Novels

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -6

ജയില്‍ , അര്‍ദ്ധരാത്രി, ദൗര്‍ഭാഗ്യം, നിഗൂഢമായ ഭാവി… ഇവയെല്ലാം ചേര്‍ന്ന അപരിചിതമായ ഒരു ലോകമാണ് മുന്നിലുള്ളത്. അതിന്റെ ഇരുള്‍മൂലകളില്‍ വികൃതമായ ചാപ്പിള്ളകള്‍ ഉള്ളത് പോലെ. വൃത്തികെട്ട രക്തദാഹികള്‍ അവക്ക്് മേല്‍ ചിറക് വിരിച്ചിരിക്കുന്നു. തങ്ങളുടെ മനുഷ്യത്വം അഴിച്ച് വെച്ച് പ്രവേശിച്ചത് പോലുണ്ട് അതിന്റെ പാറാവുകാര്‍. വേദനയാല്‍ വീര്‍പ്പ് മുട്ടിക്കുന്നതിന്റെ മൂര്‍ത്തമായ അവസ്ഥയാണത്. അതിന് സ്വന്തമായ പല നിയമങ്ങളുമുണ്ട്. അവയെ നിയമങ്ങളെന്ന് വിളിക്കുന്നത് ശരിയാണോ എന്നറിയില്ല. യഥാര്‍ത്ഥത്തില്‍ മൂഢരായ ചില മനുഷ്യരുടെ വൈകൃതങ്ങളാണവ. തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി, പാവങ്ങളെ പീഢിപ്പിക്കുന്നവര്‍.. കുറ്റം ചെയ്തവര്‍ പോലും ഇത്ര ക്രൂരമായ പീഢനങ്ങളേല്‍ക്കാന്‍ അര്‍ഹരല്ല… വിശന്ന് വലഞ്ഞ, വന്യതയാല്‍ വേട്ടയാടപ്പെടുന്നവര്‍.. വിനോദത്തിനും, ശക്തി പ്രകടിപ്പിച്ചും, അപഹരിച്ചെടുത്ത വിജയം ആഘോഷിച്ചും മനുഷ്യരെ വേട്ടയാടുന്നവരാണ് അവര്‍…  ഇവക്ക് പിന്നില്‍ സയണിസ്റ്റുകളാണ് ഉള്ളത്.

മേലന്വേഷണം നടക്കുന്നത് ഇവിടെയാണ്. ശത്രുവിന്റെ ആളുകള്‍ നിറഞ്ഞ് നില്‍ക്കുന്ന അവിടമാകെ ബഹളമയമാണ്. ഉമര്‍ അങ്ങോട്ട് നോക്കി അല്‍ഭുതപ്പെട്ടു ‘ഞാനെന്താണ് കാണുന്നത്?’. ഞാന്‍ ദൃഷ്ടികള്‍ അങ്ങോട്ട് അയച്ചു. അവിടെ ഏതാനും ആളുകളുണ്ടായിരുന്നു. ഇരുമ്പ് കമ്പികളില്‍ കയറ് കൊണ്ട് ബന്ധിക്കപ്പെട്ടവര്‍. അന്തരീക്ഷത്തില്‍ തലകീഴായി തൂക്കിയിട്ട നിലയിലാണ്. വസ്ത്രമുരിയപ്പെട്ട അവരില്‍ നിന്ന് നിലക്കാതെ തേങ്ങലുകള്‍ പുറത്ത് വരുന്നുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും ചുവന്ന പാടുകളുണ്ട്. അവയില്‍ നിന്ന് രക്തമൊഴുകിക്കൊണ്ടിരിക്കുന്നു. പുകച്ച് കൊണ്ടിരിക്കുന്ന സിഗരറ്റ് കയ്യിലെടുത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു ‘താങ്കള്‍ക്ക് അമ്മാനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നതില്‍ എനിക്ക് സംശയമില്ല. അത് താങ്കള്‍ വെസ്റ്റ് ബാങ്കിലേക്ക് കൊണ്ട് വന്നു. മുഖംമറച്ച ഒരു സ്ത്രീക്ക് താങ്കളത് നല്‍കി. പക്ഷെ, താങ്കള്‍ ആയുധത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.’ ജയില്‍പുള്ളി മുന്നില്‍ കിടന്ന് പുളയുകയാണ്. വളരെ മെല്ലെയുള്ള ഞരക്കം അയാളില്‍ നിന്ന് കേള്‍ക്കാം ‘എനിക്കറിയില്ല… എനിക്കറിയില്ല…’. വിഷപ്പാമ്പിന്റെ ശൗര്യത്തോടെ ഇന്‍സ്‌പെക്ടര്‍ അയാളെ നോക്കി. കത്തിക്കൊണ്ടിരിക്കുന്ന സിഗരറ്റിന്റെ അറ്റം ആ പാവത്തിന്റെ കവിളില്‍ വെച്ചു. അയാള്‍ വേദനയാല്‍ പിടയുകയും കുതറുകയും ചെയ്തു. ബന്ധിക്കപ്പെട്ട അയാള്‍ക്ക് എന്ത് ചെയ്യാനാവും? അതോടെ, അയാള്‍ തേങ്ങലടിച്ച് കരയും. ഇന്‍സ്‌പെക്ടര്‍ വീണ്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ‘ശത്രുത പരത്തുന്ന ലഘുലേഖകള്‍ താങ്കളില്‍ നിന്ന് വാങ്ങിയ ആ സെക്കണ്ടറി വിദ്യാര്‍ത്ഥിയില്ലേ, ചെറിയ ട്രൗസര്‍ ധരിച്ച, അവന്റെ പേരെന്താണ്? എവിടെയാണ് അവന്റെ വീട്? ‘ തടവുകാരന്‍ മന്ത്രിച്ചു ‘എനിക്കറിയില്ല എന്ന് പറഞ്ഞുവല്ലോ’.

