Current Date

Search
Close this search box.
Search
Close this search box.

മര്‍യം ജമീല

maryam jameela.jpg

1934 മെയ് 23-ന് ന്യൂയോര്‍ക്കില്‍ ജനിച്ച മാര്‍ഗരറ്റ് മാര്‍കസ് എന്ന അമേരിക്കന്‍ ജൂതവനിതയാണ് പില്‍ക്കാലത്ത് മര്‍യം ജമീല എന്ന ഇസ്‌ലാമിക പ്രബോധകയായി മാറിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ ജൂത കുടുംബത്തിലാണ് അവരുടെ ജനനം. വെസ് ഷെസ്റ്ററില്‍ ആണ് അവരുടെ കുടുംബം താമസിച്ചിരുന്നത്. മതാചാരങ്ങള്‍ കര്‍ശനമായി കൊണ്ട് നടന്ന കുടുംബമായിരുന്നില്ല അത്. പിന്നീട് കുടുംബവും ജൂതമതവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുണ്ടായി. 

പാശ്ചാത്യ സമൂഹത്തിന്റെ മൂല്യസങ്കല്‍പങ്ങളെയും ജീവിത സമ്പ്രദായങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്ന യാഥാസ്ഥിക ചിന്തകളെ പ്രതിരോധിക്കുകയും ചെയ്ത മത പ്രവര്‍ത്തകയാണവര്‍. മര്‍യം ജമീലയുടെ കൃതികളും ലേഖനങ്ങളും അറബി, ഉറുദു, പാഴ്‌സി, തുര്‍ക്കി, ബംഗാളി, ഇന്തൊനേഷ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ചെറുപ്പത്തില്‍ തന്നെ പാശ്ചാത്യന്‍ ജീവിതവുമായും സംസ്‌കാരവുമായും പൊരുത്തപ്പെടാന്‍ മാര്‍ഗരറ്റിന് പ്രയാസമുണ്ടായിരുന്നു. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ വിമര്‍ശകയായ അവര്‍ ഇതര സംസ്‌കാരങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചു. കലയും സംഗീതവുമായിരുന്നു മാര്‍ഗരറ്റിന്റെ ഇഷ്ടവിഷയങ്ങള്‍. പാശ്ചാത്യന്‍ സംഗീതത്തേക്കാളുപരി മധ്യ പൗരസ്ത്യ രാജ്യങ്ങളിലെയും ചൈനയിലെയും മധ്യേഷ്യയിലെയും സംഗീത പാരമ്പര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഈ അന്വേഷണമാണ് അറബികളിലും അറബ് സംസ്‌കാരത്തിലും അവരെ ആകൃഷ്ടരാക്കിയത്. ഫല്‌സതീനിന്റെ അവസ്ഥ മാര്‍ഗരറ്റിനെ വേദനിപ്പിക്കുകയും സയണിസത്തിന്റെ ഹൃദയശൂന്യത അവരെ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു. അഹ്മദ് ഖലീല്‍ എന്ന ഫലസ്തീന്‍ ബാലനെ ഇതിവൃത്തമാക്കി പന്ത്രണ്ടാം വയസ്സില്‍ ഒരു നോവലെഴുതുന്നതിലേക്ക് മാര്‍ഗരറ്റിനെ ഇത് കൊണ്ടെത്തിച്ചു.

മാര്‍ഗരറ്റിന്റെ ചെറുപ്പകാലം തീവ്രമായ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. അങ്ങനെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ പഠനം തുടക്കത്തില്‍ തന്നെ അവള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ചേര്‍ന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. മാനസികാഘാതങ്ങള്‍ മാര്‍ഗരറ്റിനെ ഏറെ വിഷമിപ്പിച്ചു. സ്വന്തം അസ്ഥിത്വത്തെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ വ്യാപൃതയായി. ഒരു ഘട്ടത്തില്‍ തീവ്രജൂതവാദവുമായി അവര്‍ ബന്ധപ്പെടുകയും ഒരു സയണിസ്റ്റ് യുവജനസംഘടനയില്‍ ചേരുകയും ചെയ്തിരുന്നു. പിന്നീട് ബഹായി മതത്തില്‍ ആകൃഷ്ടമായെങ്കിലും അതൊന്നും തന്നെ അവളെ തൃപ്തയാക്കിയില്ല. ഒടുവില്‍ തന്റെ അന്വേഷണത്തിന്റെ അവസാനത്തില്‍ 1961-ലാണ് മാര്‍ഗരറ്റ് ഇസ്‌ലാമിലെത്തിയത്‌.

