Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

moudoodi.jpg

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി (English: Abul A’la Maududi) (Urduابو الاعلی مودودی‎) പഴയ ഹൈദറാബാദ് സംസ്ഥാനത്തെ ഔറംഗാബാദില്‍ ജനിച്ചു. സ്വൂഫി പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍ മതഭക്തനായ വക്കീല്‍ ആയിരുന്നു. മൂന്ന് ആണ്‍മക്കളില്‍ ഇളയവനായിരുന്നു അബുല്‍അഅ്‌ലാ. മാതാവ് റുഖിയ്യാ ബീഗം.

വീട്ടില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം ആധുനിക പാശ്ചാത്യവിദ്യാഭ്യാസവും പരമ്പരാഗത ഇസ്‌ലാമികവിദ്യാഭ്യാസവും ഒരുമിച്ച് നല്‍കിയിരുന്ന മദ്‌റസ ഫുര്‍ഖാനിയ്യയില്‍ ചേര്‍ന്നു. സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിന് ചേര്‍ന്നു.

20 വയസ്സ് തികയും മുമ്പ് തന്നെ മാതൃഭാഷയായ ഉര്‍ദുവിനു പുറമെ അറബി, പേര്‍ഷ്യന്‍, ഇംഗ്‌ളീഷ് ഭാഷകള്‍ അദ്ദേഹം വശമാക്കി. വിവിധ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.

പത്രപ്രവര്‍ത്തനത്തില്‍

ഔപചാരിക പഠനം മുടങ്ങിയ ശേഷം മൗദൂദി സാഹിബ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. 1918-ല്‍ ബീജ്‌നൂരിലെ ‘അല്‍മദീന’ പത്രാധിപസമിതിയില്‍ അംഗമായി. 1920-ല്‍ 17-ാം വയസ്സില്‍ ജബല്‍പൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘താജി’ ന്റെ പത്രാധിപരായി. 1920-ല്‍ ദല്‍ഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ ‘മുസ്‌ലിം’ പത്രത്തിന്റെയും (1921-23) ‘അല്‍ ജംഇയ്യത്തി’ന്റെയും (1925-28) പത്രാധിപരായി ജോലിചെയ്തു. മൗദൂദിയുടെ പത്രാധിപത്യത്തില്‍ ‘അല്‍ ജംഇയ്യത്ത്’ ഒന്നാംകിട പത്രമായി മാറി.

രാഷ്ട്രീയത്തില്‍ താല്‍പര്യം

1920-കളോടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിച്ചുതുടങ്ങി. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുകയും മുസ്‌ലിംകളെ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന ‘തഹ്‌രീകെ ഹിജ്‌റ’ത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ അധികകാലം അവയോടൊത്തുപോകാന്‍ കഴിഞ്ഞില്ല.

ഗവേഷണവും രചനയും

1920 മുതല്‍ 1928 വരെ 4 വ്യത്യസ്ത പുസ്തകങ്ങള്‍ മൗദൂദി സാഹിബ് വിവര്‍ത്തനം ചെയ്തു. ഒന്ന് അറബിയില്‍നിന്നും ബാക്കിയുള്ളവ ഇംഗ്‌ളീഷില്‍നിന്നും. ആദ്യത്തെ ഗ്രന്ഥമായ ‘അല്‍ ജിഹാദു ഫില്‍’ ഇസ്‌ലാം 1927-ല്‍ ‘അല്‍ജംഇയ്യത്തി’ല്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു.

1928-ല്‍ ‘അല്‍ ജംഇയ്യത്തി’ല്‍നിന്ന് വിരമിച്ച ശേഷം മൗദൂദി സാഹിബ് ഹൈദറാബാദിലേക്കു തിരിച്ചുപോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി. 1933-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ മാസിക ആരംഭിച്ചു.

പിന്നീട് അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം ഹൈദറാബാദ് വിട്ട് പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയില്‍ താമസമാക്കിയ മൗദൂദി അവിടെ ദാറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു അക്കാദമിക, ഗവേഷണസ്ഥാപനം ആരംഭിച്ചു.

