Current Date

Search
Close this search box.
Search
Close this search box.

കേരള ജംഇയ്യത്തുല്‍ ഉലമാ

ulama.jpg

1924 മെയ് 10,11,12 ദിവസങ്ങളില്‍ ആലുവയില്‍ ചേര്‍ന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് രൂപീകൃതമായി. മണപ്പാട് കുഞ്ഞഹമ്മദ് ഹാജി, ടി.കെ മുഹമ്മദ് മൗലവി, ഇ.കെ മൗലവി എന്നിവരാണ് സംഘടനയിലേക്ക് പണ്ഡിതരെ സംഘടിപ്പിച്ചത്. പ്രസ്തുതയോഗത്തിന്റെ അധ്യക്ഷനായി സര്‍വ്വസമ്മതനായ പണ്ഡിതനും വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത് പ്രിന്‍സിപ്പലുമായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ഹദ്‌റതിനെ തന്നെ ലഭിച്ചു. സ്വാതന്ത്ര്യ സമരസേനാനിയായ ഇ. മൊയ്തു മൗലവി പ്രമേയം അവതരിപ്പിച്ചു. പി. അബ്ദുല്‍ ഖാദര്‍ മൗലവി പ്രസിഡന്റും സി. അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ മുഹമ്മദ് കുട്ടി മൗലവി എന്നിവര്‍ വൈസ് പ്രസിഡന്റുമാരുമായും സംഘടന രൂപീകൃതമായി. സെക്രട്ടറി സി.കെ മൊയ്തീന്‍ കുട്ടിയും ജോയിന്റ് സെക്രട്ടറി ഇ.കെ മൊയ്തു മൗലവിയുമായിരുന്നു. പി.പി ഉണ്ണി മൊയ്തീന്‍ കുട്ടി, പാലോട് മൂസക്കുട്ടി മൗലവി, കെ.എം. മൗലവി, പി.എ. അബ്ദുല്‍ ഖാദര്‍ മൗലവി, ബി.വി. കൊയക്കുട്ടി തങ്ങള്‍, സി.അബ്ദുല്ലക്കുട്ടി മൗലവി, പിലാശേരി കമ്മു മൗലവി തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയംഗങ്ങളായിരുന്നു. മുസ്‌ലിം ഐക്യസംഘത്തിന്റെ പണ്ഡിത നേതൃത്വം എന്ന നിലക്ക് രൂപം കൊണ്ടതാണെങ്കിലും പിന്നീട് ഐക്യസംഘം അപ്രസക്തമായി മാറുകയായിരുന്നു. സുവര്‍ണഘട്ടം (1935-1950): കെ.എം. മൗലവി, എം.സി.സി അബ്ദുറഹ്മാന്‍. 2002-ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഇംഇയ്യത്തുല്‍ ഉലമയും രണ്ടായി പിളര്‍ന്നു.

വിവിധ കാലങ്ങളിലെ സാരഥികള്‍:
1. പി. അബ്ദുല്‍ ഖാദര്‍ മൗലവി (1924-1933)
2. എന്‍. മമ്മു മൗലവി (1933-1934)
3. സയ്യിദ് അബ്ദുല്‍ വഹാബ് ബുഖാരി (1934-1935)
4. കെ. എം. മൗലവി (1935-1950)
5. മങ്കട ഉണ്ണീന്‍ മൗലവി (1950-1953)
6. വി. പി. ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവി (1953-1971)
7. എം. ശൈഖ് മുഹമ്മദ് മൗലവി ഉഗ്രപുരം (1971-1977)
8. കെ. ഉമര്‍ മൗലവി (1977-1979)
9. പി. സെയ്ദു മൗലവി
10. കെ.എന്‍. ഇബ്രാഹി മൗലവി

പ്രഥമ പ്രവര്‍ത്തനലക്ഷ്യങ്ങള്‍:
1. ഭിന്നിച്ചു നില്‍ക്കുന്ന പണ്ഡിതന്മാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക.
2. മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുക
3. ഫത്‌വ ബോര്‍ഡ് രൂപീകരിക്കുക
4. അനിസ്‌ലാമിക ദുരാചാരം ഒഴിവാക്കുക
5. മറ്റ് ഉചിതമായ മതപ്രവര്‍ത്തനങ്ങള്‍ നടത്തുക