വേദന വിങ്ങുന്ന ഭാഷയില്‍ ഖലീഫ പറഞ്ഞു ‘വര്‍ഷങ്ങളായി ഇസ്രായേല്യരുടെ ഹൃദയത്തില്‍ പക ആളിക്കത്തിക്കൊണ്ടേയിരിക്കുകയാണ്. സംശയമില്ല… അവര്‍ തന്നെയാണ് ഈ കാലഘട്ടത്തിന്റെ ആപത്ത്’.
-‘അമീറുല്‍ മുഅ്മിനീന്‍, ശബ്ദം താഴ്ത്തി സംസാരിക്കൂ’ ഞാന്‍ പറഞ്ഞു.-‘സംസാരം കുറ്റമാണോ?’
-‘അതെ, വിമര്‍ശനമോ, അപമര്യാദയോ ആയാല്‍ പ്രത്യേകിച്ചും.’

-‘അറബുകളിലെ ദരിദ്രരില്‍ ദരിദ്രന്‍…. തലയുയര്‍ത്തിപ്പിടിച്ചാണ് കിസ്‌റയുടെ കൊട്ടാരത്തില്‍ പ്രവേശിച്ചത്… തന്റെ കുന്തം കയ്യില്‍പിടിച്ചാണ് അദ്ദേഹം അവിടെ കടന്നത്…. അങ്ങനെയിരിക്കെ, ഉമര്‍ ഈ വൃത്തികെട്ടവര്‍ക്കെതിരില്‍ മൗനം പാലിക്കുകയോ.. ഇല്ല… അങ്ങനെ സംഭവിക്കില്ല..’ ഉമര്‍ പിറുപിറുത്തു.

-‘അമീറുല്‍ മുഅ്മിനീന്‍, കാര്യം കുറെകൂടി വ്യത്യസ്തമാണ്. ചാവേര്‍ പോരാളികളാണെന്ന് ആരോപിക്കപ്പെട്ടവരാണ് അവിടെയുള്ളത്. കുറ്റം സമ്മതിക്കുന്നതിന് വേണ്ടി സയണിസ്റ്റുകള്‍ അവരെ പീഢിപ്പിക്കുകയാണ്.’

മൂകമായിരുന്ന ഉമറിന്റെ മുഖം പൊടുന്നനെ പ്രസന്നമായി. അദ്ദേഹം പറഞ്ഞു. ‘ബിലാലിനെയും, ഖബ്ബാബിനെയും, യാസിറിനെയും, സുമയ്യയെയുമെല്ലാം കാണുന്നത് പോലെ… ഞാനറിയാതെ പോയ മഹത്തായ കാര്യങ്ങളുമുണ്ട് നിങ്ങളുടെ ഈ കാലത്ത്. ഇവരാണ് തന്റേടികളായ യഥാര്‍ത്ഥ വിശ്വാസികള്‍…’

ഇന്റലിജന്‍സില്‍ പെട്ട ഒരാള്‍ എന്റെ നേരെ നടന്ന് വന്നു. അദ്ദേഹത്തിന്റെ നടത്തത്തിലും, പെരുമാറ്റത്തിലും ഒരു വെല്ലുവിളിയുടെ ലക്ഷണമുണ്ട്. അയാള്‍ എന്നെ കോളറിന് പിടിച്ചു ‘നിങ്ങളെന്താണ് സംസാരിക്കുന്നത്?’

കൈ ഉയര്‍ത്തി ഉമറിനെ തല്ലാനോങ്ങി. ഖലീഫ പോലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് പിടിക്കുന്നത് കണ്ട് ഞാന്‍ തരിച്ചുപോയി. ‘കൈ താഴെ വെക്ക്.. അല്ലെങ്കില്‍ ഞാനത് മുറിച്ചെടുക്കും.’ ഭയത്തോടും ആശങ്കയോടും കൂടി ഞാന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു ‘ക്ഷമിക്കണം, ഇദ്ദേഹം ഗ്രാമീണനായ ഒരു വൃദ്ധനാണ്. ഈ വക കാര്യങ്ങളെക്കുറിച്ചൊന്നും ഇയാള്‍ക്കറിവില്ല.’

ചുണ്ടില്‍ പുഞ്ചിരിയുമായി നടന്ന് വരുന്ന ഈലിയെ കണ്ട എനിക്ക് വിശ്വസിക്കാനായില്ല.  അവന്‍ നേരെ ഉമറിന്റെ അടുത്തേക്കാണ് നീങ്ങിയത്. തന്റെ കണ്ണ് കൊണ്ട് ഉമറിനെ പരിഹസിച്ച് അവന്‍ പറഞ്ഞു ‘ഒടുവില്‍ ഡോണും കെണിയില്‍ വീണല്ലേ…’

ഉമര്‍ അമര്‍ഷത്തോടെ പിറുപിറുത്തു ‘ഡോണ്‍…ഈ വിഢ്ഢി എന്നെ ആക്ഷേപിക്കുകയോ’
ഈലി ചിരിച്ചു. അതിനിടയില്‍ ഞാന്‍ വേഗത്തില്‍ പറഞ്ഞു. ‘അല്ല, അവനതല്ല ഉദ്ദേശിച്ചത്. താങ്കള്‍ സ്ത്രീകളാല്‍ ആകര്‍ഷിക്കപ്പെട്ടവനാണെന്നാണ് അതിന്റെ അര്‍ത്ഥം.’

