1929 ഡിസംബര്‍ 25 ന് പടിയത്ത് മണപ്പാട്ട് കൊച്ചു മൊയ്തീന്‍ ഹാജിയുടേയും കറുകപ്പാടത്ത് കുഞ്ഞാച്ചുമ്മയുടേയും മകനായി ജനനം. 1951ല്‍ അലീഗഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഡോ. ഗഫൂര്‍, 1957 ല്‍ കേരള സര്‍വകലാശാലയുടെ ആദ്യ എം.ബി.ബി.എസ് ബാച്ചില്‍ ഉള്‍പ്പെട്ട ആളായിരുന്നു. തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ വിഭാഗം അദ്ധ്യാപകനായി. ഡോ. ഗഫൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നു.
അലിഗറിലെയും കാലികറ്റ് യൂണിവേഴ്‌സിറ്റിയിലെയും അത്‌ലറ്റിക് ചാമ്പ്യനായിരുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനും കൂടിയായിരുന്നു ഡോ. ഗഫൂര്‍. ‘രോഗങ്ങളും രോഗികളും’ എന്ന ഒരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്.
1964ല്‍ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് ഡോ. ഗഫൂറും ഒരു കൂട്ടം യുവമുസ്‌ലിം വിദ്യാസമ്പന്നരും ചേര്‍ന്നാണ് എം.ഇ.എസ്. സ്ഥാപിച്ചത്. റാബിത്വ പോലുള്ള അന്താരാഷ്ട്രവേദികളില്‍ അംഗമായിരുന്ന ഡോ.ഗഫൂര്‍ 1984 മേയ് 23 ന് മരണപ്പെട്ടു.