Current Date

Search
Close this search box.
Search
Close this search box.

പ്രാര്‍ഥനാനിരതമാവട്ടെ നമ്മുടെ രാപ്പകലുകള്‍

pray1.jpg

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ثَلاَثَةٌ لاَ تُرَدُّ دَعْوَتُهُمْ: الصَّائِمُ حَتَّى يُفْطِرَ، وَالإِمَامُ العَادِلُ، وَدَعْوَةُ الْمَظْلُومِ يَرْفَعُهَا اللَّهُ فَوْقَ الغَمَامِ وَيَفْتَحُ لَهَا أَبْوَابَ السَّمَاءِ وَيَقُولُ الرَّبُّ: وَعِزَّتِي لأَنْصُرَنَّكِ وَلَوْ بَعْدَ حِينٍ.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: മൂന്നുപേരുടെ പ്രാര്‍ഥനകള്‍ തിരസ്‌കരിക്കപ്പെടുന്നതല്ല. 1. നോമ്പുകാരന്‍; നോമ്പുതുറക്കുന്നതുവരെ, 2. നീതിമാനായ ഭരണാധികാരി, 3. മര്‍ദ്ദിതന്റെ പ്രാര്‍ഥന. മേഘങ്ങള്‍ക്ക് മീതെ അല്ലാഹു അതിനെ ഉയര്‍ത്തിക്കൊണ്ടുപോവുകയും ആകാശ കവാടങ്ങള്‍ അതിനായി തുറന്നുവെക്കുകയും ചെയ്യും. അല്ലാഹു പറയും: എന്റെ പ്രതാപം തന്നെയാണ, നിന്നെ ഞാന്‍ സഹായിക്കുക തന്നെ ചെയ്യും; അല്‍പം കഴിഞ്ഞാണെങ്കിലും. (തിര്‍മിദി)

ثَلاَثَةٌ : മൂന്ന്   
تُرَدُّ : നിരസിക്കപ്പെടുന്നു  
دَعْوَة : പ്രാര്‍ഥന
صَائِم : നോമ്പുകാരന്‍
حَتىَّ : വരെ
يُفْطِرُ  : നോമ്പു തുറക്കുന്നു
إمام : ഭരണാധികാരി, നേതാവ്
عَادِل : നീതിമാന്‍
مَظْلُوم : മര്‍ദ്ദിതന്‍
يَرْفَعُ : ഉയര്‍ത്തും
فَوقَ : മുകളില്‍
غَمَام : മേഘം
يَفْتَحُ : തുറക്കും
أَبْوَاب : വാതിലുകള്‍
سَمَاء : ആകാശം
يقول : പറയും
عزة : പ്രതാപം, അന്തസ്സ്
نَصَرَ : സഹായിച്ചു
لَأَنْصُرُ : ഞാന്‍ സഹായിക്കുക തന്നെ ചെയ്യും
بعد : ശേഷം
حين : സമയം, കാലം

സൃഷ്ടികള്‍ക്ക് സ്രഷ്ടാവിന്റെ സഹായം കൂടിയേ തീരൂ. അതിനാല്‍ പ്രാര്‍ഥിക്കാന്‍ വിസമ്മതിക്കുന്നവന്‍ അഹംഭാവിയാണ്. എല്ലാ പ്രാര്‍ഥനകളും അല്ലാഹു സ്വീകരിക്കണമെന്നില്ല. എന്നാല്‍ മൂന്ന് ആളുകളുടെ പ്രാര്‍ഥനകള്‍ ഉറപ്പായും സ്വീകരിക്കപ്പെടുമെന്നാണ് മുകളില്‍ ഉദ്ദരിച്ച ഹദീസ് പഠിപ്പിക്കുന്നത്. അതിലൊന്ന് നോമ്പുകാരനാണ്. കാപട്യത്തിന് പ്രവേശനമില്ലാത്ത ഇബാദത്താണല്ലോ നോമ്പ്. അത് കൊണ്ടാണ് മറ്റു ഇബാദത്തുകളില്‍ നിന്ന് ഭിന്നമായി നോമ്പുകാരന്റെ പ്രാര്‍ഥനക്ക് സവിശേഷ പ്രാധാന്യം ലഭിക്കുന്നത്.

