Current Date

Search
Close this search box.
Search
Close this search box.

യു.കെ. അബൂസഹ്‌ല

ukabu.jpg

1924ല്‍ കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തുള്ള തെങ്ങിലക്കടവിലാണ് ജനിച്ചത്. ഗ്രാമ മുഖ്യനും മതഭക്തനുമായിരുന്ന ഉണിക്കൂര് അഹ്മദ് ഹാജിയാണ് പിതാവ്. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആന്തമാനിലേക്ക് നാടുകടത്തപ്പെടുകയും ഏഴുകൊല്ലം അവിടെ ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തിട്ടുണ്ട്. അറസ്റ്റിലാകുമ്പോള്‍ ഭാര്യ ഫാത്വിമ ഗര്‍ഭിണിയായിരുന്നു. അപ്പോള്‍, പ്രസവിക്കുന്ന കുഞ്ഞ് ആണായിരിക്കുമെന്നും അവന് ഇബ്‌റാഹീംകുട്ടി എന്ന് പേരിടണമെന്നും അദ്ദേഹം പ്രിയപത്‌നിയോട് നിര്‍ദേശിച്ചുവത്രേ.

ഒരേസമയം മാവൂര്‍ സ്‌കൂളിലും കുറ്റിക്കടവ് പള്ളിദര്‍സിലും പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ നിര്‍ദേശാനുസരണം പൂര്‍ണമായും മതവിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞു. കക്കോവ് ദര്‍സില്‍ നിന്ന് അറബിവ്യാകരണവും കര്‍മശാസ്ത്രനിയമങ്ങളും അഭ്യസിച്ചു. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. അത് പരിഷ്‌കരണ പ്രസ്ഥാനക്കാര്‍ നടത്തുന്നതായതിനാല്‍ യാഥാസ്ഥിതികനായ പിതാവിന് അതുമായി പൊരുത്തപ്പെടാനായില്ല. അതുകൊണ്ടുതന്നെ അവിടത്തെ പഠനകാലം ഇബ്‌റാഹീം മൗലവിയെ സംബന്ധിച്ചിടത്തോളം പിരിമുറുക്കത്തിന്റേതായിരുന്നു. 1946ല്‍ ദാറുല്‍ ഉലൂം ജീവിതത്തിന് വിരാമമിടേണ്ടി വന്നു. ദാറുല്‍ ഉലൂമില്‍നിന്ന് ആദം മൗലവിയുടെയും ത്വാഹിര്‍ ഫാറൂഖിന്റെയും ഉര്‍ദു ക്ലാസും എം.പി. മുഹമ്മദ് മാസ്റ്ററുടെ ഇംഗ്ലീഷ് ക്ലാസും നന്നായി പ്രയോജനപ്പെടുത്തിയിരുന്നതിനാല്‍ രണ്ടു ഭാഷകളിലും യു.കെക്ക് സാമാന്യജ്ഞാനം ലഭിച്ചു. അക്കാലത്തുതന്നെ മലയാളഭാഷയിലെ വ്യാകരണനിയമങ്ങളും കവിതയിലെ വൃത്താലങ്കാരവും ഹൃദിസ്ഥമാക്കി.

പഠനം നിര്‍ത്തിയ യു.കെ. നാട്ടില്‍ തിരിച്ചെത്തി. ജ്യേഷ്ഠന്റെ വകയായുണ്ടായിരുന്ന ചായക്കട ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. അവിടെ കടയില്‍ വന്നിരുന്നവരുമായി അദ്ദേഹം പുരോഗമനാശയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു.
ദാറുല്‍ ഉലൂമില്‍ വെച്ചുതന്നെ ഹാജി സാഹിബിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സംബന്ധിച്ച കേട്ടറിവുണ്ടായിരുന്ന ഇബ്‌റാഹീം മൗലവി 1949ല്‍ കുറ്റിയാടിയില്‍ ചേര്‍ന്ന ജമാഅത്ത് സമ്മേളനത്തില്‍ സംബന്ധിച്ചു. അവിടെ വെച്ച് മൊയ്തു മൗലവി അദ്ദേഹത്തെ ഹാജി സാഹിബിന് പരിചയപ്പെടുത്തിക്കൊടുത്തു. അന്നുതന്നെ അദ്ദേഹം ജമാഅത്തിനെ സംബന്ധിച്ച് വിശദമായി അന്വേഷിച്ചറിഞ്ഞു. തുടര്‍ന്ന് അതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ പേരില്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ടു. കര്‍ഷകകുടുംബത്തില്‍ പിറക്കുകയും കൃഷിയും കുട നന്നാക്കലും ഫൗണ്ടന്‍ പേന റിപ്പയറും വലകെട്ടും മീന്‍പിടിത്തവുമൊക്കെ ശീലിക്കുകയും ചെയ്തിരുന്നതിനാല്‍ അദ്ദേഹം അവയൊക്കെ യഥോചിതം ചെയ്ത് ജീവിതം നയിച്ചു.

