Novels

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -7

നിശ്ചദാര്‍ഢ്യത്തോടെ നിരത്തിലൂടെ നടന്നു ഞങ്ങള്‍. ഓര്‍മകള്‍ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. വേദനാജനകമായ ആ രംഗങ്ങള്‍ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാലും, അപ്രതീക്ഷിതമായി കടന്ന് വന്ന വിപത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടതെങ്ങനെയാണെന്ന് സ്മരിച്ചു. ഞാന്‍ അല്ലാഹുവിനെ സ്തുതിച്ചു. എന്റെ ആത്മാവ് നന്ദിയോടെ അവന്റെ മുന്നില്‍ സാഷ്ടാംഗം നമിച്ചു. ഇത്തരം ആരോപണങ്ങളില്‍ കാര്യങ്ങള്‍ അതിന്റെ സുപരിചിതമായ വഴിയില്‍ സഞ്ചരിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും? ശത്രുക്കള്‍ തനിക്ക് മുന്നില്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ നീക്കം ചെയ്യാന്‍ ഉമറിന് അല്‍ഭുതകരമായ ഏതോ ശക്തി ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. അല്ലാത്തപക്ഷം, റാഷേലില്‍ നിന്നുണ്ടായ പ്രവര്‍ത്തനത്തെ ഞാന്‍ എങ്ങനെയാണ് വിശദീകരിക്കുക? യാതൊരു ഉപദ്രവുമേല്‍ക്കാതെ ഇത്രയും കാലം ഖലീഫ ജയിലില്‍ കഴിഞ്ഞത് എങ്ങനെയാണ്? ഉമര്‍ മുഖം ചുളിച്ച്, മൗനിയായി ദുഖത്തോടെ നടക്കുകയാണ്. വഴിയില്‍ കാണുന്ന ഒന്നും അദ്ദേഹം ഗൗനിക്കുന്നേയില്ല. ഞാന്‍ ചോദിച്ചു.

-‘അല്ലയോ പ്രവാചക സഖാവേ, താങ്കളെ എന്താണ് വിഷമിപ്പിക്കുന്നത്? അവരുടെ അക്രമത്തില്‍ നിന്നും നാം രക്ഷപ്പെട്ടില്ലേ?

അദ്ദേഹം എന്നെ ആക്ഷേപത്തോടെ നോക്കി. അദ്ദേഹത്തിന്റെ നോട്ടത്തിന് പല അര്‍ത്ഥങ്ങളുമുണ്ടായിരുന്നു. അദ്ദേഹം പറയാന്‍ തുടങ്ങി. ‘തടവറയുടെ കൂരിരുട്ടില്‍ നിരപരാധികളായ ധാരാളം പേരെ ഉപേക്ഷിച്ചാണ് നാം അവിടെ നിന്ന് പോന്നത്. അവരിലൊരാള്‍ എന്നിലേക്ക് ചേര്‍ന്നിരുന്ന് മെല്ലെ പറഞ്ഞു. ‘ഞാന്‍ എന്റെ സഹോദരിയുടെ അഡ്രസ്സ് തരാം. അവളുടെ ഭര്‍ത്താവ് ഇവിടെ രക്തസാക്ഷിത്വം വരിച്ചിരിക്കുന്നു. അവള്‍ക്ക് കുറച്ച് കാശ് കൊടുക്കാമോ?’ ഞാന്‍ എങ്ങനെ ദുഖിക്കാതിരിക്കും. എത്രയെത്ര സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍ പട്ടിണിയും പരിവട്ടവും സഹിച്ച് ജീവിക്കുന്നു!’
കഷ്ടപ്പെടുന്ന കുടുംബങ്ങളോടുള്ള നമ്മുടെ ബാധ്യതകളെക്കുറിച്ച് ഉമര്‍ സംസാരിച്ച് കൊണ്ടേയിരുന്നു. ഞങ്ങളുടെ ഹൃദയം കല്ലിച്ചതില്‍ ആക്ഷേപിച്ചു. ഇതുപോലുള്ള നിര്‍ണായക യുദ്ധങ്ങളില്‍ അത്യാവശ്യമായുണ്ടായിരിക്കേണ്ട ഐക്യവും, ഉദ്ഗ്രഥനവും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഞാനദ്ദേഹത്തോട് പറഞ്ഞു ‘അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ ചിന്നഭിന്നമായ രാഷ്ട്രമാണ്. ഞങ്ങളുടെ രാഷ്ട്രം അധിനിവേശപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിലെ ജനങ്ങള്‍ എല്ലാ താഴ്‌വരകളിലും മറ്റുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഭരണകൂടമോ, ബജറ്റോ, ഭരണവ്യവസ്ഥയോ ഇല്ല. യുദ്ധം ചെയ്യപ്പെട്ട, ജയിലിലടക്കപ്പെട്ട, ആട്ടിയോടിക്കപ്പെട്ട ഒരു സംഘമാണ് ഇപ്പോള്‍ ഫലസ്തീന്‍. ഞങ്ങള്‍ക്ക് കഴിയാത്തതാണ് താങ്കള്‍ ഞങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്.’