ഖുര്‍ആനില്‍ റമദാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടിയില്‍ പ്രാര്‍ഥനയെ സംബന്ധിച്ച് പറഞ്ഞത് സവിശേഷ ശ്രദ്ധ പതിയേണ്ട വിഷയമാണ്. നോമ്പും പ്രാര്‍ഥനയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്ക് അത് സൂചന നല്‍കുന്നില്ലേ? നോമ്പിലുടനീളവും നോമ്പു തുറക്കുമ്പോള്‍ വിശേഷിച്ചും പ്രാര്‍ഥിക്കാന്‍ റമദാനിലെ അസുലഭാവസരങ്ങള്‍ നാം ഉപയോഗപ്പെടുത്താന്‍ പ്രവാചകന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നോമ്പുതുറക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ മുന്നിലുള്ള വിഭവങ്ങളെ കുറിച്ച ചര്‍ച്ചയാണ് പലപ്പോഴും നാം കാണാറുള്ളത്. നമ്മുടെ പ്രാര്‍ഥന സ്വീകരിക്കാന്‍ ലോകരക്ഷിതാവ് തയ്യാറായിരിക്കുമ്പോള്‍ നാം ആ സമയം ഉപയോഗപ്പെടുത്തേണ്ടതില്ലേ?

റമദാനിനെ മൂന്ന് ഭാഗങ്ങളാക്കി വിഭജിച്ച് ആദ്യപത്തില്‍ ദിവ്യകാരുണ്യത്തിനും രണ്ടാമത്തേതില്‍ പാപമോചനത്തിനും മൂന്നാമത്തേതില്‍ നരകവിമുക്തിക്കും വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഈ വിഭജനത്തിന് പ്രബലമായ പ്രമാണങ്ങളുടെ പിന്തുണയില്ല. മാത്രമല്ല, കാരുണ്യത്തിന്റേയും പാപമോചനത്തിന്റേയും നകരവിമുക്തിയുടേയും നാളുകളാണ് റമദാനിലെ ഓരോ ദിവസവുമെന്ന് മനസ്സിലാക്കുന്നതായിക്കും ഉചിതം. പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നതും അതാണ്. രാപ്പകല്‍ ഭേദമന്യേയുള്ള പ്രാര്‍ഥനയിലൂടെയും പുണ്യകര്‍മങ്ങളിലൂടെയും ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കാനുള്ള അസുലഭാവസരമായി റമദാനിനെ ഉപയോഗപ്പെടുത്തണം. രാത്രി നമസ്‌കാരങ്ങളിലെ സുജൂദുകള്‍ ദീര്‍ഘമായ പ്രാര്‍ഥകളുടെ സന്ദര്‍ഭങ്ങളാവട്ടെ. ദൈനംദിന ജീവിതത്തില്‍ പകര്‍ത്താന്‍ നാം പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകള്‍ ശീലമാക്കാനുള്ള ഒരു അവസരം കൂടിയാവട്ടെ റമദാന്‍.

‘ഞാന്‍ ധാരാളം പ്രാര്‍ഥിക്കാറുണ്ട്. പക്ഷേ ഫലമൊന്നുമുണ്ടാവാറില്ല’ എന്ന് പലരും പരാതിപ്പെടാറുണ്ട്. ഒന്നുകില്‍ അല്ലാഹുവിന് മാത്രമറിയാവുന്ന ചില യുക്തികളുടെ അടിസ്ഥാനത്തില്‍ അത് മാറ്റിവെച്ചതാവാം. അല്ലെങ്കില്‍ പ്രാര്‍ഥനയുടെ നിബന്ധനകള്‍ പൂര്‍ത്തിയായിട്ടുണ്ടാവില്ല.  ഖുര്‍ആന്‍ നിരവധി പ്രവാചകന്‍മാരുടെ പ്രാര്‍ഥനകള്‍ ഉദ്ദരിച്ച ശേഷം എന്തുകൊണ്ടാണ് അവര്‍ക്ക് ഉത്തരം ലഭിച്ചത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. (അല്‍അമ്പിയാഅ്: 90) മൂന്ന് കാര്യങ്ങളാണ് അതില്‍ പ്രത്യേകം എടുത്ത് പറയുന്നത്. 1. അവര്‍ സല്‍കര്‍മങ്ങളില്‍ മത്സരിച്ച് മുന്നേറുന്നവരായിരുന്നു. 2. പ്രത്യാശയോടും ഭയത്തോടും കൂടിയായിരുന്നു അവര്‍ പ്രാര്‍ഥിച്ചിരുന്നത്. 3. അവര്‍ ഭക്തിയുള്ളവരായിരുന്നു.

