Current Date

Search
Close this search box.
Search
Close this search box.

അകത്തു നിന്നും പുറത്തു നിന്നും ഇസ്‌ലാമിന് മുറിവേല്‍ക്കുമ്പോള്‍

2015 മാര്‍ച്ചിലെ പച്ചക്കുതിരയിലെ ‘മറുപടി’ പേജില്‍ ബഹുമാന്യനായ പാസ്റ്റര്‍ ചാക്കോ ആന്റണി, 2015 ഫെബ്രുവരിയില്‍ പച്ചക്കുതിരയില്‍ തന്നെ ശ്രീ. ടി.കെ ജാബിര്‍ ‘ജൂത ക്രൈസ്തവ മുസ്‌ലിം ജീവിതം’ എന്ന തലകെട്ടില്‍ എഴുതിയ ലേഖനത്തോടുള്ള തന്റെ വിയോജിപ്പ് ജനാധിപത്യമര്യാദകള്‍ പാലിച്ചും, തന്റെ പരിമിതമായ അറിവ് വെച്ചും രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

തന്റെ ലേഖനത്തില്‍ ശ്രീ ടി.കെ ജാബിര്‍ തെളിവുകള്‍ ഉദ്ദരിച്ച് കൊണ്ടു തന്നെയാണ് ഇനി പറയാന്‍ പോകുന്ന സംഭവം ഉദ്ദരിക്കുന്നത്. ‘ജൂതരുമായി പ്രവാചകന്‍ മുഹമ്മദു തന്നെ മാതൃകാപരമായ സഹവര്‍ത്തിത്വം പുലര്‍ത്തിയത് ചരിത്രത്തില്‍ ധാരാളമുണ്ട്. സാമൂഹ്യശാസ്ത്രപരമായി ഇത് സ്ഥാപിതമാകുന്നത് പ്രവാചകന്‍ മുഹമ്മദിന്റെ ഭാര്യയായിരുന്ന സഫിയ്യയില്‍ നിന്നാണ്. അവര്‍ സ്വമേധയാ പ്രവാചക അനുയായിയായി മാറിയ ഒരു ജൂതസ്ത്രീയായിരുന്നു.’ കൂടാതെ ഇന്ന് കാണുന്ന ജൂത മുസ്‌ലിം സംഘര്‍ഷങ്ങള്‍ക്ക് കാരണം ബ്രിട്ടനും അമേരിക്കയുമാണെന്ന് കൂടി ജാബിര്‍ പറഞ്ഞുവെക്കുന്നുണ്ട്. ജാബിറിന്റെ മേല്‍ സൂചിത പരാമര്‍ശങ്ങളെയാണ് നമ്മുടെ പാസ്റ്റര്‍ ചാക്കോ ആന്റണി പ്രശ്‌നവല്‍ക്കരിക്കുന്നത്. അവ ‘ചരിത്രസത്യങ്ങള്‍ക്ക്’ നിരക്കാത്തതും, ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച് അറിവില്ലാത്ത സാധാരണക്കാര്‍ മാത്രം വിശ്വസിക്കുന്ന കഥയാണ് അവയെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

മുഹമ്മദ് നബിയുടെ ഭാര്യ സഫിയ സ്വമേധയാ പ്രവാചക അനുയായിയായി മാറിയെന്ന പ്രസ്താവന ‘ചരിത്ര’വിരുദ്ധമാണെന്ന് പറയുക മാത്രമല്ല, സഫിയ എങ്ങനെയാണ് പ്രവാചക പത്‌നിയും, അനുയായിയും ആയി മാറുന്നതെന്നും വിശദീകരിക്കുന്ന ‘ചരിത്രസത്യം’ പാസ്റ്റര്‍ ഉദ്ദരിക്കുന്നുമുണ്ട്. നബിവചന സമാഹാരങ്ങളില്‍ പ്രാമാണിക ഗ്രന്ഥമായി ഇസ്‌ലാം മതപണ്ഡിതന്മാര്‍ അംഗീകരിക്കുന്ന സഹീഹുല്‍ ബുഖാരിക്ക് സി.എന്‍ അഹ്മദ് മൗലവി രചിച്ച പരിഭാഷയിലെ 235-ാം ‘ചരിത്രസത്യ’മാണ് പാസ്റ്ററുടെ കൈയ്യിലെ തുറുപ്പു ചീട്ട്. ഇതാണ് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ചരിത്രസത്യം. ‘അനസ് പറയുന്നു: ശക്തികൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. യുദ്ധത്തടവുകാരെയെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി. ദൈവദൂതരെ, ഈ യുദ്ധത്തടവുകാരില്‍നിന്ന് ഒരു പെണ്‍കിടാവിനെ എനിക്ക് തരേണമെന്നപേക്ഷിച്ചുകൊണ്ട് ദിഹ്‌യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീയെടുത്തുകൊള്ളുകയെന്ന് തിരുമേനി അനുവദിച്ചു. അപ്പോള്‍ ഹുയ്യയ്യിന്റെ മകള്‍ സഫിയ്യായെയാണ് അദ്ദേഹം ഏറ്റെടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി. ദൈവദൂതരെ, ഖുറൈള, നളീര്‍ എന്നീ രണ്ട് ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു മഹതിയായ സഫിയ്യായെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്‌യത്തിനാണല്ലോ. വാസ്തവത്തില്‍ ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവുകയില്ല. ഇതു കേട്ടപ്പോള്‍ ദിഹ്‌യത്തിനെ വിളിക്കുകയെന്ന് തിരുമേനി അരുളി. ദിഹ്‌യത്ത് അവളേയും കൊണ്ടുവന്നു. നീ യുദ്ധത്തടവുകാരില്‍നിന്നു മറ്റൊരു പെണ്‍കിടാവിനെ ഏറ്റുവാങ്ങിക്കൊള്ളുകയെന്ന് തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനവിമുക്തയാക്കിയിട്ട് വിവാഹം ചെയ്തു.’

