Current Date

Search
Close this search box.
Search
Close this search box.

പെരുകുന്ന ജനസംഖ്യ, തിങ്ങിനിറയുന്ന നഗരങ്ങള്‍; യു.എന്‍ പ്രവചിക്കുന്ന ഭാവി ഇന്ത്യ

കൂടുതല്‍ ഇന്ത്യക്കാരും ജീവിക്കുന്നത് നഗരങ്ങളിലാണ്. 2060ടെ ഇത് 1.65 ബില്യണ്‍ ആകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ആഴ്ച പുറത്തുവിട്ട ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2100ാടെ ലോക ജനസംഖ്യ 7.7 ബില്യണില്‍ നിന്ന് 10.9 ബില്യണ്‍ ആയി ഉയരുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

1950 മുതല്‍ 2018 വരെയുള്ള ജനസംഖ്യ സെന്‍സസുകളും ദേശീയതലത്തില്‍ നടന്ന സാമ്പിള്‍ സര്‍വേകളും പഠിച്ച് സൂക്ഷ്മമായി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് യു.എന്‍ ഇത്തരത്തില്‍ ഒരു പ്രവചനത്തില്‍ എത്തിച്ചേര്‍ന്നത്. ഗര്‍ഭധാരണ നിരക്ക് കുറയുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് പ്രകാരം 2027ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ജനസംഖ്യ അനുസരിച്ച് വലിയ അളവില്‍ കുട്ടികളും യുവതി-യുവാക്കളും വരും വര്‍ഷങ്ങളില്‍ പ്രത്യുല്‍പ്പാദന പ്രായത്തിലെത്തും. റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ ഏറെക്കുറെ സാധ്യതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

2060ാടെ ഇന്ത്യന്‍ ജനസംഖ്യ ഉന്നതിയിലെത്തും

ഇന്ത്യയിലെ ജനസംഖ്യ ഇപ്പോള്‍ യൗവനദശയിലാണ്. അതിപ്പോള്‍ വളരുകയാണ്. എന്നിരുന്നാലും സാവധാനമാണ് വളര്‍ച്ച. പ്രവചനമനുസരിച്ച് അടുത്ത 80 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് കണക്കുകള്‍. 2060ാടെ ജനസംഖ്യ 1.65 ബില്യണിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വര്‍ഷങ്ങളായി ഇന്ത്യന്‍ ജനത പറയുന്നത് ജനസംഖ്യ വര്‍ധനവില്‍ നിന്നും രാജ്യത്തിന് നേട്ടമുണ്ടാകുമെന്നാണ്. ജനസംഖ്യയുടെ ഭൂരിഭാഗം ജോലിപ്രായക്കാരാണെന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. 15നും 64നും ഇടയില്‍ പ്രായമുള്ള ആളുകള്‍ വലിയ അളവില്‍ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നു എന്നതിനെ ലാഭവിഹിതം എന്നാണ് പറയപ്പെടുന്നത്. പരിപാലിക്കേണ്ടതായ പ്രായമുള്ള ആളുകളും ഇളയവരും താരതമ്യേന കുറവാണെന്നും കണക്കുകള്‍ പറയുന്നു.

2063ാടെ ഇന്ത്യന്‍ ജനസംഖ്യയിലെ 65 ശതമാനവും തൊഴില്‍ പ്രായക്കാരാകുമെന്നാണ് ഈ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. അതിനു ശേഷം പ്രായമുള്ള ആളുകളുടെ എണ്ണം വര്‍ധിക്കും. അതിനാല്‍ തന്നെ രാജ്യത്തെ ജനവിഭാഗത്തെ തൊഴില്‍ പരിശീലിപ്പിക്കാനും ജോലി നല്‍കാനും രാജ്യം തയാറാവണം.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍

2100 വരെ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഉണ്ടാവുക. 65 വയസ്സിന് മുകളിലുള്ളവരുടെ കണക്കാണ് ഇതിന് ഒരു അപവാദമായി ഉണ്ടാവുക. പൊതുവെ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുക സ്ത്രീകളാണ്. മാത്രമല്ല, പുരുഷന്മാരേക്കാള്‍ കുറവായി സ്ത്രീകള്‍ ജനിക്കുന്നതും ആശങ്കാജനകമാണ്. ലിംഗാനുപാത കണക്കെടുത്താല്‍ നമുക്ക് ഈ കാര്യം വ്യക്തമാകും.

2011ലെ സെന്‍സസ് അനുസരിച്ച് 1000 പുരുഷന്മാര്‍ക്ക് 943 സ്ത്രീളേ ഉള്ളൂ. യു.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെ സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാര്‍ക്ക് 924 സ്ത്രീകളേ ഉള്ളൂ. ലിംഗാനുപാതം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ 2100 വരെ തുല്യാനുപാതം നമുക്ക് കാണാനാകില്ല. 2100ല്‍ 1000 പേര്‍ക്ക് 966 സ്ത്രീകളാണുണ്ടാവുക.

ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ നഗരങ്ങളിലേക്ക്

ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ കൂടുതലും ജീവിക്കുന്നത് നഗരങ്ങളിലാണ്. ഒരിക്കല്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ജീവിക്കാനായിരുന്നു ആളുകള്‍ക്ക് ഇഷ്ടം. എന്നാല്‍ ഇപ്പോള്‍ നഗര ജനസംഖ്യ വര്‍ധിക്കുകയാണ്. 2050ഓടെ ഏറ്റവും കൂടുതല്‍ ജനസംഖ്യ നഗരങ്ങളിലാകും. അതിനര്‍ത്ഥം ഇന്ത്യയിലെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ക്ലേശമനുഭവിക്കുന്നു എന്നാണ്. ഇതിന്റെ കൂടെ നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇത് ചിലവ് വര്‍ധിക്കുകയും മലിനീകരണം,കുടിവെള്ളക്ഷാമം എന്നിവ വര്‍ധിക്കുകയും തന്മൂലം നഗര ജീവിതം ദുഷ്‌കരമായിത്തീരുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

അവലംബം: scroll.in
വിവ: സഹീര്‍ അഹ്മദ്‌

Related Articles