Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -5

ഒടുവില്‍ ഞങ്ങള്‍ എന്റെ വീട്ടില്‍ മടങ്ങിയെത്തി. ഖുദ്‌സിലെ ഒരു പഴയ ഗ്രാമത്തിലായിരുന്നു അത്. വളരെ ചെറിയ വീടാണ്‍ എന്റേത്. ആകെ രണ്ട് മുറികളാണ് അതിലുള്ളത്. അറുപതിനോടടുത്ത് പ്രായമുള്ള ഉമ്മ മാത്രമാണ് എന്റെ കൂടെ അവിടെ താമസിക്കുന്നത്. അല്ലാഹു എന്റെ പിതാവിനോട് കരുണ ചെയ്യട്ടേ… അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. മരം കൊണ്ടുള്ള ചെറിയ ഒരു പെട്ടിക്കടയുണ്ടായിരുന്നു അദ്ദേഹത്തിന്. സോഡ, നോട്ട്ബുക്കുകള്‍, പേന, പത്രം, കുട്ടികള്‍ക്കുള്ള മിഠായികള്‍ തുടങ്ങിയവയായിരുന്നു അതില്‍ വില്‍ക്കാനുണ്ടായിരുന്നത്. ഹസീറാനിലുണ്ടായ ഒരു ഭീകര സ്‌ഫോടനത്തില്‍ ആ കടയും, അതിലുള്ളവരും കത്തിച്ചാമ്പലായി. എന്റെ ഉപ്പയും അവരില്‍പെടുന്നു. ഞാന്‍ ഒട്ടേറെ കരഞ്ഞു. യുദ്ധക്കളത്തില്‍ മരിച്ച സഹോദരന്മാരുടെ പേരിലും ഞാന്‍ കുറെ കരഞ്ഞിട്ടുണ്ട്.

വളരെ ചെറുതും, ദാരിദ്ര്യം വിളിച്ചോതുന്നതുമായിരുന്നു എന്റെ വീട്. എങ്കിലും വൃത്തിയും ശാന്തിയും പ്രകടമായിരുന്നു അവിടെ. ഒരു തരം വിലകുറഞ്ഞ എന്നാലും സുന്ദരമായ ഷീറ്റ് നിലത്ത് വിരിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാണ് അവിടെ. നീല നിറമുളള ചായം തേച്ച ചുവരുകളില്‍ ഏതാനും ചിത്രങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് രക്തസാക്ഷിയായ എന്റെ ഉപ്പയുടെ ചിത്രമാണ്. അറബ്-ഫ്രഞ്ച് മാസങ്ങള്‍ വ്യക്തമാക്കുന്ന കലണ്ടറും പഴയ ഫലസ്തീനിന്റെ മാപ്പും തൂക്കിയിട്ടിരിക്കുന്നു കൂടെ. കുറച്ചകലെയായി ഒരു ഘടികാരവും, ‘അല്ലാഹു’ എന്നെഴുതിയ ഫലകവും ഇടം പിടിച്ചിട്ടുണ്ട്.

ഖലീഫയെ എന്റെ സ്വകാര്യമുറിയിലേക്ക് ക്ഷണിച്ചിരുത്തിയ ശേഷം ഞാന്‍ ഉമ്മയുടെ അടുത്തേക്കോടി

-‘ഞാന്‍ ഈ സന്തോഷവാര്‍ത്ത എങ്ങനെ അറിയിക്കും? നിങ്ങള്‍ എന്നെ വിശ്വസിച്ചേക്കില്ല’

-‘നല്ലത്… അറബ് സൈന്യം ഇളകിത്തുടങ്ങിയോ? എങ്കില്‍ രക്ഷപ്പെട്ടിരിക്കുന്നു’

-‘അല്ല, എല്ലാ മഹത്വങ്ങളേക്കാളും വലിയ ആദരവ് നമ്മുടെ വീട്ടിലിറങ്ങിയിരിക്കുന്നു’

-‘ഞാന്‍ നിനക്ക് ഭക്ഷണം തരട്ടെ?’ ഉമ്മയുടെ മുഖത്ത് മടുപ്പ് പ്രകടമായിരുന്നു.