-‘മനസ്സിലായില്ല’

-‘റാഷേലിന് താങ്കളോട് പ്രണയം തോന്നിയത് മറന്ന് പോയോ?’

ഉമര്‍ കൈ മലര്‍ത്തി. അവിടെയെല്ലാം പരതി ‘ഇതെന്തൊരു അല്‍ഭുതം. ഇവരാണോ നിങ്ങളോട് യുദ്ധം ചെയ്യുകയും, നിങ്ങള്‍ക്ക് മേല്‍ വിജയിക്കുകയും ചെയ്തവര്‍..? ഇവരാണോ നിങ്ങളെ ഭരിക്കുന്നവര്‍…? എങ്ങിനെയാണിത്?
ഈലി ചിരിച്ച് കൊണ്ടേയിരിക്കുകയാണ്. ഒടുവില്‍ അവന്‍ പറഞ്ഞു ‘ഞാന്‍ ഉടനെ റാഷേലിന്റെ അടുത്തേക്ക് പോവുകയാണ്. ഈ രസകരമായ വാര്‍ത്ത അവള്‍ക്ക് എത്തിച്ച് കൊടുക്കണ്ടേ?’

ഇടക്കിടെ പാറാവുകാര്‍ ഉള്ളിലേക്ക് വന്നുകൊണ്ടേയിരുന്നു. കുറ്റാരോപിതരായ ധാരാളം പുതിയ ആളുകളുമായാണ് അവരുടെ വരവ്. അവരിലൊരാളുടെ വസ്ത്രം അവര്‍ ഉരിഞ്ഞു. ചാട്ടവാറടികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചു. നിന്ദ്യകരമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. പോലീസുകാര്‍ കയ്യില്‍ രേഖകളും പേനയുമായി നില്‍ക്കുകയാണ്. ചോദ്യവും ഉത്തരവും അവര്‍ എഴുതിയെടുക്കുന്നു. അവര്‍ ധൃതിയിലാണെന്ന് തോന്നു. ചില പദങ്ങള്‍ കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്നതായി ഞാന്‍ ശ്രദ്ധിച്ചു ‘ആയുധം.. ചാവേറുകള്‍.. ഒളിസങ്കേതം… സംസാരിക്ക്.. കുറ്റം സമ്മതിക്ക്… മരണം… ജയില്‍… നിന്റെ വീട് ഞങ്ങള്‍ പൊടിയാക്കിക്കളയും.. ഉമ്മയെയും, സഹോദരിയെയും മാനഭംഗപ്പെടുത്തും..’

വേദനയാല്‍ നിലവിളിക്കുന്ന ഒരു യുവാവിന്റെ ശബ്ദം നിനക്കവിടെ കേള്‍ക്കാം. അല്ലെങ്കില്‍ മറ്റൊരുവന്റെ ദീനരോദനം.. ഇരുമ്പ് കൂട്ടില്‍ ബന്ധിക്കപ്പെട്ട സിംഹം മുരളുന്നത് പോലുള്ള മുരള്‍ച്ചയും അവിടെയുണ്ട്. മറ്റു ചിലര്‍ തീര്‍ത്തും നിശബ്ദരാണ്. അവരുടെ കണ്ണുകളില്‍ ഭീതി നിഴല്‍ വിരിച്ചിരിക്കുന്നു. അവിടെ നിന്ന് ഏല്‍ക്കുന്ന പീഢനങ്ങള്‍ ഭീതി അധികരിപ്പിക്കുകയാണ്. സയണിസ്റ്റ് ഇന്റലിജന്‍സ് മേധാവികള്‍ നിറഞ്ഞ ചഷകങ്ങള്‍ മോന്തുന്നുണ്ട്. അവര്‍ പാടുകയും നൃത്തം ചെയ്യുന്നു. ചാട്ടവാര്‍ കൊണ്ട് അടിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു.. ഉമര്‍ ഇതെല്ലാം കാണുകയാണ്. അദ്ദേഹം അവിടെയാകെ ഒന്ന് നിരീക്ഷിച്ചു.
-‘അല്‍ഭുതകരമായ പോരാട്ടമാണിത്’

-‘അമീറുല്‍ മുഅ്മിനീന്‍, താങ്കളെന്താണ് ഉദ്ദേശിച്ചത്?

-‘സത്യവും അസത്യവും തമ്മിലുള്ള ഘോരയുദ്ധം… പ്രയാസകരമായ ദിനങ്ങള്‍.. പ്രവാചകന്‍മാര്‍ നിയോഗക്കപ്പെട്ട കാലത്തെപ്പോലെ… നിങ്ങളുടെ ഈ കൊടിയ വിപത്തില്‍ ഞാന്‍ വളരെയധികം ദുഖിതനാണ്.. ദൈവികമാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ഇവരെ കണ്ടതിന് ശേഷം എന്റെ വേദന അല്‍പം ശമിച്ചു.’