ഖുര്‍ആനെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും പഠിക്കുന്നതിനുള്ള മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയും അബ്രഹാം കുറ്റ്ഷിന്റെ ചിന്തകളും അവരെ ശക്തമായി സ്വാധീനിച്ചിരുന്നു. സയ്യിദ് മൗദൂദിയുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ 1961 മെയ് 24-ന് മുസ്‌ലിം ആയതും മര്‍യം ജമീല എന്ന പേര് സ്വീകരിച്ചതും. മര്‍യം ജമീലയുടെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി.

1962-ല്‍ മൗദൂദിയുടെ ക്ഷണം സ്വീകരിച്ച് അവര്‍ പാകിസ്ഥാനിലേക്ക് പോയി. 1963-ല്‍ മര്‍യം ജമീല മുഹമ്മദ് യൂസുഫ് ഖാനെ വിവാഹം കഴിച്ചു. യൂസുഫ് ഖാന്റെ രണ്ടാം ഭാര്യയായി വന്ന ഇവര്‍ക്ക് നാല് മക്കളുണ്ട്.

പ്രാമാണിക ഗ്രന്ഥങ്ങള്‍ കൂടാതെ യാഥാസ്ഥിക ഖുര്‍ആന്‍ വ്യാഖ്യനങ്ങളും തസവ്വുഫിന്റെ പാരമ്പര്യങ്ങളും കലയും സംസ്‌കാരവുമുള്‍പ്പെടെ ഇസ്‌ലാമിക മാനങ്ങളിലൂടെ വികസിച്ചു വന്ന എല്ലാ ജ്ഞാനസംഹിതകളും അവരെ ആകര്‍ഷിപ്പിച്ചിരുന്നു. ഇമാം ഇബ്‌നു ഹമ്പല്‍, ഇമാം ശാഫിഈ തുടങ്ങിയവര്‍ അനുഭവിച്ച ജീവ ത്യാഗങ്ങളെ വലിയ ആദരവോടെയാണ് കണ്ടത്. മര്‍യം ജമീലയുടെ ഇസ്‌ലാം ആന്റ് മോഡേണിസം ആധുനിക ഇസ്‌ലാമിക പരിഷ്‌കരണങ്ങളെ നിരൂപണം ചെയ്യുന്നുണ്ട്.

യാഥാസ്ഥിക നിലപാട് പുലര്‍ത്തുന്നവര്‍ എന്ന അര്‍ഥത്തില്‍ നിരൂപണങ്ങള്‍ അവര്‍ വിധേയരായിട്ടുണ്ട്. വിശിഷ്യാ സ്ത്രീയുടെ അവകാശങ്ങള്‍, പൊതു പ്രവേശനം, വോട്ടവകാശം, തൊഴില്‍ മേഖലകള്‍ തുടങ്ങിയവയിലെല്ലാം യാഥാസ്ഥിക നിലപാട് പുലര്‍ത്തുകയും അവരുടെ സ്ഥാനം നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. പാശ്ചാത്യന്‍ ഫെമിനിസത്തോടൊപ്പം സ്ത്രീയെ കുറിച്ച ആധുനിക ഇസ്‌ലാമിക വ്യഖ്യാനത്തെയും അവര്‍ വിമര്‍ശിച്ചിരുന്നു.

കൃതികള്‍ :  ഇസ്‌ലാം ആന്റ് മോഡേണിസം, ഇസ്‌ലാം ആന്റ് വെസ്റ്റേണ്‍ സൊസൈറ്റി, ഇസ്‌ലാം ആന്റ് ദ മുസ്‌ലിം വിമന്‍ ടുഡെ, ഇസ്‌ലാം ആന്റ് മോഡേണ്‍മാന്‍, വെസ്റ്റേണൈസേഷന്‍, വേഴ്‌സസ് മുസ്‌ലിംസ് എന്നിവയാണ് മര്‍യം ജമീലയുടെ ആശയലോകം വ്യക്തമാക്കുന്ന രചനകള്‍. താന്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടനായതിനെ കുറിച്ച് പ്രതിപാദിക്കുന്ന ‘ഇന്‍ മെംവാര്‍സ് ഓഫ് ചൈല്‍ഡ്ഹുഡ്, ദി സ്റ്റോറി ഓഫ് വണ്‍ വെസ്റ്റേണ്‍ കണ്‍വേര്‍ട്ട്‌സ് ക്വസ്റ്റ് ഫോര്‍ ദ ട്രൂത്ത്’ എന്ന ഹൃദയഹാരിയായ അനുഭവക്കുറിപ്പും അവരുടേതായുണ്ട്.
മരണം :  2012 ഒക്ടോബര്‍ 31 കറാച്ചി.

Related Articles