-‘നിങ്ങളെന്താ ഞാന്‍ പറയുന്നത് ശ്രദ്ധിക്കാത്തത്?’

-‘എനിക്കറിയാം… ഒരു ചെറുത്ത് നില്‍പ് പോരാളിയല്ലേ?’

-ഞാന്‍ അവരെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ വെച്ച് പറഞ്ഞു ‘ഉമര്‍ ബിന്‍ ഖത്താബ്’

അവര്‍ എന്നെ സംശയത്തോടെ നോക്കി. അവരുടെ നോട്ടത്തില്‍ നിന്ന് ഞാന്‍ പരിഭ്രമം വായിച്ചെടുത്തു. കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാറായിരിക്കുന്നു. ഞാന്‍ പെട്ടെന്ന് പറഞ്ഞു.

-‘എനിക്ക് ഭ്രാന്ത് പിടിച്ചിട്ടൊന്നുമില്ല…. വാര്‍ത്ത പടര്‍ന്നാല്‍ ലോകം ഒന്നടങ്കം എഴുന്നേറ്റ് നില്‍ക്കും….. അല്ലാഹുവിന്റെ കഴിവില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലേ ഉമ്മാ…?’

ഉമ്മാക്ക് കാര്യം മനസ്സിലായിത്തുടങ്ങി. അവരുടെ മുഖത്ത് വിസ്മയം പ്രകടമാണ്.

-‘ഈ പിശാചുക്കളുടെ ലോകത്തേക്ക് ഉമര്‍ എങ്ങനെ വരാനാണ്?’  ഉമ്മ അശ്രദ്ധയോടെ ചോദിച്ചു.

-‘ഞാന്‍ കളവ് പറയുകയല്ലെന്ന് സത്യം ചെയ്യാം… അദ്ദേഹത്തെ ഞാനവിടെ കണ്ടു…. സംസാരം കേള്‍ക്കുകയും ചെയ്തു…

പ്രവാചകത്വ ഉറവയില്‍ നിന്ന് ഞാന്‍ പാനം ചെയ്തത് പോലെ….. മഹത്തായ കാര്യം സംഭവിക്കുന്നു.. അല്ലാഹുവിന്റെ ശക്തിയില്‍ സംശയിക്കുന്നത് സൂക്ഷിക്കുക… ഭക്ഷണം ഒരുക്കുകയും സന്തോഷിക്കുകയും ചെയ്യുക… എന്റെ ഉമ്മാ.’

ഞാന്‍ ഉമ്മയെ വിട്ട് വേഗത്തില്‍ അമീറുല്‍ മുഅ്മിനീന്റെ അടുത്തേക്ക് മടങ്ങി… എന്റെ സ്വകാര്യമുറിയില്‍ ഒരു ചെറിയ ലൈബ്രറിയുണ്ടായിരുന്നു. മതം, രാഷ്ട്രീയം, സാഹിത്യം, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിലുള്ള ഏതാനും ഗ്രന്ഥങ്ങളായിരുന്നു അതില്‍. വിരിപ്പിനാല്‍ മൂടപ്പെട്ട ഒരു മരം കൊണ്ടുള്ള സ്റ്റൂളിന് മുകളിലിരിക്കുകയാണ് ഖലീഫ. അദ്ദേഹം പുസ്തകങ്ങളുടെ നിരയിലേക്ക് ചൂണ്ടി ചോദിച്ചു.

-‘ഇതെന്താണ്?’

-‘വിവിധ വിഷയങ്ങളിലുള്ള കുറച്ച് ഗ്രന്ഥങ്ങളാണ്’

-‘പക്ഷെ അവ ചെറുതാണല്ലോ…’

പഴയകാല രചനകള്‍ എല്ലിലും, മരത്തിലും, കല്ലുകളിലുമായിരുന്നല്ലോ രേഖപ്പെടുത്തിയിരുന്നത്. ഞാന്‍ അവയില്‍ നിന്ന് ഒരു പുസ്തകമെടുത്തു.