അദ്ദേഹം തോള്‍ കുലുക്കി നിരസിച്ചു അത്. ‘എന്താണ് ഫലസ്തീന്‍? ഇസ്‌ലാമിക ഭൂമികയിലെ ഒരു ചെറിയ കഷ്ണം മാത്രമല്ലേ അത്? എവിടെ ബാക്കിയുള്ള മുസ്‌ലിംകളും, അവരുടെ ഭരണാധികാരികളും? താങ്കള്‍ എന്ത് വര്‍ത്തമാനമാണ് പറയുന്നത്. വിശ്വാസപരമായ ബന്ധം പോലും പിച്ചിച്ചീന്തപ്പെട്ടത് പോലെ….’
ഞാന്‍ പറഞ്ഞു ‘ചിലര്‍ ആയുധം നല്‍കി ഞങ്ങളെ സഹായിക്കുന്നു. മറ്റ് ചിലര്‍ സമ്പത്ത് നല്‍കുന്നു. അവയെല്ലാം പോരാളികള്‍ക്കുള്ളതാണ്. ചില രാഷ്ട്രങ്ങള്‍ ഞങ്ങളുടെ സഹോദരന്മാര്‍ക്ക് മുന്നില്‍ കവാടങ്ങള്‍ തുറന്നിട്ടിരിക്കുന്നു. അവര്‍ക്കവിടെ ചെന്ന് തൊഴിലെടുക്കുകയും സമ്പാദിക്കുകയും ചെയ്യാം. മറ്റ് ചില രാഷ്ട്രങ്ങളാവട്ടെ ഞങ്ങളെപ്പോലെ ശത്രുക്കളില്‍ നിന്നും പ്രയാസങ്ങള്‍ സഹിക്കുകയാണ്.’

സംഭവങ്ങള്‍ക്ക് നേരെ ഞങ്ങള്‍ ഒളിച്ചോട്ടനയം സ്വീകരിക്കുകയും, വഴികേടിനും, മൂല്യച്യുതിക്കും ന്യായീകരണങ്ങള്‍ കണ്ടെത്തുന്നുവെന്നും ഉമറിന് തോന്നി. അവിഭിജിതമായ പാറക്കെട്ടാണ് മുസ്‌ലിം ഉമ്മത്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അവിടെ ഭക്ഷണം എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാ പ്രദേശത്തുമുള്ള ആളുകള്‍ ഒരേ സൈന്യത്തിലെ അംഗങ്ങളാണ്. ഭാഷയും, നിറവും വ്യത്യസ്തമാണെങ്കിലും, വീടുകള്‍ വിദൂരത്താണെങ്കിലും അവര്‍ ഒരുമിച്ച് നില്‍ക്കുന്നവരാണ്. ഓരോ പൗരനും തങ്ങളുടെ നാടിനോടുള്ള ബാധ്യതയാണ് ലോകത്തുള്ള എല്ലാ മുസ്‌ലിം ഭരണാധികാരികള്‍ക്കും ഫലസ്തീനോട് ഉള്ളത്. ഞാനറിയാതെ പിറുപിറുക്കുമ്പോഴാണ് ഖലീഫയുടെ സ്വരം കേട്ടത്.

-‘എന്ത്?’

-‘ക്ഷമിക്കണം….. കയ്പുറ്റ സംഭവ ലോകം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു…’അദ്ദേഹം മൂര്‍ച്ചയോടെ പറഞ്ഞു.-‘എന്തിനാണ് നിരാശപ്പെടുന്നത്. പഴയകാലത്തെ മതത്തിന്റെ ചരിത്രമാണത്. വ്യക്തി-സാമൂഹിക തലങ്ങളിലുള്ള താന്‍പോരിമ കാരണമാണ് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ഈ ചങ്ങലക്കെട്ടുകളും, മതിലുകളും നിങ്ങളെന്ത് കൊണ്ട് തകര്‍ത്തെറിയുന്നില്ല? നിങ്ങള്‍ പരസ്പരം കൂടിക്കലരുകയും, സാഹോദര്യം പുലര്‍ത്തുകയും ചെയ്യുക. നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന എല്ലാറ്റിനെയും മെതിക്കുകയും, അതിന് വേണ്ടി ശ്രമിക്കുന്ന വാളുകള്‍ക്ക് ശവകുടീരമൊരുക്കുകയും ചെയ്യുക.’

