റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് എ.കെ. പാര്‍ട്ടിയുടെ ചെയര്‍മാനും സ്ഥാപക നേതാവും. 2001 ആഗസ്ത് 14-നാണ് ഈ പാര്‍ട്ടി രൂപീകൃതമായത്. 2007-ല്‍ തുര്‍ക്കിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 46.6% വോട്ടും 341 സീറ്റുകളും നേടി എ.കെ. പാര്‍ട്ടി അധികാരത്തിലെത്തുകയുണ്ടായി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇപ്പോള്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയും എ.കെ. പാര്‍ട്ടിയുടെ മറ്റൊരു പ്രധാനപ്പെട്ട നേതാവായ അബ്ദുല്ല ഗുല്‍ തുര്‍ക്കിയുടെ പ്രസിഡന്റും ആണ്.
ചരിത്ര പശ്ചാത്തലം
നജ്മുദ്ദീന്‍ അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെയാണ് ഇന്നത്തെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയിലെ ഏതാണ്ടെല്ലാ മുന്‍നിരപ്രവര്‍ത്തകരും രാഷ്ട്രീയത്തിലെത്തിയത്. ഇസ്‌ലാമിക വിഷയങ്ങളില്‍ തീവ്ര നിലപാടുകളെടുത്തിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് വിലയിരുത്തി, 1998 ജനുവരിയില്‍ തുര്‍ക്കിയിലെ ഭരണഘടനാക്കോടതി നിരോധിച്ചു. ഈ സമയത്ത് മിക്ക വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളും, പുതുതായി രൂപീകരിക്കപ്പെട്ട വെര്‍ച്യൂ പാര്‍ട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
2001ല്‍ വെര്‍ച്യൂ പാര്‍ട്ടിയും നിരോധിക്കപ്പെട്ടതോടെ അംഗങ്ങള്‍ രണ്ടായി പിളര്‍ന്നു. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, അബ്ദുള്ള ഗുല്‍ തുടങ്ങിയ വെര്‍ച്യൂ പാര്‍ട്ടിയിലെ മിതവാദി നേതാക്കളാണ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി രൂപീകരിച്ചത്. ഇതേ സമയം, നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വത്തിലുള്ള തീവ്രവിഭാഗം, ഫെലിസിറ്റി പാര്‍ട്ടിക്ക് രൂപം കൊടുത്തു.
ഇസ്‌ലാമികവാദി കക്ഷിയുടെ പിന്‍ഗാമിയാണെങ്കിലും രൂപീകരണത്തിനു ശേഷം, ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി മതേതരസ്വഭാവത്തിലേക്ക് നീങ്ങി. 2001 ഓഗസ്റ്റില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, എ.കെ. പാര്‍ട്ടി മതേതരത്വത്തെ മുറുകെപ്പിടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നതിനെ എതിര്‍ക്കുമെന്നും മതേതരത്വം മതത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമേ, യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനു വേണ്ടി ബുലന്ത് എജവിത് സര്‍ക്കാര്‍ 2002ല്‍ കൊണ്ടുവന്ന പരിഷ്‌കരണനടപടികളെ എ.കെ. പാര്‍ട്ടി പിന്താങ്ങുകയും ചെയ്തു.
അധികാരത്തിലേക്ക്:
1999-2002 കാലയളവിലെ തുര്‍ക്കിയിലെ സാമ്പത്തികമാന്ദ്യവും വ്യാപകമായ അഴിമതിയും മൂലം പ്രതിപക്ഷത്തിരുന്ന വെര്‍ച്യൂ പാര്‍ട്ടിയുടെ ജനപിന്തുണ കാര്യമായി വര്‍ദ്ധിച്ചിരുന്നു. വെര്‍ച്യൂ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കൂടുതല്‍ ജനപിന്തുണ, മിതവാദിവിഭാഗമായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് ലഭിച്ചു. മുന്‍പ് ഇസ്താംബൂളിന്റെ മേയറായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കാഴ്ചവച്ച, അഴിമതിരഹിതമായ മികച്ച ഭരണം അതിന് മുതല്‍ക്കൂട്ടായി. 2002ല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് ബുലന്ത് എജവിത് സര്‍ക്കാര്‍ പുറത്തായതിനെത്തുടര്‍ന്ന് നവംബര്‍ 3ന് നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ. പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി. 18 പാര്‍ട്ടികള്‍ മല്‍സരിച്ച ഈ തിരഞ്ഞെടുപ്പില്‍ വെറും രണ്ടു കക്ഷികള്‍ക്കു മാത്രമേ പാര്‍ലമെന്റംഗത്വത്തിനു വേണ്ട 10 ശതമാനം എന്ന കുറഞ്ഞ ജനപിന്തുണനേടാനായുള്ളൂ. എ.കെ. പാര്‍ട്ടി 34.3% വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതുവന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 19.4% ആയിരുന്നു ലഭിച്ചത്. മറ്റു കക്ഷികളുടെ വോട്ട് ആനുപാതികമായി ഇരുകക്ഷികള്‍ക്കും വീതിച്ചു നല്‍കിയതോടെ എ.കെ. പാര്‍ട്ടിക്ക് 364ഉം ആര്‍.പി.പി.ക്ക് 178 സീറ്റുകളും പാര്‍ലമെന്റില്‍ ലഭിച്ചു. ബാക്കിയുള്ള 9 സീറ്റ് സ്വതന്ത്രര്‍ക്കായിരുന്നു. 2002-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയഭൂകമ്പമായിരുന്നു.