എല്ലാവര്‍ക്കും പറ്റുന്നത് പോലെയുളള ഒരബന്ധം തന്നെയാണ് പാസ്റ്റര്‍ക്കും പറ്റിയത്. അദ്ദേഹം പ്രവാചകന്റെ കൂടെയുള്ള സഫിയയുടെ ശിഷ്ടജീവത ചരിത്രത്തിന്റെ ഒരു താളെങ്കിലും മറിച്ച് നോക്കുന്നത് പോയിട്ട്, അങ്ങനെയൊരു ജീവിതം സഫിയക്ക് ഉണ്ടെന്ന് പോലും മനസ്സിലാക്കുന്നില്ല. സഫിയയെ പ്രവാചക അനുചരന്‍ പ്രവാചകന് വേണ്ടി നിര്‍ദ്ദേശിക്കുന്ന സന്ദര്‍ഭത്തെ, പരിശുദ്ധ ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്ന പ്രവാചകന്റെ ഗുണവിശേഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് മനസ്സിലാക്കേണ്ടത്.

എന്തു കൊണ്ടാണ് പ്രവാചക അനുചരന്‍ സഫിയയെ പ്രവാചകന് വേണ്ടി നിര്‍ദ്ദേശിച്ചതെന്നും, ആ നിര്‍ദ്ദേശം സ്വീകരിക്കാന്‍ പ്രവാചകന്‍ തയ്യാറായത് എന്തു കാരണത്താലാണെന്നും സഫിയ്യയുടെ പ്രവാചകനോടൊത്തുള്ള ശിഷ്ട ജീവിത ചരിത്രം നമുക്ക് പറഞ്ഞു തരും. കൂടാതെ പാസ്റ്റര്‍ ഉദ്ദരിക്കുന്ന ചരിത്രസത്യത്തില്‍ സഫിയയുടെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് പരാമര്‍ശങ്ങളൊന്നും തന്നെയില്ല. കര്‍മശാസ്ത്രപണ്ഡിതയും വിജ്ഞാനം നേടിയ സ്ത്രീകളില്‍ വെച്ചേറ്റവും ബുദ്ധിമതിയുമായിരുന്നു സഫിയ എന്നാണ് ഇമാം നവവി ആ മഹത് വനിതയുടെ പ്രവാചകനോടൊത്തുള്ള ജീവിതം സൂക്ഷ്മമായി പഠിച്ചു കൊണ്ട് തങ്കലിപികളില്‍ കുറിച്ചിട്ടത്.

പാസ്റ്റര്‍ സഫിയയില്‍ നിര്‍ത്തുന്നില്ല. പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് യഥേഷ്ടം ഉപയോഗിച്ച് ജൂത മുസ്‌ലിം വിരുദ്ധത കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത ഒന്നായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാസ്റ്റര്‍ക്ക് മറുപടി കൊടുക്കേണ്ടവരുടെ അവസ്ഥ ഇത്തവണത്തെ ശബാബ് വാരിക (2015 മാര്‍ച്ച് 30) വരച്ചിടുന്നുണ്ട്. ‘മതത്തെ പൊളിച്ചടക്കുന്നത് പുരോഹിത സഭകള്‍’, ‘കേരളീയ പൗരോഹിത്യത്തിന്റെ രാഷ്ട്രീയമോഹങ്ങള്‍‘ തുടങ്ങിയ  തലകെട്ടുകള്‍ക്കടിയില്‍ രചിക്കപ്പെട്ട ആഭ്യന്തര വിമര്‍ശന സാഹിത്യങ്ങള്‍ ഏകപക്ഷീയമായി പോയിട്ടുണ്ടെന്ന് പറയാതെ വയ്യ.

Related Articles