത്തിന് സമയത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയുക അന്ത്യദിനത്തില്‍ എല്ലാം ഒടുങ്ങുമ്പോള്‍ മാത്രമായിരിക്കും. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിച്ചം കെട്ടു പോയ നക്ഷത്രം ആയിരക്കണക്കിന് പ്രകാശവര്‍ഷം സഞ്ചരിക്കാന്‍ കെല്‍പ്പുള്ള വെളിച്ചത്തെ പ്രപഞ്ചത്തിലേക്ക് എയ്തുവിട്ടാണ് സമയരാഹിത്യത്തിലേക്ക് പിന്‍വലിഞ്ഞത്. എന്നോ അണഞ്ഞു പോയ നക്ഷത്രതിളക്കമാണ് നിങ്ങള്‍ ഇന്ന് രാത്രി മാനത്ത് കാണുന്നതെന്ന് ടീച്ചര്‍ പറഞ്ഞു തന്നപ്പോള്‍ അതിശയമായിരുന്നു.

നിങ്ങളൊക്കെ അതുപോലെ ആയിത്തീരണം എന്നു കൂടി പറഞ്ഞപ്പോള്‍ സത്യത്തില്‍ അന്നൊന്നും തന്നെ മനസ്സിലായിരുന്നില്ല. പിന്നീട് അത്യാവശ്യം അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍ ഓരോ വര്‍ഷാവസാനം കടന്നു വരുമ്പോഴും ടീച്ചര്‍ അന്ന് പറഞ്ഞതിന്റെ കടലാഴങ്ങളോളം വരുന്ന അര്‍ത്ഥങ്ങള്‍ വെളിപ്പെട്ടു തുടങ്ങിയത്. ജീവിച്ചു എന്നതിന്റെ അടയാളം ഈ ലോകത്ത് അവശേഷിപ്പിക്കുന്നത് എങ്ങനെയെന്നതിന് ഓരോ നക്ഷത്രത്തിലും ഒരുപാട് പാഠങ്ങളുണ്ട്.

2014 ല്‍ താന്‍ വായിച്ചതും പരിചയപ്പെട്ടതുമായ ഒരുകൂട്ടം പുസ്തകങ്ങളെ കുറിച്ച് ഈ ലക്കം ശബാബ് വാരികയില്‍ (ഡിസം 26) കെ. അഷ്‌റഫ് വൈജ്ഞാനികോര്‍ജ്ജമുള്ള ചില പങ്കുവെക്കലുകള്‍ നടത്തുന്നുണ്ട്. ഇസ്‌ലാം, മുസ്‌ലിം എന്നീ കര്‍ത്തൃത്വങ്ങള്‍ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ ആകാര വടിവുകളില്‍ എഴുതപ്പെട്ട പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് ‘ബുക് സ്‌കാന്‍ 2014’ തുറന്നിടുന്നത്.

മുഹമ്മദ് നബിയുടെ ചരിത്ര വായന, എഴുതപെട്ട തിരുചര്യയുടെ വ്യഖ്യാനഭേദങ്ങള്‍, പരിശുദ്ധമക്കയുടെ ആധുനികവല്‍ക്കരണം, അല്ലാമാ ഇഖ്ബാല്‍, ഹിംസാത്മകമായ മതം, ഭീകരവാദം-മുസ്‌ലിം വേട്ട, ഖിലാഫത്ത്, അറബ് വിപ്ലവം, മിഡിലീസ്റ്റ്, ഇസ്‌ലാമോഫോബിയ, ഖുര്‍ആന്‍ തുടങ്ങിയ വിഷയങ്ങള്‍ വളരെ സമ്പന്നമായി തന്നെ കൈകാര്യം ചെയ്യുന്ന, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അക്കാദമിക് രംഗത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങള്‍ എഴുതിയ പുസ്തകങ്ങളുടെ ദ്വിഭാഷിയുടെ റോളാണ് ലേഖകന്‍ കൈകാര്യം ചെയ്യുന്നത്.

