Current Date

Search
Close this search box.
Search
Close this search box.

കിസ്‌റയുടെ പരമ്പരയിലെ പ്രവാചക പൗത്രന്‍

കിസ്‌റമാരുടെ ഏടുകളിലെ അവസാനത്തെ താളും ചുരുട്ടിക്കെട്ടിയ ശോഭനമായ വര്‍ഷം. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരിലെ അവസാനത്തെ ആളായ യസ്ദജുര്‍ദ് കൊട്ടാരത്തില്‍ നിന്നും കുടിയിറക്കപ്പെട്ട് വിദൂരങ്ങളില്‍ ഒരിടത്ത് ദിവംഗതനായി. അയാളുടെ സൈനിക ഓഫീസര്‍മാരും അംഗരക്ഷകരും കുടുംബക്കാരും മുസ്‌ലിംകളുടെ കൈകളില്‍ അകപ്പെട്ടു. യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ മദീനയിലേക്ക് നീക്കപ്പെട്ടു. ഈ വന്‍വിജയത്തില്‍ മനുഷ്യരടക്കമുള്ള വിലയേറിയ അനേകം വസ്തുവഹകളാണ് പിടിച്ചെടുക്കപ്പെട്ടത്. ഇതിലും പെരുത്ത എണ്ണമോ മൂല്യമോ മദീന കണ്ടിട്ടുതന്നെയില്ലായിരുന്നു. തടവുപുള്ളികളുടെ കൂട്ടത്തില്‍ യസ്ദജുര്‍ദിന്റെ മൂന്നു പുത്രിമാരുമുണ്ടായിരുന്നു.

തടവുപുള്ളികളെ കാണാന്‍ ജനങ്ങളെത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവര്‍ തടവുപുള്ളികളെ വിലയ്ക്ക് വാങ്ങി. അതിന്റെ വില പൊതുഖജനാവിലേക്ക് മുതല്‍ക്കൂട്ടി. കിസ്‌റയായ യസ്ദജുര്‍ദിന്റെ പെണ്‍മക്കള്‍ മാത്രം അവശേഷിച്ചു. ഏറ്റവും സുന്ദരികളും ശോഭയുള്ളവരും യുവതികളുമായിരുന്നു അവര്‍. വില്‍പനക്കായി നിര്‍ത്തിയപ്പോള്‍ നിന്ദ്യരും നിസ്സാരരുമായി അവര്‍ തലകുനിച്ചു. ദുഃഖവും മനഃപ്രയാസവും കാരണമായി കണ്ണുകള്‍ നിറഞ്ഞൊഴുകി. അവരോട് നല്ലനിലയില്‍ ഇടപെടുന്ന ആരെങ്കിലും അവരെ വിലക്കെടുക്കട്ടെയെന്ന ആഗ്രഹത്തില്‍ അലി(റ) അവരെ മാറ്റിനിര്‍ത്തി. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം, നബി തിരുമേനി(സ) പറഞ്ഞിരിക്കുന്നു: ‘അവമതിക്കപ്പെട്ട സമൂഹത്തിലെ കുലീനനോട് നിങ്ങള്‍ കരുണകാണിക്കുക’.
അലിയ്യ് ഉമറിന്റെ നേരെ തിരിഞ്ഞു പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, രാജകുമാരിമാരെ മറ്റുള്ളവരെപ്പോലെ കണക്കാക്കരുത്.
ഉമര്‍: താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ, എങ്ങിനെ?
അലി: അവര്‍ക്ക് വമ്പിച്ച വിലകണക്കാക്കണം. ആ വില ഒടുക്കാന്‍ തയ്യാറാകുന്നവരില്‍ താത്പര്യമുള്ളവരെ തെരഞ്ഞടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്യം നല്‍കണം. ഉമറിന് അതിഷ്ടമായി. സംതൃപ്തിയോടെ അത് നടപ്പിലാക്കുകയും ചെയ്തു.