ഭയങ്കരമായ ദുരന്തത്തിന്റെ ചക്രവാളത്തില്‍ പറക്കുകയാണ് ഖലീഫ. വിവിധ മൂലകളില്‍ ചെന്ന് അദ്ദേഹമത് വീക്ഷിച്ച് കൊണ്ടേയിരിക്കുന്നു. അവ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നു. താനുമൊരു കുറ്റാരോപിതനാണെന്നും, അല്‍പം കഴിഞ്ഞ് താനും ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം മറന്നിരിക്കുന്നു. അതിനാല്‍ ഞാനദ്ദേഹത്തോട് പറഞ്ഞു ‘അമീറുല്‍ മുഅ്മിനീന്‍, താങ്കളെന്താണ് അവരോട് പറയുക? അവര്‍ തീര്‍ച്ചയായും താങ്കളോടും ചോദിക്കും.’

-‘തെമ്മാടിയും ഉന്മത്തനുമായ ഒരു യഹൂദി വന്ന്, വിധികര്‍ത്താവാകുകയെന്നത് തീര്‍ത്തും അപമാനകരം തന്നെ.. അതും മുസ്‌ലിംകളുടെ മണ്ണില്‍.. കാര്യമായ എന്തോ വീഴ്ച സംഭവിച്ചിരിക്കുന്നു.. കള്ളം പറയുകയും, വ്യാജരേഖകള്‍ ചമക്കുകയും ചെയ്യുന്നവര്‍ ഇവിടെ നിങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുകയോ… ഞാന്‍ ഉമര്‍ ബിന്‍ ഖത്താബ് ആണെന്ന് അവരോട് പറയും… അത് കേട്ട് അവര്‍ ചിരിക്കും.. കാരണം അവരെന്നെ വെറുക്കുന്നു… പ്രവാചക കാലം മുതലെ അത് എനിക്കറിയാം.. എന്നെ കൊല്ലാന്‍ പദ്ധതിയിട്ടവരാണ് അവര്‍… എന്റെ വാക്കുകള്‍ അവര്‍ വിശ്വസിച്ചില്ല.. ഞാന്‍ അദിയ്യ് ഗോത്രത്തില്‍ നിന്നുള്ളവനാണ്. മക്കയിലാണ് വളര്‍ന്നത്. ഞാന്‍ അവരുടെ ദൂതനായിരുന്നു. മുഹമ്മദിനോട് യുദ്ധം ചെയ്യുന്നതില്‍ പരുക്കനും, കാര്‍ക്കശ്യക്കാരുമായിരുന്നു ഞാന്‍. പിന്നീട് വിശ്വാസത്തിന്റെ കിരണങ്ങള്‍ എന്റെ ഹൃദയത്തെ പ്രകാശിതമാക്കി. അന്നാണ് ഞാന്‍ വീണ്ടും ജനിച്ചത്.’

-‘അത് അവരെ ബാധിക്കുന്ന കാര്യമേയല്ല, അവര്‍ താങ്കളെ വിശ്വസിക്കുകയില്ല, ആ സംഭവമാണ് ഇവിടെ പ്രശ്‌നം.’

-‘ഏത് സംഭവം?’

-‘സ്‌ഫോടനങ്ങള്‍’

-‘അത് കൊണ്ടെന്താ? നിനക്ക് യാഥാര്‍ത്ഥ്യം അറിയാം.. ഞാനായിരുന്നു അത് ചെയ്തിരുന്നതെങ്കില്‍ എത്ര നന്നായിരുന്നേനെ.. ആ മഹത്വം എന്നിലേക്ക് ചേര്‍ക്കാന്‍ എനിക്ക് അവകാശമില്ല..’

ഞാന്‍ പിന്നിലേക്ക് നോക്കി. ഇന്റലിജന്റസില്‍ പെട്ട ഒരാള്‍ അവിടെ മറഞ്ഞിരിക്കുന്നത് കണ്ടു. ഉമര്‍ പറയുന്നതെല്ലാം ഒരു ഉപകരണത്തില്‍ റെക്കോര്‍ഡ് ചെയ്യുകയാണ് അയാള്‍. അയാള്‍ മുന്നോട്ട് വന്നു ഉമറിന്റെ മുന്നില്‍ നിന്നു. ഉമര്‍ തന്റെ യാഥാര്‍ത്ഥ നാമം മറച്ച് വെച്ച് മറ്റൊരു പേര് കടമെടുക്കണമെന്ന് പറയാന്‍ ആഗ്രഹിച്ചു ഞാന്‍. ഒരുപാട് പ്രശ്‌നങ്ങളില്‍ നിന്നും അത് ഞങ്ങളെ രക്ഷപ്പെടുത്തിയേക്കും. പക്ഷെ, അപ്പോഴേക്കും അവസരം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. സയണിസ്റ്റ് പോലീസുദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ചോദിച്ചു.

-‘അപ്പോള്‍ താങ്കള്‍ ഉമര്‍ ആണല്ലേ?’

-ഉമര്‍ നിശ്ചദാര്‍ഢ്യത്തോടെ തലകുലുക്കി  ‘അതെ, നിങ്ങള്‍ക്ക് വേണ്ടത് ചെയ്ത് കൊള്ളുക. അല്ലാഹുവല്ലാതെ ആരെയും ഞാന്‍ ഭയപ്പെടുന്നില്ല.’

-‘താങ്കള്‍ ഇപ്പോള്‍ അല്ലാഹുവിനെ വിട്ടേക്കുക, ഇപ്പോള്‍ ഞാനാണ് താങ്കളോട് സംസാരിക്കുന്നത്.’

-‘നീ വൃത്തികെട്ടവന്‍ തന്നെ..’ ഉമര്‍ അട്ടഹസിച്ചു.