എനിക്ക് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. ഇസ്രായേലിനെ അംഗീകരിക്കുകയും, അവരോട് സാമ്പത്തികവും, സാംസ്‌കാരികവും, കച്ചവടപരവുമായ ബന്ധം സ്ഥാപിക്കുകയും ചെയ്ത് രാഷ്ട്രങ്ങളെക്കുറിച്ച് ഞാനദ്ദേഹത്തിന് വിശദീകരിച്ച് കൊടുത്തു. അതുകേട്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

-‘ഭരണാധികാരിയുടെ വഴികേട് പ്രജകള്‍ സൃഷ്ടിക്കുന്നതാണ്’.-‘പ്രജകള്‍ക്ക് ശക്തിയോ അധികാരമോ ഇല്ല…’-‘അല്‍ഭുതം തന്നെ, അതില്ലാതെ ഒന്നും നടക്കുകയില്ല… വിജയം വരിക്കാന്‍ സാധിക്കുകയുമില്ല..’
-‘അവര്‍ കല്‍പിക്കപ്പെടുകയും അനുസരിക്കുകയും ചെയ്യുന്നു’
-‘ഭരണാധികാരിയോ? അദ്ദേഹം മറ്റ് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ട അതേ മണ്ണില്‍ നിന്ന് ഉണ്ടായവനല്ലേ? ഹാാാ… അന്ന്…. ഒരാള്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞതെന്താണെന്നോ…? അല്ലാഹുവാണ, ഉമര്‍, താങ്കള്‍ വഴിതെറ്റുന്നത് കണ്ടാല്‍ ഞങ്ങള്‍ വാള്‍ കൊണ്ട് അത് ശരിപ്പെടുത്തും.. ഞാന്‍ അല്ലാഹുവിനെ സ്തുതിച്ചു. കാരണം എന്നെ വാളുപയോഗിച്ച് നേര്‍മാര്‍ഗം കാണിക്കുന്നവര്‍ എന്റെ പ്രജകളിലുണ്ടല്ലോ… ആഹ്.. നിങ്ങളാവട്ടെ, നിങ്ങളുടെ കാലത്ത് സ്വാതന്ത്ര്യവും, നാഗരികതയും, വികസനവുമുണ്ടായെന്ന് പറയുകയും ചെയ്യുന്നു..’.
-‘അതൊക്കെ ഉമറിന്റെ കാലത്തായിരുന്നു’ ഞാന്‍ ദുഖത്തോടെ പറഞ്ഞു.
-‘ഉമര്‍ ഒന്നുമല്ല’ അദ്ദേഹം ഒച്ചവെച്ചു.
-‘നിങ്ങള്‍ ഭൂമിക്ക് മുകളില്‍ സഞ്ചരിക്കുന്ന ഇസ്‌ലാമായിരുന്നു.’
-‘നിങ്ങളുടെ കാലത്തെ നാഗരികത വികൃതമായ ഭ്രൂണത്തെയാണ് പ്രസവിക്കുന്നത്.’

ഞാന്‍ വേദനയോടെ ചിരിച്ചു.
-‘ടെസ്റ്റിയൂബ് ഉപയോഗിച്ച് പരീക്ഷണത്തിലൂടെ ഭ്രൂണത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഞങ്ങള്‍ക്കിടയിലുണ്ട്.’
ഓരോ നിമിഷത്തിലും ഉമറിന് പുതിയ കാര്യങ്ങള്‍ വെളിവാകുകയും അതില്‍ അസ്വസ്ഥനാവുകയോ, ദുഖിതനാവുകയോ ചെയ്തു. അദ്ദേഹത്തിന്റെ പവിത്രമായ മുഖത്ത് വേദനയും വ്യസനവും പ്രകടമാവും. വളരെ ലളിതമായ കാര്യങ്ങളില്‍ പോലും ഞാനദ്ദേഹത്തോട് തര്‍ക്കിക്കുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന അത്തരം വിഷയങ്ങള്‍ക്ക് നേരെയുള്ള ഞങ്ങളുടെ ബലഹീനമായ ചിന്തകളും അദ്ദേഹത്തെ അലട്ടി. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടവരാണെന്ന് അദ്ദേഹം ഇടക്കിടെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. മൂല്യങ്ങളെക്കുറിച്ച് നാം പ്രസംഗിക്കുകയും, അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ അവയെ നാം ഹൃദയത്തില്‍ മാത്രം അവശേഷിപ്പിക്കുന്നു.’
ശക്തമായ വാഗ്വാദത്തില്‍ നിന്നും അദ്ദേഹം പിന്മാറി. അദ്ദേഹം പറഞ്ഞു ‘ഒരു തടവ് പുള്ളി എന്നോട് സ്വകാരം പറഞ്ഞു. അവിടെ… ശവകുടീരത്തിനുള്ളില്‍ വിശ്വസിച്ചേല്‍പിച്ച സ്വത്തുണ്ട്.. ആ സോര്‍ ബാഹിറിന് അടുത്ത്..’  ഞാനദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു… പക്ഷെ കഴിഞ്ഞില്ല.. തെളിയിച്ച് പറയാന്‍ സൂചിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖത്ത് നിരാശ പടര്‍ന്നിരുന്നു…. അവിടെ നിന്നേറ്റ പീഢനങ്ങളുടെ വേദനയാല്‍ അദ്ദേഹം പുലമ്പുകയാണെന്ന് കരുതി ഞാന്‍..’

