Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിരുദ്ധതയും സയണിസ്റ്റ് സ്‌നേഹവും കൈകോര്‍ക്കുമ്പോള്‍

ഏപ്രില്‍ 9ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും തീവ്രവാദകാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ഒട്‌സ്മ യെഹൂദിറ്റ് (ജ്യൂയിഷ് പവര്‍) പാര്‍ട്ടി നേതാവ് മിഷേല്‍ ബെന്‍ അറിയെ വിലക്കി കൊണ്ട് മാര്‍ച്ച് 17ന് ഇസ്രായേല്‍ സുപ്രീംകോടതി വിധിപുറപ്പെടുവിക്കുകയുണ്ടായി. അയാളെ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ അനുവദിക്കുന്നത് ‘വംശീയതയെ നിയമവിധേയമാക്കുന്നത്’ പോലെയാവും എന്നാണ് കോടതി പറഞ്ഞ കാരണം.

പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയുമായി ഒട്‌സ്മ യെഹുദിറ്റ് രാഷ്ട്രീയ സഖ്യത്തിലെത്തി ഒരു മാസം കഴിയുംമുന്‍പ് വന്ന വിധി, ഇസ്രായേലിനകത്തും പുറത്തുമുള്ള രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടലും രോഷവും ഉളവാക്കിയിട്ടുണ്ട്.

‘വംശീയ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്ന ആളുകളുടെ ഇടം തടവറയാണ്, പാര്‍ലമെന്റല്ല’ എന്നാണ് ലിക്കുഡ് പാര്‍ട്ടിയുമായുള്ള ഒട്‌സ്മ യെഹുദിറ്റ് പാര്‍ട്ടിയുടെ സഖ്യത്തിലേര്‍പ്പെടലിനെ സംബന്ധിച്ച് പ്രതിപക്ഷപാര്‍ട്ടിയായ മെരെറ്റ്‌സ് പാര്‍ട്ടിയുടെ നേതാവ് താമര്‍ സാന്‍ഡ്ബര്‍ഗ് പറഞ്ഞത്. കൂടാതെ, നെതന്യാഹുവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന, ഇസ്രായേല്‍ അനുകൂല ലോബി ഗ്രൂപ്പായ അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക്ക് അഫേഴ്‌സ് കമ്മിറ്റി പോലും പ്രസ്തുത സഖ്യനീക്കത്തില്‍ അതൃപ്തരാണ്. ‘ഒട്‌സ്മ യെഹുദിറ്റിന്റെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. സ്റ്റേറ്റ് ഓഫ് ഇസ്രായേലിന്റെ അടിസ്ഥാന മൂല്യങ്ങള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കുന്നില്ല.’ എന്നായിരുന്നു അവരുടെ പ്രതികരണം.

പക്ഷേ, ഇസ്രായേലിന്റെ വ്യവസ്ഥാപിത വംശീയതക്കും സൈനിക അധിനിവേശത്തിനും വിവേചനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഒട്‌സ്മ യെഹുദിറ്റിനും ലിക്കുഡ് പാര്‍ട്ടിക്കും അല്ലെങ്കില്‍ മുഖ്യധാര ഇസ്രായേലി പാര്‍ട്ടികളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇസ്രായേലിന്റെ നീണ്ട വംശീയ വിവേചന ചരിത്രം നിര്‍ബാധം തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് ഫലസ്തീനികള്‍ക്ക് ഉറച്ച ബോധ്യമുണ്ട്.

കഴിഞ്ഞ വര്‍ഷമാണ്, ഇസ്രായേലിന്റെ ഐഡന്റിയുമായി ബന്ധപ്പെട്ട എല്ലാ സംശയം ദുരീകരിക്കുക എന്ന ഉദ്ദേശത്തോടെയുള്ള നാഷണ്‍-സ്‌റ്റേറ്റ് നിയമം ഇസ്രായേല്‍ പാസാക്കിയത്. ഫലസ്തീന്‍ ജനതയെയും അവരുടെ അവകാശങ്ങളെയും സംസ്‌കാരത്തെയും ഭാഷയെയും ചരിത്രത്തെയും പരിപൂര്‍ണമായി അവഗണിച്ചും പാര്‍ശ്വവത്കരിച്ചും, ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാഷ്ട്രമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു പ്രസ്തുത നിയമം.

