Current Date

Search
Close this search box.
Search
Close this search box.

സമകാലിക സാഹചര്യത്തില്‍ മൗദൂദിയെ വായിക്കുമ്പോള്‍

Moududi-book.jpg

‘ജീവിക്കുന്നുവെങ്കില്‍ പിന്‍ഗാമികള്‍ക്ക് എഴുതാന്‍ സാധിക്കും വിധം ജീവിക്കുക, അല്ലെങ്കില്‍ പിന്‍ഗാമികള്‍ക്ക് അനുകരിക്കാന്‍ സാധിക്കും വിധം എഴുതിവെക്കുക’ എന്നുപറഞ്ഞത് ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന നായകന്‍ ശഹീദ് സയ്യിദ് ഖുതുബാണ്. ഈ ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന് ശേഷം വന്ന ഇമാം മൗദൂദിയുടെ ജീവിതമെന്ന് തെളിയിക്കുന്നതാണ് ലോകപ്രശസ്ത പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ‘ഇമാം മൗദൂദി : ചിന്തകന്‍ പരിഷ്‌കര്‍ത്താവ് (നള്‌റാത്തുന്‍ ഫീ ഫിക്‌രില്‍ ഇമാം അല്‍ മൗദൂദി)  എന്ന പുസ്തകം. ഓരോ മനുഷ്യന്റെയും ഭൂമിയിലെ ജീവിതം അടയാളപ്പെടുത്തുന്നത് അവന്റെ കര്‍മങ്ങളും ചിന്തകളുമാണെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുന്‍ഗാമികളുടെ നിരന്തരമായുള്ള ചിന്തകളുടെയും ആലോചനകളുടെയും പരിണിതഫലമായിട്ട് വേണം നമ്മുടെയും കര്‍മവഴികളെ കാണാന്‍. ഇമാം മൗദൂദിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ചിന്തകളും ആലോചനകളും ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരോടികൊണ്ടിരിക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. മൗദൂദിക്ക് നേരെ വിമര്‍ശനശരങ്ങള്‍ എയ്തുവിടുന്ന സമകാലീന സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണീ കൃതി. അതിനാലിത് ഏറെ പ്രസക്തവുമാണ്.
 മൗദൂദിയുടെ ജീവിതചരിത്രം ഇഴകീറി പരിശോധിക്കുന്നതിന് വേ്ണ്ടിയല്ല ഇത്തരമൊരു കൃതി. മറിച്ച് അദ്ദേഹത്തിന്റെ ചിന്തകളുടെയും നവോത്ഥാനപ്രവര്‍ത്തനങ്ങളുടെയും ആകത്തുകയായി വേണം ഈ കൃതിയെ സമീപിക്കാന്‍. ഈ നൂറ്റാണ്ടിലെയും കഴിഞ്ഞ നൂറ്റാണ്ടിലെയും ഇസ്‌ലാമികചിന്തയെയും ആക്ടിവിസത്തെയും അഗാധമായി സ്വാധീനിച്ച മൗദൂദിയിലെ പരിഷ്‌കര്‍ത്താവിനെയും ചിന്തകനെയും ആക്ടിവിസ്റ്റിനെയും ഈ കൃതി കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. മൗദൂദിയുടെ ചിന്തകളില്‍ നിന്നും ആലോചനകളില്‍ നിന്നും ഉടലെടുത്ത തഫ്ഹീമുല്‍ ഖുര്‍ആനും ഇസ്ലാമികപ്രസ്ഥാനവുമെല്ലാം അദ്ദേഹത്തിന്റെ കര്‍മനിരതയുടെ ഫലമാണെന്ന് പുസ്തകം വായിക്കുന്നതോട് കൂടി ബോധ്യമാവും. പകലിരവുകള്‍ ഭേദമന്യേയുള്ള നിതാന്ത പ്രവര്‍ത്തനങ്ങള്‍മൂലം ജീവിച്ചിരുന്ന കാലത്തെ അധസ്ഥിതികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിച്ചതോടൊപ്പം വരുംകാലത്ത് സംഭവിക്കാനിരിക്കുന്ന ഭവിഷ്യത്തുക്കളെയും ചൂണ്ടിക്കാട്ടാന്‍ തന്റെ ദീര്‍ഘവീക്ഷണം വഴി സാധിച്ചിട്ടുണ്ട്. ചിന്തകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സജീവമായ ഇസ്ലാമികനവോത്ഥാനത്തിന്റെ ഇരുപത് ഇരുപത്തൊന്ന് നൂറ്റാണ്ടുകള്‍ക്ക് ഈടുറ്റ സംഭാവനകളര്‍പ്പിക്കാന്‍ മൗദൂദിക്ക് കഴിഞ്ഞുവെന്നത് ചാരിതാര്‍ത്ഥ്യമാണ്. അദ്ദേഹത്തിന്റെ ചിന്തകളെയും ആക്ടിവിസത്തെയും സംക്ഷിപ്തമാക്കി അവതരിപ്പിക്കാന്‍ ഗ്രന്ഥക്കാരന് സാധിച്ചിട്ടുണ്ട്.
 മൗദൂദിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ സജീവമായി കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കുള്ള സത്യസന്ധവും നിഷ്ഠവുമായ മറുപടിയും ഈ കൃതിയിലടങ്ങിയിട്ടുണ്ട്. മൗദൂദിയെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ദോഷൈകദൃക്കോടെ സമീപിക്കുന്നവര്‍ക്ക് വലിയമുതല്‍കൂട്ടാവുമീ കൃതിയെന്ന കാര്യത്തില്‍ സംശയമില്ല. ചിന്തകനായ മൗദൂദി, പരിഷ്‌കര്‍ത്താവായ മൗദൂദി, മൗദൂദി വിമര്‍ശകര്‍ എന്നീ വിഷയങ്ങളുള്ളടങ്ങിയ കൃതി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നള്‌റാത്തുന്‍ ഫീ ഫിക്‌രില്‍ ഇമാം അല്‍ മൗദൂദി എന്ന അറബി മൂലഗ്രന്ഥത്തെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ഹുസൈന്‍ കടന്നമണ്ണയാണ്.

 

Related Articles