ഞാന്‍ നടത്തം നിര്‍ത്തി. വളരെ പ്രാധാന്യത്തോടെ ഞാന്‍ ചോദിച്ചു.
-‘അദ്ദേഹം അപ്രകാരം പറഞ്ഞുവോ?’
-‘നിന്റെ കാര്യം അല്‍ഭുതകരം തന്നെ… ഞാന്‍ ഇല്ലാത്തത് പറയാറില്ല’.
-‘ഇത് ഒരു സന്തോഷവാര്‍ത്തയാണ്… ഈ സന്ദേശത്തിന് വേണ്ടി വര്‍ഷങ്ങളായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു..’
-‘ഏത് സന്ദേശം?’ അദ്ദേഹം അല്‍ഭുതത്തോടെ ചോദിച്ചു.
-‘ഇത് കോഡ് ഭാഷയാണ്…. ഞങ്ങള്‍ക്ക് മാത്രമേ അത് മനസ്സിലാവൂ… ഈ സന്ദേശവുമായി വരുന്നവനെ കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം ഞങ്ങള്‍… പക്ഷെ, യാതൊരു പ്രയോജനവുമില്ലായിരുന്നു… അപ്പോള്‍ അദ്ദേഹം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുമെന്ന് ഞങ്ങള്‍ കരുതി. അമീറുല്‍ മുഅ്മിനീന്‍… അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ….’
ഉമറിന്റെ മുഖത്ത് നിറഞ്ഞ ആകാംക്ഷ പ്രകടമായിരുന്നു.
-‘എനിക്ക് ഇനിയും മനസ്സിലായില്ല’.
-‘വിദേശത്തുള്ള ഞങ്ങളുടെ സഹോദരന്മാര്‍ ഞങ്ങള്‍ക്ക് ആയുധങ്ങളയച്ചിട്ടുണ്ട്. അവരത് ‘സോര്‍ ബാഹിര്‍’ എന്ന പ്രദേശത്തെ ശവകുടീരങ്ങളില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. നമുക്ക് വേഗത്തില്‍ അങ്ങോട്ട് പോകാം. അവ ശേഖരിക്കേണ്ടതുണ്ട്.’
ഉമര്‍ പുഞ്ചിരിച്ചു. അഭൂതമായ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു.
-‘നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്… ചിന്തിക്കുകയും ചെയ്യുന്നു.. ശ്രദ്ധയോടെ പെരുമാറുകയും ചെയ്യുന്നു… നിങ്ങള്‍ അല്ലാഹുവില്‍ ദൃഢവിശ്വാസം പുലര്‍ത്തുവിന്‍… സഹായം വന്നെത്തുക തന്നെ ചെയ്യും.’
ഇത്രയും പറഞ്ഞ് അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.
-‘താങ്കളും ചാവേര്‍ പോരാളികളില്‍ ഒരാളാണോ?’
എന്റെ തല ലജ്ജ കൊണ്ട് താഴ്ന്നു… ഒരക്ഷരം ഉരിയാടാന്‍ കഴിഞ്ഞില്ല. അദ്ദേഹം തന്റെ ശക്തമായ കൈയ്യുപയോഗിച്ച് എന്നെ ആലിംഗനം ചെയ്തു അദ്ദേഹത്തിലേക്ക് ചേര്‍ത്തു. എന്റെ തലയില്‍ ചുംബിച്ച് കൊണ്ട് പറഞ്ഞു.
-‘ജയിലില്‍ വെച്ച് അവരത് അറിഞ്ഞിരുന്നുവെങ്കില്‍ താങ്കളുടെ ഉടലില്‍ നിന്ന് തല വേര്‍പെടുത്തിയേനെ..’