അയാള്‍ ചിരിക്കാന്‍ തുടങ്ങി. വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞു. പിന്നെ തന്റെ ദൃഷ്ടി പതിപ്പിച്ച് ഉമറിനെ ഒന്ന് അളന്നു. പരിഹാസത്തോടെ പറഞ്ഞു ‘ഒരു പരിധിയോളം താങ്കള്‍ അദ്ദേഹത്തോട് സദൃശ്യനാണ്.’ പിന്നീട് തന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തി താക്കീത് നല്‍കി. ‘ഞാന്‍ കൈറോയിലാണ് ജനിച്ചത്, അന്‍തികാന എന്ന സ്ഥലം അറിയുമോ താങ്കള്‍ക്ക്.’ ഉമര്‍ എന്നിലേക്ക് നോക്കി. ‘പുരാതനാവശിഷ്ടങ്ങളുടെ നാട്?’. അയാള്‍ ഒന്ന് കൂടി ചിരിച്ചു. അയാള്‍ പറഞ്ഞു ‘അവിടെയാണ് താങ്കളുടെ സ്ഥലം… മ്യൂസിയത്തില്‍ മമ്മികള്‍ക്ക് സമീപം..’ പിന്നീട് അയാള്‍ ഞങ്ങളെ വിട്ട് സഹപ്രവര്‍ത്തകരുടെ അടുത്തേക്ക് നീങ്ങി. തന്റെ രസകരമായ കണ്ടെത്തല്‍ അവരുമായി പങ്ക് വെച്ചു. ഉമര്‍ അവര്‍ക്കിടയില്‍ തലയുയര്‍ത്തി കൂസലില്ലാതെ നിന്നു.

-‘അപ്പോള്‍ താങ്കളാണ് ഉമര്‍ അല്ലേ?’

-‘എന്തു കൊണ്ടല്ല?’

-‘തെളിവ് എവിടെ?’

-‘അല്ലാഹുവിന്റെ കഴിവ്’

-‘മരിച്ചവര്‍ പുനര്‍ജീവിക്കപ്പെടില്ല’

-‘താങ്കള്‍ നുണയനാണ്, അങ്ങനെയല്ല.. അവര്‍ പുനര്‍ജീവിപ്പിക്കപ്പെടും.’

-‘ഇത് പുനരുത്ഥാനത്തിന്റെ സമയമല്ലല്ലോ..’

-‘താങ്കള്‍ക്ക് എന്തറിയാം.. അന്ത്യനാള്‍ അടുത്തായേക്കും..’

-‘ഉമര്‍, ഞാന്‍ അല്ലാഹുവിന്റെ കഴിവിനെ നിഷേധിക്കുന്നില്ല, പക്ഷെ ആധുനിക ചരിത്രസംഭവങ്ങള്‍ പ്രകൃത്യാതീത കാര്യങ്ങള്‍ക്ക് സാക്ഷിയല്ല… ഇക്കാലം ഒരു അമാനുഷികതയും ദര്‍ശിച്ചിട്ടില്ല..’ അയാള്‍ ഉമറിനെ പരിഹസിച്ചു. ഉമര്‍ അയാളുടെ ചെവി പിടിച്ചത് കണ്ട് ഞാന്‍ ഞെട്ടി. ‘ഇത് അല്ലാഹുവിന്റെ കഴിവിനെ നിഷേധിക്കുന്ന വര്‍ത്തമാനമല്ല…’

-‘ചര്‍ച്ചകള്‍ സാമര്‍ത്ഥ്യത്തോടെ നിയന്ത്രിക്കാന്‍ കഴിവുള്ള ബുദ്ധിമാനല്ല താങ്കള്‍. അപകടകാരിയായ നയതന്ത്രഞ്‌നായിരുന്നു എന്നതില്‍ സംശയമില്ല…’

ഇന്റലിജന്റ്‌സ് മേധാവികള്‍ ഉറക്കെ ചിരിച്ചു. അവര്‍ ഉമറിനെ സ്പര്‍ശിക്കാതെ തന്നെ പരിശോധന തുടങ്ങി. അവരിലൊരാള്‍ പറഞ്ഞു. ‘ഇത് വൈദ്യശാസ്ത്രത്തില്‍ സുപരിചിതമായ അവസ്ഥയാണ്. ഇയാള്‍ക്ക് ഒരു തരം ഭ്രാന്ത് ബാധിച്ചിരിക്കുന്നു. അയാള്‍ ഉമറിനെ അനുകരിക്കുകയും, ഒടുവില്‍ ഉമര്‍ താനാണെന്ന് വിചാരിക്കുകയും ചെയ്തു. മാരകമായ യുദ്ധത്തിനിടയില്‍ ഗുരുതരമായ രോഗങ്ങള്‍ പ്രകടമാവും. പരാജയം അറബികളുടെ ഞരമ്പിനെ ബാധിച്ചിരിക്കുന്നു. അവര്‍ പാരമ്പര്യത്തിലും, പഴയകാല ധീരകൃത്യങ്ങളിലും ആകൃഷ്ടരാണ്. വേദന നിറഞ്ഞ രാവുകളില്‍ അവരത് അയവിറക്കിക്കൊണ്ടേയിരിക്കും. ഈ രോഗിയായ മനുഷ്യന്റെ അവസ്ഥ പുതുമയുള്ളതമാണ്. പ്രായം ചെന്ന ഒരാള്‍ക്കാണ് ഇത് ബാധിച്ചിരിക്കുന്നത്. നമ്മുടെ മനോരോഗവിദഗ്ദര്‍ക്ക് സന്തോഷമുളവാക്കുന്ന കാര്യമാണത്.’

