Current Date

Search
Close this search box.
Search
Close this search box.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

പ്രമുഖ മതപണ്ഡിതനും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ 1951 ഏപ്രിൽ 22ന് ജനനം. മുഹമ്മദ് ജമാലുദ്ദീൻ മുസ്ലിയാരാണ് പിതാവ്. പ്രമുഖ സ്വൂഫീവര്യനായ കൂരിയാട് തേനു മുസ്‌ലിയാരുടെ പുത്രി ഫാത്വിമ ഹജ്ജുമ്മ മാതാവും. മർഹൂം സി.എച്ച്. ഐദറൂസ് മുസ്‌ലിയാരുടെ മകൾ ഉമ്മുസലമയാണ് സഹധർമിണി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കേന്ദ്രമുശാവറാംഗം, സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൻറെ എഡിറ്റർ, തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷൻ എക്സിക്യൂട്ടിവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, നദ് വത്തുൽ ഉലമ അറബിക് കോളേജ് ലക്നൌ, അലിഗഢ് മുസ്ലിം സർവകലാശാല, ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും പൂർത്തിയാക്കി.

സി.എച്ച് ഐദറൂസ് മുസ് ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി, സഈദുർറഹ്മാൻ അഅ്ദമി, മുൻ ശൈഖുൽ അസ്ഹർ ഡോ. മുഹമ്മദ് സയ്യിദ് ത്വൻത്വാവി, ഈജിപ്ഷ്യൻ മുൻ ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ മുഹമ്മദ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ജഅ്ഫർ അബ്ദുസ്സലാം, ഈജിപ്ഷ്യൻ ഔഖാഫ് മുൻ മന്ത്രി ഡോ. മഹ്മൂദ് ഹംദി സഖ്‌സൂഖ്, ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ജന. സെക്രട്ടറി ശൈഖ് രിഫ്അത്ത് മുജാഹിദ് മുതവല്ലി തുടങ്ങിയവർ പ്രധാന ഗുരുനാഥന്മാരാണ്.

മലയാളം, അറബി ഭാഷകളിലായി ഒട്ടേറെ കൃതികളുടെ രചയിതാവുമാണ്. മലയാളത്തിലും അറബിയിലുമായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും നിലപാടുകളും എഴുതാറുണ്ട്.

വിശുദ്ധ ഖുർആൻ വിവർത്തനം, തസ്വവ്വുഫ് ഒരു സമഗ്ര പഠനം , അൽ അദബുൽ മുഫ്റദ്‍ (മലയാള പരിഭാഷ), ഫിഖ്ഹുൽ അഥ്വ് ഫാൽ ( കുട്ടികളുടെ കർമശാസ്ത്രം), മുഖ്താറുൽ അഖ്‍ലാഖി വൽ ആദാബ്, താരീഖുൽ അദബിൽ അറബ്, ഇൻബാഉൽ മുഅർറിഫീൻ ബി അൻബാഇൽ മുസ്വന്നിഫീൻ, ഇസ്ലാമും ക്രിസ്ത്യാനിയും, നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ , മമ്പുറം തങ്ങൾ ജീവിതം- ആത്മീയത- പോരാട്ടം (എഡിറ്റർ) എന്നിവ പ്രധാന രചനകളാണ്.

മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി, അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലൊസാഞ്ചൽസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നീ സർവകലാശാലകളിൽ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

2014 സെപ്തംബറിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന അന്താരാഷ്ട്ര മത സൌഹാര്ദ സമ്മേളനത്തലും 2013 ഒക്ടോബറിൽ ഇറാനിലെ തെഹ്‍റാനിൽ നടന്ന അൽഗദീർ ഇൻറർനാഷണൽ കോൺഫ്രന്സിൽ സംബന്ധിക്കുകയും പ്രബന്ധമവതിരിപ്പിക്കുകയും ചെയ്തു. വർഷം തോറും തുർക്കിയിൽ നടക്കാറുള്ള ബദീഉസ്സമാൻ സഈദ് നൂര്സിയെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിലെ സ്ഥിരം ക്ഷണിതാവുകൂടിയാണ്. 2011 ല് വെസ്റ്റ് ആഫ്രിക്കയിൽ നടന്ന ആഗോള പണ്ധിത സഭയുടെ സമ്മേളനത്തിലും ഖത്തറിലെ ദോഹയിൽ നടന്ന ആഗോള മതസമ്മേളത്തിലും പ്രബന്ധമതരിപ്പിച്ചിട്ടുണ്ട്.

Related Articles