Current Date

Search
Close this search box.
Search
Close this search box.

ഖമറുന്നിസാ അന്‍വര്‍

kamarunnisa-anwar.jpg

1947 ബെബ്രുവരി 21 ന് കണ്ണൂര്‍ ജില്ലയിലെ ആയിക്കരയില്‍ ജനിച്ചു. പിതാവ് അബ്ദുല്‍ ഖാദര്‍ഹാജി. മാതാവ് ഫാത്തിമ. മാനന്തവാടിയിലെ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂള്‍, കണ്ണൂര്‍ ഗേള്‍സ് സ്‌കൂള്‍, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. മദ്രാസിലെ എസ്.ഐ.ഇ.ടി വിമന്‍സ് കോളേജില്‍ നിന്ന് ബി.എസ്.സി (ഹോം സയന്‍സ്) ബിരുദം നേടി. ബോംബെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാറ്ററിങ് ടെക്‌നോളജി ആന്റ് ന്യൂട്രീഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഡി.ഡി (ഡിപ്ലോമ ഇന്‍ ഡയറ്റിക്‌സ് ആന്റ് ന്യൂട്രീഷന്‍) കരസ്ഥമാക്കി.

വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷപദവിക്ക് പുറമെ കേരള സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍ പേഴ്‌സണ്‍. വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍, എം. ഇ. എസ് വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ്, ബ്ലോക്ക് മഹിളാ സമാജം (തിരൂര്‍), പ്രസിഡന്റ്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍, കേരള സ്റ്റേറ്റ് വിമന്‍സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു. എം. ഇ. എസ് എഞ്ചിനീയറിങ് കോളേജ്, വിമന്‍സ് കോളേജ്, ചാത്തമംഗലം രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയുടെ മാനേജിങ് കമ്മിറ്റിയംഗം, കോഴിക്കോട് ആകാശവാണി അംഗം, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍, മലപ്പുറം ജില്ലാ കൗണ്‍സില്‍ കോട്ടക്കല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. എം. ഇ. എസ് വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയറിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫ് കോര്‍പ്പറേറ്റീവ് സൊസൈറ്റി (മലപ്പുറം) ഡയറക്ടര്‍, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി (മലപ്പുറം) വൈസ് ചെയര്‍ പേഴ്‌സണ്‍, ഫാത്തിബീസ് എഡുക്കേഷന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു. നിസാ ഫുഡ്‌സ്, നിസാ ഗാര്‍മെന്റ്‌സ്, ലൂണാ ഓപ്റ്റിക്കല്‍സ് എന്നീ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്ററാണ്. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ നിന്ന് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എളമരം കരീമിനോട് തോറ്റു.

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരം ഖമറുന്നിസക്ക് ലഭിച്ചിട്ടുണ്ട്. 1991 ല്‍ പ്രൊഫ. ഷാ അവാര്‍ഡ്, മലപ്പുറം ജില്ലയിലെ മികച്ച സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്, 1987 ല്‍ വനിതാ വ്യവസാ സംരംഭങ്ങളുടെ പുരോഗതിക്കായി ചെയ്ത സേവനത്തിനുള്ള ദേശീയ അവാര്‍ഡ്, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിന് 1991 ല്‍ എം. ഇ. എസ് വനിതാവിഭാഗം ഏര്‍പ്പെടുത്തിയ അവാര്‍ഡ്, വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് ഖത്തര്‍ മലയാളികള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സഊദി അറേബ്യ, യു. എ. ഇ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്ഥിരതാമസം. ഭര്‍ത്താവ് തിരൂരിലെ ഡോ. മുഹമ്മദ് അന്‍വര്‍.

Related Articles