Novels

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -9

-‘എന്താണ് ഈ കടലാസുകള്‍ ?
-പ്രഭാത പത്രമാണ് അമീറുല്‍ മുഅ്മിനീന്‍, പ്രാദേശികവും, അന്താരാഷ്ട്രവുമായ വാര്‍ത്തകളാണ് ഇതില്‍’
ഖലീഫ തന്റെ ദൃഷ്ടി അതിലെ ചിത്രങ്ങളിലും, കോളങ്ങളിലും പതിപ്പിച്ചു.
-‘ഈ പേജുകളില്‍ ലോകത്തെ വാര്‍ത്തകളാണ്. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍, ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍, രണ്ട് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സൈനിക കൂട്ടിമുട്ടലുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വളരെ വിശദമായി അതാത് ദിവസം ഇതില്‍ വായിക്കാവുന്നതാണ്..’
-‘അല്‍ഭുതകരം തന്നെ… അതെ ദിവസം തന്നെയോ?’ ഖലീഫ ചോദിച്ചു
-‘അതെ’
-‘എങ്ങനെ?’
-‘വാര്‍ത്തകള്‍ക്ക് പ്രത്യേകമായ ഏജന്‍സികളുണ്ട്. അവിടത്തെ ഏജന്റുമാര്‍ വാര്‍ത്തകള്‍ ശേഖരിക്കുകയും നിമിഷങ്ങള്‍ക്കകം റേഡിയോ, ടൈപ്പ്‌റൈറ്റര്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയില്‍ രേഖപ്പെടുത്തും. പത്രങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, ശാസ്ത്രം, പരസ്യം തുടങ്ങിയവക്ക് വ്യത്യസ്ത കോളങ്ങളുണ്ട്. എന്നല്ല കുറ്റകൃത്യങ്ങള്‍ക്ക് പോലും പ്രത്യേക കോളമുണ്ട്.’

അദ്ദേഹമെന്നെത്തന്നെ തുറിച്ച് നോക്കി
-‘വീട്ടില്‍ ശാന്തമായി ഇരുന്ന്, ഒരു കപ്പ് കോഫി കുടിക്കുന്നതിനിടയില്‍ ലോകത്തെ വാര്‍ത്തകള്‍ വായിക്കുക, ഈ കണ്ടുപിടിത്തം അതിര്‍ത്തികളെയും പരിധികളെയും ഉരുക്കിക്കളയുകയും, ദൂരങ്ങള്‍ താണ്ടുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് ഇവയൊന്നും ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല. അല്ലാഹുവിന്റെ കഴിവ് എല്ലാറ്റിനെയും ചൂഴ്ന്ന് നില്‍ക്കുന്നു. ഈ അനുഗ്രഹങ്ങളുടെ മഹത്വം നിങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഇവയില്‍ ചിലതെങ്കിലും ലഭിച്ചിരുന്നെങ്കില്‍ സമൂഹങ്ങള്‍ അല്ലാഹുവിന് മുന്നില്‍ നന്ദിയോടെ പ്രണാമമര്‍പിക്കുമായിരുന്നു… പക്ഷെ നിങ്ങളോ… ഈ അനുഗ്രഹങ്ങളൊക്കെ ഉണ്ടായിട്ടും… തോന്നിവാസത്തിലും തെമ്മാടിത്തത്തിലും മുങ്ങിക്കുളിക്കുന്നു… ഈ മാര്‍ഗങ്ങളുപയോഗിച്ച് നന്മയിലേക്കും, ശ്രേഷ്ടതയിലേക്കും എത്താമായിരുന്നു നിങ്ങള്‍ക്ക്…’
സംതൃപ്തിയോടെ ചിരിച്ചു കൊണ്ടദ്ദേഹം തുടര്‍ന്നു
-‘നിങ്ങളുടെ റോക്കറ്റ്, അല്ലെങ്കില്‍ വിമാനങ്ങള്‍ ചുരുങ്ങിയ സമയത്തിനകം മക്കക്കും, ഖുദ്‌സിനുമിടയിലുള്ള ദൂരം താണ്ടുന്നവയാണ്. എന്നിട്ടും, പ്രവാചകന്റെ നിശാപ്രയാണം ആത്മാവ് മാത്രമായിരുന്നോ, ശരീരവുമുണ്ടായിരുന്നോ എന്ന് നിങ്ങള്‍ സംശയിക്കുന്നു. ഞാനായിരുന്നു നിങ്ങളുടെ സ്ഥാനത്തെങ്കില്‍ പ്രവാചകന്റെ ഇസ്‌റാഅ് ശരീരവും ആത്മാവും ചേര്‍ന്നതായിരുന്നുവെന്നതില്‍ ഒരു ചെറിയ സംശയം പോലും എനിക്കുണ്ടാവുമായിരുന്നില്ല.’

