Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ വീണ്ടുമൊരു തെരഞ്ഞെുടപ്പ് വേണ്ടിവരുമോ?

തുനീഷ്യയിലെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 217 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെുടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ സീറ്റ് (52 സീറ്റ്) നേടി അന്നഹ്ദയാണ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. നിദാ തൂനിസ് പാര്‍ട്ടിയില്‍ പുറത്തുപോയി നബീല്‍ ഖുറവി രൂപീകരിച്ച ഖല്‍ബ് തൂനിസ് 38 സീറ്റ് നേടി രണ്ടാംസ്ഥാനത്തുമുണ്ട്. എന്നാല്‍, അന്നഹ്ദ ഖല്‍ബ് തൂനിസുമായ സഖ്യത്തിലേര്‍പ്പെടുമോ? അല്ലെങ്കില്‍ പുതിയൊരു തെരഞ്ഞെടുപ്പ് കാര്യപരിപാടിയിലേക്ക് നീങ്ങുമോ?

തുനീഷ്യന്‍ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രം

അന്നഹ്ദ പാര്‍ട്ടി (Ennahda Movement): തുനൂഷ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 52 സീറ്റ് നേടിയ അന്നഹ്ദ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനമാണ്. അന്നഹ്ദ പാര്‍ട്ടി തുടക്കം മുതല്‍ക്കുതന്നെ തുനൂഷ്യയിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് ആഭ്യന്തര ചര്‍ച്ചകളിലൂടെ പാര്‍ട്ടി പുതിയ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാവുകയായിരുന്നു. ഖല്‍ബ് തൂനിസ് പാര്‍ട്ടി (Heart of Tunisia): തെരഞ്ഞെടുപ്പില്‍ 38 സീറ്റ് നേടി രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന പുതിയ മതേതരത്വ പാര്‍ട്ടിയായ ഖല്‍ബ് തൂനിസ് രൂപീകൃതമായിട്ട് അഞ്ചില്‍ കുറഞ്ഞ മാസങ്ങളേ ആകുന്നൊളളു. നിദാ തൂനിസ് വിട്ട് നബീല്‍ ഖുറവി രൂപീകരിച്ച പാര്‍ട്ടിയാണ് ഖല്‍ബ് തൂനിസ്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണത്തെ തുടര്‍ന്ന് ബിസിനസ്സുകാരനായ നബീല്‍ ഖുറവി അറസ്റ്റുചെയ്യപ്പെട്ടിരുന്നു.

സാമൂഹിക-ജനാധിപത്യ പാര്‍ട്ടി (Democratic Current): 22 സീറ്റ് നേടിയ ഡെമോക്രാറ്റിക് കറന്റ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടിയാണ്. മുഹമ്മദ് അബ്‌വിന്റെ നേതൃത്വത്തില്‍ 2013ലാണ് ഈ പാര്‍ട്ടി രൂപംകൊള്ളുന്നത്. അന്നഹ്ദ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന സമയത്ത് മുഹമ്മദ് അബ്‌വ് ഭരണപരിഷ്‌കരണ മന്ത്രിയായിരുന്നു. മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖ് രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് കറന്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായുമായിരുന്നു മൂഹമ്മദ് അബ്‌വ്.
ഡിഗ്‌നിറ്റി കോളീഷന്‍ (Dignity Coalition): പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപംകൊണ്ട സഖ്യമാണിത, ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. രണ്ട് ഇസ്‌ലാമിക പാര്‍ട്ടികളും മുന്‍സിഫ് മര്‍സൂഖിനെ പിന്തുണക്കുന്ന ഒരു ഇടതുപക്ഷ പാര്‍ട്ടിയും ചേര്‍ന്ന ഈ സഖ്യം 21 സീറ്റ് നേടി. സ്വതന്ത്ര ഭരണഘടന പാര്‍ട്ടി (Free Destourian Patry): മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പിന്മുറക്കാരാണ് 2013ല്‍ രൂപീകൃതമായ സ്വതന്ത്ര ഭരണഘടന പാര്‍ട്ടി. ബിന്‍ അലിയുടെ ആദര്‍ശത്തെ വ്യക്തമായി തന്നെ അവര്‍ പ്രതിനിധീകരിക്കുന്നു. ഈ രാഷ്ടീയ പാര്‍ട്ടി 17 സീറ്റ് നേടി. പീപ്പില്‍സ് പാര്‍ട്ടി (People’s Movement): അറബ് ദേശീയതയില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമായ പീപ്പില്‍സ് പാര്‍ട്ടി 16 സീറ്റ് നേടി. യാഥാസ്ഥിതിക മതവിഭാഗവും ഈ പാര്‍ട്ടിയില്‍ ഉള്‍പ്പെടുന്നുണ്ട്. തഹ്‌യാ തുനീസ് (Tahya Tounes): ശാഹിദ് നയിക്കുന്ന മതേതരത്വ പാര്‍ട്ടിയായ തഹ്‌യാ തൂനിസ് 14 സീറ്റ് നേടി. തുനീഷ്യന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബാജി ഖാഇദ് അസ്സബ്‌സിയുടെ മകന്‍ ഹാഫിദ് അസ്സബ്‌സിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിദാ തൂനിസ് പാര്‍ട്ടി വിട്ട ശേഷമാണ് ശാഹിദ് തഹ്‌യാ തൂനിസ് രൂപീകരിക്കുന്നത്. തുടര്‍ന്ന് അന്നഹ്ദ പാര്‍ട്ടിയുമായി രാഷ്ട്രീയമായ സഖ്യത്തിലേര്‍പ്പെട്ടു. എന്നാല്‍ അവര്‍ വിചാരിച്ചിരുന്നത്, അന്നഹ്ദയുടെ പിന്തുണ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ്. പക്ഷേ, അന്നഹ്ദ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അബദുല്‍ ഫത്താഹ് മോറോയെ നിശ്ചയിച്ചു.

