Current Date

Search
Close this search box.
Search
Close this search box.

അഹ്മദ് സിദ്ദീഖിയുടെ മോചനം

2008 ആഗസ്റ്റ് ആവസാനത്തില്‍, അമേരിക്കയിലെ ദക്ഷിണ മേഖലാ അറ്റോര്‍ണി ജനറലായിരുന്ന മിഷേല്‍ ജി ഗാര്‍സ്യ ആഫിയയുടെ സഹോദരി ഡോ. ഫൗസിയ സിദ്ദീഖിക്ക് എഴുതി ഒരു കത്തില്‍, 2003 മുതല്‍ ആഫിയയുടെ മകന്‍ അഹ്മദ് എഫ്.ബി.ഐയുടെ കസ്റ്റഡിയിലുണ്ടായിരുന്നെന്നും, പിന്നീട് അഫ്ഗാനിസ്ഥാനിലെ കര്‍സായി സര്‍ക്കാറിന്റെ കസ്റ്റഡിയിലേക്ക് മാറ്റിയെന്നും വ്യക്തമാക്കിയിരുന്നു. അതിന് മുമ്പ് പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ആന്‍ ഡബ്യൂ പീറ്റേഴ്‌സണ്‍, ആഫിയയുടെ കുട്ടികളെ സംബന്ധിച്ച് വാഷിംങ്ടന്റെ പക്കല്‍ യാതൊരു വിധത്തിലുള്ള വിവരവുമില്ലെന്ന് അവകാശപ്പെട്ടിരുന്നു.

വാഷിംങ്ടന്‍ പോസ്റ്റില്‍ ഒരു അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് കൊണ്ട് വന്ന വാര്‍ത്തയില്‍ പറയുന്നത്, 2008 ജൂലൈയില്‍ അഹ്മദ് സിദ്ദീഖി അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം കുറച്ച് കാലത്തേക്ക് അദ്ദേഹത്തെ പിടിച്ചു വെച്ചിരുന്നു. പിന്നീട് തടവുകാരോടുള്ള ക്രൂരമായ സമീപനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ‘നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (എന്‍.ഡി.എസ്) ക്ക് അഹ്മദിനെ കൈമാറി. അഹ്മദ് വളരെ ചെറുപ്പമായിരുന്നിട്ട് പോലും ഒരു കുറ്റവാളിയോടെന്ന പോലെയാണ് അഫ്ഗാന്‍ ഭരണകൂടവും അന്താരാഷ്ട്രാ നീതിന്യായ വ്യവസ്ഥയും അഹ്മദിനോട് പെരുമാറിയത്. അഫ്ഗാനിസ്ഥാനിലെ ജുവനൈല്‍ നിയമമനുസരിച്ച് 13 വയസ്സാണ് കുറ്റവാളിയായി കണക്കാക്കപ്പെടുന്നതിനുള്ള പ്രായം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ കുറ്റവാളികളായി കണക്കാക്കുന്നത് അംഗീകരിക്കില്ലെന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭാ സമിതി വ്യക്തമാക്കുന്നു.

അവസാനം 2009 സെപ്റ്റംബറില്‍ പാകിസ്ഥാനിലെ ആഫിയയുടെ കുടുംബത്തിന് അഹ്മദിനെ വിട്ടുകൊടുത്തു. അഫ്ഗാനിസ്ഥാനിലെ ഒരു ജുവനൈല്‍ ജയിലില്‍ തന്നെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ചതായി പാകിസ്ഥാനിലെ ലാഹോര്‍ പോലിസിന് അഹ്മദ് പിന്നീട് മൊഴികൊടുത്തു. അങ്ങനെ ആദ്യമായി അവന്‍ തന്റെ പിതാവിനെ നേരില്‍ കണ്ടു. പക്ഷെ എന്തോ കണ്ട് പേടിച്ച പോലെ അവന്‍ ഭയന്ന് നിലവിളിച്ച് തിരിഞ്ഞോടുകയാണുണ്ടായത്. അവന്‍ പറഞ്ഞ കാര്യം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അഫ്ഗാനിസ്ഥാനില്‍ വെച്ച് തന്നെ നിരന്തരം പീഢിപ്പിച്ചിരുന്നവരുടെ കൂട്ടത്തില്‍ അവന്റെ ഉപ്പയുമുണ്ടായിരുന്നത്രെ.