ഞാന്‍ പത്രം കയ്യിലെടുത്തു അതിലെ തലാവചകങ്ങള്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി.
-‘പശ്ചിമേഷ്യയിലെ പ്രശ്‌നത്തിന് മുതലാളിത്ത രാഷ്ട്രങ്ങള്‍ പരിഹാരം കണ്ടില്ല’,  ‘രക്ഷാ സമിതിയുടെ തീരുമാനം പ്രദേശത്തെ എല്ലാ രാഷ്ട്രങ്ങളും മുറുകെ പിടിക്കേണ്ടതുണ്ട്’,  ‘ചാവേര്‍ പടയാളികള്‍ക്കും ഇസ്രായേല്‍ പട്രോളിംഗ് സൈന്യത്തിനുമിടയില്‍ സംഘട്ടനം’,  ‘സൂയസ് കനാല്‍ റെഡ് ലൈനില്‍ വെടിവെപ്പ്’,  ‘ഖുദ്‌സില്‍ ശക്തമായ സ്‌ഫോടനം, ഉമര്‍ ബിന്‍ ഖത്താബെന്ന് അവകാശപ്പെട്ട് ഒരു അറബ് പൗരന്‍’ അത് കണ്ട് എന്റെ ഹൃദയമിടിപ്പ് കൂടി. ഖലീഫയുടെ ഫോട്ടോയുണ്ട് പത്രത്തില്‍, അരികിലായി ഞാനും. വാര്‍ത്ത എല്ലായിടത്തും പരന്നിരിക്കുന്നു. എല്ലാവരും അതിനെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്നു. ഖലീഫ ആവേശത്തോടെ പറഞ്ഞു.
-‘ഇതെന്റെ ചിത്രമാണല്ലോ, അത് വരച്ചവന്‍ വല്ലാത്ത പ്രതിഭ തന്നെ’
-‘ഇത് പുതിയ ഒരു ഉപകരണത്താല്‍ നിര്‍മിച്ചതാണ്.’
-‘നിശബ്ദ ഉപകരണമോ?’
-‘അതെ, അത് സൂക്ഷ്മമായ ടെക്‌നിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.’
-‘അത് കേട് വരില്ലേ?’
-‘അതെ, തീര്‍ച്ചയായും.’

ഞാന്‍ ഖലീഫയോട് സംസാരിക്കുമ്പോഴും ഭയവും ആശങ്കയും എന്നെ കാര്‍ന്നുതിന്നുകയായിരുന്നു. അദ്ദേഹം ചോദിക്കുന്നത് ഞാന്‍ കേട്ടു.
-‘അവര്‍ എന്നെ കുറിച്ച് എന്താണ് എഴുതിയത്?’
-‘ഇസ്രായേല്‍ ഇന്റലിജന്‍സ് ആവര്‍ത്തിച്ച അതേ ജല്‍പനങ്ങള്‍’
-‘ഞാന്‍ ഭ്രാന്തനാണെന്ന് ആരോപിക്കുകയാണോ അവര്‍?’ അദ്ദേഹം തലകുലുക്കി ചോദിച്ചു.
-‘അവര്‍ വേണ്ടത് പറയട്ടെ, യാഥാര്‍ത്ഥ്യം അവരുടെ കണ്ണുകള്‍ക്ക് മേല്‍ മറയിട്ടിരിക്കുന്നു’