മശ്‌റൂഅ് തൂനിസ് (Machrouu Tounse): 2014ല്‍ തൂനിഷ്യ ഭരിച്ച നിദാ തൂനിസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുകയും തുടര്‍ന്ന് മശ്‌റൂഅ് തൂനിസ് എന്ന പേരില്‍ രുപീകരിക്കപ്പെടുകയും ചെയ്ത മതേതരത്വ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടി. ഇതര പാര്‍ട്ടികള്‍: ശേഷിക്കുന്ന പാര്‍ട്ടികള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 33 സീറ്റ് നേടി. അതില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് യൂണിയനാണ് (Republican People’s Union). ഇടതുപക്ഷ ദേശീയ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് യൂണിയന്‍ അന്നഹ്ദയുടെയും തുനീഷ്യന്‍ അല്‍ട്ടര്‍നേറ്റീവിന്റെയും (Tunisian Alternative) എതിര്‍ചേരിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. തൊഴിലാളി വര്‍ഗത്തെയും, വ്യത്യസ്ത ചിന്താഗതിക്കാരായ- സ്വതന്ത്ര, ഇസ്‌ലാമിക, ഇടതുപക്ഷ വിഭാഗങ്ങള്‍ ഉള്‍കൊളളുന്ന പാര്‍ട്ടിയാണ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്നഹ്ദക്ക് മുന്നിലെ സഖ്യസാധ്യത?

രാഷ്ട്രീയമായി നിര്‍ത്തിവെക്കപ്പെട്ട പാര്‍ലമെന്റാണ് തുനീഷ്യയില്‍ നിലവില്‍വന്ന പാര്‍ലിമെന്റെന്ന് അന്നഹ്ദ തിരിച്ചറിയുന്നു. രാഷ്ട്രീയമായ സഖ്യത്തിലെത്താതെ ഒറ്റക്ക് അന്നഹ്ദക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. ഭരണകൂടം രൂപീകരിക്കാനാവശ്യമായ സീറ്റ് 109 ആണ്. ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട് 57 സീറ്റ് ലഭ്യമായാല്‍ മാത്രമാണ് അന്നഹ്ദക്ക് ഭരണകൂടം രൂപീകരിക്കാന്‍ കഴയുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുമായി സംസാരിക്കേണ്ടതുണ്ടെന്ന് അന്നഹ്ദക്കറിയാം. പക്ഷേ, മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായുളള സഖ്യം അന്നഹ്ദക്ക് 58 പാര്‍ലമെന്റ് സീറ്റ് കൈവരിക്കാന്‍ ഉതകുന്നതാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വലിയ സാധ്യത കാണുന്നില്ല. കാരണം ആ മൂന്ന് പാര്‍ട്ടികളുമായി ശക്തമായി വിയോജിച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് അന്നഹ്ദ. ഒന്ന്, 38 സീറ്റ് നേടിയ ഖല്‍ബ് തൂനിസ് പാര്‍ട്ടിയാണ്. ഖല്‍ബ് തൂനിസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ നബീല്‍ ഖുറവിയുടെ പ്രസ്താവനയില്‍ നിന്ന് അക്കാര്യം വ്യക്തവുമാണ്. തുനീഷ്യന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സമയത്ത് ജയില്‍ മോചിതനായ നബീല്‍ ഖുറവി അന്നഹ്ദക്കെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു.

