Current Date

Search
Close this search box.
Search
Close this search box.

അബുല്‍ ഹസന്‍ അലി നദ്‌വി

abul-hasan-ali-nadwi.png

1914-ല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലില്‍ ഹസനി ഖുത്ബി പണ്ഡിത കുടുംബത്തില്‍ ജനിച്ചു. പിതാവ്, ഹകീം അബ്ദുല്‍ ഹയ്യില്‍ ഹസനി അറിയപ്പെട്ട പണ്ഡിതനാണ്. അലിഹസന്‍ ചെറുപ്പത്തിലേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. മാതൃഭാഷയായ ഉര്‍ദുവിന് പുറമെ പേര്‍ഷ്യന്‍ ഭാഷയും പഠിച്ചു. പിതാവിന്റെ മരണ(1923)ശേഷം ജ്യേഷ്ഠന്‍ ആദുല്‍അലിയുടെ സംരക്ഷണത്തില്‍ വളര്‍ന്നു. 16-ാം വയസ്സില്‍ ലക്‌നൗ സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ഫാദിലെ അദബ് ബിരുദം നേടി. പിന്നീട് ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായില്‍നിന്ന് ഫാദിലെ ഹദീസ് പരീക്ഷ പാസായി. ദാറുല്‍ ഉലൂം ദയൂബന്ദ്, ലാഹോറിലെ മദ്‌റസതുല്‍ ഖാസിമി എന്നിവിടങ്ങളിലും പഠിച്ചു. 1934 ആഗസ്തില്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായില്‍ അധ്യാപകനായി.
ജമാഅത്തെ ഇസ്‌ലാമി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം മൂന്ന് വര്‍ഷക്കാലം ലക്‌നൗവില്‍ ജമാഅത്തിന്റെ പ്രാദേശിക അമീറായി പ്രവര്‍ത്തിച്ചു. പിന്നീട്, ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ജമാഅത്തുമായി വേര്‍പിരിഞ്ഞു. 1944 മുതല്‍ തബലീഗ് ജമാഅത്തില്‍ സജീവമായി. ഇന്ത്യയിലും വിദേശത്തും പ്രബോധന ദൗത്യവുമായി ചുറ്റി സഞ്ചരിച്ചു.

1948 നവംബര്‍ മുതല്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായുടെ ഭരണ സമിതി അംഗം. 1953 ഡിസംബറില്‍ അതിന്റെ പ്രിന്‍സിപ്പാലായും 1961 ജൂണില്‍ റെക്ടറായും നിയമിതനായി. ദാറുല്‍ ഉലൂം ദയൂബന്ദ്, ദാറുല്‍ മുസന്നിഫീന്‍ അഅ്‌സംഗഡ് എന്നിവയുടെ ഉപദേശകസമിതി അംഗമായിരുന്നു. മുസ്‌ലിം പേര്‍സനല്‍ ലോ ബോര്‍ഡിന്റെ അധ്യക്ഷനായും കുറേക്കാലം സേവനമനുഷ്ഠിച്ചു. ഉത്തര്‍പ്രദേശ് ദീനി തഅ്‌ലീമി കൗണ്‍സില്‍, അക്കാദമി ഓഫ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍സ് എന്നിവയുടെയും തലവനായിരുന്നു. 1993-ല്‍ ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹമായിരുന്നു മുഖ്യരക്ഷാധികാരി. റാബിത്വതുല്‍ അദബില്‍ ഇസ്‌ലാമി എന്ന അന്തരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ദമസ്‌കസ് സര്‍വകലാശാലയിലെ ശരീഅഃ കോളേജ് വിസിറ്റിംഗ് പ്രൊഫസര്‍, ഓക്‌സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ്, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി സ്ഥാപകാംഗം, ആള്‍ജീരിയന്‍ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് സ്ഥിരാംഗം, മദീന സര്‍വകലാശാല, ബൈറൂത്ത് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് എന്നിവയുടെ ഉപദേശകസമിതി അംഗം, ജനീവ ഇസ്‌ലാമിക് സെന്റര്‍ അംഗം, ദമസ്‌കസിലെ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ അക്കാദമി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

1980-ല്‍ ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കാശ്മീര്‍ യൂണിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിച്ചു. അറബി, ഉര്‍ദു ഭാഷകളിലായി അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
സീറതെ സയ്യിദ് അഹ്മദ് ശഹീദ് (രണ്ട് വാള്യം), മാദാ ഖസിറല്‍ ആലമു ബി ഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍, താരീഖ് ദഅ്‌വത് വൊ അസീമത് (ആറ് വാള്യം), നുഖൂശെ ഇഖ്ബാല്‍, ജബ് ഈമാന്‍ കീ ബഹാര്‍ ആയി, പുരാനെ ചിറാഗ്, അര്‍കാനെ അര്‍ബഅ, കാരവാനെ സിന്ദഗി എന്നിവയാണ് പ്രമുഖ കൃതികള്‍.
 

 

Related Articles