Current Date

Search
Close this search box.
Search
Close this search box.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍

KNM.jpg

1950-ല്‍ രൂപം കൊണ്ട സംഘടനയുടെ പ്രധാന ലക്ഷ്യം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുസ്‌ലിം സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതാണ്. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്വാഭാവികമായ വികാസമായിരുന്നു കേരള നദ്‌വത്തുല്‍ മുജാഹിന്‍. കെ.എം മൗലവിയാണ് പ്രഥമ പ്രസിഡന്റ്. 1962 വരെ അദ്ദേഹം തുടര്‍ന്നു. പി.കെ.മൂസ മൗലവി, വി.സൈദുഹാജി, എന്‍.വി അബ്ദുസ്സലാം മൗലവി, എ.കെ അബ്ദുലത്തീഫ് മൗലവി, എം.കുഞ്ഞോയി വൈദ്യര്‍, നെട്ടുല്‍ വീട്ടില്‍ അബ്ദുല്ല, എം.കെ.ഹാജി, കുന്നത്ത് മുഹമ്മദ്, എന്‍.കുഞ്ഞി തര്‍വായി ഹാജി, എം അഹമ്മദ് കുഞ്ഞ് ഹാജി, ഇ.കെ മൗലവി എന്നിവരായിരുന്നു മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍. കെ. ഉമര്‍ മൗലവിയെയും പിന്നീട് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുത്തു. എന്‍.വി.അബ്ദുസ്സലാം മൗലവിയാണ് പ്രഥമ സെക്രട്ടറി.
കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പൊരുതുകയാണു പ്രഖ്യാപിത ലക്ഷ്യം. കേരള ജംഇയ്യത്തുല്‍ ഉലമ (KJU), കേരള നദ്‌വത്തുല്‍ മുജാഹിദീന്‍! (KNM) എന്നീ മാതൃസംഘടനകളുടെ നേതൃത്വത്തില്‍ മൂന്ന് കീഴ്ഘടകങ്ങളും ചേര്‍ന്ന് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്നു.

പോഷക ഘടകങ്ങള്‍
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പോഷക സംഘടനകളുണ്ട്. ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍(ഐ.എസ്.എം രൂപീകരണം : 1967) യുവഘടകവും മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം രൂപീകരണം: 1970) വിദ്യാര്‍ഥി ഘടകവും മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റ് (എം.ജി.എം രൂപീകരണം: 1987) വനിതാ ഘടകവുമാണ്. കേരള ഹിലാല്‍ കമ്മിറ്റി, ബിസ്മി, ഐ.എം.ബി (ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ്) എന്നിവ നിര്‍ണിത ലക്ഷ്യത്തിനായി രൂപീകരിക്കപ്പെട്ട ഉപഘടകങ്ങളാണ്. മാസപ്പിറവി സൂക്ഷ്മമായി നിരീക്ഷിക്കാനും അതു സംബന്ധമായ വിവരങ്ങള്‍ കൈമാറാനുമുള്ള സംവിധാനമാണ് ഹിലാല്‍ കമ്മിറ്റി. സ്ത്രീധന സമ്പ്രദായത്തെയും വിവാഹത്തിലെ ധൂര്‍ത്തിനെയും എതിര്‍ക്കുന്ന ‘ബിസ്മി’ സ്ത്രീധന രഹിത വിവാഹത്തിന് കളമൊരുക്കുന്നു. മുജാഹിദ് ആദര്‍ശക്കാരായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും വേദിയാണ് ഐ.എം.ബി. നിച്ച് ഓഫ് ട്രൂത്ത് എന്ന പേരിലാണ് ദഅ്‌വാ വിഭാഗം അറിയപ്പെടുന്നത്.

2002 ആഗസ്ത് 27ന് മൗലവി ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ കെ.എന്‍.എം സംസ്ഥാന സമിതിയിലെ 9 അംഗങ്ങള്‍ ചേര്‍ന്ന് സംസ്ഥാന ഭാരവാഹികളെയും സമിതിയെയും പിരിച്ചു വിട്ടതായി പ്രഖ്യാപിച്ച് പുതിയ ഭാരവാഹികളെയും സമിതിയെയും തിരഞ്ഞെടുത്തതോടെ മുജാഹിദ് സംഘടന പിളര്‍ന്നു.

