Current Date

Search
Close this search box.
Search
Close this search box.

ജമാലുദ്ദീന്‍ അഫ്ഗാനി

jamaludhin afghani.jpg

1838-ല്‍ ഇറാനിലാണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബ പരമ്പര പ്രവാചകപൗത്രന്‍ ഹുസൈനുബ്‌നു അലി വഴി മുഹമ്മദ് നബിയില്‍ ചെന്നെത്തുന്നു. 12 വയസ്സിനു മുമ്പ് കാബൂളില്‍ വെച്ച് ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ വെച്ച് പ്രാവീണ്യം നേടിയ അദ്ദേഹം പിന്നീട് തത്ത്വശാസ്ത്രഗണിതശാസ്ത്ര പഠനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ അഫ്ഗാനി അവിടെ വെച്ചാണ് ആധുനിക വിദ്യാഭ്യാസം നേടിയത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും അപകോളനീകരണ പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹം പിന്നീട് ഈജിപ്തില്‍ പ്രശസ്തമായ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി.

ഒരു നൂറ്റാണ്ടു കാലത്തിനിടക്ക് മുസ്‌ലിം രാജ്യങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റ സ്വാതന്ത്ര്യ സമരങ്ങളിലും ഭരണഘടനാ പ്രസ്ഥാനങ്ങളിലും അഫ്ഗാനി വലിയ പങ്കു വഹിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്ന ഇസ്‌ലാമിക നവോത്ഥാനനവീകരണ ശ്രമങ്ങളുടെ പ്രോല്‍ഘാടകനായും അദ്ദേഹം അറിയപ്പെടുന്നു. പാന്‍ ഇസ്‌ലാമിസത്തിന്റെ ശക്തനായ വക്താവും അറബ്ഇസ്‌ലാമിക രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക പ്രായോഗിക ആചാര്യനുമായിരുന്നു അദ്ദേഹം.

അവിടെ പ്രവാചകത്വത്തിന്റെ സാമൂഹികദൗത്യത്തെക്കുറിച്ച് അദ്ദേഹം ഉയര്‍ത്തിയ കാഴ്ച്ചപ്പാടുകള്‍ യാഥാസ്ഥിതിക മതപണ്ഡിതരെ അദ്ദേഹത്തിനെതിരാക്കി. അറബി ലോകത്തെ നവജാഗരണത്തിന്റേയും ഇസ്‌ലാമിക നവോത്ഥോനത്തിന്റേയും മുന്നണിപ്പോരാളികളായി മാറിയ സഅദ് സഗ്‌ലൂല്‍, മുഹമ്മദ് അബ്ദു തുടങ്ങിയ ധിഷണാശാലികള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഫ്ഗാനിയുടെ പ്രേരണ മൂലം നിരവധി ചെറുപ്പക്കാര്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നു. ഈ പത്രങ്ങളില്‍ പലതിലും അദ്ദേഹം സാമൂഹികരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതിയിരുന്നു.

1878-ല്‍ ഫ്രഞ്ച് ഫ്രീ മേസണ്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നുവെങ്കിലും അതില്‍ അസംതൃപ്തനായി മറ്റൊരു സംഘടന രൂപവത്കരിച്ചു. ദേശീയബോധമുള്ള സമരോല്‍സുകരായ 300 ഓളം ചെറുപ്പക്കാരെ ഇതില്‍ ചേര്‍ത്തുകൊണ്ട് അഫ്ഗാനി അവര്‍ക്ക് രാഷ്ട്രീയ പരിശീലനം നല്‍കി. പാര്‍ലമെന്ററി ഭരണകൂത്തിന് വേണ്ടി അദ്ദേഹം വാദിച്ചു. ഈജിപ്തിലെ കൊളോണിയല്‍ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ അഫ്ഗാനിക്ക് വലിയ പങ്കുണ്ടായിരുന്നു.

1881-ല്‍ ഈജിപ്തിലെ ഖുദൈവിക്കെതിരെ രംഗത്ത് വന്ന ഉറാബീ പാഷ നയിച്ച വിപ്ലവത്തില്‍ അഫ്ഗാനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. സൈന്യത്തിലെ വൈദേശികകോളനീകരണ ഘടകങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന ഈ വിപ്ലവം ബ്രിട്ടീഷ് ഇടപെടലിനെത്തുടര്‍ന്ന് പരാജയപ്പെടുകയുണ്ടായി. അഫ്ഗാനിയോടുള്ള ബ്രിട്ടീഷ് കൊളോണിയല്‍ രോഷം ഒന്നു കൂടി ശക്തിപ്പെടാന്‍ ഇത് കാരണമായി. 1883-ല്‍ അഫ്ഗാനി ലണ്ടനിലെത്തി. അവിടെ അല്‍പകാലം തങ്ങിയ ശേഷം പാരീസിലേക്ക് തിരിച്ചു. അവിടെ വെച്ച് സ്വന്തം ശിഷ്യനും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുഹമ്മദ് അബ്ദുവിനോടോപ്പം ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ശക്തമായ തൂലികാസമരം ആരംഭിച്ചു. പൗരസ്ത്യനാടുകളില്‍ ബ്രിട്ടന്റേയും റഷ്യയുടേയും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഈജിപ്തിലേയും തുര്‍ക്കിയിലേയും സംഭവവികാസങ്ങളെക്കുറിച്ചും സുഡാനില്‍ അക്കാലത്ത് ഉയിര്‍കൊണ്ട മഹ്ദീ പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ പ്രമുഖ പാശ്ചാത്യ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

പാരീസില്‍ അഫ്ഗാനിയുടെ രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മിക്കവാറും മുഹമ്മദ് അബ്ദുവുമായി കൂട്ടു ചേര്‍ന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ഉര്‍വതുല്‍ വുസ്ഖാ’ എന്ന അറബി വാരികയെ ആശ്രയിച്ചായിരുന്നു. ഇന്ത്യയിലും ഈജിപ്തിലും ഇതര നാടുകളിലും ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിച്ചിരുന്ന കൊളോണിയല്‍ രാഷ്ട്രീയ നയത്തിനെതിരെ അതിശക്തമായ വിമര്‍ശനങ്ങളാണ് ഈ പത്രം അഴിച്ചു വിട്ടത്. എന്നാല്‍ പത്രത്തിന്റെ ഒന്നാം ലക്കം തന്നെ ബ്രിട്ടീഷ് ഗവണ്‍മന്റ് കണ്ടു കെട്ടുകയും ഇന്ത്യയിലേക്കും ഈജിപ്തിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തു. തുടക്കത്തില്‍ തന്നെ ഇത്തരം പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന പത്രം എട്ടു മാസത്തിനിടയില്‍ പതിനെട്ട് ലക്കങ്ങള്‍ പ്രസിദ്ധീകരിച്ച് സ്വയം പിന്‍വലിഞ്ഞു.
1897 മാര്‍ച്ച് 9 ന് ഇസ്തംബൂളില്‍ ജമാലുദ്ദീന്‍ അഫ്ഗാനി മരണമടഞ്ഞു.

Related Articles