Current Date

Search
Close this search box.
Search
Close this search box.

ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്

aluvay.jpg

1925 ജൂണ്‍ 1 ന് എറണാകുളം ജില്ലയില്‍ പെടുന്ന ആലുവയിലെ വെളിയത്തുനാടില്‍ അരീക്കോടത്ത് മക്കാര്‍ മൗലവിയുടേയും ആമിനയുടേയും മകനായി ജനനം. പ്രാഥമിക പഠനം പണ്ഡിതനും വാഗ്മിയുമായിരുന്ന പിതാവില്‍ നിന്ന് തന്നെ നേടി. ശേഷം വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് എന്നിവിടങ്ങളില്‍ പഠനം. 1949 ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്ന് അഫ്‌സലുല്‍ ഉലമാ കരസ്ഥമാക്കി. പിന്നീട് 1953 ല്‍ കൈറോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ ആലമിയ്യ (എം.എ) ബിരുദം. 1972 ല്‍ അസ്ഹറില്‍ നിന്നു തന്നെ ‘ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും’ എന്ന ഗവേഷണ പ്രബന്ധത്തിനു ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണനായിരുന്നു ഗവേഷണത്തിനായുള്ള ഡോ. മുഹ്‌യിദ്ദീന്റെ 1963 ലെ കൈറോ യാത്രയുടെ മുഴുവന്‍ ചെലവും വഹിച്ചത്.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് ശേഷം അറബ് ലോകം ആദരിക്കുന്ന പ്രമുഖനായ കേരളീയ പണ്ഡിതനായിരുന്നു. തകഴിയുടെ പ്രശസ്ത നോവല്‍ ചെമ്മീന്‍ അറബിയിലേക്ക് ‘ഷമ്മീന്‍’ എന്ന പേരില്‍ 1970ല്‍ വിവര്‍ത്തനം ചെയ്ത അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ നിര്‍ദേശപ്രകാരം അല്‍ബയ്‌റൂനിയുടെ പ്രസിദ്ധമായ ‘കിതാബുല്‍ ഹിന്ദ്’ എന്ന ഗ്രന്ഥം ‘അല്‍ബീറൂണി കണ്ട ഇന്ത്യ’ എന്ന പേരില്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. പതിനാല് ഭാരതീയ ഭാഷകളിലേയും സാഹിത്യത്തെ പരിചയപ്പെടുത്തുന്ന ‘ആധുനിക ഭാരതീയ സാഹിത്യം’ എന്ന കൃതി അറബിയില്‍ രചിച്ചു. 1955 കാലഘട്ടത്തില്‍ ആള്‍ ഇന്ത്യാ റേഡിയോവിന്റെ ഡല്‍ഹി കേന്ദ്രത്തിലെ അറബി അനൗണ്‍സറായി ജോലി ചെയ്ത മുഹ്‌യിദ്ദീന്‍ ആലുവായ്, കൈറോയിലെ പ്രശസ്തമായ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: അമീന ബീവി, മക്കള്‍: ജമാല്‍ മുഹ്‌യിദ്ദീന്‍ (കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍), ഡോ.മുനീറ മുഹ്‌യിദ്ദീന്‍. 1950 മുതല്‍ ഫറോക്കിലെ റൗദത്തുല്‍ ഉലൂം കോളേജില്‍ അദ്ധ്യാപകന്‍.1964 ല്‍ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക പഠങ്ങള്‍ക്കുള്ള ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1977 ല്‍ മദീന യൂനിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകന്‍. 1989 മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ട്രൈനിംഗ് സെന്ററിന്റെ ഡയറക്ടര്‍. കോഴിക്കോട്ടെ വെള്ളിമാട്കുന്നില്‍ ദഅവ കോളേജിന്റെ പ്രിസിപ്പാള്‍.

1970 ല്‍ ഈജിപ്തിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചു വന്ന ‘സൗത്തുല്‍ ഹിന്ദ്’ പത്രത്തിന്റെ എഡിറ്ററായിരുന്ന മുഹ്‌യിദ്ദീന്‍,1985 ല്‍ ഖത്തറിലെ അല്‍ ഖലീജുല്‍ യൗം’ പത്രത്തിന്റെയും പത്രാധിപരായിരുന്നു. അറബ് ലോകത്ത് അറിയപ്പെടുന്ന പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും മുഹ്‌യിദ്ദീന്‍ ആലുവായ് എഴുതിയിരുന്നു. അല്‍ അസ്ഹര്‍,അല്‍ രിസാല,മിമ്പറുല്‍ ഇസ്‌ലാം,സഖാഫത്തുല്‍ ഹിന്ദ്,അല്‍ മദീന,അദ്ദഅവ,നൂറുല്‍ ഇസ്‌ലാം എന്നീ അറബി പത്രങ്ങള്‍ ഡോ. മുഹ്‌യിദ്ദിന്റെ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു വന്നവയില്‍ ചിലതാണ്. 1996 ജൂലൈ 23 ന് മരണമടഞ്ഞു.

Related Articles