Book Review

‘ഹാദിയ -മുഖ്യധാരാ ഫെമിനിസവും മുസ്ലിം ഭീതിയും’

പ്രവാചക പത്‌നി ആയിഷയുടെ നേര്‍ക്ക് ഉന്നയിക്കപ്പെട്ട ആരോപണത്തെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറഞ്ഞു. ‘ഈ സംഭവത്തെ നിങ്ങള്‍ക്കു ദോഷമായി കരുതേണ്ടതില്ല; പ്രത്യുത, ഇതു നിങ്ങള്‍ക്ക് ഗുണം തന്നെയാകുന്നു’. എന്താണ് അതിലെ ഗുണം എന്ന് ചോദിച്ചാല്‍ സമൂഹത്തിലെ കപടന്മാരെ തിരിച്ചറിയാന്‍ അത് ഉപകരിച്ചു എന്നായിരുന്നു. ഹാദിയ വിഷയം കേരളത്തിന് എന്ത് നല്‍കി എന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയും അത് തന്നെയാകും. കേരളത്തിലെ കപട മതേതര ഇടതു ഫെമിനിസ്റ്റ് മുഖം മൂടികള്‍ വലിച്ചു കീറാന്‍ ഹാദിയ ഒരു കാരണമായി.

ഹാദിയ കേവലം ഒരു മതം മാറ്റത്തിന്റെയോ വിവാഹത്തിന്റെയോ വിഷയമായിരുന്നില്ല. ഒരു വ്യക്തിതയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഭരണകൂടവും കോടതിയും പൊതു സമൂഹവും എങ്ങിനെ കടന്നു കയറുന്നു എന്നതിന്റെ നേര്‍ രൂപമായിരുന്നു. തനിക്കു ശരിയാണ് എന്ന് തോന്നിയ വിശ്വാസത്തിലേക്ക് മറ്റാരുടെയും നിര്‍ബന്ധമില്ലാതെയാണ് അവള്‍ കടന്നു വന്നത്. അതിനു ശേഷമാണു തന്റെ ഇണയെ അവള്‍ കണ്ടു പിടിച്ചത്. അതും സുതാര്യമായി. ഹാദിയ മാറിയ പ്രതലമായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മാധവിക്കുട്ടിയെ കമലാ സുരയ്യയായി അംഗീകരിക്കാന്‍ മനസ്സ് കാണിക്കാത്ത സമൂഹം അഖിലയെ ഹാദിയയായി പരിഗണിക്കും എന്ന് കരുതുന്നത് തന്നെ മൗഢ്യമാണ്. ഒരാളുടെ ഇസ്ലാം ആശ്ലേഷണം എത്ര അസഹിഷ്ണുതയോടെയാണ് പലരും കണ്ടത് എന്നതും നാം നേരില്‍ അനുഭവിച്ചു.

‘ഹാദിയ മുഖ്യധാരാ ഫെമിനിസവും മുസ്ലിം ഭീതിയും’ എന്ന പേരില്‍ സോളിഡാരിറ്റി പുറത്തിറക്കിയ പുസ്തകം സംഭവ ബഹുലമായ ആ നാളുകളിലെ കറുത്ത അധ്യായങ്ങള്‍ തുറന്നു കാട്ടുന്നു. പൊതു ഇടങ്ങളില്‍ മുസ്ലിം സ്ത്രീ അനുഭവിക്കുന്ന വിവേചനവും ഹാദിയ വിഷയവും അതില്‍ ചര്‍ച്ച ചെയ്യുന്നു. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ചെറിയ പുസ്തകം. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ ഹാദിയക്കു ശേഷം എന്ന് പറയാന്‍ കഴിയുന്ന ഒരു കാലവും അടയാളപെടുത്തും എന്ന് ഉറപ്പാണ്. അത്ര മേല്‍ ശക്തമാണ് നമ്മുടെ കപട പൊതു ബോധം.

പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരാള്‍ക്ക് ഏതു വിശ്വാസം സ്വീകരിക്കാനും ആരെയും ഇണയായി സ്വീകരിക്കാനും അനുമതി ഉണ്ടെന്നിരിക്കെ കോടതി പോലും ഭരണ ഘടന സ്വാതന്ത്ര്യം തച്ചുടക്കുന്ന കഥയാണ് ഹാദിയക്കു പറയാനുള്ളത്. എന്തിലും മേലെ സ്ത്രീ എന്നത് മാത്രമാണ് ഫെമിനിസത്തിന്റെ അന്തസത്ത. കേരളത്തിലെ മുഖ്യ ധാര ഫെമിനിസ്റ്റുകളും ഇടതു പക്ഷ സര്‍ക്കാരിന്റെ വനിതാ കമ്മീഷനും പക്ഷം പിടിച്ച നാളുകളാണ് കഴിഞ്ഞു പോയത്. ഇടതു പക്ഷ സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ സംഘ് പരിവാറിന് കീഴ്‌പ്പെട്ടു പോയ നാളുകള്‍. വിശ്വാസവും വിവാഹവും ഭീകരവാദവും തീവ്രവാദവും ലവ് ജിഹാദുമായി മാറിയ നാളുകള്‍. സുപ്രീം കോടതി പോലും വിഷയത്തെ ആ രീതിയിലേക്ക് കൊണ്ട് പോയ നാളുകള്‍. സവര്‍ണ ബോധവും സംഘ പരിവാര്‍ ബോധവും ഇസ്ലാമോഫോബിയയും ചേര്‍ന്ന് ആടിത്തീര്‍ത്ത കാലമായിരുന്നു ഹാദിയ സംഭവം.

അതെ സമയം തന്നെ സംഘ പരിവാര്‍ സംരംഭങ്ങള്‍ കേരളത്തില്‍ എത്ര സുരക്ഷിതമായാണ് അന്ന് ചലിച്ചു കൊണ്ടിരുന്നത്. കോടതി തടവില്‍ പാര്‍പ്പിച്ച ഹാദിയയെ സംഘ് പരിവാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ബന്ധപ്പെടാന്‍ കഴിഞ്ഞ നാളുകള്‍. സര്‍ക്കാര്‍ സഹായത്തോടെ ഘര്‍വാപ്പസി സന്നാഹം അവരുടെ വീട്ടില്‍ കയറി ഇറങ്ങിയ നാളുകള്‍. താന്‍ കൊല്ലപ്പെടും തന്നെ രക്ഷിക്കണം എന്ന് ഹാദിയ വിളിച്ചു പറഞ്ഞിട്ടും മതേതര കേരളമോ സര്‍ക്കാരോ അന്ന് ഇളകിയില്ല. വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഇടതു ലിബറല്‍ ഇടങ്ങള്‍ അന്ന് അശോകന്‍ എന്ന അച്ഛന് വേണ്ടി കള്ളക്കണ്ണീര് ഒളിപ്പിച്ച കഥകള്‍ നാം കണ്ടു മടുത്തതാണ്. ഇതെല്ലാം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

പതിമൂന്നോളം ലേഖനങ്ങളുടെ സമാഹാരമായ പുസ്തകം ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു തീര്‍ക്കാന്‍ കഴിയും. ഹാദിയ സംഭവത്തില്‍ നാമറിയാതെ പോയ അന്തര്‍ നാടകങ്ങളെ ഈ പുസ്തകം വരച്ചു കാണിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ എഡിറ്റര്‍ അനൂപ് വി.ആര്‍ ആണ്. വില-80 രൂപ. പുസ്തകം ഐ.പി.എച്ച് ബുക്സ്റ്റാളുകളിലും സോളിഡാരിറ്റി സംസ്ഥാന ഓഫിസിലും ലഭിക്കും. ഫോണ്‍: 04952721695.

Facebook Comments
Show More

Related Articles

Close
Close