കാര്യം അദ്ദേഹത്തെ അത്രയധികം അലട്ടിയില്ലെന്ന് തോന്നുന്നു. പക്ഷെ ഞാനാകെ പരിഭ്രമത്തിലായിരുന്നു. നാനാഭാഗത്ത് നിന്നും ഈ അല്‍ഭുതജീവിയെ കാണാന്‍ ആളുകളൊഴുകും. എല്ലായിടത്തും ജനങ്ങള്‍ ഞങ്ങളെ തിരിച്ചറിയുകയും വലയം ചെയ്യുകയുമാവും. അതോടെ ഖലീഫക്ക് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കാതെ വരും.
ഖലീഫ പറഞ്ഞു.
-‘നിങ്ങള്‍ക്ക് ലഭിച്ചത് പോലുള്ള ഭൗതിക വിജ്ഞാനം ഞങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകം സന്മാര്‍ഗം പ്രാപിച്ചേനെ. ജനങ്ങളുടെ കൈപിടിച്ച് ഗൗരവതരമായ കാര്യത്തിലേക്ക് നടത്തുമായിരുന്നു. ഇന്നത്തെ ലോകനേതാക്കള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ കഴിവുകള്‍ നിങ്ങളെ വഴികേടിലേക്കും വഞ്ചനയിലേക്കും, വിധേയത്വത്തിലേക്കും ക്ഷണിക്കുന്നതിനാണ് ചൂഷണം ചെയ്യുന്നത്. ശക്തി നിങ്ങളുടെ കയ്യില്‍ പാവങ്ങളെ അടിച്ചമര്‍ത്താനുള്ള മാര്‍ഗമാണ്. സ്വാതന്ത്ര്യമെന്നത് തോന്നിവാസം പ്രവര്‍ത്തിക്കലും. രാഷ്ട്രതലത്തിലും വ്യക്തിതലത്തിലുമുള്ള സ്വേഛയാണ് നിങ്ങള്‍ക്ക് വിവരം.’
അദ്ദേഹം അട്ടഹസിച്ചു.
‘വിജ്ഞാനത്തിന്റെ കൈപിടിച്ച് വിശ്വാസത്തിലേക്ക് നയിക്കുന്ന ഒരാളും നിങ്ങളുടെ കാലത്തില്ലേ?’
ഞാന്‍ ദുഖത്തോടെ നെടുവീര്‍പിട്ടു.
-‘ആ ശബ്ദം കാലങ്ങളായി നിലച്ചിട്ടില്ല’
-‘എന്നിട്ടെന്ത് ഫലമാണുണ്ടായത്?’
-‘പക്ഷെ, ഞങ്ങളുടെ ചെവികള്‍ക്ക് ബധിരത ബാധിച്ചത് പോലെ’
-‘വികാരങ്ങള്‍ നിറഞ്ഞ, ബഹളമയമായ അന്തരീക്ഷത്തില്‍ നിങ്ങളുടെ വാക്കുകള്‍ ആര് കേള്‍ക്കാനാണ്? നിരപരാധികളുടെ മുതുക് അടിച്ച് പൊളിക്കുന്ന നിങ്ങളുടെ ചാട്ടവാറുകള്‍ വേശ്യകള്‍ക്കും, തെമ്മാടികള്‍ക്കും മേല്‍ പ്രയോഗിച്ചിരുന്നുവെങ്കില്‍ സമൂഹം മാരകരോഗങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെടുകയും, എല്ലായിടത്തും നന്മ വ്യാപിക്കുകയും ചെയ്തിരുന്നേനെ.’

പെട്ടെന്ന് ഉമര്‍ വേദന കൊണ്ട് പല്ല്കടിച്ചു. മുഖത്ത് ഇരുട്ട് പരന്നു. നെറ്റിത്തടത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു. മുഖത്തെ പേശികള്‍ വലിഞ്ഞ്മുറുകി. കുറച്ച് മുന്നോട്ടാഞ്ഞ് വയറിന് വലത്ത് ഭാഗത്ത് കൈ വെച്ച് അദ്ദേഹം പറഞ്ഞു.
-‘സഹിക്കാന്‍ പറ്റാത്ത് വേദന’.
ഞാന്‍ എന്റെ സ്ഥാനത്ത് നിന്ന് മുന്നോട്ട് നീങ്ങി.
-‘അമീറുല്‍മുഅ്മിനീന്‍, എന്തു പറ്റി?’
-‘വിഷം കുടിച്ചത് പോലെ, എന്റെ ഞരമ്പുകളില്‍ കൊടിയ വേദന’
-‘നമുക്ക് ഡോക്ടറെ കാണിക്കാം’
-‘പ്രവാചക കാലത്ത് ചില പച്ചച്ചെടികളുയെ നീര് കുടിക്കാറായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. വളരെ വേഗത്തില്‍ വേദന ശമിക്കുമായിരുന്നു.’
ഉമര്‍ ഏതാനും പച്ചച്ചെടികളുടെ പേരുകള്‍ പറഞ്ഞു. ഞാനവ ഇതിന് മുമ്പ് കേട്ടിട്ടില്ലായിരുന്നു. എന്റെ കയ്യിലുള്ള ഭാഷാനിഘണ്ടുവില്‍ ഞാനവ പരതാമെന്ന് കരുതി. അതോടൊപ്പം തന്നെ ഡോക്ടറെ സന്ദര്‍ശിക്കണമെന്നും ഞാന്‍ അദ്ദേഹത്തെ തെര്യപ്പെടുത്താന്‍ ശ്രമിച്ചു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചും, ഓപറേഷന്‍, ടാബ്‌ലെറ്റ് തുടങ്ങിയ ഒട്ടേറെ മേഖലകളിലുള്ള പുരോഗതിയെക്കുറിച്ചും വിശദീകരിച്ച് കൊടുത്തു.