മുജാഹിദ് യുവവിഭാഗമായ ഐ.എസ്.എം മാതൃസംഘടനയുമായി ഒത്തുപോകാത്ത ചില നയനിലപാടുകളും പ്രവര്‍ത്തനരീതികളും സ്വീകരിച്ചതാണ് പിളര്‍പ്പിലേക്ക് നയിച്ചത്. അവ അച്ചടക്ക ലംഘനമായി കണ്ട് കെ.എന്‍.എം, ഐ.എസ്.എമ്മിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവിനെ നീക്കം ചെയ്യുകയും പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഇതാണ് കെ.എന്‍.എമ്മിന്റെ പിളര്‍പ്പിലേക്ക് നയിച്ചത്.

പിളര്‍പ്പിനെ തുടര്‍ന്ന് മൗലവി ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള വിഭാഗം സെപ്തംബര്‍ 2ന് പുതിയ കേരള ജംഇയ്യത്തുല്‍ ഉലമക്കും 2002 സെപ്തംബര്‍ 4ന് പുതിയ എം.എസ്.എമ്മിനും സെപ്തംബര്‍ 18ന് പുതിയ എം.ജി.എമ്മിനും രൂപം നല്‍കി. നിലവിലുള്ള ഐ.എസ്.എം പുതിയ വിഭാഗത്തോടൊപ്പമായതിനാല്‍ ഔദ്യോഗിക വിഭാഗത്തിന് പുതിയ ഐ.എസ്.എം രൂപീകരിക്കേണ്ടി വന്നു. ദ ദ്രൂത്ത് എന്ന പേരിലാണ് ഈ വിഭാഗത്തിന്റെ പ്രബോധന വിഭാഗം അറിയപ്പെടുന്നത്.

പ്രസിദ്ധീകരങ്ങള്‍:
അല്‍ മനാര്‍ മാസിക, അല്‍ ഇസ്‌ലാഹ് മാസിക, വിചിന്തനം വാരിക, സ്‌നേഹസംവാദം മാസിക, കെ.എം.എം പബ്ലിഷിങ് വിങ് മുതലായവ പ്രസിദ്ധീകരണ വിഭാഗമാണ്. ശബാബ് വാരിക, അത്തൗഹീദ്, പുടവ വനിതാമാസിക, വര്‍ത്തമാനം ദിനപ്പത്രം, യുവത ബുക്ക് ഹൗസ് മുതലായവ ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെതാണ് .

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍:
ജാമിഅ നദ്‌വിയ്യ, എടവണ്ണ
ജാമിഅ സലഫിയ്യ, പുളിക്കല്‍
സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്

സംഘടനാ സംവിധാനം:
ശാഖ, മണ്ഡലം, ജില്ല, സംസ്ഥാനം എന്നിങ്ങനെയാണ് സംഘടനയുടെ ഘടന. അംഗത്വഫീസ് നല്‍കി, ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുമെന്ന് പ്രതിജ്ഞാ പത്രത്തില്‍ ഒപ്പിടുന്നതോടെ സംഘടനയില്‍ അംഗമാകുന്നു. അംഗങ്ങളില്‍ നിന്ന് ശാഖാ പ്രവര്‍ത്തക സമിതിയെ തിരഞ്ഞടുക്കുന്നു. ശാഖാ പ്രവര്‍ത്തക സമിതികള്‍ ചേര്‍ന്നതാണ് മണ്ഡലം കൗണ്‍സില്‍. മണ്ഡലം കൗണ്‍സില്‍, മണ്ഡലം പ്രവര്‍ത്തക സമിതിയെ തിരഞ്ഞടുക്കുന്നു.

ആസ്ഥാനം:
കോഴിക്കോട് സിഡി ടവറും മര്‍കസുദ്ദഅവയും കേന്ദ്രീകരിച്ചാണ് ഇരുവിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്.

 

Related Articles