1950ല്‍ കോഴിക്കോട്ട് ചേര്‍ന്ന ജമാഅത്ത് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിച്ച് തിരിച്ചെത്തിയ ഇബ്‌റാഹീം മൗലവി താമസം ചേന്ദമംഗല്ലൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ചേന്ദമംഗല്ലൂര്‍ മദ്‌റസയിലെ അധ്യാപനം യു.കെ യുടെ കലാവൈജ്ഞാനിക രംഗത്തുള്ള അത്യസാധാരണമായ കഴിവുകളുടെ പ്രകാശനത്തിന് അവസരമൊരുക്കി. കല്ല്, മഞ്ചാടി, തീപ്പെട്ടിക്കൊള്ളി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനത്തിലൂടെയാണ് അദ്ദേഹം കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നത്. ലളിതമായ ശൈലിയില്‍ വിദ്യാര്‍ഥികളെ അറബിയക്ഷരം പഠിപ്പിക്കാനായി ലിസാനുല്‍ അത്വ്ഫാല്‍ എന്ന ലഘുകൃതി രചിച്ചു. കണ്ണത്തുംപാറയില്‍ സ്ഥിരതാമസമാക്കിയ ശേഷം 1979ല്‍ വീണ്ടും ചേന്ദമംഗല്ലൂരിലെത്തി വനിതാ കോളേജിന്റെ വാര്‍ഡനായും അധ്യാപകനായും ജോലി ചെയ്തു. 1984 കുറ്റിയാടി ഇസ്‌ലാമിയ കോളേജിലും അധ്യാപനായി സേവനമനുഷ്ടിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അസുഖം ബാധിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു.

മാപ്പിളപ്പാട്ടില്‍ ഒരു പരിഷ്‌കരണം നടത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഗദ്യം പോലെ മുന്തലോ പിന്തലോ വളവോ തിരിവോ കൂടാതെ പദ്യവും വായിക്കാന്‍ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. മൂസാനബിയും ഫിര്‍ഔനും, നൂഹ് നബിയും സമുദായവും, തെരഞ്ഞെടുത്ത ഗാനങ്ങള്‍ എന്നീ രചനകള്‍ 1987ല്‍ പ്രതീക്ഷ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ യുടെ പ്രകാശിതങ്ങളും അല്ലാത്തവയുമായ ഗാനങ്ങള്‍ സമാഹരിച്ച് എസ്.ഐ.ഒ. സര്‍ഗസംഗമം 2000ല്‍ വിഹായസ്സിന്റെ വിരിമാറില്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കി. യു.കെ. ഇബ്‌റാഹീം മൗലവിയുടെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ചില ഓഡിയോ കാസറ്റുകളും സര്‍ഗസംഗമം കൈരളിക്കു സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ‘മറിയക്കുട്ടി’, ‘ജമീല’, ‘ആഇശക്കുട്ടിയുടെ പുറപ്പാട്’ തുടങ്ങിയ സംഗീത നാടകങ്ങള്‍ വലിയ സ്വീകാര്യത നേടി. 1987 ജൂണ്‍ 2ന് യു.കെ. ദൈവസന്നിധിയിലേക്ക് യാത്രയായി.

Related Articles