എല്ലാ പുതിയ കാര്യങ്ങളും പരിചയപ്പെടാനും മത്സരിക്കാനും ഖലീഫക്ക് വലിയ താല്‍പര്യമുണ്ടെന്ന് വ്യക്തമായിരുന്നു. ഏതൊരു കാര്യത്തിലും വിധിപ്രസ്താവിക്കുന്നതിന് മുമ്പ് അതിന്റെ എല്ലാ വശങ്ങളും നന്നായി പഠിച്ച് മനസ്സിലാക്കിയിരിക്കണമെന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു.
ഖുദ്‌സിലെ ഒരു പുരാതന ഹോസ്പിറ്റലിന് അടുത്തെത്തിയപ്പോള്‍ ഉമര്‍ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു.
-‘അവിടെയും സയണിസ്റ്റുകളുണ്ടോ?’
-‘ഇല്ല’
-‘ഈ ഡോക്ടര്‍മാരെ താങ്കള്‍ക്ക് വിശ്വാസമാണോ?’
-‘അതെ, പൂര്‍ണമായും, അവരില്‍ എന്റെ സുഹൃത്തുക്കളുമുണ്ട്.’

വെളുത്ത വൃത്തിയുള്ള ഒരു കസേരയില്‍ ഖലീഫ ഇരുന്നു. ശീതീകരിച്ച മുറിയില്‍ ഖലീഫ നാലുപാടും കണ്ണോടിച്ചു. മുകളില്‍ തൂങ്ങിയാടുന്ന പ്രകാശദീപങ്ങളെ നിരീക്ഷിച്ചു. മനുഷ്യന്റെ പേശികളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും വ്യക്തമാക്കുന്ന നിറചിത്രങ്ങളിലേക്ക് നോക്കി. മുറിയുടെ ഒരു ഭാഗത്ത് തൂക്കിയിട്ട അസ്ഥികൂടം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ആശ്ചര്യം കൊണ്ട് വിടര്‍ന്നു. അദ്ദേഹം മന്ത്രിച്ചു.
-‘ഇതും ഉണ്ടാക്കുവാന്‍ കഴിയുമോ?’
-‘അത് യഥാര്‍ത്ഥ അസ്ഥികൂടമാണ്’
-‘അത് ആരുടേതാണ്?’
-‘ഏതോ ഒരു മനുഷ്യന്റേത്്?’
വളരെ വേദനയോടെ അദ്ദേഹം പറഞ്ഞു.
-‘എല്ലാം കഴിഞ്ഞിരിക്കുന്നു, മാംസവും തൊലിയും ഉരുകി, പേശികള്‍ ശോഷിച്ചു…. ആഗ്രഹങ്ങള്‍ മരിച്ചു…. ധിക്കാരവും, മോട്ടുമില്ലാതെ…. കേവലം നിശ്ചലമായ നുരുമ്പിയ എല്ലിന്‍കഷ്ണങ്ങള്‍ മാത്രം…..’
അദ്ദേഹം അല്ലാഹുവിനോട് പാപമോചനം അര്‍ത്ഥിച്ച് കൊണ്ടേയിരുന്നു. ഊരക്ക് കൈ കൊടുത്ത് അദ്ദേഹം പറഞ്ഞു.
-‘വെട്ടിയിട്ട മരത്തെപ്പോലുണ്ട് അത് … എല്ലാ അഹന്തകളില്‍ നിന്നും അത് നഗ്നമായിരിക്കുന്നു.’
അദ്ദേഹം വേദനയോടെ പിറുത്തു.
-‘മരണപ്പെട്ടവരുടെ അസ്ഥികൂടം കൊണ്ട് നിങ്ങളുടെ കൊട്ടാരം അലങ്കരിക്കുകയാണോ?’
-‘അല്ലാഹു പൊറുക്കട്ടെ, ഇത് പഠനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ളതാണ്.’