വാര്‍ത്ത എന്നെ പിടിച്ച് കുലുക്കി. ദീര്‍ഘകാലമായി അന്വേഷിച്ച് നടക്കുന്ന നിധി കണ്ടെത്തിയത് പോലെ. എന്റെ തല ആകാശം മുട്ടെ ഉയരുന്നതായി എനിക്ക് തോന്നി. ഞാന്‍ സ്വതന്ത്രനാണെന്ന് എനിക്ക് തോന്നി. ഞാന്‍ ആയുധവുമായി പോരാടി മരിക്കുമ്പോള്‍ മധുരിതമായ പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിയും. ശക്തി അതിരുകളില്ലാത്ത മഹത്വത്തിന്റെ ഉറവയാണ്. നല്ലവരായ പോരാളികള്‍ക്കുള്ള ആശ്വാസമാണ്.. എനിക്ക് മധുരിതമായി തോന്നിയ ഏതാനും വരി കവിതകള്‍ ഞാന്‍ ചൊല്ലി.
‘ഞാന്‍ മൃത്യുവരിക്കുന്നുവെങ്കില്‍ പോരാട്ടത്തിലെ കൂട്ടുകാരാ, എന്റെ സ്ഥാനം നീയെടുക്കുക
എന്റെ ആയുധം നീയെടുക്കുക, അതില്‍ ഒലിച്ചിറങ്ങുന്ന എന്റെ രക്തം നീ അവഗണിക്കുക
എന്റെ ഇരുഅധരങ്ങളിലേക്ക് നോക്കുക, കൊടുങ്കാറ്റ് അതിനെ നിശ്ചലമാക്കിയിരിക്കുന്നു.
കണ്ണുകളോ, പ്രഭാത കിരണങ്ങള്‍ക്ക് മുന്നില്‍ അടക്കപ്പെട്ടിരിക്കുന്നു…
ഞാന്‍ മരിച്ചിട്ടില്ല… പിന്നില്‍ നിന്ന് ഞാന്‍ നിന്നെ വിളിച്ച് കൊണ്ടേയിരിക്കും…’

പെട്ടെന്ന് ഞങ്ങള്‍ക്ക് മുന്നില്‍ റാഷേല്‍ പ്രത്യക്ഷപ്പെട്ടു. അവളെവിടെ നിന്ന് വന്നു എന്ന് എനിക്കറിയില്ല. അവള്‍ പറഞ്ഞു.
-‘ഞാന്‍ നിങ്ങള്‍ക്ക് പിന്നില്‍ നടക്കുകയായിരുന്നു..’
എനിക്ക് ചെറിയ പ്രയാസം തോന്നി. ഞാനവളോട് ചോദിച്ചു
-‘നീയെന്താ ഉദ്ദേശിച്ചത്?’
തന്റെ മൈലാഞ്ചിയിട്ട കൈകള്‍ ഖലീഫക്ക് നേരെ ചൂണ്ടി അവള്‍ പറഞ്ഞു.
-‘എനിക്ക് വേണ്ടത് അയാളെയാണ്… അയാള്‍’.
അവളുടെ മുഖത്തിന് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിറം പകര്‍ന്നിരുന്നു. സ്വര്‍ണത്തലമുടി താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അര്‍ദ്ധ നഗ്നയായ അവളുടെ മാറിടത്തിലേക്ക് ദൃഷ്ടി തെറ്റിയതോടെ ഉമര്‍ കണ്ണുചിമ്മി. പിന്നീട് മുഖം പൂര്‍ണമായും അവളില്‍ നിന്ന് തിരിച്ചു. മുട്ടിന് മേലെ മാത്രം എത്തി നില്‍ക്കുന്ന വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്.
-‘അശ്രീകരം… മാറിനില്‍ക്കൂ മുന്നില്‍ നിന്ന്… നിനക്കെന്താണ് വേണ്ടത്?’
അവള്‍ ചെറിയ കുഞ്ഞിനെപ്പോലെ ശാഠ്യം പിടിച്ച് പറഞ്ഞു.
-‘ഞാന്‍ നിങ്ങളുടെ ജീവന്‍ രക്ഷിച്ചു’.
-‘അതിന് ഞാന്‍ കുറ്റം ചെയ്തിട്ടില്ലല്ലോ…’
-‘അതൊന്നും എനിക്കറിയേണ്ട…. എത്ര നിരപരാധികള്‍ മരണം വരിക്കുന്നു… നിങ്ങള്‍കതറിയില്ലേ?’
-‘എന്നിട്ട്?’
-‘നിങ്ങളുടെ രണ്ട് പേരുടെയും ജാമ്യത്തില്‍ ഞാനാണ് ഒപ്പ് വെച്ചത്…. നിങ്ങള്‍ എന്ത് തെറ്റ് ചെയ്താലും, എന്ത് ആരോപണം നേരിട്ടാലും ഞാനാണ് വില നല്‍കേണ്ടത്… അതിനാല്‍ നിങ്ങളെ സംരക്ഷിക്കാന്‍ കുറച്ച് സമയം നിങ്ങളുടെ കൂടെ ചെലവഴിക്കേണ്ടതുണ്ട്…’
-‘ഒരു ജയില്‍ നിന്ന് മറ്റൊരു ജയിലിലേക്ക്…’ ഖലീഫ അല്‍ഭുതത്തോടെ മൊഴിഞ്ഞു.
-‘വേട്ടനായ്ക്കള്‍ക്ക് മുന്നില്‍ നിങ്ങളെ ഉപേക്ഷിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. നിങ്ങള്‍ക്ക് ജാമ്യം നില്‍ക്കാന്‍ എന്നെ ആരും നിര്‍ബന്ധിച്ചിട്ടുമില്ല… മാത്രമല്ല… ഈലി ശക്തമായി എതിര്‍ക്കുകയും ചെയ്തു… താങ്കള്‍ക്ക് വേണ്ടി ഞാനവനെ ഉപേക്ഷിച്ചിരിക്കുകയാണ്…’