കൂടാതെ, ഖൈസ് സഈദ് അന്നഹ്ദ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നബീല്‍ ഖുറവി ആരോപിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ ടി.വി അഭിമുഖത്തില്‍ റാശിദ് ഗന്നൂശി അതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. അതോടൊപ്പം, തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന സീറ്റ് നേടി വിജയിച്ച അന്നഹ്ദ പാര്‍ട്ടി ഖല്‍ബ് തൂനിസ് പാര്‍ട്ടിയുടെ അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഗന്നൂശി വ്യക്തമാക്കി. അഴിമതിക്കെതിരായി ശക്തമായ പോരാട്ടം നടത്തുമെന്നും, സുതാര്യത വ്യാപിപിച്ച് അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുകയും ചെയ്യുന്നതായിരിക്കുമെന്ന് അന്നഹ്ദ തങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന പരിപാടിയായി പ്രഖ്യാപിച്ചിരുന്നു. ആ സമയം ഖല്‍ബ് തൂനിസ് ജനറല്‍ സെക്രട്ടറി നബീല്‍ ഖുറവി കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ അറസ്റ്റുചെയ്യപ്പെട്ട് ജയില്‍മോചിതനായെങ്കിലും സംശയത്തിന്റെ നിഴലില്‍ ഉഴലുകയായിരുന്നു. രണ്ട്, 17 സീറ്റ് നേടിയ ദെസ്തൂരി പാര്‍ട്ടിയാണ്. അന്നഹ്ദക്കെതിരില്‍ നിലകൊളളുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പിന്മുറക്കാരാണ് ദസ്തൂരി പാര്‍ട്ടിക്കാര്‍. മൂന്ന്, മൂന്ന് സീറ്റുകളുളള തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ അല്‍ഇത്തിഹാദ് അശ്ശഅ്ബി അല്‍ജുമ്ഹൂരി പാര്‍ട്ടി പ്രത്യക്ഷമല്ലെങ്കിലും അന്നഹ്ദക്കെതിരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. വളരെ വിദൂരത്താണ് ഈ മൂന്ന് പാര്‍ട്ടികളില്‍ നിന്നുളള സഖ്യസാധ്യത.

22 സീറ്റ് നേടിയ മുഹമ്മദ് അബ്‌വിന്റെ നേതൃത്വത്തിലുളള ഡെമോക്രാറ്റിക് കറന്റും, 21 സീറ്റ് നേടിയ മുന്‍സിഫ് മര്‍സൂഖിന്റെ ഡിഗ്‌നിറ്റി പാര്‍ട്ടിയും, 14 സീറ്റ് നേടിയ തഹ്‌യാ തൂനിസും(കഴിഞ്ഞ ഭരണകാലത്ത് അന്നഹ്ദയുടെ സഖ്യകക്ഷിയായിരുന്നു), നാല് സീറ്റ് നേടിയ മശ്‌റൂഅ് തൂനിസും അടങ്ങുന്ന സഖ്യം സ്വീകരിച്ച് (ആകെ 61 സീറ്റ്) സര്‍ക്കാര്‍ രൂപീകരിക്കുന്നതാണ് അന്നഹ്ദക്ക് മുന്നിലുളള ഏറ്റവും അടുത്ത സഖ്യസാധ്യത. ഈ പാര്‍ട്ടികളുമായുളള സഖ്യമായിരിക്കും അന്നഹ്ദക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവസരം നേടിതരുന്നത്. ഈ പാര്‍ട്ടികള്‍ക്കെല്ലാം പാര്‍ലമെന്റില്‍ നല്‍കുന്ന പങ്കാളിത്തത്തിന്റെയും മന്ത്രിപദത്തിന്റെയും അനുപാതം അന്നഹ്ദ തീര്‍ച്ചപ്പെടത്തേണ്ടതുമാണ്. അതല്ലെങ്കില്‍, നിര്‍ത്തിവെക്കപ്പെട്ട നിലവിലെ പാര്‍ലമെന്റ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ സംബന്ധിക്കുന്ന സംഭാഷണം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അന്നഹ്ദക്ക് അറിയാം. പ്രത്യേകിച്ച് വ്യത്യസ്ത പ്രത്യയശാസ്ത്ര പശ്ചാത്തലമുളള പാര്‍ട്ടികളുമാകുമ്പോള്‍.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ അന്നഹ്ദ പുതിയ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതായിരിക്കും. തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ വലിയ അളവിലുളള പരാജയം നേരിട്ട സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് അന്നഹ്ദ കടക്കുന്നത് ഖല്‍ബ് തൂനിസ് പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിടുന്നതായിരിക്കും. കൂടാതെ, ഖല്‍ബ് തൂനിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നില്‍ക്കുകയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്ത പ്രതിനിധി ലൈംഗിക വേഴ്ചയെ തുടര്‍ന്ന് ഖല്‍ബ് തൂനിസ് പ്രതിച്ഛായ പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്താല്‍ നബീല്‍ ഖുറവി സംശയത്തിന്റെ നിഴലിലുമായിരുന്നു. അതോടൊപ്പം, അഴിമതി തടയുന്നതിനും, സുതാര്യത വ്യാപിപ്പിക്കുന്നതിനും അത് ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതിനും അന്നഹ്ദ പുതിയ പരിഷ്‌കരണ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയാക്കാതെ നേരത്തെ വരുന്ന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ ജീവിതം സുസ്ഥിരകമാക്കുകയും, വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ജനം സാധാരണ ചെയ്യാറുള്ളത്. തുര്‍ക്കിയിലെ അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ സംഭവിച്ചതും ഇതുതന്നെയാണ്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അന്നഹ്ദ അഭിപ്രായ വോട്ടെടുപ്പിലേക്ക് പ്രവേശിക്കുന്നതായിരിക്കും.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖൈസ് സഈദും അന്നഹ്ദയും