 ഓര്‍മകളുടെ വീണ്ടെടുപ്പിന്റെ ഒരു വ്യത്യസതമായ ആവിഷ്‌കാരം തന്നെയാണിത്. പുതുമയിലേക്കുള്ള ആയലില്‍ പഴമയുടെ രുചിയെ വെറുതെയങ്ങ് തുപ്പിക്കളയാന്‍ തയ്യാറല്ലാത്തവരുടെ പ്രസക്തി ഇവിടെയാണ്. അവരാണ് ഭൂതകാലത്തിന്റെ പ്രതിബിംബം നമുക്ക് കാണിച്ചു തരുന്ന കണ്ണാടികള്‍. അനേകം പ്രകാശ വര്‍ഷങ്ങള്‍ക്കിപ്പുറവും കാഴ്ച്ചക്കാരന്റെ കണ്ണുകളില്‍ അവര്‍ക്ക് ഒരുപാടായുസ്സ് ഇനിയും അവശേഷിക്കും.

തിന്മ എന്ന ആശയത്തോടും അതിന്റെ പ്രവര്‍ത്തനരീതികളോടും സമരത്തിലേര്‍പ്പെടുമ്പോഴും അതിന്റെ പതാക വാഹകരാവുന്നവോരോട് പ്രാഥമികമായി സഹാനുഭൂതിയോടെ പെരുമാറുക എന്നതാണ് പ്രവാചക അധ്യാപനം. വൈരുദ്ധ്യാത്മകതിയില്‍ വിശ്വസിച്ചിരുന്ന ലോകത്തിന് സമന്വയത്തിന്റെ സാര്‍വ്വലൗകിക പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ വിശ്വവിജയി. ഭൂമിയില്‍ കാലുറപ്പിച്ചു നിന്ന് നക്ഷത്രങ്ങളിലേക്ക് കണയക്കാനാണ് പ്രവാചക നിര്‍ദ്ദേശം. ഒന്നാം ക്ലാസിലെ കുഞ്ഞിനോട് മുതല്‍ സ്വന്തം മാതാവിനോട് വരെ തുറന്ന് പറയാവുന്ന ആധ്യാത്മിക സദാചാര നിയമസംഹിതയുടെ പ്രായോഗികവക്താവായിരുന്ന കാരുണ്യത്തിന്റെ പ്രവാചകന്‍.

‘സമന്വയ വിസ്മയത്തിന്റെ പ്രവാചകന്‍’ ടി. മുഹമ്മദ് വേളത്തിന്റെ തൂലികയിലൂടെ ( പ്രബോധനം ജനുവരി 2) അക്ഷരങ്ങളില്‍ ഒരായിരം വസന്തം തീര്‍ക്കുന്നുണ്ട്. ആ കണ്ണുകള്‍ അടഞ്ഞു പോയിട്ട് വര്‍ഷങ്ങളായിരം പിന്നിട്ടെങ്കിലും ആ കണ്ണുകളില്‍ നിന്നും പ്രവഹിച്ച പ്രകാശധാര ഇന്നുമിവിടെ അണയാതെ തെളിഞ്ഞു കത്തുന്നുണ്ട്.

ആത്മീയതയും, ഭൗതികതയും ഇസ്‌ലാമിന്റെ രണ്ട് കണ്ണുകളാണ്. ഇവയിലേതെങ്കിലുമൊന്ന് ഒഴിവാക്കുന്നിടത്ത് വെച്ചാണ് ഒറ്റക്കണ്ണന്‍ ദജ്ജാല്‍ പിറവിയെടുക്കുക. അതേസമയം ആ ഇരുകണ്ണുകളിലും ദൈവിക പ്രകാശം ചൊരിഞ്ഞു തന്നാണ് തിരുനബി നമ്മെ പിരിഞ്ഞു പോയത്. എന്നിട്ടും കണ്ണുകളില്‍ ഒന്ന് കുത്തിപൊട്ടിച്ചും, പൊത്തിപിടിച്ചും അന്ധതയെ സ്വയം വരിക്കാന്‍ മത്സരിക്കുകയാണ് നമ്മില്‍ ചിലര്‍.

Related Articles