ഉമര്‍ ചെറിയ ഒരു കമ്പ് കയ്യിലെടുത്തു. ദേഷ്യത്തോടെ അവടെ അടിച്ചു.
-‘മേനി പ്രദര്‍ശിപ്പിച്ചിരിക്കെ നീയെങ്ങനെ ആണുങ്ങളുടെ മുന്നില്‍ വരും…..’
-‘അതിനെന്താ… തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ എല്ലാ സ്ത്രീക്കും അവകാശമുണ്ട്..’ അവള്‍ ക്ഷോഭത്തോടെയാണ് പറഞ്ഞത്. തന്റെ യൗവനത്തിളപ്പോടെ ഇരു ചുമലുകളും കുലുക്കി അവള്‍ തുടര്‍ന്നു.
-‘വിശിഷ്യാ അവള്‍ സുന്ദരിയാണെങ്കില്‍’.
ഞാനവിടെ ഒരു സംഘട്ടനം പ്രതീക്ഷിച്ചു. അവള്‍ തന്റെ കയ്യെടുത്ത് ഉമറിന്റെ തോളില്‍ വെച്ച് ഇപ്രകാരം പറഞ്ഞു.
-‘എല്ലാറ്റിനുമുപരിയായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.’
ഉമര്‍ അവളെ കുടഞ്ഞെറിഞ്ഞു. അവള്‍ ദൂരേക്ക് തെറിച്ച് വീണു. ഞാന്‍ അങ്ങോട്ട് നോക്കി. അവളുടെ കണ്ണുകളില്‍ രോഷാഗ്നി പ്രകടമായിരുന്നു. അവള്‍ വിളിച്ച് പറഞ്ഞു.
-‘നിങ്ങളെ ഞാന്‍ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും.’
ജനങ്ങള്‍ ഒരുമിച്ച് കൂടി. അവര്‍ ആകാംക്ഷയോടും, അല്‍ഭുതത്തോടും കൂടി അങ്ങോട്ട് നോക്കി. ഉമര്‍ അമര്‍ഷത്തോടെ പറഞ്ഞു.
-‘ഈ വിഢ്ഢി എന്നില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല.’

അവള്‍ നിലത്ത് നിന്ന് എഴുന്നേറ്റു. വസ്ത്രത്തില്‍ നിന്നും പൊടിതട്ടി. ഭീഷണിപ്പെടുത്തുന്ന നോട്ടം കൊണ്ട് ഉമറിനെ അളന്നു. പിന്നീട് അവിടെ നിന്ന് പിരിഞ്ഞ് പോയി. ജനങ്ങള്‍ പരസ്പരം കാര്യമന്വേഷിച്ചു.
ഞാന്‍ ഇതൊക്കെ നോക്കിക്കാണുകയായിരുന്നു. പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഉമര്‍ കാല്‍ മുന്നോട്ട് വെച്ച് നടന്ന് തുടങ്ങി. കൂടെ ഞാനും. ചോദ്യചിഹ്നം പിന്നിലേക്കെറിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
-‘കണ്‍മുന്നില്‍ സംഭവിക്കുന്നത് വിശ്വസിക്കാനെ കഴിയുന്നില്ല.’
ഉമറാണത് പറഞ്ഞത്. അദ്ദേഹം കോപിഷ്ഠനായി വേഗത്തില്‍ നടക്കുകയാണ്.
-‘അല്‍ഭുതങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ ലോകത്തിന്റെ ഒരു വശം മാത്രമാണത്.’.
-‘അമ്പതിനോടടുത്ത വൃദ്ധനാണ് ഞാന്‍. അവളാവട്ടെ പ്രായം കുറഞ്ഞവളും. അവള്‍ക്ക് അവളുടെ വര്‍ഗത്തില്‍ പെട്ട ആയിരങ്ങളുണ്ടല്ലോ… എന്റെയും അവളുടെയും ചിന്തയും സ്വഭാവവുമെല്ലാം വൈരുദ്ധ്യവുമാണ്.’
-‘സിനിമയും നോവലുകളുമെല്ലാമാണ് ഇത്തരം വഴികേടുകളിലേക്ക് നയിക്കുന്നത്..’
-‘എങ്ങനെ?’
-‘എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. ഇതൊരു പുതിയ പ്രവണതയാണ്… ചെറിയ പ്രായമുള്ള യുവതികള്‍ മധ്യവയസ്‌കരെ പ്രണയിക്കുകയെന്നത്.. ഹോളിവുഡ്-പാരീസ് സിനിമകള്‍… പുതിയ പ്രണയരീതി ഇപ്രകാരമാണ്… നാടകം തലമുറയില്‍ സ്വാധീനം ചെലുത്തുന്നു… അതിന് പിന്നാലെയാണ് സ്ത്രീകള്‍ ഓടുന്നത്… പുതിയ പ്രവണതകള്‍ അന്വേഷിച്ച് കൊണ്ട്… യൂറോപ്പിന്റെ ആവിഷ്‌കാരം… സയണിസ്റ്റുകളുടെ കച്ചവടം..’
ഉമര്‍ കൈകള്‍ പരസ്പരമടിച്ചു.
-‘എനിക്കൊന്നും മനസ്സിലായില്ല..’
-‘അവള്‍ താങ്കളെ പ്രണയിക്കുന്നു.. കാരണമെന്തായാലും..’
-‘അവള്‍ എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ..?’
-‘വിവാഹമാണെന്ന് പറയാനാവില്ല’
-‘പിന്നെന്താ?’
-‘സൗഹൃദം… കൂടെക്കഴിയല്‍… ആണും പെണ്ണും തമ്മിലെ ഒരു ബന്ധം… അതാണ് അവള്‍ ആഗ്രഹിക്കുന്നത്…’