ഒട്‌സ്മ യെഹുദിറ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാടിത്തറയും, ബെന്‍ അറിയുടെ വംശീയവും അക്രമാസക്തവുമായ പ്രസ്താവനകളും, അല്ലെങ്കില്‍ അയ്‌ലത് ശാകെദ്, നഫ്താലി ബെന്നെറ്റ്, ഏരിയല്‍ ഉറി തുടങ്ങിയ ഇസ്രായേലി മുഖ്യധാര രാഷ്ട്രീയക്കാരുടെ ഫലസ്തീന്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും എടുത്തുനോക്കിയാല്‍, നാഷണ്‍-സ്‌റ്റേറ്റ് നിയമത്തിലെ വാക്യങ്ങളുമായി അവയ്ക്കു വലിയ വ്യത്യാസമൊന്നുമില്ലെന്ന് കാണാന്‍ കഴിയും.

എന്നിരുന്നാലും, ഇസ്രായേലി തീവ്രവലതുപക്ഷവും മുഖ്യധാര പാര്‍ട്ടികളും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്ന് ഇസ്രായേലികളും ഇസ്രായേല്‍ അനുകൂലികളും ആണയിട്ടുകൊണ്ടേയിരിക്കും. കാരണം, ജനാധിപത്യം, സുത്യാരത, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങള്‍ ഇസ്രായേല്‍ ഉയര്‍ത്തിപിടിക്കുന്നുണ്ട് എന്ന മിഥ്യാധാരണ ലോകത്തിനു മുന്നില്‍ നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. തങ്ങളുടെ വംശീയാധിപത്യ നയങ്ങളും സൈനിക അധിനിവേശവും വംശീയവിവേചനങ്ങളും മറച്ചുവെക്കാന്‍ വേണ്ടിയുള്ള അടവുനയമല്ലാതെ മറ്റൊന്നുമല്ലത്.

തീവ്രവലതുപക്ഷ സൈദ്ധാന്തികരും തീവ്രവാദ ഗ്രൂപ്പുകളും മുസ്‌ലിംകളെ പൊതുശത്രുസ്ഥാനത്തു നിര്‍ത്തി തങ്ങളുടെ വംശീയതയും അക്രമവാസനയും ആഘോഷിക്കുന്നത് യാദൃഛികമല്ല. ഇസ്രായേലും ലോകത്തുടനീളമുള്ള തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളും തമ്മിലുള്ള ഈ ബന്ധത്തിന്റെ അടിസ്ഥാനം, കേവലം അവരുടെ മുസ്‌ലിം/ഇസ്‌ലാം വിരുദ്ധതയോ അല്ലെങ്കില്‍ സയണിസ്റ്റ്/വൈറ്റ് സുപ്രിമിസ്റ്റ് ലക്ഷ്യങ്ങളോ മാത്രമല്ല. തീവ്രവലുതപക്ഷ പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും വളര്‍ച്ച ലക്ഷ്യമിടുന്ന ഒരു ആഗോള പ്രസ്ഥാനത്തില്‍ ലോകത്തുടനീളമുള്ള തീവ്രവലതുപക്ഷ സംഘങ്ങളും ഇസ്രായേലും ഭാഗഭാക്കാണെന്നതിന് നിരവധി തെളിവുകളുണ്ട്. കുപ്രസിദ്ധ ഫ്രഞ്ച് തീവ്രവലതുപക്ഷ സൈദ്ധാന്തികന്‍ റിനോഡ് കാമു (Renaud Camus) തന്റെ ‘Le Grand Remplacement’ എന്ന കൃതിയിലൂടെ മുന്നോട്ടു വെക്കുന്ന ‘great replacement’ എന്ന സിദ്ധാന്തമാണ് വളര്‍ന്നുവരുന്ന പ്രസ്തുത സംഘത്തിന്റെ ആശയമര്‍മ്മം. സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ‘നാഗരികതകളുടെ സംഘട്ടനം’ എന്ന സിദ്ധാന്തത്തിന്റെ അങ്ങേയറ്റം തീവ്രമായ മറ്റൊരു വ്യഖ്യാനമാണ് കാമു നല്‍കുന്നത്. യൂറോപ്പ് നിലവില്‍ മുസ്‌ലിം അധിനിവേശം അഭിമുഖീകരിക്കുകയാണെന്നും അത് ‘നാഗരികതയുടെ മാറ്റ’ത്തിലേക്ക് നയിക്കുമെന്നുമാണ് കാമുവിന്റെ വാദം.

