Current Date

Search
Close this search box.
Search
Close this search box.

മേഘാലയ എന്തുകൊണ്ടാണ് ബി.ജെ.പിയെ അടുപ്പിക്കാത്തത് ?

അങ്ങിനെ മേഘാലയയില്‍ വീണ്ടും സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. വ്യാഴാഴ്ച വൈകുന്നേരത്തോടെ രാജ്യത്തെ മലയോര മേഖലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, 60-ല്‍ 26 നിയമസഭാംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്.

ബി.ജെ.പിയുടെ ഈ മേഖലയിലെ മുഖ്യ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ ഒരു സ്വയം അഭിനന്ദന സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. വിനയാന്വിതമായ വിധിയെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ അദ്ദേഹം വിശേഷിപ്പിച്ച അദ്ദേഹം ‘കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ഞങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുകയും ഞങ്ങളുടെ വോട്ട് വിഹിതം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

സത്യത്തില്‍, മേഘാലയില്‍ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടില്ല. അവരുടെ വോട്ട് വിഹിതം യഥാര്‍ത്ഥത്തില്‍ കുറയുകയാണുണ്ടായത്. 2018ല്‍ 47 സീറ്റില്‍ മാത്രം മത്സരിച്ച പാര്‍ട്ടി ആകെ വോട്ടിന്റെ 9.6% നേടി. ഇത്തവണ 60 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, എന്നിട്ടും 9.33% വോട്ട് മാത്രമാണ് നേടിയത്. സീറ്റുകള്‍ വെച്ച് നോക്കുമ്പോള്‍ അവര്‍ രണ്ട് തവണ വിജയിച്ചു. കഴിഞ്ഞ തവണത്തെ പോലെ തന്നെ.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മേഘാലയയില്‍ തിരഞ്ഞെടുപ്പില്‍ കാലുറപ്പിക്കാനും അത് വികസിപ്പിക്കാന്‍ കുങ്കുമ പാര്‍ട്ടി പാടുപെടുകയാണ്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ പാര്‍ട്ടിയുടെ നിരവധി തലതൊട്ടപ്പന്മാര്‍ വ്യാപകമായി തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തിട്ടും നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടും ഒരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചില്ല.

ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പരിശോധിക്കാം…

ഹിന്ദുത്വയുടെ മാറാപ്പ്

ബി.ജെ.പിക്കെതിരെ നിലനില്‍ക്കുന്ന ‘ക്രിസ്ത്യന്‍ വിരുദ്ധ’ ചിത്രമാണ് മേഘാലയിലെ അതിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പ്രാദേശിക വികാരങ്ങള്‍ നിറവേറ്റുന്നതിനായി ബീഫ് ഉപഭോഗം പോലുള്ള നിരവധി വിഷയങ്ങളില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടും ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ബി.ജെ.പി തങ്ങളുടെ ‘ഹിന്ദുത്വ’ ടാഗ് ഉപേക്ഷിക്കാന്‍ പാടുപെടുകയാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്ത് സ്വാധീനമുള്ള നിരവധി സഭാ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ‘ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമത്തിലുള്ള പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാര്‍ട്ടിയെ പിന്നോട്ടടിപ്പിച്ച മറ്റൊരു കാര്യം അയല്‍ സംസ്ഥാനമായ ബിജെപി ഭരിക്കുന്ന അസമിലെ മതപരിവര്‍ത്തനത്തെക്കുറിച്ചും സംസ്ഥാനത്തെ ക്രൈസ്തവ പള്ളികളുടെ എണ്ണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ തേടിയുള്ള പോലീസിന്റെ കത്ത് പുറത്തുവന്നതാണ്.

അസം മുഖ്യമന്ത്രി ശര്‍മയുടെ ഉത്തരവനുസരിച്ച് കത്ത് പിന്‍വലിച്ചത് ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ മേഘാലയ യൂണിറ്റ് പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അധികം താമസിയാതെ, അസമിലെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പിന്തുണയുള്ള ഒരു സംഘടന മതം മാറിയ ആദിവാസികളെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോള്‍ പുതിയ പ്രശ്നമുണ്ടായി. ഇതെല്ലാം ബി.ജെ.പിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ മോസസ് ഖര്‍ബിതായ് പറയുന്നത്. കൂടാതെ, ബി.ജെ.പി പിന്തുണയ്ക്കുന്ന വലതുപക്ഷ സംഘടനകള്‍ രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ സമുദായത്തെ എങ്ങനെയാണ് പീഡിപ്പിക്കുന്നതെന്ന് മേഘാലയയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് നന്നായി അറിയാമെന്നും ഖര്‍ബിതായ് പറഞ്ഞു.