പുറമെയുളള കാരണങ്ങളേക്കാള്‍ ആഭ്യന്തര കാരണങ്ങളിലൂടെയാണ് അന്നഹ്ദ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ പരാജയം നിയമസഭയിലേക്കുളള അന്നഹ്ദയുടെ സാന്നിധ്യത്തെ ബാധിക്കുന്നതായിരുന്നു. തുടര്‍ന്നാണ് അന്നഹ്ദ തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു പിടിവള്ളിയായിരുന്ന വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത നിയമ പ്രഫസര്‍ ഖൈസ് സഈദിനെ പിന്തുണക്കാനുളള തീരുമാനത്തിലെത്തിയത്. ഖര്‍താജ് കൊട്ടാരത്തിലെ ഖൈസ് സഈദിന്റെ സാന്നിധ്യം അന്നഹ്ദ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അന്നഹ്ദയുടെ നയപരിപാടികളെ പിന്തുണക്കുമെന്നതിന്റെ സൂചനയാണ്. പ്രത്യേകിച്ച്, ജനാധിപത്യവും രാജ്യത്തെ നിയമവാഴ്ചയും സുസ്ഥിരപ്പെടുത്തുക, അഴിമതിക്കെതിരെ പോരാടുക, സുതാര്യതയും രാജ്യത്തിന്റെ ഉദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഖൈസ് സഈദ് അന്നഹ്ദയെ പിന്തുണക്കുന്നു. കൂടാതെ, വൈദേശിക ബന്ധം ശക്തിപ്പെടുത്തുന്നതിലും പ്രത്യേകിച്ച് അള്‍ജീരിയുമായ ബന്ധം നന്നാക്കുന്നതിലും ലിബിയയിലെ പോരാട്ടം അവസാനിപ്പച്ച് മേഖലിയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിലും അന്നഹ്ദക്ക് ഖൈസ് സഈദിന്റെ പിന്തുണ ലഭിക്കുന്നതായിരിക്കും. ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയത്തിലും അന്നഹ്ദയുടെ നയനിലപാടുകള്‍ പൂര്‍ണമായും ഖൈസ് സഈദിന് അനുയോജ്യമായ നിലപാടാണ്.

രാഷ്ട്രീയ ചരിത്രത്തില്‍ വലിയ പാരമ്പര്യമില്ലാത്ത വ്യക്തി അധികാരത്തില്‍ വരുന്ന സാഹചര്യത്തില്‍, ഭരണത്തിലെത്തുന്നതുനു മുമ്പും ശേഷമുളളതുമായ പ്രഖ്യാപനങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് അന്നഹ്ദ മനസ്സിലാക്കുന്നു. അതിനാല്‍, നിയമ പ്രഫസര്‍ ഖൈസ് സൈഈദ് ഖര്‍താജ് കൊട്ടാരത്തില്‍ പ്രസിഡന്റ് പദവി വഹിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ വൈദേശികവും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധവും കൂടുതല്‍ വിവേകപൂര്‍ണമാകുമെന്ന് അന്നഹ്ദ തിരിച്ചറിയുന്നു. അതോടൊപ്പം, സ്വയംഭരത്തിലെ വികേന്ദ്രീകരണത്തെ സംബന്ധിച്ചും, പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഖൈസ് സഈദിന്റെ അധികാര കേന്ദ്രീകരണത്തില്‍ നിന്ന് വ്യതസ്തമായി ജനകീയ പങ്കാളിത്തത്തോടുകൂടിയ ഭരണത്തെ വിപുലപ്പെടുത്തുന്നത് എങ്ങനെയാണെന്ന് അന്നഹ്ദ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്‌

Related Articles