Current Date

Search
Close this search box.
Search
Close this search box.

ജന്മഭൂമിയുടെ വിശ്വമാനവ സാഹോദര്യം

കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിനെതിരെ ജന്മഭൂമിയുടെ കിടിലന്‍ അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. ജമാഅത്തെ ഇസ്‌ലാമിയാണ് പ്രസ്തു കോണ്‍ഫറന്‍സ് നടത്തുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് അമീറടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. ചില ‘പൊതു’ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തുന്നതിലൂടെ പൊതുസ്വഭാവം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ ഗൂഢോദ്ദേശ്യം സഫലമാക്കാന്‍ മാത്രമാണ് ഇത്തരം വ്യക്തികളെ ഉപദേശക സമിതികളിലും മറ്റും ചേര്‍ത്തിരിക്കുന്നത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ഈ ചരിത്രപഠനങ്ങളിലൂടെ അവര്‍ ശ്രമിക്കുന്നത് തുടങ്ങിയ നിരവധി നിരീക്ഷണങ്ങള്‍ തട്ടിവിടുന്നുണ്ട്. ജന്മഭൂമി ലേഖകന്‍. ഇതൊക്കെ പറയാനും കണ്ടെത്താനും ജന്മഭൂമിയോളം ധാര്‍മികാവകാശം മറ്റാര്‍ക്കുമില്ല. ഇന്നേവരെ ഒരു തരത്തിലുള്ള വിഭാഗീയ, വര്‍ഗീയ വേര്‍തിരിവുകള്‍ക്കും ശ്രമിക്കാതെ സമഭാവനയുടെയും വിശ്വമാനവസാഹോദര്യത്തിന്റെയും കാവല്‍ക്കാരാണവര്‍! മലപ്പുറം ജില്ലയിലെ കടപ്പുറങ്ങളില്‍ അര്‍ധരാത്രി കപ്പലുകള്‍ എത്താറുണ്ടെന്നും പാകിസ്താന്റെ ചാരന്‍മാരും ആയുധങ്ങളും ഹവാലയും ഇതിലൂടെ മുസ്‌ലിം ‘തീവ്രവാദ’ സംഘടനകള്‍ക്ക് നല്‍കാറുണ്ടെന്നും, ഇടക്കിടെ റിപോര്‍ട്ട് കൊടുക്കുന്നത് താമരയെ നെഞ്ചിലേറ്റുന്ന ഞങ്ങളല്ലാതെ മറ്റാര് ചെയ്യും? ക്ഷമിക്കണം, തീവ്രവാദ സംഘടനകള്‍ എന്ന് ജന്മഭൂമി പറയുമ്പോള്‍ ഞെളിഞ്ഞിരുന്ന് ചിരിക്കാന്‍ വരട്ടെ, മുഴുവന്‍ മുസ്‌ലിം സംഘടനകളെയുമാണ് അവര്‍ ഉദ്ദേശിക്കുന്നത്. ജന്മഭൂമിയുടെ പെറ്റമ്മയായ രാഷ്ട്രീയ സ്വയം സേവകസംഘിന്റെ മുഖപത്രമാണ് ‘ഓര്‍ഗനൈസര്‍’. ഇവര്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളെ കുറിച്ച് പുറത്തിറക്കിയ കുറിപ്പില്‍ നമ്പര്‍വണ്‍ തീവ്രവാദ ഗ്രൂപ്പായി വിലയിരുത്തുന്നത് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ സൂന്നീ സംഘടനയാണ്. പിന്നെയാണ് തീവ്രവാദമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനോമണ്ഡലങ്ങളില്‍ വിരിയുന്ന സംഘടനകളൊക്കെ വരുന്നത്. അതുകൊണ്ട് ജന്മഭൂമിക്കി മുസ്‌ലിം സമുദായത്തിലെ എല്ലാ സംഘടിത സംരഭങ്ങളും പാക് അനുകൂല സംഘടനകളും സംവിധാനങ്ങളുമാണ്. നമ്മള്‍ അങ്ങനെയൊന്നുമല്ലേ എന്ന് കൂട്ടില്‍ കയറി കുമ്പസരിച്ചാലും അവര്‍ക്ക് ഈ വിലയിരുത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് സാരം.


മുസ്‌ലിം സമുദായത്തിലും ചില ആളുകള്‍ വിചാരിക്കുന്നത് എന്തിനാണ് മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് നടത്തുന്നത്. വിഭാഗീയതക്ക് ആക്കം കൂട്ടാനല്ലേ ഇത്തരം പേരുകള്‍ ഉപകരിക്കൂ. അവര്‍ അറിയാതെ പിന്തുടരുന്നത് ജന്മഭൂമിയുടെ യുക്തിതന്നെയാണ്. നമ്മുടെ പൊതുമണ്ഡലത്തില്‍ എത്രലളിതമായിട്ടാണ് ഇത്തരം പരികല്‍പനകള്‍ സംഘ്പരിവാറിനെ ആശയപരമായി പിന്തുണച്ചു കൊണ്ടിരിക്കുന്തന്. കേരളത്തില്‍ ഇതിനുമുമ്പും മുസ്‌ലിം ചരിത്രങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. നായര്‍, ഈഴവ, പുലയ ചരിത്രങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ ഗവേഷകര്‍ ഇത്തരം വിഷയങ്ങള്‍ തെരെഞ്ഞെടുത്ത് ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കാറുണ്ട്. ഓരോ സമുദായത്തിന്റെയും ജാതിയുടെയെും വംശത്തിന്റെയും ചരിത്രമന്വേഷിക്കുന്നത് പരസ്പരം മനസ്സിലാക്കാനും നിലനില്‍ക്കാനും വേണ്ടിയാണ്. നമ്മുടെ പ്രസാധനാലയങ്ങള്‍ വ്യത്യസ്ത ജാതി പഠനങ്ങളും ചരിത്രങ്ങളും പരമ്പരകളായി പ്രസിദ്ധീരിക്കാറുണ്ട്. ഇങ്ങനെ ഒറ്റപ്പെട്ടതും ചെറുതുമായ സംരംഭങ്ങള്‍ നടക്കുമ്പോള്‍ പ്രകോപിതരാവാത്ത ജന്മഭൂമി ഇപ്പോഴെന്തിനാണ് കലിതുള്ളുന്നത്. കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് സംഘടിതമായൊരു ചരിത്രാന്വേഷണ ശ്രമമാണ്. തമസ്‌കരിക്കപ്പെട്ട ഒരു സമുദായത്തിന്റെ ചരിത്രം പുറത്ത് കൊണ്ടു വരാനുള്ള ഒരു സംരംഭവുമാണ്. ഇത് രണ്ടും ജന്മഭൂമിയും സംഘ്പരിവാറും വിഭാവന ചെയ്യുന്ന പൊതുബോധത്തിന് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. കണ്ണിലെ കൃഷ്ണമണി പോലെ അവര്‍ പരിപാലിക്കുന്ന മുസ്‌ലിം നാമധാരികളായ ബുജികള്‍ക്കും അലോസരമുണ്ടാക്കുന്നതാണ്.

Related Articles