വിചാരണ
2010 ജനുവരി 19 ചൊവ്വാഴ്ച്ച മാന്‍ഹാട്ടണിലെ ഒരു ഫെഡറല്‍ കോടതിയില്‍ വെച്ചാണ് ആഫിയ സിദ്ദീഖിയുടെ വിചാരണ ആരംഭിക്കുന്നത്. ജഡ്ജിമാരുടെ സംഘം കോടതിമുറിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് അവിടെ കൂടിനിന്നവരോടായി ആഫിയ പറഞ്ഞു ; ‘നീതി നടപ്പാക്കാന്‍ കഴിവില്ലാത്ത കോടതിയാണിത്…. എനിക്കെന്തു കൊണ്ടാണ് ഇവിടെ വരേണ്ടി വന്നത്?… ഇതെങ്ങനെ സംഭവിച്ചു എന്നതിന് ധാരാളം വ്യത്യസ്ത പതിപ്പുകളുണ്ട്,’ തന്റെ പേരിലുള്ള വെടിവെപ്പ് കേസ് സൂചിപ്പിച്ചു കൊണ്ട് ആഫിയ പറഞ്ഞു.

വിചാരണയുടെ ആദ്യ ദിവസം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും മൂന്ന് സാക്ഷികള്‍ സാക്ഷിമൊഴി നല്‍കി. ആര്‍മി കാപ്റ്റന്‍ റോബര്‍ട്ട് സനൈഡര്‍, മുന്‍ ആര്‍മി ഓഫീസറായ ജോണ്‍ ത്രെഡ്ക്രാഫ്റ്റ്, എഫ്.ബി.ഐ ഏജന്റ് ജോണ്‍ ജെഫേര്‍സണ്‍ എന്നിവരായിരുന്നു അവര്‍. വെടിവെപ്പും, കൊലപാതക ശ്രമവും നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇവര്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു.

വിചാരണക്കിടയില്‍ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ബ്രൂക്ക്‌ലിന്‍ പാലം, വാള്‍ സ്ട്രീറ്റ് എന്നിവ ആക്രമിക്കാനുള്ള പദ്ധതികളുടെ എഴുതി തയ്യാറാക്കിയ മാര്‍ഗരേഖകള്‍ സഹിതമാണ് ആഫിയ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് സ്‌നൈഡര്‍ സാക്ഷിമൊഴി നല്‍കിയതോടെ ആഫിയ കോടതി വ്യവഹാരങ്ങള്‍ തടസ്സപ്പെടുത്തുമാറുച്ചത്തില്‍ പൊട്ടിത്തെറിച്ചു. താന്‍ നിരപരാധിയാണെന്നും നിങ്ങള്‍ നുണ പറയുകയാണെന്നും അവള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അങ്ങനെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അവസാന സാക്ഷിയായ എഫ്.ബി.ഐ ആംഗേല സെര്‍സറിനെ വിസ്തരിച്ചു. ബഗ്‌റാം ജയിലിലെ ആശുപത്രിയില്‍ വെച്ച് രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒരു ദിവസം പന്ത്രണ്ട് മണിക്കൂര്‍ എന്ന കണക്കില്‍ ആഫിയയെ സെര്‍സര്‍ നിരീക്ഷിച്ചിരുന്നു. ആഫിയ നല്‍കിയ മൊഴിയെ ഖണ്ഡിക്കാന്‍ ശ്രമിച്ചു കൊണ്ട്, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം താന്‍ ‘ഒളിവിലായിരുന്നു’ എന്നും, പിന്നീട് പേരില്‍ മാറ്റം വരുത്താന്‍ വേണ്ടി മറ്റൊരാളെ ‘വിവാഹം ചെയ്തു’ എന്നും തന്നോട് ആഫിയ വെളിപ്പെടുത്തിയിരുന്നതായി സെര്‍സര്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് നടന്ന ക്രോസ് വിസ്താരത്തില്‍, ‘പീഢിപ്പിക്കപ്പെടുമെന്ന ഭയം’ ആശുപത്രിയില്‍ വെച്ച് ആഫിയ പ്രകടിപ്പിച്ചിരുന്നതായി സെര്‍സര്‍ സമ്മതിച്ചു. ‘ആണ്‍കുട്ടിയുടെ ക്ഷേമത്തെ’ സംബന്ധിച്ച് ആഫിയ വേവലാതിപ്പെട്ടിരുന്നെന്നും, ‘എല്ലാ ദിവസവും’ തന്നോട് കുട്ടിയെ കുറിച്ച് ചോദിച്ചിരുന്നെന്നും സെര്‍സര്‍ പറഞ്ഞു. അതിനേക്കാളുപരി, ആണ്‍കുട്ടി സുരക്ഷിതനായിരിക്കുമെന്ന ഉറപ്പിന്‍മേല്‍ മാത്രമാണ് ആഫിയ സെര്‍സറിനോട് സംസാരിക്കാന്‍ തയ്യാറായത്. ആഫിയ കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം, അഫ്ഗാനികള്‍ അവരെ മര്‍ദ്ദനത്തിനിരയാക്കിയിട്ടുണ്ട്; അവളും കുട്ടികളും ഭര്‍ത്താവിനാല്‍ പീഢിപ്പിക്കപ്പെട്ടിരുന്നു; ‘ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വരുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു’.

കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കാനോ, രഹസ്യ തടങ്കലില്‍ പീഢിപ്പിക്കപ്പെട്ടു കൊണ്ടിരിക്കാനോ സാധ്യതയുണ്ടെന്ന് ആഫിയക്ക് തോന്നിയിരുന്നതായി കൂടുതല്‍ ചോദ്യം ചെയ്യലില്‍ സെര്‍സര്‍ വെളിപ്പെടുത്തി. ‘കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് ആഫിയ പറഞ്ഞില്ലെ?’ എന്ന ആഫിയയുടെ വക്കീല്‍ എലെയ്ന്‍ ഷാര്‍പ്പിന്റെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു മടിച്ചു കൊണ്ട് സെര്‍സര്‍ ഉത്തരം നല്‍കിയത്.

ഇതിനിടെ, അമേരിക്കന്‍ ഉദ്യോഗസ്ഥരെ വെടിവെക്കാന്‍ ആഫിയ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന തോക്കിലെ വിരലടയാളങ്ങളും, ആഫിയയുടെ വിരലടയാളങ്ങളും തമ്മില്‍ പൊരുത്തമില്ലെന്ന് ഒരു എഫ്.ബി.ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതോട് കൂടി വിചാരണ അസാധാരണമായ ഒരു വഴിത്തിരിവിലേക്ക് നീങ്ങി. നേരത്തെ യു.എസ് സൈനിക ക്യാപ്റ്റന്‍ സനൈഡര്‍ നല്‍കിയ മൊഴിയും മറ്റൊരു സാക്ഷിയായ മസൂദ് ഹൈദര്‍ ഗുലിന്റെ മൊഴിയും പരസ്പര വിരുദ്ധമായി വന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി തീര്‍ത്തു. ആഫിയക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും പ്രതിഭാഗം വക്കീലുമാര്‍ നിഷേധിച്ചു കൊണ്ട് പറഞ്ഞു, ‘തോക്കില്‍ നിന്നും വെടിയുതിര്‍ത്ത സമയത്ത് ആഫിയ എവിടെയാണ് നിന്നിരുന്നത് എന്നതിനെ സംബന്ധിച്ചും, എത്ര പ്രാവശ്യം വെടിവെച്ചു എന്ന കാര്യത്തിലും സൈനികര്‍ നല്‍കുന്ന വിശദാംശങ്ങള്‍ വ്യത്യസ്തങ്ങളാണ്.’