പ്രസ്തുത ആശയം യൂറോപ്പും കടന്ന് നോര്‍ത്ത്-സൗത്ത് അമേരിക്ക, ഇന്ത്യ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഫല്‌സ്തീനികള്‍ ഫലസ്തീനില്‍ ഭൂരിപക്ഷ ജനതയായി തുടരുമെന്ന തങ്ങളുടെ തന്നെ ജനസംഖ്യാപരമായ ആശങ്കയാണ് ഇസ്രായേല്‍ പ്രസ്തുത ആശയത്തില്‍ ദര്‍ശിക്കുന്നത്.

മുസ്‌ലിം വിരുദ്ധതയും ഇസ്രായേല്‍ പ്രകീര്‍ത്തനവും ഒരേതൂവല്‍ പക്ഷികളാണെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. 2017-ല്‍ ക്യൂബെക്ക് പള്ളിയില്‍ കയറി ആറു ഇസ്‌ലാം മതവിശ്വാസികളെ വെടിവെച്ചു കൊലപ്പെടുത്തിയ അലക്‌സാണ്ട്രെ ബിസോണെറ്റ്, ഇസ്രായേല്‍ സൈന്യത്തിന്റെയും ‘യൂണൈറ്റഡ് വിത്ത് ഇസ്രായേല്‍’ തുടങ്ങിയ പ്രോ-ഇസ്രായേല്‍ സംഘടനകളുടെയും കടുത്ത ആരാധകനായിരുന്നു.

ന്യൂസിലണ്ടിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍, 50 മുസ്‌ലിംകളെ വെടിവെച്ച് കൊന്ന ബ്രെന്‍ട്ടന്‍ ടറന്റ്, തന്റെ മാനിഫെസ്റ്റോയില്‍ നേരത്തെ സൂചിപ്പിച്ച റിനോഡ് കാമുവിന്റെ കോണ്‍സ്പിരസി തിയറിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അയാള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൂടാതെ തീവ്രവലുതപക്ഷ മുസ്‌ലിം വിരുദ്ധ സംഘമായ Identitarian Movement Austria എന്ന സംഘടനക്ക് പണം സംഭാവന നല്‍കിയതായും കണ്ടെത്തിയിരുന്നു.

ഫലസ്തീനികള്‍ക്കെതിരെയുള്ള തങ്ങളുടെ യുദ്ധം, ലോകത്താകമാനമുള്ള തീവ്രവലതുപക്ഷ സംഘങ്ങളുടെ കൂടി യുദ്ധമാക്കി മാറ്റുന്നതിലെ ഇസ്രായേലിന്റെ വിജയം ലോകസമാധനത്തിനു മാത്രമല്ല ഭീഷണി ഉയര്‍ത്തുന്നത്, മറിച്ച് അത്യന്തം അപകടകരമായ തുടര്‍ച്ചയായ അക്രമങ്ങളുടെ മുന്നോടിയാണത്. ഗസ്സയില്‍ നിന്ന് തുടങ്ങി ക്യൂബെക്കിലൂടെ കടന്ന് അത് ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയിരിക്കുന്നു.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : aljazeera

Related Articles