നീണ്ടുമെലിഞ്ഞ, മനോഹരമായ തൊലിയുള്ള, വെളുത്ത ഷാള്‍ കൊണ്ട് തലമറച്ച ഒരു യുവതി കടന്ന് വന്നു. നന്നായി വസ്ത്ര ധാരണം നടത്തിയ അവളുടെ മുന്‍കയ്യും, കഴുത്തിന്റെ കുറച്ച് ഭാഗവും, കാലും മാത്രമെ പുറത്ത് കാണുന്നുണ്ടായിരുന്നുള്ളൂ. അവളുടെ മുഖത്ത് നേര്‍ത്ത പുഞ്ചിരിയുണ്ട്. നിഗൂഢമായ ദുഖം അത് മറച്ച് വെക്കുന്നത് പോലെ. അവള്‍ അടുത്തേക്ക് വന്നു, തെര്‍മോമീറ്റര്‍ പിടിച്ച കൈ ഉമറിന് നേരെ നീട്ടി. അദ്ദേഹം പ്രതിഷേധത്തോടെ നിരസിച്ചു.
-‘ഇതാണോ ഡോക്ടര്‍?’
-‘അല്ല, നേഴ്‌സാണ്’
-‘നിനക്കെന്താണ് വേണ്ടത്?’
-‘ശരീരോഷ്മാവ് രേഖപ്പെടുത്തുകയാണ്.’ അവള്‍ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
കാര്യം പന്തിയല്ലെന്ന് കണ്ട ഞാന്‍ ഇടപെട്ടു.
-‘ഇത് പാരമ്പര്യമായി നടപ്പിലാക്കപ്പെടുന്ന രീതിയാണ്. താങ്കള്‍ നിരസിക്കേണ്ടതില്ല.’
-‘നിങ്ങള്‍ ചെയ്യുന്നതൊക്കെയും അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് ബോധ്യപ്പെട്ടതേ ഞാനംഗീകരിക്കൂ. എന്റെ മാന്യതയും ആദരവും ഇടിച്ച് താഴ്ത്തി വേദന കുറക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’
കാര്യങ്ങളെല്ലാം ഞാനദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. അതോടെ അദ്ദേഹം വാ തുറന്നു, ഇരു ചുണ്ടുകള്‍ കൊണ്ട് തെര്‍മോമീറ്റര്‍ പിടിച്ചു. ഊഷ്മാവ് അളന്നതിന് ശേഷം അദ്ദേഹം ചോദിച്ചു.
-‘എന്ത് കൊണ്ട് ഇക്കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് ചെയ്ത് കൂടാ? ഈ യുവതികള്‍ സ്ത്രീകളില്‍ നിന്നുള്ള രോഗികളെ പരിചരിക്കുന്നതല്ലേ കൂടുതല്‍ ഉത്തമം?’
ഞാന്‍ അല്‍ഭുതത്തോടെ ചോദിച്ചു.
-‘സ്ത്രീകള്‍ക്ക് ഇത്തരം ജോലികള്‍ ചെയ്ത് കൂടേ?’
-‘അതല്ല ഞാനുദ്ദേശിച്ചത്, ഞങ്ങളില്‍ ചില സ്ത്രീകള്‍ യുദ്ധങ്ങളില്‍ പങ്കെടുക്കുകയും വാളുകള്‍ വഹിക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവര്‍ നിങ്ങളുടെ സ്ത്രീകളെപ്പോലെ ആയിരുന്നില്ല. നിങ്ങള്‍ ഇളവുകളെ മോശമായി കൈകാര്യം ചെയ്യുകയും, ബാധ്യതകളില്‍ നിന്ന് ഓടിയൊളിക്കുകയും ചെയ്യുന്നു.’

