Current Date

Search
Close this search box.
Search
Close this search box.

അസ്ഗറലി എഞ്ചിനീയര്‍

azgarali.jpg

രാജസ്ഥാനിലെ സാലുമ്പര്‍ എന്ന സ്ഥലത്ത് 1939 മാര്‍ച്ച് 10 ന് ഒരു ബോറ പുരോഹിതനായ ശൈഖ് ഖുര്‍ബാന്‍ ഹുസൈന്റെ മകനായാണ് അസ്ഗര്‍ അലി എഞ്ചിനിയറുടെ ജനനം. ഖുര്‍ആന്റെ വിവരണം അതിന്റെ ആന്തരാര്‍ഥം, ഫിഖ്ഹ്, ഹദീസ്, അറബി ഭാഷ എന്നിവയില്‍ പിതാവ് തന്നെ അസ്ഗറലിയെ പരിശീലിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പല്‍ കോര്‍പറേനില്‍ 20 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. 1972ല്‍ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
1972ല്‍ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടര്‍ന്ന്, അവിടുത്തെ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായി മാറി അസ്ഗര്‍ അലി. 1977-ല്‍ ഉദയ്പൂരില്‍ നടന്ന ദ സെന്ററല്‍ ബോര്‍ഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തില്‍ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്‌ഠേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2004-ല്‍ ദാവൂദി ബോറ മതവിഭാഗത്തെ വിമര്‍ശിച്ചു എന്ന പേരില്‍ സംഘടനയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980-ല്‍ മുംബൈയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന് അദ്ദേഹം രൂപം നല്‍കി. ഹിന്ദു-മുസ്‌ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993-ല്‍ അദ്ദേഹം സ്ഥാപിച്ചതാണ് ‘സെന്റര്‍ ഫോര്‍ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം’ ഇതുവരെയായി 50 ല്‍ കൂടുതല്‍ കൃതികളും ദേശീയവും അന്തര്‍ദേശീയവുമായി ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ‘സെന്റര്‍ ഫോര്‍ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം’ എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പണ്ഡിതനും ശാസ്ത്ര പ്രൊഫസറുമായ രാം പുനിയാനിയുമായി അടുത്തു ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും, ഇസ്‌ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികള്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ വര്‍ഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകള്‍ എന്നിവയിലൂടെയും അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധനാണ് അസ്ഗര്‍ അലി എഞ്ചിനീയര്‍. സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനുമായി വാദിക്കുന്ന അസ്ഗര്‍ അലി എഞ്ചിനീയര്‍, ലാകത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അസ്ഗര്‍ അലി എഞ്ചിനീയര്‍ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെയും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായും പ്രവര്‍ത്തിച്ചിരുന്നു. വിവിധ ലോക വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകള്‍ പരിശോധിക്കുകയും ചെയ്യുന്ന ‘ദ ഗോഡ് കണ്ടന്‍ഷന്‍’ എന്ന വെബ്‌സൈറ്റില്‍ സ്ഥിരം ലേഖകനുമായിരുന്നു അദ്ദേഹം. മുംബൈയിലെ കിഴക്കന്‍ സാന്റാക്രൂസിലെ വസതിയില്‍ 2013 മെയ് 14 അന്തരിച്ചു.

പുരസ്‌കാരങ്ങള്‍: ഡാല്‍മിയ അവാര്‍ഡ് (1990), കല്‍ക്കട്ട സര്‍വകലാശാലയുടെ ഡിലിറ്റ് (1993), കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് (1997) , റൈറ്റ് ലൈവ്‌ലി അവാര്‍ഡ് (2004)

Related Articles