അങ്ങിനെ ഒരുവള്‍ ഉമര്‍ ബിന്‍ ഖത്വാബിന്റെ പുത്രന്‍ അബ്ദുല്ലയെ തെരഞ്ഞെടുത്തു. രണ്ടാമത്തവള്‍ അബൂബക്ര്‍ സ്വിദ്ദീഖിന്റെ മകന്‍ മുഹമ്മദിനെ തെരഞ്ഞെടുത്തു. ശാഹ്‌സിനാന്‍ എന്ന മൂന്നാമത്തവള്‍ നബി തിരുമേനി(സ)യുടെ പൗത്രന്‍ ഹുസൈന്‍ ബിന്‍ അലിയ്യിനെ തെരഞ്ഞടുത്തു.

ഷാഹ്‌സമാന്‍ ഇസ്‌ലാം സ്വീകരിച്ച് ഇസ്‌ലാമികാധ്യാപനങ്ങള്‍ പിന്‍പറ്റി ജീവിച്ചു. ഋജുവായ മതത്തിലൂടെ അവള്‍ വിജയംനേടി. അടിമത്തത്തില്‍ നിന്നും മോചിതയായി. അടിയാത്തി പത്‌നിയായി. സ്വാതന്ത്യം അനുഭവിച്ചു. ഭൂതാരാധനയുടെ ഭൂതകാലവുമായിട്ടുള്ള സകല ബന്ധങ്ങളും പൊട്ടിച്ചെറിയേണ്ടതുണ്ടെന്ന് അവള്‍ക്ക് തോന്നി. ഷാഹ്‌സിനാന്‍ എന്ന പഴയ നാമം അവള്‍ ഒഴിവാക്കി. ‘സ്ത്രീകളുടെ റാണി’ എന്നാണ് അതിന്റെ സാരം. ‘ഗസാല’ എന്ന് അവള്‍ വിളിക്കപ്പെട്ടു. ഉത്തമയായ ഇണയായി അവള്‍ പരിലസിച്ചു. ഉത്തമയായ രാജകുമാരിയായി. സന്താനസൗഭാഗ്യം ഉണ്ടാകണമെന്ന കലശലായ ആഗ്രഹം അവള്‍ക്കുണ്ടായിരുന്നു.

അല്ലാഹു അവളില്‍ ഔദാര്യം കാണിച്ചു. അങ്ങിനെ ഹുസൈന്റെ അഴകുള്ള ആകര്‍ഷകത്വമുള്ള ഒരാണ്‍കുട്ടിയെ അവള്‍ പ്രസവിച്ചു. അവന്റെ പിതാമഹനായ അലിയ് ബിന്‍ അബീ ത്വാലിബിനോടുള്ള ബഹുമാനത്തില്‍, അലി എന്ന് അവള്‍ കുട്ടിക്ക് പേരിട്ടു. എന്നാല്‍ ഗസാലയുടെ സന്തോഷം നിമിഷങ്ങള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. അതായത് ചില സ്ത്രീകള്‍ക്ക് ബാധിക്കാറുള്ള പ്രസവജ്വരത്തോടെ തന്റെ നാഥന്റെ വിളിക്ക് അവള്‍ ഉത്തരം നല്‍കി. അതിനാല്‍ കുട്ടിയോടൊത്ത് രസിക്കാന്‍ അവള്‍ക്ക് അവസരം കിട്ടിയില്ല. കുഞ്ഞിന്റെ പരിപാലനം ഹുസൈന്റെ ഒരു അടിമസ്ത്രീ ഏറ്റെടുത്തു. മാതാവ് കുട്ടിയെ സ്‌നേഹിക്കുന്നതിലേറെ അവള്‍ ആ കുഞ്ഞിനെ സ്‌നേഹിച്ചു. ഉമ്മ പരിപാലിക്കുന്നതിലേറെ പരിപാലിച്ചു. ഇതല്ലാതെ വേറൊരു ഉമ്മയില്ല എന്നറിയാതെ അവന്‍ വളര്‍ന്നുവന്നു.