-‘ഇതില്‍ ധാരാളം വിവരങ്ങളുണ്ട്. അക്ഷരങ്ങള്‍ വളരെ ചെറുതും വരികള്‍ ധാരാളവുമാണ്. കടലാസും പ്രിന്റിംഗും കണ്ടുപിടിച്ചതിന്റെ നേട്ടമാണത്.’

ഈ അല്‍ഭുതകരമായ കണ്ടെത്തലിലുള്ള സന്തോഷം ഉമര്‍ പ്രകടിപ്പിച്ചു. കുറഞ്ഞ സമയം കൊണ്ട് ആയിരക്കണക്കിന് കോപ്പി നിര്‍മിക്കാന്‍ പ്രിന്റ്ിംഗ് മെഷീന് സാധിക്കുമെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അല്‍ഭുതം ഇരട്ടിച്ചു. ഞാന്‍ പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹത്തിന് ഒരു പുസ്തകം എടുത്ത് കൊടുത്തു.

-‘ഇത് താങ്കളെക്കുറിച്ചുള്ള ഗ്രന്ഥമാണ്’

-‘എന്നെക്കുറിച്ചോ?’ കണ്ണുകളില്‍ വിസ്മയം വ്യകമായിരുന്നു…

-‘അതെ’

-‘ഇക്കാലത്തുള്ളവര്‍ എന്നെ അറിയുമോ?’

-‘പൂര്‍വികര്‍ താങ്കളെ അറിഞ്ഞതിനേക്കാള്‍ ഒരുപക്ഷെ… കിഴക്കും പടിഞ്ഞാറും താങ്കള്‍ക്ക് അങ്ങേയറ്റത്തെ പ്രസിദ്ധിയാണുള്ളത്.. എല്ലാ കോണുകളിലും താങ്കളുടെ പ്രതിദ്ധ്വനി അലയടിക്കുകയാണ്… മുസ്‌ലിംകള്‍ എഴുതിയതിനേക്കാള്‍ കൂടുതല്‍ താങ്കളെക്കുറിച്ച് ക്രൈസ്തവരാണ് എഴുതിയത്.. താങ്കളെ പ്രേമിക്കുന്ന, ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്… കൂടാതെ താങ്കള്‍ക്ക് ശത്രുക്കളും വിമര്‍ശകരുമുണ്ട്… അവര്‍ക്ക് താങ്കളുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ അറിയാം.. ജാഹിലിയ്യത്തില്‍ താങ്കള്‍ എങ്ങനെയായിരുന്നു…എങ്ങനെയാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിച്ചത്… പ്രവാചകനോട് സഹവസിച്ച വിധം… താങ്കള്‍ പങ്കെടുത്ത യുദ്ധങ്ങള്‍, പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങളിലെ താങ്കളുടെ പോരാട്ടങ്ങള്‍… വിവിധ വിഷയങ്ങളിലുള്ള താങ്കള്‍ ധാരാളം അഭിപ്രായങ്ങള്‍… മറ്റുള്ളവരുമായുള്ള താങ്കളുടെ ബന്ധങ്ങള്‍.. താങ്കളുടെ കുടുംബപരമായ കാര്യങ്ങള്‍ വരെ… ഇസ്‌ലാമിന്റെ ശത്രുക്കളുടെ കരങ്ങള്‍ കൊണ്ട് താങ്കള്‍ രക്തസാക്ഷിത്വം വരിച്ചതും…. താങ്കള്‍ പരിചയപ്പെടുത്തപ്പെടേണ്ടതില്ല..’

വിശ്വസിക്കാനാവാതെ നോക്കി നില്‍ക്കുകയാണ് ഉമര്‍. ഹദീസ് നിവേദകരെക്കുറിച്ച് അദ്ദേഹം സംസാരിച്ച് തുടങ്ങി. പിന്നീട് ആ പുസ്തകം എന്നില്‍ നിന്ന് വാങ്ങി മറിച്ച് നോക്കാന്‍ തുടങ്ങി. അതിലെ അക്ഷരങ്ങള്‍ പ്രവാചകത്വ കാലത്തില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ വായിക്കാന്‍ നന്നേ പ്രയാസപ്പെടുന്നതായി തോന്നി. അതില്‍ നിന്ന് ഒരു പേജ് എന്നോട് വായിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ വായിച്ച് തുടങ്ങി.