തന്റെ ചൂണ്ടുവിരല്‍ ചുണ്ടില്‍വെച്ച് അദ്ദേഹം ചോദിച്ചു.
-‘ബന്ധം… ആണിനും പെണ്ണിനും ഇടയില്‍… അതും ശരീഅത്തധിഷ്ഠിതമല്ലാത്ത..?’
-‘വിവാഹമില്ലാതെ തന്നെ വൈവാഹിക സുഖം നേടാന്‍ ആഗ്രഹിക്കുന്നു അവള്‍..’
ഉമര്‍ ഞെട്ടിത്തരിച്ച് പോയി..
-‘അല്ലാഹുവില്‍ ശരണം…ജാഹിലിയ്യത്തിനോടൊപ്പം ഞങ്ങള്‍ കുഴിച്ച് മൂടിയതാണത്… ഇതിനേക്കാള്‍ ഭേദം ജാഹിലിയ്യ കാലം തന്നെയായിരുന്നു… അവിടെ വേശ്യാവൃത്തി വീട്ടിനകത്ത് വെച്ചായിരുന്നു… ഇവിടെ അത് തെരുവിലാണ്… നിയമം അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു… നിങ്ങളുടെ ലോകം കാര്യങ്ങളെ അതിന്റേതല്ലാത്ത പേരിലാണ് വിളിക്കുന്നത്.. നിങ്ങളെന്ത് കൊണ്ട് അതിനെ വ്യഭിചാരമെന്ന് വിളിക്കുന്നില്ല…’
ഞാന്‍ ലജ്ജയോടെ പറഞ്ഞു.
-‘ശരിയാണ്’
-‘ജനങ്ങള്‍ ചെയ്ത്കൂട്ടിയതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം വെളിവായിരിക്കുന്നു..’

-‘അവരുടെ അടിസ്ഥാനം തന്നെ അതാണ്… യുവതികള്‍ തങ്ങളുടെ കാമുകരോടൊപ്പം സ്വന്തം വീട്ടില്‍ വെച്ച് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ആസ്വാദനത്തിലേര്‍പെടുന്നു.. അവന്റെ കൂടെ വിനോദത്തിന് പുറത്ത് പോകുന്നതില്‍ പ്രശ്‌നമില്ല… പക്ഷെ, സത്യം പറയുകയാണെങ്കില്‍ മുസ്‌ലിംകളില്‍ മിക്ക ആളുകളും ഈ തിന്മകള്‍ ചെയ്യാറില്ല..’
-‘എത്ര ലാഘവത്തോടെയാണ് താങ്കള്‍ സംസാരിക്കുന്നത്. ആശ്ചര്യം തോന്നുന്നു.. നിങ്ങളുടെ ഞരമ്പുകളിലെ രക്തം തിളക്കുന്നില്ലേ…’ ഉമര്‍ ഇടംകണ്ണിട്ട് എന്നെ നോക്കി.
-‘പാപങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.. ലോകം മുഴുക്കെ… മറ്റുള്ളവരുടെ അവകാശത്തില്‍ കൈകടത്താന്‍ അവകാശവുമില്ല..’ ഞാന്‍ തലകുലുക്കി അംഗീകരിച്ചു.
-‘വല്ലാത്ത ദുരന്തം തന്നെ! തോന്നിവാസത്തിനുള്ള സ്വാതന്ത്ര്യം.. ഈ വൃത്തികേടുകള്‍ നമ്മുടെ സ്വാതന്ത്രത്തില്‍ വിഘാതമല്ലേ.. നമ്മുടെ വഴിമുറിക്കുന്നു അവര്‍.. മൂല്യങ്ങളെ തകര്‍ക്കുകയാണ് ഇത്.. ശരിയായ, വൃത്തിയുള്ള ജീവിതത്തില്‍ നിന്ന് ജനങ്ങളെ ഗതി തിരിച്ച് വിടുകയാണ്… ഇതിനേക്കാള്‍ വലിയ അസ്വാതന്ത്ര്യം മറ്റെന്താണുള്ളത്!’
ഉമര്‍ നടത്തം നിര്‍ത്തി.. ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. ഒരു പ്രതിഷേധ പ്രകടനത്തില്‍ പ്രഭാഷണം നിര്‍വഹിക്കുന്നത് പോലെ. ‘ഈ സ്വാതന്ത്ര്യം നരകത്തിലേക്കാണ് മടങ്ങുക.. പൊതുതാല്‍പര്യത്തിന് വിരുദ്ധമാണ് ഇവ.. ജനജീവിതത്തില്‍ വിഷം പുരട്ടുകയാണ് ഇവര്‍… ഉമ്മത്തിന്റെ സന്താനങ്ങള്‍ക്കിടയില്‍ തോന്നിവാസം വ്യാപിപ്പിക്കുകയാണ്..’

