Current Date

Search
Close this search box.
Search
Close this search box.

പ്രഫ. വി. മുഹമ്മദ്

v_muhammed.jpg

1928 മാര്‍ച്ച് ഒന്നിന് ഗുരുവായൂര്‍ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ മകന്‍ അബ്ദു സാഹിബിന്റെയും വാടാനപ്പള്ളി മൂസാ ഹാജിയുടെ മകള്‍ ആയിശാ ബീവിയുടെയും മകനായി ഗുരുവായൂരില്‍ ജനിച്ചു. ഓത്ത് പള്ളിയിലും പള്ളിദര്‍സിലുമായിരുന്നു മതപഠനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് മുഹമ്മദന്‍സ് കോളേജില്‍ നിന്ന് 1948ല്‍ ബി.എ അറബിക് പാസ്സായി. ജോലിയില്‍ പ്രവേശിച്ച ശേഷം പ്രൈവറ്റായി എം. എ പരീക്ഷയെഴുതി. വിദ്യാര്‍ഥിയായിരിക്കെ മെഡിസിനുള്ള താല്‍പര്യം കാരണം പ്രൈവറ്റായി ഹോമിയോപ്പതി പഠിച്ച് പാസ്സായി. 1948 ആഗസ്ത് 12ന് ഫാറൂഖ് കോളേജ് ആരംഭിച്ച ദിവസം തന്നെ അവിടെ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വകുപ്പ് മേധാവിയായി. 1979ല്‍ പ്രിന്‍സിപ്പലായി. 1983 മാര്‍ച്ച് 31ന് വിരമിച്ചു. 1983-85 കാലത്ത് എം.എസ്.എസ് ജനറല്‍ സെക്രട്ടറിയായും 1985-89, 1997-99 കാലയളവില്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. എം.എസ്.എസ് കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം സീനിയര്‍ മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. അല്‍മന്‍ഹല്‍ അറബിമലയാളം നിഘണ്ടു, ഉസ്‌വത്തുറസൂല്‍, നമസ്‌കാരം വിവിധ രൂപങ്ങള്‍ എന്നിവ മുഹമ്മദ് അബുസ്സബാഹ് മൗലവിയോടൊപ്പം രചിച്ചു. ഖുര്‍ആന്‍ പരിഭാഷ (അല്‍ഖുര്‍ആന്‍ – വാക്കര്‍ഥത്തോട് കൂടിയ മലയാള പരിഭാഷ) നിര്‍വ്വഹിച്ച അദ്ദേഹം കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിക്കിയ ബൃഹദ് പഠന ഗ്രന്ഥമായ ഇസ്‌ലാമിക ദര്‍ശനം എഡിറ്റ് ചെയ്തു. ശാസ്ത്രവിഷയങ്ങളില്‍ തല്‍പരനായിരുന്ന വി.എം ശാസ്ത്രവിചാരം മാസിക പുറത്തിറക്കുന്നതിലും പിന്നീട് പുനപ്രസിദ്ധീകരിക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ചു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് മതപഠനവും അറബി ഭാഷാപഠനവും എളുപ്പമാക്കുന്നതിനായി മതപാഠാവലി പത്ത് വാള്യങ്ങളിലായി പുറത്തിറക്കി. കേരള സര്‍ക്കാറിന്റെ പത്താം ക്ലാസ് വരെയുള്ള അറബി പാഠപുസ്തക കമ്മറ്റിയുടെ ചെയര്‍മാന്‍, സര്‍വീസ് കാലത്ത് കാലിക്കറ്റ്, കേരള, മദ്രാസ് യൂണിവേഴ്‌സിറ്റികളുടെ ബിരുദ, ബിരുദാനന്തര ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ അംഗം, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 22 വര്‍ഷത്തോളം കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചിരുന്നു. 2007 മെയ് 15ന് മരണപ്പെട്ടു.

ഭാര്യ: ആയിശ, മക്കള്‍ ഡോ.വി.എം അബ്ദുല്‍ മുജീബ്, വി.എം സലീം, ഫാത്തിമ, ആശത്ത്.

Related Articles