കുറച്ച് നേരത്തിന് ശേഷം ഡോക്ടര്‍ വന്നു. സാധാരണ പോലെ അദ്ദേഹം പുഞ്ചിരിച്ചെങ്കിലും അപരിചിതത്വം കളയാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.
-‘ഈജിപ്തില്‍ നിന്നുള്ള ഡോക്ടറാണ്.’
-‘നിങ്ങള്‍ അംറ് ബിന്‍ ആസ്വിനെ ഓര്‍ക്കുന്നുണ്ടോ’ ഉമര്‍ അദ്ദേഹത്തോട് ചോദിച്ചു.
അദ്ദേഹം ചിരിച്ചു, പിന്നീട് കണ്ണുകള്‍ അകലേക്കയച്ചു.
-‘അത് മഹത്തായ നാളുകളായിരുന്നു… കാലം അത്തരത്തിലുള്ളവ അപൂര്‍വമായെ നല്‍കാറുള്ളൂ…’
-‘അവക്കെല്ലാം കാരണങ്ങളുമുണ്ടായിരുന്നു.’ ഖലീഫ ആക്ഷേപസ്വരത്തിലാണത് പറഞ്ഞത്.
ഡോക്ടര്‍ അമര്‍ത്തിച്ചിരിച്ചു. ശേഷം പരിശോധന തുടങ്ങി. ഇടക്കിടെ ഉമറിന്റെ നെഞ്ചത്തും ഹൃദയത്തിന്മേലും സ്‌റ്റെതസ്‌കോപ്പ് മാറിമാറി വെച്ചു. കൈ കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമര്‍ത്തി. പിന്നീട് ഭക്ഷണപാനീയത്തെയും ദഹനത്തെയുംകുറിച്ച് ചോദ്യങ്ങളുന്നയിച്ചു. അസുഖത്തിന്റെ തുടക്കത്തെയും, അടയാളത്തെയുംകുറിച്ച് ചോദിച്ചു. എല്ലാറ്റിനും ചെറിയ, കൃത്യമായ ചോദ്യങ്ങള്‍. ശേഷം ഉമര്‍ ചോദിച്ചു.
-‘രോഗമെന്താണെന്ന് പിടികിട്ടിയോ?’
-‘അതെ, പക്ഷെ അതിന് മുമ്പ് രക്തവും, കഫവും, മൂത്രവും പരിശോധിക്കേണ്ടിയിരിക്കുന്നു. കൂടാതെ എക്‌സ്‌റേ കൂടി എടുക്കേണ്ടി വരും.
വേദനക്കിടയിലാണെങ്കിലും ഉമര്‍ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
-‘നിങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാവുന്നില്ല. നിങ്ങള്‍ എല്ലാറ്റിലും വേഗതയുള്ളവരാണ്. വേദന കുറക്കുന്നതിലൊഴികെ….’