അറിവ് നേടാനുള്ള പ്രാപ്തി എത്തിയപ്പോള്‍ അലിയ്യ് ബിന്‍ ഹുസൈന്‍ അതീവ താത്പര്യത്തോടെ വിദ്യ തേടിയിറങ്ങി. മഹത്തായ ആ ഭവനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പാഠശാല. മഹാനായ പിതാവ് തന്നെയായിരുന്നു ആദ്ദേഹത്തിന്റെ ആദ്യഗുരു. രണ്ടാമത്തെ പാഠശാല ആദരണീയ നബി തിരുമേനി(സ)യുടെ മസ്ജിദായിരുന്നു. അഭിവന്ദ്യ ദൂതരുടെ ശിഷ്ട സഹചരര്‍ അക്കാലത്ത് മസ്ജിദുന്നബവിയില്‍ എമ്പാടും ഉണ്ടായിരുന്നു. മുതിര്‍ന്ന താബിഉകളിലെ ഒന്നാം ശ്രേണിയിലുള്ളവര്‍ അവിടെ തിക്കിത്തിരക്കിയിരുന്നു. ഇവരെല്ലാം തന്നെ, ശ്രേഷ്ഠരായ സ്വഹാബിമാരുടെ സന്താനങ്ങളായ വിടരുന്ന മൊട്ടുകള്‍ക്ക് തങ്ങളുടെ ഹൃത്തടം തുറന്നുവെച്ചു. ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന്റെ ഗ്രന്ഥം പഠിപ്പിച്ചു കൊടുത്തു. അതില്‍ പാണ്ഡിത്യം നല്‍കി. നബി(സ)യുടെ തിരുവചനങ്ങള്‍ അവര്‍ക്കായി നിവേദനം ചെയ്തു. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ അവരെ പിടിച്ചുനിര്‍ത്തി. തിരുദൂതരുടെ വഴിത്താരകളും ധര്‍മസമരത്തിന്റെ കഥയും പറഞ്ഞുകൊടുത്തു. അറബിക്കവിതകള്‍ പാടിക്കേള്‍പ്പിച്ച് അതിലെ അലങ്കാരങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. ഉന്നതനും പ്രതാപിയുമായ അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയഭക്തിയും കൊണ്ട് അവരുടെ നെഞ്ചകങ്ങള്‍ നിറച്ചു. അങ്ങിനെയാണ് ഈ മൊട്ടുകള്‍, പണിയെടുക്കുന്ന പണ്ഡിതരും സുകൃതരായ വഴികാട്ടികളുമായത്.

ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന്റെ ഗ്രന്ഥവുമായുള്ള മാനസിക ബന്ധം മറ്റൊന്നിനോടും അലിയ് ബിന്‍ ഹുസൈന് ഉണ്ടായില്ല. അവന്റെ വാഗ്ദാനങ്ങളിലും മുന്നറിയിപ്പുകളിലും നെഞ്ച് പിടച്ചത് പോലെ മറ്റൊന്നിലും അദ്ദേഹത്തിന്റെ ചിത്തം പതറിയില്ല. സ്വര്‍ഗത്തെ പരാമര്‍ശിക്കുന്ന വല്ലതും അതില്‍ നിന്നും പാരായണം ചെയ്താല്‍ സ്വര്‍ഗം കൊതിച്ച് അദ്ദേഹത്തിന്റെ മനസ്സ് പറക്കും. നരകത്തിന്റെ പരാമര്‍ശം അതില്‍ കേട്ടാല്‍, പാര്‍ശ്വത്തിലെവിടെയോ നരകജ്വാല ഉള്ളതു പോലെ ദീര്‍ഘശ്വാസംവിടും. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സൈനുല്‍ ആബിദീന്‍ 2
സൈനുല്‍ ആബിദീന്‍ 3

Related Articles