വിചാരണ രണ്ടാഴ്ച്ച നീണ്ടു നിന്നു. ശേഷം രണ്ട് ദിവസത്തെ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമാണ് കോടതി കേസില്‍ വിധി പറഞ്ഞത്. 2010 ഫെബ്രുവരി 3-ന് ആഫിയ സിദ്ദീഖി അവര്‍ക്കെതിരെയുള്ള എല്ലാ കേസുകളിലും കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അതേ സമയം താഴെ പറയുന്ന വൈരുദ്ധ്യങ്ങള്‍ അപ്പോഴും ഉത്തരം ലഭിക്കാതെ നിലനിന്നു :

1. കോടതി വ്യവഹാരങ്ങളില്‍ ഒരുപാട് ന്യൂനതകളുണ്ടായിരുന്നു. ഗസ്‌നി സംഭവത്തില്‍ മാത്രം വിചാരണ പരിമിതപ്പെട്ടു. അതില്‍ തന്നെ ശക്തമായ തെളിവുകളുടെ അഭാവം മുഴച്ച് നിന്നിരുന്നു.
2. എങ്ങനെയാണ് ദുര്‍ബലയായ, കേവലം 49 കിലോ മാത്രം ഭാരമുള്ള ഒരു സ്ത്രീ മൂന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍, രണ്ട് ദ്വിഭാഷികള്‍, രണ്ട് എഫ്.ബി.ഐ ഏജന്റുമാര്‍ എന്നിവരുമായി ഏറ്റുമുട്ടിയത്, അവരില്‍ മൂന്ന് പേരെ ആക്രമിച്ചത്, അവരിലൊരാളില്‍ നിന്നും തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തത്. അക്കൂട്ടത്തിലാര്‍ക്കും വെടിയേല്‍ക്കാതെ അവള്‍ക്കു മാത്രം എങ്ങനെയാണ് വെടിയേറ്റത് തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല.
3. തോക്കില്‍ വിരലടയാളങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.
4. തോക്കില്‍ നിന്നും ഒരു വെടിയുണ്ട പോലും പുറത്ത് വന്നിരുന്നില്ല.
5. ചുവരില്‍ വെടിയുണ്ടയേറ്റ പാടുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
6. പ്രസ്തുത തോക്കില്‍ നിന്നും പുറത്ത് വന്ന വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ പരിസരത്ത് നിന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല.
7. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഹാജറായ ആറ് ദൃക്‌സാക്ഷികളുടെയും മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നു.
8. ബഗ്‌റാം ജയില്‍ ഹോസ്പിറ്റലില്‍ എഫ്.ബി.ഐ ഏജന്റുമാരുടെ മുഴുസമയ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സമയത്താണ് എഫ്.ബി.ഐ ഏജന്റ് ആന്‍ജല സെര്‍സറിന് ആഫിയ മൊഴി നല്‍കിയത്. ഈ സമയത്ത് കൈകാലുകള്‍ ആഴ്ച്ചകളോളം കട്ടിലിനോട് ബന്ദിക്കപ്പെട്ട അവസ്ഥയിലായിരുന്നു ആഫിയ കിടന്നിരുന്നത്. വിവിധ തരത്തിലുള്ള കുത്തിവെപ്പുകള്‍ക്ക് വിധേയമായി, ഉറക്കം നഷ്ടപ്പെട്ടു. ഭക്ഷണവും വെള്ളവും കിട്ടണമെങ്കില്‍ എഫ്.ബി.ഐ ഏജന്റ് കനിയണമായിരുന്നു. താനൊരു എഫ്.ബി.ഐ ഏജന്റാണെന്ന് സെര്‍സര്‍ ആഫിയയോട് വെളിപ്പെടുത്തിയിരുന്നില്ല. ഇത് ‘മിറാണ്ട നിയമം’ തടവുകാര്‍ക്ക് വകവെച്ചു കൊടുക്കുന്ന അറിയാനുള്ള അവകാശം, വക്കീലിനെ ലഭിക്കുന്നതിലുള്ള അവകാശം എന്നിവയുടെ ലംഘനാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് ആഫിയക്കെതിരെയുളള സെര്‍സറുടെ മൊഴി കോടതി തള്ളിക്കളയണമെന്ന് പ്രതിഭാഗം വക്കീലുമാര്‍ വാദിച്ചു. കൂടാതെ അന്താരാഷ്ട്ര നിയമമനുസരിച്ച് കോണ്‍സുലാര്‍ സ്റ്റാഫ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഒഫീഷ്യല്‍സ് എന്നിവര്‍ നിര്‍ബന്ധമായും തങ്ങള്‍ ആരാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കണം. എന്നാല്‍ കോടതി പ്രതിഭാഗം വക്കീലുമാരുടെ വാദത്തെ തള്ളിക്കളഞ്ഞു.
9. ആഫിയയുടെ തിരോധാനം, അവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന പീഢനങ്ങള്‍, കാണാതായ അവരുടെ മക്കള്‍ എന്നിവയൊന്നും വിചാരണക്കിടയില്‍ കോടതി ഒരിക്കല്‍ പോലും പരിഗണിച്ചില്ല.