ഡോക്ടര്‍ കുറച്ച് നേരത്തേക്ക് പരിശോധന നിര്‍ത്തി. ഖലീഫയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ശേഷം ചോദിച്ചു.
-‘താങ്കളുടെ ഫോട്ടോ ഇന്ന് പത്രത്തില്‍ കണ്ടെന്ന് തോന്നുന്നു’
-‘അതെ, ഇന്നലത്തെ ആ ഭ്രാന്തന്‍ തന്നെയാണ് ഞാന്‍… ഇത് വഷളത്തരത്തിന്റെ ലോകം തന്നെ..’  ഉമര്‍ ചിരിച്ച് കൊണ്ട് തലയാട്ടി.
-‘അത് അവര്‍ താങ്കള്‍ക്ക് മേല്‍ ആരോപിച്ചതാണ്. ഇസ്രായേല്‍ പത്രങ്ങള്‍ക്ക് നുണ പ്രചരിപ്പിക്കുന്നതും, അല്‍ഭുതകരമായ കഥകള്‍ ഉദ്ധരിക്കുന്നതും തൊഴിലാണ്.’
-‘ഞാന്‍ ഉമറാണെന്നതിലെന്താ ഇത്ര അല്‍ഭുതം’ എന്ന് തന്റെ രോഗി ചോദിച്ചത് കേട്ട ഡോക്ടര്‍ ഞെട്ടി. അദ്ദേഹം ഉമറിനെ സംശയദൃഷ്ട്യാ ഒന്നുഴിഞ്ഞു.
-‘അത് അസാധാരണമായ കാര്യമാണ്.’
-‘അസാധാരണം തന്നെ, എന്നാല്‍ സംഭവ്യവുമാണ്. ഇസ്രായേലില്‍ വധിക്കപ്പെട്ടവരെക്കുറിച്ചും, അവരിലെ പശുവിനെക്കുറിച്ചും യഹൂദികള്‍ വായിച്ചിട്ടില്ലേ. ഉസൈറിനെ അവര്‍ക്കറിയില്ലേ? അല്ലാഹുവിലുള്ള വിശ്വാസം അവന്റെ കഴിവുകളിലുള്ള വിശ്വാസത്തെക്കൂടി ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ വിവരമുള്ളവരല്ലേ?’
-‘ബുദ്ധിപരമായ വര്‍ത്തമാനമാണിത്. പക്ഷെ വിശ്വസിക്കാന്‍ പ്രയാസമാണ്.’
-‘ബുദ്ധിപരം…. തൃപ്തികരം… എല്ലാറ്റിനും ശേഷം നിരസിക്കുകയും ചെയ്യുന്നു?’
-‘ശരിയാണ്’
-‘വല്ലാത്തൊരു വിശ്വാസം തന്നെ നിങ്ങളുടേത്…’
-‘താങ്കള്‍ക്ക് ബുദ്ധിസ്ഥിരതയുണ്ടെന്ന കാര്യത്തില്‍ മാത്രം എനിക്ക് യാതൊരു സംശയവുമില്ല…’
-‘താങ്കെള്‍ക്കെന്താ ഇത്ര ഉറപ്പ്?’ ഖലീഫ ശാന്തതയോടെ ചോദിച്ചു.
-‘കാഴ്ചയും, ചിന്തയും, ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുമുപയോഗിച്ച് ബോധ്യപ്പെട്ടതാണ്.’
-‘മകനെ, എന്റെ സംസാരത്തെ താങ്കള്‍ ഇഴകീറി പരിശോധിക്കുന്നു, അവയില്‍ താങ്കളുദ്ദേശിക്കുന്നത് നിരസിക്കുകയും ചെയ്യുന്നു… താങ്കളുടെ വര്‍ഗീകരണത്തില്‍ സംഭവിച്ച അബദ്ധമാണ്…. എന്ത്‌കൊണ്ട് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൂടാ…? എന്റെ വര്‍ത്തമാനത്തെ പൂര്‍ണമായി സ്വീകരിക്കുകയോ, നിരസിക്കുകയോ ചെയ്യാത്തതെന്ത്?
ഉമര്‍ വിശദമായി തന്നെ ചോദിച്ചു. ഡോക്ടറുടെ മുഖത്ത് ആശ്വാസം തണല്‍വിരിച്ചു. അദ്ദേഹം പറഞ്ഞു.
-‘ആദ്യം നമുക്ക് താങ്കളുടെ വേദന കുറക്കാം… താങ്കള്‍ക്ക് അപ്പെന്‍ഡിസൈറ്റിസ് ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടിയിരിക്കുന്നു. പ്രായം ചെന്നവരില്‍ ഈ രോഗം ബാധിച്ചാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.’
എന്റെ ഹൃദയമിടിപ്പ് ശക്തിയായി, മനസ്സില്‍ ഭയം നിറഞ്ഞു. ഓപറേഷനിടെ ഖലീഫ മരണപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? അതോടെ ഈ മഹാസംഭവം ഒറ്റയടിക്ക് അവസാനിക്കും. എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ക്കപ്പെടും. അതിനേക്കാള്‍ വലിയ പ്രയാസമെന്തുണ്ട്? ഞാന്‍ പറഞ്ഞു ‘എന്റെ ഡോക്ടറെ, ഓപറേഷനല്ലാതെ മറ്റ് വഴികളൊന്നുമില്ലേ?’
-‘എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല’
-‘വേദനയുടെ കാര്യത്തില്‍ എനിക്ക് അത്ര ഭയമൊന്നുമില്ല, അനിവാര്യമെങ്കില്‍ ഓപറേഷന്‍ നടത്താവുന്നതാണ്. അല്ലാഹുവിന്റെ വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലല്ലോ… അല്ലാഹുവിന്റെ ഖദ്‌റില്‍ നിന്ന് അവന്റെ തന്നെ ഖദ്‌റിലേക്കുള്ള ഓട്ടമാണത്.’ ഉമര്‍ ഇടപെട്ടു.
-‘ഒരു ചെറിയ വേദന പോലും അനുഭവിക്കേണ്ടതില്ല, ശാന്തമായ, ആഴമുള്ള ഉറക്കത്തിന് താങ്കള്‍ കീഴടങ്ങും.’

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Facebook Comments
Show More

Related Articles

Leave a Reply

Your email address will not be published.

Close
Close