പ്രവാചകന്‍ പറയുന്നു: ചില ആളുകളുണ്ട്. അവര്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി പ്രാര്‍ഥിക്കും. പക്ഷേ അവന്റെ അന്നപാനീയങ്ങളും വസ്ത്രവുമെല്ലാം നിഷിദ്ധമായ സമ്പാദ്യത്തിലൂടെയുള്ളതായിരിക്കും. അത്തരം പ്രാര്‍ഥനക്ക് എങ്ങനെയാണ് ഉത്തരം കിട്ടുക. (അഹ്മദ്)

ഒരിക്കല്‍ ഇബ്‌റാഹീമുബ്‌നു അദ്ഹമിന്റെ സദസില്‍ ഒരു സംശയം ഉന്നയിക്കപ്പെട്ടു. പ്രാര്‍ഥിച്ചാല്‍ ഞാന്‍ ഉത്തരമേകുമെന്നാണ് അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ. പക്ഷേ, എത്ര പ്രാര്‍ഥിച്ചിട്ടും ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. എന്തുകൊണ്ടായിരിക്കുമത്? അദ്ദേഹം മറുപടി പറഞ്ഞു: നിങ്ങളുടെ ഹൃദയം നിര്‍ജീവമായത് കൊണ്ടാണത്. എട്ടുകാര്യങ്ങള്‍ ഹൃദയത്തെ നിര്‍ജീവമാക്കുന്നു. നിങ്ങള്‍ അല്ലാഹുവിനോടുള്ള ബാധ്യത തിരിച്ചറിയുന്നു; പക്ഷേ അത് നിര്‍വഹിക്കുന്നില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്നു; അതിന്റെ വിധിവിലക്കുകളനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. പ്രവാചകനോട് അങ്ങേയറ്റം സ്‌നേഹമുണ്ടെന്ന് വാദിക്കുന്നു; അവിടുത്തെ ചര്യകള്‍ പിന്തുടരുന്നില്ല. മരണത്തെ ഭയമുണ്ടെന്ന് പറയുന്നു; അതിനുവേണ്ടി തയ്യാറാകുന്നില്ല. പിശാച് മുഖ്യ ശത്രുവാണെന്നും അവനെ കരുതിയിരിക്കണമെന്നും അല്ലാഹു പറയുന്നു; നിങ്ങളാകട്ടെ അവനോടൊപ്പം പാപത്തിന്റെ കിടപ്പറ പങ്കിടുന്നു. നരകത്തെ പേടിയാണെന്ന് പറയുന്നു; സ്വന്തം ശരീരത്തെ അതിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു. സ്വര്‍ഗം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു; അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. സ്വന്തം ന്യൂനതകളെ വിസ്മരിക്കുകയും  മറ്റുള്ളവരുടെ വീഴ്ചകള്‍ക്കു പിന്നാലെ പായുകയും ചെയ്യുന്നു. ഇവ സ്രഷ്ടാവിനെ വെറുപ്പിക്കുന്നതാണ്. പിന്നെ എങ്ങനെ അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും? (ഇഹ്‌യാ ഉലൂമിദ്ദീന്‍)

സല്‍കര്‍മങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവരെ പിന്തള്ളണമെന്ന ചിന്തയും അല്ലാഹുവിന്റെ പ്രീതിയെയും കാരുണ്യത്തെയും കുറിച്ച പ്രത്യാശയും അല്ലാഹുവിന് ഇഷ്ടപ്പെടാത്ത വല്ലതും എന്നില്‍ നിന്ന് സംഭവിച്ചിട്ടുണ്ടോ എന്ന ഭീതിയും പൈശാചികതകളോട് യുദ്ധം പ്രഖ്യാപിച്ച് അല്ലാഹുവിന്റെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള സന്നദ്ധതയും നമുക്കുണ്ടെങ്കില്‍ അല്ലാഹു നമ്മെ കൈവെടിയുകയില്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

നോമ്പുകാരന്‍ തിന്നാനും കുടിക്കാനുമെല്ലാം സൗകര്യങ്ങളുണ്ടായിട്ടും അതെല്ലാം വെടിയുന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണ്. പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും നടുവില്‍ നിന്ന് കൊണ്ട് നീതിപൂര്‍വം കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും അല്ലാഹുവിനെ കുറിച്ച ചിന്തയുള്ളതുകൊണ്ടാണ്. അക്രമിക്കെതിരെ പീഡിതനെ സഹായിക്കുക എന്നതാണല്ലോ ന്യായം. അതിനാല്‍ ഈ മൂന്ന് പേരുടെയും പ്രാര്‍ഥനകള്‍ അല്ലാഹു സവിശേഷം പരിഗണിക്കുന്നതാണ്.

Related Articles