Current Date

Search
Close this search box.
Search
Close this search box.

പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള പ്രണയം അഥവാ ഇടവകയിലെ പൂച്ച മിണ്ടാപ്പൂച്ച

വിമോചന സമര കാലത്ത് പാര്‍ട്ടിക്കെതിരെ പടക്കിറങ്ങിയവരാണ് പള്ളിയും പള്ളിക്കൂടവും. അന്ന് മുതലിങ്ങോട്ടുള്ള ഇടയലേഖനങ്ങളില്‍ ഇടതുപക്ഷം എപ്പോഴൊക്കെ പരാമര്‍ശിക്കപ്പെട്ടുവോ അവയെല്ലാം ഇടഞ്ഞുനില്‍ക്കുന്നവയായിരുന്നു. പള്ളിയില്‍നിന്ന് പാര്‍ട്ടിയാപ്പീസിലേക്കുള്ള വഴി സ്വര്‍ഗരാജ്യത്ത്‌നിന്ന് സാത്താന്റെ കൂടാരത്തിലേക്കുള്ള മുള്‍പ്പാതയാണ് എന്നായിരുന്നു തിരുവചനങ്ങള്‍. ‘മാറ്റം’ എന്ന വാക്കിന് മാത്രമാണ് മാറ്റമില്ലാത്തതെന്ന് പറഞ്ഞത് അധ്വാനിക്കുന്നവരുടെ ബൈബിളിന്റെ കര്‍ത്താവാണ്. അതിനെ ശരിവെക്കുന്ന വര്‍ത്തമാനമാണ് സാക്ഷാല്‍ ബൈബിളിന്റെ കുഞ്ഞാടുകളും ഇടതുപക്ഷ സഖാക്കളും ഒരുമിച്ചിരുന്ന് പരിസ്ഥിതിക്കതിരെ മുദ്രാവാക്യമുയര്‍ത്തുന്ന ചിത്രം വിളിച്ച് പറയുന്നത്.

കേരളീയ തെരുവ് ഡിക്ഷനറിയില്‍ ‘പരിസ്ഥിതി’ എന്ന പദത്തിന്റെ മറുവാക്കായിരുന്നു ഇടതുപക്ഷമെന്നത്. വല്ല മതമൗലികവാദികളും പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിച്ചാല്‍ അവര്‍ ഇടതുപക്ഷ മുഖമൂടി അണിയുകയാണ് എന്നുവരെ വ്യാഖ്യാനമുണ്ടായതങ്ങനെയാണ്. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടതോടെയാണ് പരിസ്ഥിതി പ്രേമത്തിന്റെ ഇടതുപക്ഷമുഖം എത്ര വലതുപക്ഷമാണെന്ന് കേരളം തിരിച്ചറിഞ്ഞത്. അല്ലെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരിസ്ഥിതിയേക്കാള്‍ മൂല്യം വോട്ടുബാങ്കിനാണല്ലോ. അതിനുവേണ്ടി പള്ളിയിലെയും ഇടവകയിലെയും ഏത് കുരിശും വഹിക്കാന്‍ പാര്‍ട്ടി തയാറാണ്. പരിസ്ഥിതി സ്‌നേഹം പറഞ്ഞിരുന്നാല്‍ മണ്ണും ചാരി നില്‍ക്കുന്നവര്‍ വോട്ടു കൊണ്ടുപോകുമെന്ന് പാര്‍ട്ടിക്കറിയാം. അതിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് പരിസ്ഥിതിയുടെ പേരില്‍ പാര്‍ട്ടിയെ പഴിക്കുന്നത്.