‘പിറ്റേദിവസം, അബൂബക്ര്‍(റ) പള്ളിയിലിരിക്കുകയാണ്. ഉമര്‍ എഴുന്നേറ്റ് മുസ്‌ലിംകളോട് ക്ഷമ ചോദിച്ചു. പ്രവാചകന്റെ മരണവാര്‍ത്ത നിഷേധിച്ചതിന്റെ പേരിലായിരുന്നു അത്. അദ്ദേഹം പറഞ്ഞു ‘ഞാന്‍ ഇന്നലെ നിങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു. വിശുദ്ധ ഖുര്‍ആനിലോ, പ്രവാചക ചര്യയിലോ ഇല്ലാത്ത കാര്യമായിരുന്നു അത്. എന്നാലും, പ്രവാചകന്‍(സ) നമ്മുടെ കാര്യങ്ങള്‍ നിയന്ത്രിച്ച് അവസാനം വരെ ഉണ്ടായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അല്ലാഹു നിങ്ങളില്‍ അവന്റെ വേദഗ്രന്ഥം അവശേഷിപ്പിച്ചിരിക്കുന്നു. അത് മുഖേനയാണ് അവന്‍ പ്രവാചകനെ സന്മാര്‍ഗത്തിലാക്കിയത്. നിങ്ങളത് മുറുകെ പിടിക്കുന്ന പക്ഷം അല്ലാഹു അത് മുഖേനെ നിങ്ങളെയും സന്മാര്‍ഗത്തിലാക്കും. അല്ലാഹു നിങ്ങളുടെ കാര്യം നിങ്ങളില്‍ ഏറ്റവും ഉത്തമനായവനെയാണ് ഏല്‍പിച്ചിരിക്കുന്നത്. പ്രവാചകന്റെ സഹചാരിയും, ഗുഹയില്‍ വസിച്ച രണ്ടിലൊരാളുമായിരുന്നു അദ്ദേഹം. അതിനാല്‍ നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് ബൈഅത്ത് ചെയ്താലും.’ ജനങ്ങള്‍ എഴുന്നേറ്റു, സഖീഫക്ക് ശേഷം നടന്ന പൊതുബൈഅത്ത് അതായിരുന്നു.’

പിന്നീട് ഞാന്‍ ഗ്രന്ഥം മടക്കിവെച്ചു. ഞാന്‍ ഓരോ ഖണ്ഡിക വായിക്കുമ്പോഴും ഉമര്‍ തലയാട്ടുന്നുണ്ടായിരുന്നു. കണ്ണുകളില്‍ നിന്ന് കണ്ണുനീരൊഴുകാന്‍ തുടങ്ങിയിരുന്നു. നരച്ച് വെളുത്ത താടി കണ്ണുനീരില്‍ കുതിര്‍ന്നു. അവ തുടച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. ‘ഭയാനകമായ ദിനങ്ങളായിരുന്നു അത്. പ്രവാചകവിയോഗം തുടക്കത്തില്‍ എനിക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു. അത് സത്യം തന്നെയാണ്. എന്ത് പറയണമെന്നോ, എന്ത് ചെയ്യണമെന്നോ അപ്പോള്‍ എനിക്കറിയില്ലായിരുന്നു. ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസവും, ദൃഢബോധ്യവുമുണ്ടായിരുന്നത് അബൂബക്‌റിനായിരുന്നു. അദ്ദേഹം കാര്യം കൃത്യമായി ഗ്രഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായറിയാം….’

ഞാന്‍ എന്റെ സംശയം ഉന്നയിച്ച് കൊണ്ട് ചോദിച്ചു ‘ഖാലിദ് ബിന്‍ വലീദുമായുള്ള താങ്കളുടെ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം… നിങ്ങളുടെ കാലത്തെ മുസ്‌ലിംകള്‍ക്ക് സംഭവിച്ചത് പോലെ ഞങ്ങള്‍ക്കിടയിലും അതേപ്പറ്റി വിവിധാഭിപ്രായങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു..’

