Book Review

കാലത്തോടൊപ്പം നടക്കാനൊരു പുസ്തകം

സമകാലിക ഇസ്ലാമിക ചിന്തയിലെ പ്രധാനശബ്ദങ്ങളിലൊന്നാണ് ഡോ ജാസിര്‍ ഔദ. ഇസ്‌ലാമിക ചിന്തയില്‍ പുതിയ കാലത്തുണ്ടായ നിരവധി പുതിയ മാറ്റങ്ങളുടെ പ്രതിനിധി കൂടിയാണ് അദ്ദേഹം. മാറുന്ന കാലത്തെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ വായിക്കാനുള്ള അദ്ദേഹത്തിന്റെ അപാരമായ പ്രതിഭാശേഷിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കാനുണ്ടായ കാരണം. ഇസ്ലാമിക നവീകരണസംവാദങ്ങളുടെ ഭാഗമായി ഔദ നടത്തിയ നിരീക്ഷണങ്ങള്‍ വിപ്ലവകരമെന്ന് കരുതിയ പല നിര്‍ണായക കാഴ്ചപ്പാടുകളെയും പൊളിച്ച്കളയുന്നതാണ്. സമകാലിക ഇസ്‌ലാമിക ചിന്ത മാറ്റത്തിന് വിധേയമാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഇസ്ലാമിക ശരീഅത്ത് കാലത്തിനനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നായതിനാല്‍ അതിനെ പല രീതിയില്‍ നിര്‍ദ്ധാരണം ചെയ്‌തെടുത്ത് വികലമാക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അത് ശരീഅത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കാനും സാധ്യതയുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ നിന്നും കാര്യങ്ങളെ നേരായ വണ്ണം മനസ്സിലാക്കുന്നതിന് സഹായിക്കുന്ന പുസ്തകമാണ് ”Maqasid Al sharia as philosophy of Islamic law: a system approach’.
മഖാസിദ് ശരീഅയുടെ പ്രമുഖ വക്താവായ ത്വാഹാ ജാബിര്‍ അല്‍വാനിയുടെ അഭിപ്രായപ്രകാരം മുസ്ലിംകളുടെ ദൈനംദിന ജീവിതവും ഇസ്ലാമികതത്ത്വങ്ങളും തമ്മില്‍ ഇപ്പോഴുള്ള വിടവിനെയാണ് മഖാസിദ് ശരീഅ അഭിമുഖീകരിക്കുന്നത്. അതിനാല്‍ തന്നെ മുസ്ലിംകളുടെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ആധുനികദേശരാഷ്ട്രങ്ങളിലെ പൗരന്മാര്‍ എന്ന നിലക്ക് അഭിമുഖീകരിക്കുന്ന ജീവിതപ്രശ്‌നങ്ങളെ നോക്കികാണുകയായിരുന്നു മഖാസിദ് പണ്ഡിതന്മാര്‍. അല്‍വാനിക്ക് പുറമെ അഹ്മദ് റയ്‌സൂനി, മുഹമ്മദ് അത്താഹിര്‍ ഇബ്‌നു ആശൂര്‍,ജമാലുദ്ദീന്‍ അത്വിയ്യ, അഹ്മദ് ഖാസിമി മൂസവി, മുഹമ്മദ് ഉമര്‍ ചാപ്ര, ഹാഷിം കമാലി തുടങ്ങിയവരൊക്കെ ഈ മേഖലയില്‍ എഴുതികൊണ്ടിരിക്കുന്നവരാണ്. മേല്‍ പറഞ്ഞ പലരുടെയും മഖാസിദ് സമീപനങ്ങളേക്കാള്‍ കുറെ കൂടി പോസ്റ്റ് കൊളോണിയലിസം, ലിബറല്‍ ജനാധിപത്യം എന്നിവയുടെ വിമര്‍ശനം കൂടി ഉള്‍കൊള്ളുന്ന വിശകലന രീതിയാണ് ജാസിര്‍ ഔദയുടേതെന്നതിനാല്‍ അദ്ദേഹത്തിന്റെ ഈ കൃതിക്ക് വളരെയധികം പ്രസക്തിയുണ്ട്. ജാസിര്‍ ഔദയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഈ മേഖലയില്‍ നടന്ന ലളിതവായനയെ മറികടക്കുകയും ഇസ്ലാമികപാഠം, മാറുന്ന രാഷ്ട്രീയ സാഹചര്യം തുടങ്ങിയ നിരവധി ഘടകങ്ങളെ കൂടുതല്‍ സങ്കീര്‍ണമായി പുനര്‍വായിക്കുകയും ചെയ്യുന്നു. അത് വിഷയങ്ങളെ കൂടുതല്‍ ഗൗരവതരമാക്കുകയും, കാര്യങ്ങളെ യഥാവിധം മനസ്സിലാക്കാനും സാധിക്കുന്നുണ്ട്.

ഇസ്ലാമികനിയമമെന്നത് ആധുനികനിയമം പോലെ അല്ല എന്നും, അതിന്റെ അടിസ്ഥാനം നൈതികത ആണെന്നും ഈ പുസ്തകം വായിക്കുന്നതിലൂടെ ബോധ്യപ്പെടുന്ന കാര്യമാണ്. നിയമങ്ങളുടെ അടിസ്ഥാനമെന്ന നിലയിലല്ല മറിച്ച് നൈതികതയുടെ ചട്ടക്കൂട് എന്ന നിലക്കാണ് ഗ്രന്ഥകാരന്‍ വിഷയങ്ങളെ സമീപിക്കുന്നത്. ശരീഅയെ ഇസ്ലാമിക നിയമമായി വിവര്‍ത്തനം ചെയ്യപ്പെടുകയും അത് അക്ഷരവായനക്ക് വിധേയപ്പെടുകയും അങ്ങനെ ശരീഅയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ (മഖാസിദ്) അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. ഈയൊരു സാഹചര്യത്തില്‍ മഖാസിദ് സമീപനത്തെക്കുറിച്ച് ഊന്നിപ്പറയുകയാണ് ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്റെ ആലോചനകളെ അടുത്തറിയാനും ഉപര്യുക്ത കൃതി ഏറെ സഹായകമാണ്. മഖാസിദിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ചലനങ്ങളറിയാനും കൃതി ഏറെ ഉപകാരപ്രദമാണ്. 348 പേജുള്ള കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് ലണ്ടനിലെ the international instituite of Islamic thought (IIIT) ആണ്.

Facebook Comments
Show More

Related Articles

Leave a Reply

Your email address will not be published.

Close
Close