Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് അസദ്

mdasad.jpg

ആസ്ത്രിയയിലെ ഒരു ജൂത കുടുംബത്തില്‍ 1900 ല്‍ ജനിച്ചു. ലിയോപോള്‍ഡ് വെയ്‌സ് എന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്. ചെറുപ്പത്തില്‍ തന്നെ വേദങ്ങളിലും വേദഭാഷകളിലും വ്യുല്‍പത്തി നേടി. 14 ാം വയസ്സില്‍ ആസ്ത്രിയന്‍ സേനയുടെ കൂടെ ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടി വീടു വിട്ടു. പിന്നീട് വിയന്ന സര്‍വ്വകലാശാലയില്‍ തത്വചിന്തയും കലാചരിത്രവും പഠിച്ചു. 19 ാം വയസ്സില്‍ പ്രസിദ്ധ സിനിമാ സംവിധായകന്‍ മൂര്‍നാവുവിന്റെ കൂടെ ബര്‍ലിനിലെത്തി.

1922 ല്‍ പ്രശസ്ത ജര്‍മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടിന്റെ റിപ്പോര്‍ട്ടറും ഏറെത്താമസിയാതെ അതിന്റെ മധ്യപൗരസ്ത്യകാര്യ ലേഖകനുമായി. പിന്നിടുളള 25 വര്‍ഷക്കാലം അറബികളുടെ ജീവിതം അനുഭവിച്ചറിഞ്ഞുകൊണ്ട് മരുഭൂമികളിലൂടെ അലഞ്ഞു നടന്നു. ഈജിപ്ത്, ഫലസ്തീന്‍, സിറിയ, ഇറാഖ്, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ വ്യാപകമായി സഞ്ചരിച്ചു. 1926 ല്‍ ബര്‍ലിനില്‍ വച്ച് ഇസ്‌ലാം ആശ്ലേഷിച്ച് മുഹമ്മദ് അസദ് എന്ന് പേരുമാറ്റി. രണ്ടാം ലോകയുദ്ധകാലത്ത് കുറച്ചുകാലം ഇന്ത്യയിലുണ്ടായിരുന്നു. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പോയി അവിടെ വിദേശകാര്യ മന്ത്രാലയത്തില്‍ അര്‍ സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായും സേവനമനുഷ്ഠിച്ചു.

‘റോഡ് റ്റു മക്ക’ യാണ് മാസ്റ്റര്‍പീസ് കൃതി. ഇസ്‌ലാം അറ്റ് ദി ക്രോസ് റോഡ്‌സ്, പ്രിന്‍സിപള്‍സ് ഓഫ് സ്റ്റേറ്റ് ആന്റ് ഗവമെന്റ് ഇന്‍ ഇസ്‌ലാം, മെസ്സേജ് ഓഫ് ദി ഖുര്‍ആന്‍ (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും) ബുഖാരി : ദ ഏര്‍ലി ഇയേര്‍സ് ഓഫ് ഇസ്‌ലാം (ബുഖാരി പരിഭാഷ) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. ജര്‍മ്മന്‍, അറബി, ഫ്രഞ്ച്, പേര്‍ഷ്യന്‍, സ്പാനിഷ്, ഉര്‍ദു, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അസദിന് വ്യുല്‍പത്തിയുണ്ടായിരുന്നു. 1992 ഫെബ്രുവരിയില്‍ സ്‌പെയിനില്‍ നിര്യാതനായി.
 

Related Articles