അവരിലൊരാള്‍ ഉമറിന് നേരെ പരിഹസിച്ച് കൊണ്ട് തിരിഞ്ഞു. ‘പേര്‍ഷ്യയിലും റോമിലും താങ്കള്‍ നടത്തിയ വിജയങ്ങളെക്കുറിച്ച് പറഞ്ഞ് തന്നാലും.’

-‘താങ്കള്‍ക്കത് അറിയില്ലേ?’

-‘നിങ്ങളുടെ പരിമിതമായ ശക്തിയുപയോഗിച്ച് ലക്ഷക്കണക്കിന് പേര്‍ വസിക്കുന്ന വിശാലമായ രാഷ്ട്രത്തിന്റെ കടിഞ്ഞാണ്‍  പിടിച്ചടക്കിയത് എങ്ങനെ എന്നതാണ് അല്‍ഭുതം.. അതാണ് ചോദ്യം… ഞങ്ങളിന്ന് അതേ പ്രശ്‌നം അഭിമുഖീകരിക്കുകയാണ്.’

സംസാരം കേവലം പരിഹാസമായിരുന്നെങ്കിലും ഉമര്‍ ഗൗരവത്തിലാണ് മറുപടി പറഞ്ഞത്. ‘യുദ്ധപ്പടയാളികള്‍ക്ക് മുമ്പ് പ്രബോധകരായിരുന്നു ഞങ്ങള്‍. ഞങ്ങളവരിലേക്ക് അല്ലാഹുവിന്റെ പ്രകാശം വഹിച്ചു. ഒരാള്‍ വന്ന് തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ നിമിഷം. ഏതെങ്കിലും സൈന്യത്തെ പരാജയപ്പെടുത്തുന്നതിനേക്കാള്‍, കോട്ട കീഴടക്കുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് ആഹ്ലാദം പകര്‍ന്നിരുന്നത് അതായിരുന്നു.’
ഉമര്‍ ആകാശത്തിലേക്ക് നോക്കി പറഞ്ഞു ‘വിജയനാടുകളില്‍ ഞങ്ങളുടെ കാലുകളുറപ്പിക്കുന്നതിന് മുമ്പ് ഹൃദയങ്ങളില്‍ ദൃഢവിശ്വാസം സ്ഥാപിക്കലായിരുന്നു ഞങ്ങളുടെ ആഗ്രഹം…. വിശ്വസിച്ചവര്‍ ഞങ്ങളുടെ സൈന്യത്തിന്റെ ഭാഗവാക്കാവാറുണ്ടായിരുന്നു..’

-‘ഇസ്രാഈലി പറഞ്ഞു ‘ഞങ്ങളും നിങ്ങളുടേത് പോലുള്ള നാഗരികതയുടെ വക്താക്കളാണ്’.

-‘ഞങ്ങള്‍ വിശ്വാസത്തെയായിരുന്നു പ്രഥമമായി വഹിച്ചിരുന്നത്. സത്യസന്ധമായ, കറയറ്റ വിശ്വാസത്തില്‍ നിന്നാണ്് ഉന്നതമായ മൂല്യങ്ങള്‍ മുളപൊട്ടുകയും നാഗരികത ജനിക്കുകയും, മനുഷ്യര്‍ സന്തോഷിക്കുകയും ചെയ്തത്.’

പൊടുന്നനെ ഉമറിന്റെ മുഖം മാറി. വിശാലമായ ആ ജയിറലകളിലേക്ക് ചൂണ്ടി അദ്ദേഹം അട്ടഹസിച്ചു

-‘ഹുയയ്യ് ബിന്‍ അഖ്തബിന്റെയും, കഅ്ബ് ബിന്‍ അഷ്‌റഫിന്റെയും പിന്‍മുറക്കാരെ, ഇതാണോ നിങ്ങള്‍ ചുമക്കുന്ന നാഗരികത?

അവര്‍ വീണ്ടും ചിരിച്ച് ബഹളം വെച്ചു. ഉമര്‍ ജനങ്ങള്‍ക്കിടയില്‍ പ്രസംഗിക്കുന്നത് പോലെ സംസാരം തുടങ്ങിയപ്പോള്‍ അവരുടെ മുഖങ്ങള്‍ കരുവാളിച്ചു.

-‘നിങ്ങള്‍ ഒരു യുദ്ധത്തില്‍ ജയിച്ചു.. അതോടെ ലോകം മുഴുക്കെ അട്ടഹാസമായി.. നിരപരാധികളെ തൂക്കുകയറില്‍ കയറ്റി.. അറുക്കപ്പെട്ട ഒട്ടകങ്ങളെപ്പോലെ മര്‍ദിതരെ കാലില്‍കെട്ടിത്തൂക്കി… എന്നാല്‍ ഞങ്ങള്‍, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ പതിനാല് നൂറ്റാണ്ടുകളുടെ വ്യത്യാസമുണ്ട്.. പ്രകാശം കൊണ്ട് ലോകത്ത് യുദ്ധം നയിച്ചവരാണ് ഞങ്ങള്‍.. ദൃഢവിശ്വാസം കൊണ്ട് ഞങ്ങളതിനെ പരിലാളിച്ചു. അന്യായമായി ഒരാള്‍ പോലും വധിക്കപ്പെട്ടില്ല.. ആരുടെയും വായ ഞങ്ങള്‍ മൂടിക്കെട്ടിയില്ല… അല്ലാഹുവിന്റെ വേദമുണ്ട് സാക്ഷി… അത് ഞങ്ങള്‍ക്ക് അനുകൂലമോ, പ്രതികൂലമോ ആയി വിധിച്ചേക്കും..’