അല്ലാമാ ഇഖ്ബാലിനോടൊപ്പം ചേര്‍ന്ന് ഇസ്‌ലാമികചിന്തയുടെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാക്കുകയും ഇസ്‌ലാമികവിഷയങ്ങളില്‍ കഴിവുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും ഇസ്‌ലാമിന്റെ മേന്മ വെളിപ്പെടുത്തുന്ന രചനകള്‍ നടത്തുകയുമായിരുന്നു ലക്ഷ്യം.

ജമാഅത്തെ ഇസ്‌ലാമി

നിരന്തരമായ ആലോചനകള്‍ക്ക് ശേഷം 1941 ആഗസ്ത് 26 ന് ലാഹോറില്‍ വിളിച്ചുചേര്‍ത്ത നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ജമാഅത്തെ ഇസ്‌ലാമി രൂപം കൊണ്ടു. ആദ്യത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972 വരെ ചുമതല നിര്‍വഹിച്ചു.

പോരാട്ടവും പീഡനങ്ങളും

ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്‌റില്‍ പാകിസ്താനില്‍ താമസമാക്കിയ മൗദൂദി അവിടെ ഒരു യഥാര്‍ഥ ഇസ്‌ലാമികസമൂഹവും രാഷ്ട്രവും സ്ഥാപിക്കാന്‍ പരിശ്രമിച്ചു. ഭരണാധികാരികള്‍ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പലതവണ അദ്ദേഹത്തെ അറസ്‌റുചെയ്ത് ജയിലിലടച്ചു.

1953-ല്‍ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിസാഹിബിന് വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നല്‍കി കുറ്റവിമുക്തനാകാന്‍ അവസരം ലഭിച്ചെങ്കിലും സത്യത്തിനുവേണ്ടി വധശിക്ഷ സ്വീകരിക്കാന്‍ തയാറാവുകയാണ് അദ്ദേഹം ചെയ്തത്. ഒടുവില്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതുതന്നെ റദ്ദാക്കാനും ഭരണകൂടം നിര്‍ബന്ധിതമായി.

സംഭാവനകള്‍

മൗദൂദി സാഹിബ് 120ലേറെ പുസ്തകങ്ങളും ലഘുലേഖകളും എഴുതി. ലളിതവും ചടുലവും കരുത്തുറ്റതുമാണ് അദ്ദേഹത്തിന്റെ രചനാരീതി. തഫ്‌സീര്‍, ഹദീസ്, നിയമം, തത്ത്വചിന്ത, ചരിത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വിഷയങ്ങളായിരുന്നു.

തഫ്ഹീമുല്‍ ഖുര്‍ആന്‍ ആണ് മൗദൂദി സാഹിബിന്റെ ഏറ്റവും മഹത്തായ രചന. 1943-ല്‍ ആരംഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന 1972-ലാണ് പൂര്‍ത്തിയാക്കിയത്.

അബുല്‍അഅ്‌ലാ- ടി മുഹമ്മദ്, മൂന്ന് മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍, വിമര്‍ശിക്കപ്പെടുന്ന മൌദൂദി, മൌദൂദി സ്മൃതിരേഖകള്‍ എന്നിവ അദ്ദേഹത്തെ കുറിച്ച് മലയാളത്തില്‍ വന്ന ചില കൃതികളാണ്.

അവാര്‍ഡ്

1962-ല്‍ ‘റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി’യുടെ സ്ഥാപകസമിതിയില്‍ അംഗമായ മൗദൂദിക്കാണ് 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമികസേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് ലഭിച്ചത്. കൂടാതെ ശ്രദ്ധേയങ്ങളായ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

അന്ത്യം

നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലില്‍ വര്‍ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഡോക്ടറായിരുന്നു.

1979 സെപ്റ്റംബര്‍ 22ന് അദ്ദേഹം നിര്യാതനായി. 76 വയസ്സായിരുന്നു. ജനാസ ലാഹോറിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എന്ത് കൊണ്ടവർ മൗദൂദിയെ വെറുക്കുന്നു

Related Articles