ഇടവകയിലെ അച്ചന്മാര്‍ ഇടതുപക്ഷം ചേര്‍ന്നു നടന്നാല്‍ അവരുടെ കൈ മുത്തുന്നതില്‍ എന്താണ് തെറ്റ്? അങ്ങനെ അവര്‍ നടക്കുന്നുവെന്ന് തോന്നിയപ്പോഴാണ് ‘ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും ഞങ്ങളെ നക്‌സലൈറ്റാക്കരുതെന്നും’ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ആക്രോശിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ പോലും കോരിത്തരിച്ചത്. പണ്ടൊക്കെ വല്ല പ്രകോപനവുമുണ്ടായാല്‍ വിമോചന സമരം ആവര്‍ത്തിക്കുമെന്നാണ് ഇടയ ലേഖകന്മാര്‍ കാടടച്ച് വെടിവെക്കാറുള്ളത്. ബിഷപ് ഇവിടെ ചരിത്രം പരതിയല്ല ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന് പറഞ്ഞത്. മറിച്ച് നാവില്‍ വന്ന വിമോചനസമരമെന്ന പദം ഉച്ചരിക്കാന്‍ വേദിയില്‍ തന്റെ ഇടതുവശത്ത് നിലയുറപ്പിച്ച് ഇടതുപക്ഷക്കാരുണ്ടാവുമ്പോള്‍ സാധ്യമല്ലെന്ന് തോന്നിയത് കൊണ്ടാണ് പുതിയ വാക്ക് തപ്പിയത്. അപ്പോള്‍ പിന്നെ സ്‌കൂളില്‍ ഏതോ അധ്യാപകനില്‍ നിന്ന് കേട്ട ‘ജാലിയന്‍വാലാബാഗ്’ ആ സ്ഥാനത്ത് തിരുകിവെക്കുകയായിരുന്നു. അല്ലാതെ ജാലിയന്‍വാലാബാഗും ഈ സമര കോലാഹലവും തമ്മിലെന്ത് ബന്ധം?

പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മലയോര മേഖലയിലെ ഏക്കറക്കണക്കിന് അധികൃതവും അല്ലാത്തതുമായ ‘കാര്‍ഷിക ഭൂമി’കളുടെ ഉടമസ്ഥര്‍ ഇടവകയിലെ വിശ്വാസികളായ കുഞ്ഞാടുകളാണ്. അവിടേക്ക് റോഡും റിസോര്‍ട്ടും പിന്നെ മറ്റെന്തും പണിയുന്നതിന് തടസ്സം നില്‍ക്കുന്നത് ഏത് നിയമമായാലും കര്‍ത്താവിന്റെ അനുയായികള്‍ അത് സമ്മതിക്കില്ല. ആ വിസമ്മതത്തിന് കൂടെ നില്‍ക്കുന്നവരെല്ലാം സ്വര്‍ഗരാജ്യത്തിലേക്കുള്ള നല്ല ഇടന്മാരാണ്. ആ ഇടയന്മാരില്‍ ഇടതുപക്ഷവുമുണ്ടെങ്കില്‍ അവര്‍ക്കും സഭയുടെ നല്ല നമസ്‌കാരം. ഇത്രയേ ഉള്ളൂ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പാതിരിമാരുടെ സമരത്തിന്റെ പിന്നാമ്പുറം. ഈ വൈരുദ്ധ്യാത്മക ഇടയവാദം ഇടതുപക്ഷത്തിന് അറിയാതെയൊന്നുമല്ല സമരത്തിനവര്‍ ഓശാന പാടുന്നത്. മറിച്ച് വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ രണ്ട് വോട്ടും വലതുപക്ഷവുമായി ചിലപ്പോഴെങ്കിലും ഇടഞ്ഞ് നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ മനസ്സില്‍ ഒരു ഇടതുപക്ഷ പ്രേമത്തിന്റെ വിത്ത് പാകുക ഇവ മാത്രമാണ് ഈ ഇടതു-ഇടവക അനുരാഗത്തിന്റെ മണിയറ രഹസ്യം. ഏതായാലും പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള മധുവിധു വിജയകരമായോ അല്ലാതെയോ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പുതിയ ഇടതുപക്ഷ പരിസ്ഥിതി തീസീസുകള്‍ ഇനിയും പ്രതീക്ഷിക്കാം. അതേവരെക്കും ഇടവകയിലെ പൂച്ച മിണ്ടാപ്പൂച്ച തന്നെയായിരിക്കും.

Related Articles