അവിടെയാകെ മൗനം കളിയാടി. പിന്നീട് അവരിലൊരാള്‍ ഉമറിന്റെ അടുത്ത് വന്നു, ആകെ ഒന്ന് നോക്കി. അയാള്‍ അല്‍ഭുതത്തോടെ പറഞ്ഞു ‘ഇത് ഒരു ഭ്രാന്തന്റെ വാക്കുകള്‍ അല്ല… ഞാന്‍ സത്യം ചെയ്തു പറയുന്നു..’

-‘മിക്കപ്പോഴും വാക്കുകളാണ് ബുദ്ധിയെ കുറിക്കുക.’ ഉമര്‍ പുഞ്ചിരിച്ചു

-‘ഇയാള്‍ നമ്മെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്… മുസ്‌ലിംകളുടെ ഏതോ ഒരു ആത്മീയ നേതാവാണ് ഇയാളെന്ന് തോന്നുന്നു. വേഷം മാറി വന്നതായിരിക്കും..’ അയാള്‍ തുടര്‍ന്നു.

ഉമര്‍ കര്‍ശനമായാണ് മറുപടി നല്‍കി ‘താങ്കളുടെ ബുദ്ധി മന്ദീഭവിച്ചിരിക്കുന്നു.. താങ്കളാണ് ഭ്രാന്തന്‍..’

അയാളുടെ മുഖം ചുവന്ന് തുടുത്തു.. അയാള്‍ അലറി ‘എവിടുന്ന് കിട്ടി ഇയാളെ?’

അപ്പോള്‍ ഈലി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ കോപം അല്‍പം ശമിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ‘സ്‌ഫോടനം നടന്ന സ്ഥലത്തായിരുന്നു ഇയാള്‍.. അവിടെ നിന്ന് ഓടിയതാണ്.’

-‘ഇയാളെ അറുപത്തിനാലാം സെല്ലിലേക്ക് മാറ്റൂ.. വൃത്തികെട്ട ഭക്ഷണം നല്‍കൂ..’

ഉമര്‍ തന്റെ ചൂണ്ടുവിരലുയര്‍ത്തി താക്കീത് നല്‍കി ‘ഞാന്‍ നിങ്ങളുടെ ഭക്ഷണം കഴിക്കില്ല.. നിങ്ങളില്‍ നിന്ന് വിഷം പുരട്ടിയ ആട്ടിറച്ചിയുമായി സൈനബ് ബിന്‍ത് ഹാരിസ് പ്രവാചകന്റെ അടുത്തേക്ക് വന്നത് ഞാന്‍ മറന്നിട്ടില്ല… ഖൈബറില്‍ വിജയിച്ചതിന് ശേഷമായിരുന്നു അത്…’ അവര്‍ വീണ്ടും ഉറക്കെച്ചിരിച്ചു.

പോലീസുകാരുടെ ഭാഷയില്‍ ‘വൃത്തികെട്ട ഭക്ഷണം’ എന്നത് സഹിക്കാന്‍ വയ്യാത്ത പീഢനങ്ങളെക്കുറിക്കുന്ന പ്രയോഗമാണെന്ന് ഉമറിന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ വേദനയില്‍ എനിക്ക് പ്രയാസമുള്ളതോടൊപ്പം തന്നെ, എന്നെയും അതെ സെല്ലിലേക്ക് മാറ്റിയപ്പോള്‍ എനിക്ക് തെല്ലൊരു ആശ്വാസം തോന്നി. എന്നെക്കാള്‍ കൂടുതലായി ഖലീഫയുടെ കാര്യത്തിലായിരുന്നു എന്റെ വേവലാതി. അദ്ദേഹത്തിന്റെ ശരമൂര്‍ച്ചയുള്ള വാക്കുകള്‍ എന്റെ കര്‍ണപുടത്തില്‍ തുളച്ച് കയറി. അതിന്റെ അലയൊലികള്‍ എന്റെ ചിന്തയില്‍ മുഴങ്ങി. അത് എനിക്ക് ദൃഢവിശ്വാസവും, ക്ഷമയും പകര്‍ന്നു..’

ഞാനവിടെ കഴിഞ്ഞുകൂട്ടിയ ആ രാത്രി…. മണിക്കൂറുകള്‍ക്കകം അവരെന്നെ ഇന്‍സ്‌പെക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി. 1936 മുതലുള്ള എന്റെ കുടുംബ ചരിത്രം രേഖപ്പെടുത്തിയ ഒരു ഫയലുമായാണ് അയാള്‍ എന്നെ സമീപിച്ചത്. ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ വിപ്ലവം, ഫതഹിന്റെ പോരാളിയായി പ്രവര്‍ത്തിക്കുന്ന എന്റെ സഹോദരന്‍, കുവൈറ്റില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയും, ചാവേറുകള്‍ക്ക് സംഭവാനകള്‍ എത്തിക്കുകയും ചെയ്തിരുന്ന എന്റെ സഹോദരീ ഭര്‍ത്താവ്, കൈറോയില്‍ അധ്യാപികയായ, അറബ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സഹോദരി.. തുടങ്ങി ആവശ്യത്തിലേറെ വിവരങ്ങള്‍ എന്നെക്കുറിച്ച് അവരുടെ അടുത്തുണ്ട്.