1925-ല്‍ ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നും കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ മറ്റൊരു വിഭാഗമായി ചില പണ്ഡിതന്മാര്‍ പിരിഞ്ഞു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും വരക്കല്‍ മുല്ലക്കോയ തങ്ങളുടെയും നേതൃത്വത്തിലാണ് ഈ പിളര്‍പ്പ്. 1926-ല്‍ ഇത് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന് പുനര്‍നാമകരണം ചെയ്തു. 1950-ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റ രൂപീകരണത്തിലേക്ക് നയിച്ചത് ജംഇയ്യത്തുല്‍ ഉലമയുടെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളായിരുന്നു. അതോടെ സംഘടനയുടെ ദൗത്യം കേരള നദ്‌വത്തുല്‍ മുജാഹിദിന് മാര്‍ഗ ദര്‍ശനം നല്‍കുന്നതില്‍ പരിമിതമായി. ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ.സി. അബ്ദുല്ല മൗലവി സംഘടനയിലെ പ്രമുഖ പണ്ഡിതരിലൊരാളായിരുന്നു. നിര്‍വ്വാഹക സമിതിയില്‍ അംഗമായിരുന്ന അദ്ദേഹവും വി.കെ. ഇസ്സുദ്ദീന്‍ മൗലവിയും 1947-ല്‍ രാജിവെച്ചു. ഇവരോടൊപ്പം ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയായ ഇ.കെ മൗലവി, വി.പി. മുഹമ്മദ് മൗലവി, കെ.കെ. ജലാലുദ്ദീന്‍ മൗലവി എന്നിവരും രാജി വെച്ചിരുന്നു. 1947 ജൂലൈ ഒന്നിന് സംഘടനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിതമായി.

1922-ല്‍ രൂപം കൊണ്ട കേരള മുസ്‌ലിം ഐക്യസംഘത്തിലൂടെയാണ് കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങളുടെ തുടക്കം. പ്രാദേശികമായ സംഘങ്ങള്‍ മാത്രമായിരുന്നു അതിനുമുമ്പുണ്ടായിരുന്നത്. ഹമദാനി തങ്ങളുടെ മുഹമ്മദീയ സഭ, ദ മുസ്‌ലിം കോണ്‍ഫറന്‍സ്, ആലപ്പുഴയിലെ സാംസ്‌കാരിക സംഘടനയായ ലജ്‌നത്തുല്‍ മുഹമ്മദീയ, തിരുവനന്തപുരത്തെ ഇസ്‌ലാം ധര്‍മ പരിപാലന സംഘം, കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം സഭ, കൊടുങ്ങല്ലൂരിലെ മുസ്‌ലിം എഡ്യൂക്കേഷന്‍, കൊയിലാണ്ടിയിലെ ജംഇയ്യത്തുല്‍ മുര്‍ശിദീന്‍, അരീക്കോട്ടെ ജംഇയ്യത്തു സലഫീയ്യീന്‍, ജംഇയ്യതുല്‍ മുഹഖ്ഖിഖീന്‍(എടത്തനാട്ടുകര), അന്‍സ്വാറുല്ലാ സംഘം(വളവന്നൂര്‍), നുസ്‌റത്തുല്‍ ഇസ്‌ലാം സംഘം(കടവത്തൂര്‍), അന്‍സ്വാറുല്‍ ഇസ്‌ലാം സംഘം (തലശ്ശേരി), നിഷ്പക്ഷ സംഘം (എറിയാട്), ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ(മഞ്ചേരി) തുടങ്ങിയവ ഉദാഹരണം. വിദ്യാഭ്യാസ ബോധവത്കരണമായിരുന്നു ഈ സംഘടനകളുടെയെല്ലാം പൊതുവായ ലക്ഷ്യം. ഒടുവില്‍ പറഞ്ഞ ‘നിഷ്പക്ഷ സംഘം’ സാമൂഹിക പരിഷ്‌കരണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകണ്ടായി.

‘നിഷ്പക്ഷ സംഘ’ത്തിന്റെ തുടര്‍ച്ചയും വിപുലീകരിച്ച രൂപവുമായിരുന്നു കേരള മുസ്‌ലിം ഐക്യസംഘം. കൊടുങ്ങല്ലൂരില്‍ ‘നിഷ്പക്ഷ സംഘം’ നടത്തിയിരുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം വ്യാപകമാക്കാന്‍ വേണ്ടിയാണത് രൂപീകരിക്കപ്പെട്ടത്. ഒരു സംഘടന എന്ന നിലയില്‍ വളരെ ചുരുങ്ങിയ കാലമേ ഐക്യസംഘം നിലനിന്നുള്ളു എങ്കിലും കേരളമുസ്‌ലിംകളില്‍ പടര്‍ന്നുപിടിച്ച അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിക്കുവാനും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അതിന് സാധിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ ഒരു പണ്ഡിതവേദിക്ക് രൂപം നല്‍കിയതാണ് മറ്റൊരു പ്രധാന നേട്ടം. ഇസ്‌ലാമിക മൂല്യങ്ങളില്‍ സമൂഹത്തെ പുനസംവിധാനിക്കണമെങ്കില്‍ പണ്ഡിതന്മാരുടെ കൂട്ടായ്മ കൂടിയേ തീരൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു വേദിയുടെ രൂപീകരണത്തിന് പ്രേരണയായത്.

Related Articles