തിരക്കേറിയ രാഷ്ട്രീയ ഇടം

സംസ്ഥാനത്ത് ബി.ജെ.പി.യുടെ പാത കൂടുതല്‍ ദുഷ്‌കരമാക്കുന്നത് അവിടെയുള്ള നിരവധി പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യമാണ്, എല്ലാവര്‍ക്കും സ്വന്തമായി സ്ഥാപിതമായ വോട്ടര്‍മാരുടെ അടിത്തറയുമുണ്ട്. പ്രത്യേകിച്ചും, മേഘാലയയിലെ തിരഞ്ഞെടുപ്പിന്റെ മുഖ്യ കേന്ദ്രമായ ഖാസി കുന്നുകളില്‍, ഇവിടെ ശക്തമായ വംശീയ പാര്‍ട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന സജീവ മേഖലയാണ്.

പലപ്പോഴും ഷില്ലോങ്ങില്‍ ആരാണ് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നതടക്കം ഈ ചെറിയ പാര്‍ട്ടികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തവണ, ഈ ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് 19 സീറ്റുകള്‍ നേടി. ഖാസി ദേശീയതയുടെ കാരണം ഉയര്‍ത്തിപ്പിടിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്.

പുതുതായി രൂപീകരിച്ച വോയ്സ് ഓഫ് ദി പീപ്പിള്‍സ് പാര്‍ട്ടി, ‘ക്ലീന്‍ ഇലക്ഷനുകള്‍’ എന്ന തട്ടകത്തിലാണ് മാറ്റുരച്ചത്. മത്സരിച്ച 12 സീറ്റുകളില്‍ നാലെണ്ണം അവര്‍ സ്വന്തമാക്കി. പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രണ്ട് സീറ്റുകള്‍ വീതവും നേടി.

നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്ന് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാഗാലാന്‍ഡില്‍ നിന്ന് വ്യത്യസ്തമായി, അത്തരത്തില്‍ ശക്തമായ ഒരു പ്രാദേശിക പങ്കാളി ബി.ജെ.പിക്ക് മേഘാലയില്‍ ഇല്ലായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. നേരെമറിച്ച്, മേഘാലയയിലെ പാര്‍ട്ടി, ഗോത്രവര്‍ഗേതര ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇത് ആദിവാസി ഭൂരിപക്ഷത്തിനിടയില്‍ ബി.ജെ.പിയെ കൂടുതല്‍ ആകര്‍ഷകമാക്കി.

പ്രാദേശിക സ്വാധീനമില്ല

സംസ്ഥാനത്ത് ശക്തരായ മുഖങ്ങളുടെ അഭാവവും പാര്‍ട്ടിക്ക് വലിയ തടസ്സമാണെന്ന് ചിലര്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളായ അലക്‌സാണ്ടര്‍ ലാലു ഹെക്, സാന്‍ബോര്‍ ഷുല്ലായി എന്നിവരെ കൂടാതെ(ഇരുവരും തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തി) പാര്‍ട്ടിക്ക് കാര്യമായ മൂല്യമുള്ള മറ്റ് നേതാക്കളൊന്നുമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള സംസ്ഥാനത്ത് ഇത് വലിയ തടസ്സമാണെന്ന് സംസ്ഥാന രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ പറയുന്നു. സംഘടനാപരമായും മേഘാലയയില്‍ പാര്‍ട്ടി ശക്തമല്ല. ചില നിയോജക മണ്ഡലങ്ങളിലൊഴികെ അവര്‍ക്ക് സുസംഘടിതമായ പാര്‍ട്ടി ഘടന പോലുമില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അവലംബം: ദി സ്‌ക്രോള്‍

Related Articles