ചാട്ടവാറടിയെക്കുറിച്ച് ഞാന്‍ കുറെ ചിന്തിച്ചു… പ്രത്യേകിച്ചും പ്രാരംഭത്തില്‍.. അക്രമത്തെക്കുറിച്ച അനുഭവം എന്റെ ബുദ്ധിയെ തകര്‍ക്കാറായി… നിസ്സഹായതയെക്കുറിച്ച തിരിച്ചറിവ് കൂടുതല്‍ വേദനയുളവാക്കി.. നിസ്സഹായത മനുഷ്യനെ കരിച്ച് കളയുന്ന ദുഖമാണ്.. ആഹ്… എനിക്ക് ജീവനുണ്ടെങ്കില്‍ കഠിനമായ ഈ വേദനക്ക് ഞാന്‍ പ്രതികാരം ചെയ്യും. അവരുടെ ചാട്ടവാറടികള്‍ക്ക് വിധേയമാകുന്ന പീഢിതര്‍ക്കും, മര്‍ദിതര്‍ക്കും വേണ്ടിയുള്ള പ്രതികാരം പരിപാവനമായ അവകാശമാണ്. ഞാന്‍ എന്റെ സ്ഥാനത്തേക്ക് മടങ്ങി. പക്ഷെ, ഉറങ്ങാന്‍ കഴിഞ്ഞില്ല. ഭയാനകമായ വേദന സമ്മാനിച്ച ശരീരത്തിലെ വ്രണത്തേക്കാള്‍ എന്നെ അലട്ടിയത് മാനസികമായ മുറിവായിരുന്നു. ഉമര്‍ എന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്. വാല്‍സല്യത്തോടെ എന്നെ തലോടുന്നു. തന്റെ തൂവെള്ള വസ്ത്രം കൊണ്ട് എന്റെ മുറിവിലെ രക്തം തുടക്കുന്നു. എനിക്ക് വല്ലാത്ത ആശ്വാസം തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ പവിത്രമായ മുഖത്തേക്ക് നോക്കി. പ്രഭാതത്തില്‍, ആ ശപിക്കപ്പെട്ട മുറ്റത്തേക്ക് അവര്‍ അദ്ദേഹത്തെ നയിക്കുന്നത് ഞാനോര്‍ത്തു. ആര്‍ത്തലച്ച് വരുന്ന ചാട്ടവാറടികളെ ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ കണ്ണുചിമ്മിപ്പോയി. ഞാന്‍ ഉറക്കെ അലറി ‘ഇല്ല, അത് സംഭവിക്കില്ല..’ അതുകേട്ട അദ്ദേഹം കരുണയോടെ ചോദിച്ചു ‘എന്ത് പറ്റി നിനക്ക്?’ കണ്ണുനീര്‍ വാര്‍ത്തു ഞാന്‍ പറഞ്ഞു ‘അവര്‍ താങ്കളെ പീഢിപ്പിക്കുന്നത് എനിക്ക് ആലോചിക്കാനെ കഴിയുന്നില്ല.’ ഉമര്‍ പറഞ്ഞു ‘നിന്റെ രക്ഷിതാവിന്റെ സൈന്യത്തെക്കുറിച്ച് അവന് മാത്രമെ അറിയുകയുള്ളൂ..’

അല്‍ഭുതകരമായിരുന്നു അടുത്ത ദിവസത്തെ കാര്യം. ഏകദേശം ഉച്ചക്ക് പന്ത്രണ്ടരയായിക്കാണും.. തയ്യമും ചെയ്ത് ഇമാമായി നമസ്‌കരിക്കുകയാണ് അദ്ദേഹം. വുദുവെടുക്കാന്‍ അവിടെ വെളളമില്ലായിരുന്നു. അപ്പോഴാണ് സയണിസ്റ്റ് പോലീസുകാരന്‍ അങ്ങോട്ട് വന്നത്. അയാള്‍ ഉമറിനെ വിളിച്ചു. പിന്നെ, എന്റെ പേരും വിളിച്ചു.

ജയില്‍ സൂപ്രണ്ടിന്റെ മുന്നില്‍ നില്‍ക്കെ പുഞ്ചിരിച്ച് കൊണ്ട് അയാള്‍ ഞങ്ങളോട് പറഞ്ഞു. ‘നല്ലത്, നിങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു. ചില കുറ്റവാളികളെ ഞങ്ങള്‍ പിടികൂടിക്കഴിഞ്ഞു. നിങ്ങളെ വിട്ടയക്കാന്‍ കല്‍പന വന്നിരിക്കുന്നു. ഇസ്രയേല്‍ പൗരയായ റാഷേലിനോട് നിങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അവള്‍ ഒരു നല്ല സ്ത്രീയാണ്.’

സന്തോഷത്തിന്റെ തിരമാലകള്‍ എന്നെ പൊതിഞ്ഞു. പക്ഷെ, ‘എവിടെ ആ കുറ്റവാളികള്‍.. എനിക്ക് അവരെ കാണാന്‍ കൊതിയാവുന്നു’ എന്നായിരുന്നു ഖലീഫയുടെ പ്രതികരണം. ഞാന്‍ മെല്ലെ അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു അപേക്ഷിച്ചു ‘അല്ലാഹുവിനെ മുന്‍ നിര്‍ത്തി പറയട്ടെ, താങ്കളത് പറയരുത്… നമുക്ക് പോകാം, ഇത് നടക്കാന്‍ പ്രയാസകരമായ ആവശ്യമാണ്.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
Show More

Related Articles

Leave a Reply

Your email address will not be published.

Close
Close