ഉമര്‍ തന്റെ പരിശുദ്ധമായ മുഖം എന്നിലേക്ക് തിരിച്ച് പറഞ്ഞു ‘പ്രശ്‌നം നിങ്ങള്‍ സങ്കല്‍പിക്കുന്നതിനേക്കാള്‍ ലളിതമായിരുന്നു. ധീരനായ വിശ്വാസിയായിരുന്നു ഖാലിദ്. പ്രഗല്‍ഭനായ നായകനും, തന്ത്രശാലിയായ പടയാളിയുമായിരുന്നു അദ്ദേഹം. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല…. പക്ഷെ, തെറ്റുകളില്‍ നിന്ന് മുക്തനായ ഒരു മനുഷ്യനുമില്ല… മുസ്‌ലിം ഉമ്മത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയാണ് നല്ലതെന്ന് എനിക്ക് തോന്നി… ഞാനപ്രകാരം ചെയ്തു.. ഖാലിദ് അത് സ്വീകരിക്കുകയും ചെയ്തു… അത് ദീനിന്റെ കാര്യമായിരുന്നു… വ്യക്തികള്‍ അവര്‍ എത്രതന്നെ ഉന്നതരായാലും, ധാരാളം വിജയങ്ങള്‍ വരിച്ചാലും… അതിനേക്കാള്‍ പ്രജകളുടെ നന്മയായിരുന്നു പരിഗണനീയം…’

ഞാന്‍ പറഞ്ഞു ‘താങ്കളുടെ ധീരതയെയും, നീതിയെയും, ഭൗതിക വിരക്തിയെയും, ദീര്‍ഘവീക്ഷണത്തെയും, ഭൗതിക അലങ്കാരത്തെയും പ്രൗഢിയെയും താങ്കള്‍ വര്‍ജ്ജിച്ചതിനെയും കുറിച്ച് പ്രതിപാദിക്കുന്ന നൂറുകണക്കിന് രചനകളുണ്ട്. ചരിത്രത്തിന്റെ താളുകളെ പ്രശോഭിതമാക്കിയവര്‍ക്കുള്ള ഉത്തമോദാഹരണമാണ് താങ്കള്‍.’

ഉമര്‍ തന്റെ കൈകൊണ്ട് പ്രതിഷേധമറിയിച്ചു ‘അല്ലാഹുവാണ…ഞാന്‍ അങ്ങേയറ്റം മഹത്വമോ, പവിത്രതയോ ഉള്ള വ്യക്തിയായിരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഞാനൊരു സാധാരണ മനുഷ്യനായിരുന്നു.. ധീരതയിലും, നീതിയിലും, വിശ്വാസത്തിലും ഉമറിനേക്കാള്‍ ഉയര്‍ന്നവരല്ലെങ്കില്‍ തന്നെയും ദൈവബോധത്തിലും, സൂക്ഷ്മതയിലും ഉമറിനേക്കാള്‍ കുറയാത്ത ആയിരക്കണക്കിന് മുസ്‌ലിംകളുണ്ടായിരുന്നു. ദീനീ വിഷയങ്ങളില്‍ അവരില്‍ ഏറ്റവും കുറവ് മനപാഠമുണ്ടായിരുന്നത് എനിക്കായിരുന്നു. അധികാരം ഒരുപാട് സങ്കീര്‍ണതകളിലേക്ക് വഴിവെക്കും. എന്നല്ല ചില സമയങ്ങളില്‍ വീഴ്ചകളിലേക്ക് പോലും…’ കണ്‍പീലികള്‍ക്കിടയിലൂടെ ഊര്‍ന്ന് വീണ അശ്രുകണങ്ങള്‍ ഉണങ്ങിത്തുടങ്ങിയിരുന്നു. ‘അല്ലാഹുവിനെ കണ്ടുമുട്ടുന്നത് എനിക്ക് വലാത്ത ഭയമായിരുന്നു… ഇറാഖില്‍ ഒരു കഴുത കാല്‍തെന്നി വീണാല്‍ അതിന് വഴിശരിയാക്കിയില്ല എന്ന പേരില്‍ അല്ലാഹുവിന്റെ മുന്നില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെട്ടേക്കും….  അധികാരം എന്നത് വലിയ ഉത്തരവാദിത്തമാണ്…വിചാരണ നാളില്‍ എന്റെ സമ്പാദ്യത്തെ കുറക്കുന്നത് ഒരു പക്ഷെ അതായിരിക്കും…’

-‘താങ്കളുടെ വിനയമാണത്…’ ഞാന്‍ സംതൃപ്തിയോടെ പറഞ്ഞു.