അല്‍ഭുതം തന്നെ… ഈ വിഷയത്തില്‍ ആദ്യമായി മൂല്യമുള്ള സംസാരം കേട്ടത് ഇപ്പോഴാണ്… മിമ്പറില്‍ നിന്ന് ഇതിനെക്കുറിച്ച് കേട്ടിട്ടില്ല… ഗ്രന്ഥങ്ങളില്‍ വായിച്ചിട്ടുമില്ല…തീര്‍ത്തും ആകര്‍ഷകമായ വര്‍ത്തമാനമാണിത്.. ആത്മാവിനോടും ചിന്തയോടും തീര്‍ത്തും യോജിക്കുന്നത്. ഉമര്‍ എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.
-‘ഞാനും സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുണ്ട്… കാരണം ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഞാന്‍ മഹ്ര്‍ നിര്‍ണയിക്കാന്‍ തീരുമാനിച്ചപ്പോള്‍ പള്ളിയില്‍ വെച്ച് ഒരു സ്ത്രീ എന്നെ ചോദ്യം ചെയ്തു. ഖണ്ഡിതമായ പ്രമാണമുദ്ധരിച്ചാണ് അവര്‍ സംസാരിച്ചത്.. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു. ഈ സ്ത്രീ പറഞ്ഞതാണ് ശരി.. ഉമറിന് തെറ്റുപറ്റിയിരിക്കുന്നു.’

ഉമര്‍ പരിഹാസപൂര്‍വം ചിരിച്ചു.

-‘നിങ്ങളുടെ ലോകം ശരിക്കും ഭ്രാന്താലയമാണ്.. എന്നിട്ട് ഞാന്‍ ഭ്രാന്തനാണെന്ന് പറയുന്നു നിങ്ങള്‍… ഭൗതികാഢംബരങ്ങളുടെ തണലില്‍ പതനത്തിലേക്ക് വീണിരിക്കുന്നു നിങ്ങള്‍.. നിങ്ങളുടെ അന്ധമായ വിജ്ഞാനം ഒരു ദിവസം നിങ്ങളെ നശിപ്പിച്ചേക്കും.. അല്ലയോ കാലഘട്ടത്തിന്റെ മാലിന്യമേ…. ചരിത്രത്തിന്റെ വീട്..’

ഞങ്ങള്‍ ക്ഷീണിച്ച് വലഞ്ഞ് ഒരുവിധം വീടിനോടടുത്തു. ചാട്ടവാറടിയുടെ വേദന എന്നെ അലട്ടുന്നുണ്ടായിരുന്നു. ഉറക്കമില്ലാത്തതിനാല്‍ തലകറങ്ങുന്നുമുണ്ടായിരുന്നു. പൊടുന്നനെ, കറുത്ത ഒരു ടാക്‌സി കാര്‍ ഞങ്ങളുടെ മുന്നില്‍ വിലങ്ങനെ വന്നു നിന്നു. അതില്‍ നിന്നും കറുത്ത വസ്ത്രം കൊണ്ട് പുതച്ച ഒരു സ്ത്രീ പുറത്തിറഞ്ഞി. അവളുടെ മുഖത്തും കറുത്ത വസ്ത്രം താഴ്ത്തിയിട്ടുണ്ട്. അവള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി നിന്നു. ഞാന്‍ ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു.
-‘റാഷേല്‍’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
Show More

Related Articles

Leave a Reply

Your email address will not be published.

Close
Close