Book Review

പ്രതിരോധത്തിന്റെ പ്രതിവായനകള്‍

2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണാനന്തരം ആഗോളതലത്തില്‍ തന്നെ ഒരു പൊതു പ്രയോഗമായി മാറിയ ഇസ്‌ലാമോഫോബിയ ഇന്നും പൊതുമണ്ഡലത്തില്‍ വ്യാപകമായ കുപ്രചരണങ്ങളാല്‍ നിറഞ്ഞാടുകയാണ്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കാണിക്കുന്ന മുന്‍ വിധിയും വിവേചനവും ഇതിന്റെ ഭാഗമായി മാറുമ്പോള്‍ ന്യൂനപക്ഷ അധസ്ഥിത വിഭാഗത്തിനത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് വരുത്തിവെച്ചത്. ഇന്ത്യയില്‍ മുസ്‌ലിംകളെ വേട്ടയാടുന്നതിന് പിന്നിലും ഈയൊരു മിഥ്യാ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിഞ്ഞകാല ചരിത്രം തന്നെ ധാരാളം. വംശീയ ഭീതി ഉല്‍പാദിപ്പിച്ച് സമൂഹത്തിലാകമാനം അതിനെ വേരുറപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന സവര്‍ണാധീശത്വ സമീപനങ്ങള്‍ വ്യാപകമായ കാലത്താണ് ഇസ്‌ലാ മോഫോബിയയെ സൂക്ഷ്മമായി വിശകലന വിധേയമാക്കുന്ന ‘ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങള്‍’ എന്ന കൃതി പുറത്തിറങ്ങുന്നത്. വിദ്യഭ്യാസ വിചക്ഷണരും, ബുദ്ധിജീവികളും, ഗവേഷകരുമടങ്ങിയവരുടെ പഠനങ്ങളാണ് പ്രസ്തുത കൃതിയില്‍ സമാഹരിച്ചിരിക്കുന്നതെന്നത് തന്നെ സവിശേഷതയര്‍ ഹിക്കുന്ന കാര്യമെന്നതിലുപരി വിഷയത്തെ സൂക്ഷ്മതലത്തില്‍ വിശകലന വിധേയമാക്കിയിട്ടുണ്ടെന്നതിന്റെ തെളിവ് കൂടിയാണ്.
    ഒരു പ്രത്യേക സമൂഹത്തിന്റെ എല്ലാവിധ ഉത്ഥാനശ്രമങ്ങളുടെയും കടക്കല്‍ കത്തി വെക്കാനുള്ള നീക്കമായിട്ടായിരുന്നു ഇസ്‌ലാമോഫോബിയ എന്ന മിത്തുണ്ടാക്കി സവര്‍ണാധീശത്വ വ്യവഹാരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചതെന്നത് ഈ കൃതി നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. ഒരു സാമൂഹ്യാവബോധമായി വളരുന്ന തലത്തില്‍ ഇസ്‌ലാമോഫോബിയ മാറുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും അതോടൊപ്പം, എല്ലാ വിധ മേഖലകളും ഉപയോഗിച്ച് സമൂഹത്തിന്റെ ഉപബോധതലത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നിട്ടുണ്ടെന്ന് ഈ പഠനങ്ങളില്‍ നിന്നും വെളിപ്പെടുന്നു. ഒരു സമൂഹത്തെ കാണുമ്പോഴേക്ക് തന്നെ ഭീതിപ്പെടുകയും, ഭീകരമായ എല്ലാ വ്യവഹാരങ്ങളും അവരുടെ മേല്‍ കെട്ടിവെക്കുകയും, അതിനെ ഒരു ‘മുതലെടുപ്പ് ‘ ആക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് ഇസ്‌ലാമോഫോബിയ പോലുള്ള മിത്തുകള്‍ വ്യാപകമായി പ്രചാരം നേടുന്നത്. സാര്‍വലൗകിക പ്രശ്‌നങ്ങള്‍ക്കുള്ള ഒരു ദര്‍ശനം സാമ്രാജത്വാധീശത്വ ശക്തികള്‍ക്ക് വിരുദ്ധ മനോഭാവമുണ്ടാകുന്ന തരത്തിലേക്ക് മാറിയതും ഇസ്‌ലാമോഫോബിയ എന്ന പ്രയോഗത്തിന് ആഗോളതലത്തില്‍ തന്നെ നല്ല ‘മാര്‍ക്കറ്റു’ണ്ടാക്കിയെന്ന് വേണം കരുതാന്‍.
      ഓരോ വായനകളും പ്രതി വായനകളുടെ ബീജം പേറുന്ന ഉത്തരാധുനിക കാലത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ നേരായ വായനകള്‍ നടക്കാത്തിടത്തെല്ലാം പ്രതി വായനകള്‍ നടത്തി അതിനെ പ്രതിരോധിക്കല്‍ അനിവാര്യമായി വരും. അവിടെയാണ് ‘ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങള്‍’ എന്ന കൃതി വേറിട്ട് നില്‍ക്കുന്നത്. വിഷയത്തെ കുറിച്ച് കൂടുതല്‍ അവബോധം നല്‍കുന്നതിനും, പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും ഈ പുസ്തകം ഏറെ സഹായകമാണ്. ഡോ. വി. ഹിക്മത്തുല്ല എഡിറ്റ് ചെയ്ത ഈ കൃതി സോളിഡാരിറ്റി പ്രസാധനവും ഐ.പി.എച്ച് വിതരണവും ചെയ്യുന്നു.

 

 

Facebook Comments
Show More

Related Articles

Close
Close