കുറ്റക്കാരിയെന്ന് വധിക്കപ്പെട്ട ശേഷം, ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ആഫിയ കഴിഞ്ഞത്. അമേരിക്കയിലെ തടവുകാലത്ത് അവിടെയാണ് ജീവിതത്തിന്റെ വലിയൊരു ഭാഗം അവര്‍ ചെലവഴിച്ചത്. ആ സമയത്തെല്ലാം അവള്‍ അപമാനിക്കപ്പെട്ടു, വിവസ്ത്രയാക്കപ്പെട്ടു, ശരീരത്തിലെ ഗുഹ്യഭാഗങ്ങളില്‍ നിരന്തരമായ പരിശോധനക്ക് വിധേയയായി. ഒരുപാട് തവണം നിയമപരമായ സന്ദര്‍ശനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ അവള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് മാര്‍ച്ച് മുതല്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും ആഫിയക്ക് നിഷേധിക്കപ്പെട്ടു. കത്തയക്കാനും, ഫോണ്‍ ചെയ്യാനും അനുവാദമുണ്ടായിരുന്നില്ല. ‘രാഷ്ട്രസുരക്ഷ’ മുന്‍നിര്‍ത്തി സന്ദര്‍കരെ കാണുന്നതിനും, എന്തെങ്കിലും തരത്തിലൂള്ള പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതിനും വിലക്കുണ്ടായിരുന്നു.

2010 ഏപ്രിലില്‍ ആഫിയയുടെ സഹോദരി ഫൗസിയ സിദ്ദീഖിയുടെ കറാച്ചിയിലെ വീടിന് മുന്നില്‍ 12 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ അജ്ഞാതരാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അത് കാണാതായ ആഫിയ സിദ്ദീഖിയുടെ മകളാണെന്ന് വാദങ്ങള്‍ ഉയര്‍ന്നു വന്നു. തുടക്കത്തില്‍ അത് ആഫിയയുടെ മകളല്ലെന്ന് കരുതപ്പെട്ടെങ്കിലും, പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ ഡി.എന്‍.എ പരിശോധനയെ തുടര്‍ന്ന് പ്രസ്തുത പെണ്‍കുട്ടി ആഫിയയുടെ കാണാതായ മകള്‍ മര്‍യം തന്നെയാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് സ്ഥിരീകരിച്ചു. ആഫിയയുടെ മൂത്ത മകന്‍ അഹ്മദ് സിദ്ദീഖിയുടെയും, അവരുടെ പിതാവ് അംജദ് ഖാന്റെയും ഡി.എന്‍.എ പെണ്‍കുട്ടിയുടേതുമായി യോജിച്ചു വന്നു. പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി ഡോ. ഫൗസിയ സിദ്ദീഖി സ്വതന്ത്രമായി അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പിന്നീട്, ബഗ്രാം എയര്‍ബേസില്‍ വെച്ച് ‘ജോണ്‍’ എന്ന് വിളിക്കപ്പെടുന്ന ഒരു അമേരിക്കന്‍ സൈനികന്റെ കസ്റ്റഡിയില്‍ നിന്നാണ് മര്‍യമിനെ വീണ്ടെടുത്തതെന്ന് സെനറ്റ് കമ്മറ്റിയുടെ ഇന്റീരിയര്‍ ചെയര്‍മാനായിരുന്ന സെനറ്റര്‍ ത്വല്‍ഹ മഹ്മൂദ് ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ബഗ്രാം എയര്‍ബേസിലെ ‘ശീതികരിച്ച, ഇരുട്ടു മുറിയില്‍’ ഏഴു വര്‍ഷക്കാലം മര്‍യമിനെ പൂട്ടിയിട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 സെപ്റ്റംബര്‍ 23-ന് അഞ്ചു കുറ്റങ്ങളിലായി 86 വര്‍ഷത്തെ തടവ് ശിക്ഷ ആഫിയക്ക് കോടതി വിധിച്ചു. ഇനി 2094-ലാണ് അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുക. ആ സമയത്ത് ജീവിച്ചിരിപ്പുണ്ടെങ്കില്‍, ആഫിയക്ക് 122 വയസ്സ് പ്രായമുണ്ടായിരിക്കും. ആഫിയയുടെ ഇളയ മകന്‍ സുലൈമാനെ കുറിച്ച് ഇന്നും യാതൊരു വിവരവും ലഭ്യമല്ല. സുലൈമാന്റെ കാര്യം ഇന്നും നിഗൂഢമായി തുടരുകയാണ്.