അദ്ദേഹം ഉറക്കെ അലറി ‘ഔന്നത്യം നേടുന്നതിന് വേണ്ടി വിനയം കാണിക്കുന്നവനല്ല ഞാന്‍… കാപട്യത്തെയും, കൃത്രിമത്വത്തെയും ഞാന്‍ വെറുക്കുന്നു.. ജീവിതത്തിലും മരണത്തിലും ഭരണത്തിന്റെ ഭാരം ചുമക്കേണ്ടവനാണ് ഞാന്‍… അതിനാലാണ് എന്റെ മകനെ ഖലീഫയാക്കരുതെന്ന് ഞാന്‍ നിബന്ധന വെച്ചത്..’

വാതിലില്‍ മുട്ടിയ ശബ്ദം ഞങ്ങളുടെ സംസാരത്തെ മുറിച്ചു… ഉമ്മയായിരുന്നു.. അവര്‍ ഭക്ഷണവുമായി വന്നതാണ്… ഞാനത് വാങ്ങി തീന്‍മേശക്ക് മുകളില്‍ വെച്ചു കൊണ്ട് പറഞ്ഞു. ‘താങ്കള്‍ക്ക് വിശക്കുന്നുവെന്നതില്‍ സംശയമില്ല..’
ഉമര്‍ ഭക്ഷണത്തളികയിലേക്ക് നോക്കി എന്നിട്ട് ചോദിച്ചു

-‘ഇതെന്താണ്…? കോഴി… ആട്ടിറച്ചി, വാട്ടിയതും, ശുദ്ധമായ

പച്ചക്കറികള്‍, പലതരത്തിലുള്ള പഴങ്ങള്‍… കൂടാതെ എനിക്കറിയാത്ത മറ്റ് കുറെ സാധനങ്ങളും..’

-‘പിന്നെന്താ നാം തിന്നുക?’

-‘നിങ്ങളുടെ അടുത്ത് ഈത്തപ്പഴവും പച്ചക്കാരക്കയും ഇല്ലേ?’

-‘ചിലപ്പോഴൊക്കെ…’

സ്പൂണും ഫോര്‍ക്കും കത്തിയും കയ്യിലെടുത്ത് കൊണ്ട് ചോദിച്ചു

-‘ഇതെന്തൊക്കെയാണ്?’

-‘കൈകൊണ്ട് നേരിട്ട് ഭക്ഷണം കഴിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.’

-‘എല്ലാറ്റിലും സങ്കീര്‍ണതകള്‍… ഞാന്‍ വിചാരിച്ചു ചെറിയ എന്തോ ആയുധമാണതെന്ന്….’

അല്ലാഹുവിന്റെ നാമം ചൊല്ലി, പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവെ ഞങ്ങള്‍ക്കേകിയതില്‍ നീ അനുഗ്രഹം ചൊരിയണേ… നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ…’ അദ്ദേഹം ഒരു റൊട്ടിയും അതിലേക്ക് ഒരു ഇറച്ചിക്കഷ്ണവുമെടുത്തു… കുറച്ച് കാരക്കയും… അവധാനതയോടെയായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്… നന്നായി ചവക്കുന്നുണ്ടായിരുന്ന… ഇടക്കിടെ അല്ലാഹുവിന് സ്തുതി നേരുന്നുണ്ടായിരുന്നു.. ഏതാനും മുറുക്ക് വെള്ളവും കുടിച്ചു.. എന്നിട്ട് പറഞ്ഞു ‘നിങ്ങളുടെ വെള്ളത്തിന് വല്ലാത്ത തണുപ്പാണ്…’

