Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ( ഇ. കെ വിഭാ​ഗം ) അധ്യക്ഷനുമാണ്. ഹുസൈൻ ജിഫ്രി പൂക്കുഞ്ഞിക്കോയ തങ്ങളുടെയും ഫാത്വിമ ചെറിയ ബീവി ജമലുല്ലൈലിയുടേയും പുത്രനായി 1957 മാർച്ചിൽ മലപ്പുറം ജില്ലയിലെ കുളപ്പുറം ഇരുമ്പുചോലയിലാണ് ജനനം. ചെമ്മാട് കരിപറമ്പ് എസ്.കെ.കെ. തങ്ങൾ ജമലുല്ലൈലിയുടെ മകൾ ഫാത്വിമത്തു മുത്ത് ബീവിയാണ് ഭാര്യ. മക്കൾ: ജഅ്ഫർ സ്വാദിഖ് തങ്ങൾ, ത്വാഹാ ഹുസൈൻ, നജ്‌വ ജിഫ്രി.

തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക പഠനവും ചെറുമുക്ക്, തിരൂരങ്ങാടി താഴെചെനക്കൽ, തെക്കുംപാടം എന്നിവിടങ്ങളിലെ ദർസുകളിൽ ചേർന്ന് വിവിധ മേഖലകളിൽ മതപഠനവും നേടി. ഉപരി പഠനാർത്ഥം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ 1974-75 കാലത്ത് മൂന്ന് വർഷത്തെ ബിരുദ പഠന കോഴ്‌സിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദർസിലാണ് പിന്നീട് പഠനം തുടർന്നത്. 1977 ൽ ലക്നോവിലെ ദയൂബന്ത് ദാറുൽ ഉലൂമിൽ ചേർന്ന് ദൗറത്തുൽ ഹദീസിൽ ഒരു വർഷത്തെ കോഴ്‌സ് പൂർത്തീകരിച്ചു. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, അബൂ ബുശൈർ കുഞ്ഞി മുസ്‌ലിയാർ, ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുമരം പുത്തൂർ എ.പി. മുഹമ്മദ് മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ പനങ്ങാങ്ങര എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്.

ദയൂബന്തിലെ ബിരുദ പഠനത്തിന് ശേഷം പാണ്ടിക്കാട് – കൊടശ്ശേരി, കോട്ടക്കൽ – കൂരിയാട്, പുതുപ്പറമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തി. 1990 ൽ റഹ്മാനിയ്യ അറബിക് കോളേജ് കടമേരി, 1992 ൽ നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തു. നന്തി ദാറുസ്സലാമിൽ വൈസ് പ്രിൻസിപാളായും പിന്നീട് പ്രിൻസിപാളായും സേവനം ചെയ്ത ശേഷം കുറ്റിക്കാട്ടൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ യമാനിയ്യ അറബിക് കോളേജിൽ വൈസ് പ്രിൻസിപാളായും 2008 ൽ സ്ഥാപിതമായ ശംസുൽ ഉലമ മെമ്മോറിയൽ ഇസ്ലാമിക് കോംപ്ലക്സിന്റെ പ്രിൻസിപ്പാൾ ആയും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വിസിറ്റിംഗ് ലക്ചററായും ജോലി ചെയ്യുന്നു. മടവൂർ അശ്അരി കോളേജിന്റെയും പ്രൻസിപ്പളാണ്.

സമസ്തയുടെ നാല്പതംഗ കേന്ദ്ര മുശാവറയിൽ അം​ഗമാണ്. 2017 ജനുവരിയിലാണ് സമസ്തയുടെ പ്രസിഡന്റ്‌ പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സമസ്തയുടെ ഫത്’വ കമ്മിറ്റി അംഗം , കാസറഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറിലധികം മഹല്ലുകളുടെ ഖാസി, സുപ്രഭാതം ദിനപത്രത്തിന്റെയും ഇഖ്‌റഅ് പബ്ലിക്കേഷന്റെയും ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങളും വഹിക്കുന്നു.

Related Articles