ആഫിയ സിദ്ദീഖി അമേരിക്കന്‍ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇക്കഴിഞ്ഞ 2015 മാര്‍ച്ച് 30-ന് 12 വര്‍ഷം തികഞ്ഞു. ഖേദകരമെന്ന് പറയട്ടെ, ഈ പന്ത്രണ്ട് വര്‍ഷ കാലയളവില്‍ ഒരു പാകിസ്ഥാന്‍ ഗവണ്‍മെന്റും ഒരിക്കല്‍ പോലും ആഫിയയെ വിട്ടുകിട്ടണമെന്ന് അമേരിക്കന്‍ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ശാസ്ത്രജ്ഞയും, വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ഈ പാകിസ്ഥാനി യുവതി പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മക്കളോടൊപ്പമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടതും, അമേരിക്കന്‍ ഡോളറുകള്‍ക്ക് പകരം വില്‍ക്കപ്പെട്ടതും. അവസാനം അവര്‍ ഒരിക്കലും ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ 86 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

ആഫിയയുടെ മോചനത്തിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് ആഫിയ മൂവ്‌മെന്റ്. ആഫിയയുടെ കേസിനോട് രാഷ്ട്രീയ-സൈനിക നേതൃത്വവും, രാഷ്ട്രീയ പാര്‍ട്ടികളും, പൊതുജനവും വെച്ചുപുലര്‍ത്തുന്ന നിസ്സംഗതയില്‍ ആഫിയ മൂവ്‌മെന്റിന്റെ പാകിസ്ഥാനിലെ നേതാവും, ആഫിയയുടെ സഹോദരിയുമായ ഡോ. ഫൗസിയ സിദ്ദീഖിക്ക് ഭയമുണ്ട്. പാകിസ്ഥാനില്‍ വെച്ച് പിടിയിലാവുന്ന വിദേശ ചാരന്മാരുടെ മോചനത്തിന് എല്ലാ സൗകര്യങ്ങളും പാകിസ്ഥാന്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു. ഇനി ആ ചാരന്‍മാര്‍ പാകിസ്ഥാന്‍ പൗരന്‍മാരെ കൊന്നവരാണെങ്കിലും ശരി, പക്ഷെ ഈ രാഷ്ട്രത്തിന്റെ സ്വന്തം മകളെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരാനും, അവളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും വേണ്ടി ഒന്നും തന്നെ ചെയ്യാത്ത പാകിസ്ഥാന്‍ സര്‍ക്കാര്‍ കടുത്ത അനീതിയാണ് കാണിക്കുന്നത്. ആഫിയയുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയുമല്ലാതെ വേറൊരു വഴിയും നമ്മുടെ മുന്നിലില്ല. (അവസാനിച്ചു)

ആരാണ് ആഫിയ സിദ്ദീഖി?
ആഫിയ രഹസ്യ തടങ്കലില്‍

Related Articles