-‘ഫ്രിഡ്ജിന് നന്ദി…’

-‘അല്ലാഹുവിന് നന്ദി’ തന്റെ വൃത്തിയുള്ള വായ തുടച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു

ഞാന്‍ ആര്‍ത്തിയോടെ തിന്നുന്നത് ഉമര്‍ ശ്രദ്ധിച്ചു… ഞാന്‍ വിശന്ന് വലഞ്ഞിരുന്നു… അദ്ദേഹം പറഞ്ഞു

‘നിനക്ക് ദഹനക്കേട് പിടിക്കുമെന്ന് ഉറപ്പാണ്… നീ തിന്നതിന്റെ നാലിലൊന്ന് തന്നെ ധാരാളമാണ്..’

-‘എനിക്ക് വല്ലാത്ത കൊതി തോന്നുന്നു..’

-‘മനോദൗര്‍ബല്യം…. നിന്റെ ആമാശയത്തിന് വാര്‍ദ്ധക്യവും ബലഹീനതയും ബാധിച്ചിരിക്കുന്നു…’

-‘അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ ഉത്തമവിഭവങ്ങളാണിവ’ ഞാന്‍ ന്യായീകരിച്ചു…

-‘അല്ലാഹുവില്‍ ശരണം… എന്റെ മകനേ.. അത് നിഷിദ്ധമാണെന്നല്ല ഞാന്‍ പറയുന്നത്… പക്ഷെ, മിതത്വം പാലിക്കേണ്ടിയിരിക്കുന്നു… നീ മറന്നോ… ഞങ്ങള്‍ ഭക്ഷിച്ചാല്‍ വയറ് നിറയാറുണ്ടായിരുന്നില്ല…’

-‘ശരിയാണ്…’

ഖലീഫ സംസാരം തുടര്‍ന്നു…’ആമാശയം നിറഞ്ഞാല്‍ അവയവങ്ങള്‍ പണിമുടക്കും… അതോടെ നിനക്ക് മടിപിടിക്കും… നീ ഉറക്കത്തിലേക്ക് അഭയം തേടും… നിങ്ങളാവട്ടെ യുദ്ധക്കളത്തിലാണ്…’

വാതിലിന്റെ അടുത്ത് നിന്ന് ഭയങ്കരമായ ശബ്ദം കേട്ടു ഞങ്ങള്‍.. എന്റെ അന്തരാളത്തില്‍ ഭയം നിറഞ്ഞു… സംസാരിച്ച് കൊണ്ടിരിക്കുന്ന എന്റെ വായ തന്നെ നിശ്ചലമായി… എന്റെ കൈ കല്ല് കൊണ്ടുള്ള പ്രതിമയെപ്പോലെ നിന്നു… ഉമ്മ ഉള്ളില്‍ നിന്ന് ഇങ്ങനെ വിളിച്ച് പറഞ്ഞു ‘പിശാചുക്കള്‍ വന്നിരിക്കുന്നു…അവരുടെ വാഹനങ്ങള്‍ ഞാന്‍ ജനലിലൂടെ കണ്ടു… നിങ്ങള്‍ ഒളിച്ചോടുന്നില്ലേ….?’

എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു എനിക്ക്…. ഇത്തവണ കാര്യം കൂടുതല്‍ ഗുരുതരമാണ്…. അവരുടെ മടക്കം വലിയ അപകടത്തെയാണ് കുറിക്കുന്നത്… കുറ്റവാളിയെക്കിട്ടിയില്ലെങ്കില്‍ കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തപ്പെടും.. ഇവര്‍ക്ക് മുന്നില്‍ നിരപരാധിത്വം എങ്ങനെ സ്ഥാപിക്കാനാണ്…..? പൊടുന്നനെ വാതില്‍ തകര്‍ക്കപ്പെട്ടു.. അവരിതാ എന്റെ മുന്നില്‍… വിപത്തിറങ്ങിയിരിക്കുന്നു… അതേ മുഖങ്ങള്‍… തോക്കിന്‍കുഴലുകള്‍… തീപ്പൊരി ചിതറുന്ന വിദ്വേഷമുള്ള കണ്ണുകള്‍..
ഉമര്‍ സൈനികര്‍ക്കിടയിലൂടെ തലയുയര്‍ത്തി നടക്കുകയാണ്…. പുഞ്ചിരി നിറഞ്ഞ മുഖം…. ചിലപദങ്ങള്‍ മെല്ലെ ഉച്ചരിക്കുന്നുണ്ട്…. അല്ലാഹുവിനോട് രഹസ്യഭാഷണം നടത്തുകയാണ്… ഞാന്‍ ശരിക്കും വിറക്കുകയായിരുന്നു… ഉമറിന്റെ വാക്ക് ശരിക്ക് എനിക്കൊരു പ്രഹരമായിരുന്നു… ‘അല്ലാഹു മൂന്നാമനായിരിക്കെ രണ്ട്‌പേരെക്കുറിച്ച് താങ്കളെന്താണ് വിചാരിക്കുന്നത്?’

ശേഷം വിനയത്തോടെ ചിരിച്ചു

-‘നീ ഇത്രയധികം ഭയപ്പെടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല…

-‘അവര്‍ കരുണയില്ലാത്തവരാണ്…’

-‘കൂടിയാല്‍ എന്ത് ചെയ്യും….’

-‘മരണം… അമീറുല്‍ മുഅ്മിനീന്‍..’

-‘മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ആരെങ്കിലും കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ?’

-‘ഇല്ല’

-‘പിന്നെയെന്തിനാ ഭയക്കുന്നത്…’

ഞാന്‍ നെഞ്ചില്‍ കൈവെച്ച് പറഞ്ഞു ‘എന്റെ അന്തരാളത്തില്‍ എന്തോ… എനിക്കതിനെ ചെറുത്ത് നില്‍ക്കാന്‍ കഴിയുന്നില്ല…’

-‘നിങ്ങളുടെ ജീവിതത്തിലെ പലകാര്യങ്ങളും അങ്ങനെത്തന്നെയാണ്… നിങ്ങള്‍ക്കവയെ ചെറുക്കാന്‍ സാധിക്കില്ല… താങ്കളുടെ തീറ്റ കണ്ടപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.. എനിക്കങ്ങനെ കഴിയില്ല…’

-‘പ്രതികാരം നിറവേറ്റുന്നതിന് മുമ്പ് ഞാന്‍ മരണപ്പെടുന്നത് എന്നെ ദുഖിപ്പിക്കുന്നു..’

എന്നെ ആക്ഷേപസ്വരത്തില്‍ നോക്കി അദ്ദേഹം… എന്നിട്ട് പറഞ്ഞു. ‘അത് വ്യാമോഹമാണ്… എന്നെയോ, താങ്കളെപ്പോലെയോ ഉള്ള ഏതെങ്കിലും ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതല്ല ലോകത്തിന്റെ അവസാനം… ആയിരക്കണക്കിന് ആണ്‍കുട്ടികള്‍ ജനിക്കുന്നു… പോരാടുന്നു… വിജയിക്കുന്നു.. ധാരാളം പേര്‍ മരിക്കുന്നു… ഹംസ യുദ്ധത്തില്‍ കൊല്ലപ്പെട്ടു, ഉമര്‍ ജീവിച്ചു… പക്ഷെ ജീവിതം മുന്നോട്ട് ഗമിച്ച് കൊണ്ടേയിരിക്കുന്നു.. പ്രഗല്‍ഭനായ പടയാളിയായിരുന്നു ഹംസ.. പ്രവാചക പിതൃവ്യന്‍.. യുദ്ധത്തില്‍ മരിക്കുന്നവന്‍ രക്തസാക്ഷിയാണ്… അവനാവട്ടെ മരണവുമില്ല… നിങ്ങള്‍ പാരായണം ചെയ്യുന്നില്ലേ അത്… പക്ഷെ വിശ്വസിക്കുന്നില്ല… മാത്രമല്ല.. നിങ്ങള്‍ ദൗര്‍ബല്യത്തെ തത്വവല്‍ക്കരിക്കുകയും ചെയ്യുന്നു..’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles