Current Date

Search
Close this search box.
Search
Close this search box.

ഭഗവാന് മരണമുണ്ടോ?

bhagavante-maranam.jpg

‘അന്ന്, അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍തൊടുവിച്ചു. പക്ഷെ, തോക്കു കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസര്‍ ചിരിച്ചു: ‘മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം’ അദ്ദേഹം പറഞ്ഞു.

എഴുത്തുകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും വെടിയുണ്ടയേല്‍ക്കുന്ന കാലത്ത് ആരും പറയാന്‍ മടിക്കുന്നത് എഴുതുകയാണ് കെ.ആര്‍ മീര. ഭഗവത്ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങള്‍ കൊണ്ട് മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ. കവിയും തത്വചിന്തകനുമായ ബസവണ്ണയുടെ വചനങ്ങളും സമീപകാല അസഹിഷ്ണുതാ കൊലപാതകങ്ങളും കൂട്ടിയിണക്കി എഴുതിയതാണ് ‘ഭഗവാന്റെ മരണം.’

ജനങ്ങളുടെ വായ് മൂടിക്കെട്ടി ഭരണം നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ കഥയെഴുത്തിനെ രാഷ്ട്രീയമായി സ്വീകരിച്ച് സമരം പ്രഖ്യാപിക്കുകയാണ് കെ.ആര്‍ മീര ഈ പുസ്തകത്തിലൂടെ. അസഹിഷ്ണുതയുടെ ഇരകളാകുന്നവരില്‍ അധികവും ആവിഷ്‌കാര വൈവിധ്യങ്ങളിലൂടെ സമരം ചെയ്യുന്നവരാണ്. കാലം തേടുന്ന തുറന്നുപറച്ചിലുകളാണ് മീരയുടേത്.

ആരെങ്കിലും എഴുതിയേതീരൂ എന്നു താന്‍ വിചാരിച്ച കഥയാണിത്, മറ്റാരും എഴുതാതിരുന്നതുകൊണ്ടാണ് താന്‍ ഇത് എഴുതിയതെന്നാണ് കെ.ആര്‍ മീര ഈ പുസ്തകത്തെ കുറിച്ച് പറഞ്ഞത്. മതത്തിന്റെ പേരിലെ അസഹിഷ്ണുതക്കുള്ള കരണത്തടിയാണ് മീരയുടെ ഓരോ വാക്കുകളും. ‘ഭഗവാന്റെ മരണം’ കൂടാതെ ആണ്‍പ്രേതം, സെപ്റ്റംബര്‍ മുപ്പത്, സ്വച്ഛഭാരതി, സംഘിയണ്ണന്‍, മാധ്യമധര്‍മ്മന്‍ തുടങ്ങിയ കഥകളുമുണ്ട് പുസ്തകത്തില്‍.

കേട്ടുപരിചയിച്ച പെണ്‍പ്രേതങ്ങളെ മാറ്റിനിര്‍ത്തി ആണ്‍പ്രേതത്തെ അവതരിപ്പിക്കുകയാണ് ‘ആണ്‍പ്രേതം’ കഥയില്‍. പ്രണയത്തിന്റെ മറവില്‍ ശരീരത്തിന് വിലപറയുന്ന കാമവെറിയന്മാരുടെ ലോകത്തെ ധൈര്യംകൊണ്ട് മുട്ടുവിറപ്പിക്കുന്ന കഥ. സ്ത്രീശരീരങ്ങള്‍ക്കും ആത്മാവുണ്ടെന്ന തുറന്നെഴുത്താണ് ഈ കഥ. ‘സനേഹിക്കുമ്പോള്‍ സ്ത്രീയും പുരുഷനുമില്ല; മനുഷ്യരേയുള്ളൂ.’ അയാള്‍ പറഞ്ഞു:’നമുക്കു സ്വതന്ത്രമനുഷ്യരാകാം.’

‘സെപ്തംബര്‍ മുപ്പതും’ വഞ്ചനയുടെ പ്രണയചരിതങ്ങള്‍ വിളിച്ചോതുന്നതാണ്. എന്നാല്‍ ചതിയില്‍ പതറാതെ തന്നെ വഞ്ചിച്ചവന് നിയമക്കുരുക്ക് സ്‌നേഹ സമ്മാനമായി വാങ്ങിക്കൊടുക്കുന്നുണ്ട് കഥാനായിക.

‘സ്വച്ഛഭാരതി’യും ‘സംഘിയണ്ണ’നും പേരുകൊണ്ടുതന്നെ വര്‍ത്തമാനത്തിന്റെ കഥപറച്ചിലാണ്. ‘ദേശസ്‌നേഹികളുടെ’ വികസന കലാപരിപാടികളാണ് സ്വച്ഛഭാരതിയില്‍. ‘പക്ഷെ ഇതൊക്കെ കാണുമ്പം കാണുമ്പം എനിക്കീ പഴയ ഓര്‍മ്മയെല്ലാം കരിയിലകത്തുന്നതുപോലെ കത്തും. അപ്പോള്‍ അമ്മയെ കാണാന്‍ പോകും. ചങ്ങലേലിട്ടേക്കുവാ. തുണിയൊക്കെ കീറിപ്പറിഞ്ഞു. ദേഹത്തൊക്കെ പുഴുവരിക്കുന്നുണ്ട്. പക്ഷെ, കണ്ണില്‍ മാത്രം, സമ്മതിച്ചേ പറ്റൂ, എന്തൊരു സ്വച്ഛത!

കയ്യിലെ ചരടിന്റെ നിറംനോക്കി മരണവും ജീവിതവും വിധിക്കുന്ന ഇക്കാലത്ത് ‘സംഘിയണ്ണന്‍’ അപരിചിതനല്ല. ‘ഞാന്‍ പറഞ്ഞതല്യോ, അവസാനം സംഘിയണ്ണന്‍ ഇതുപോലെ വന്ന് നമ്മുടെ നെഞ്ചില്‍ത്തന്നെ വീഴും. പക്ഷെ, കാത്തിരിക്കാന്‍ അനുകമ്പ വേണം, അനുകമ്പ.’

‘മാധ്യമധര്‍മ്മന്‍’ സത്യംമറന്ന് തൂലിക ചലിപ്പിക്കില്ല, അത് ഇരകള്‍ക്കൊപ്പമായിരിക്കും, സദാ!

മതാധികാരത്തിനെതിരെ സംസാരിച്ച പ്രൊഫസര്‍ ഭസവപ്പയ്ക്കുനേരെ ചൂണ്ടിയ തോക്കിലെ വെടിയുണ്ടയേറ്റ പുസ്തകമാണ് ഡി.സി.ബുക്‌സ് പുറത്തിറക്കിയ ‘ഭഗവാന്റെ മരണം’. ഭഗവാന് മരണമുണ്ടോ? ഇല്ലെന്ന ഉത്തരമാണ് കെ.ആര്‍ മീരയുടെ പുസ്തകം. പിറന്ന വാക്കുകള്‍ക്ക് മരണമില്ലല്ലോ…

(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ വിദ്യാര്‍ഥിനിയാണ് ലേഖിക)

Related Articles