Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ എന്തുകൊണ്ട് ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ധാരാളം സ്‌കൂളുകളില്‍ ജോലി ചെയ്യുകയും ഓരോ മാസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്തായിരുന്നു ഇന്ത്യയെന്നും ഇപ്പോള്‍ ഇന്ത്യ എന്താണെന്നും താരതമ്യം ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ എത്രത്തോളം അവബോധമുണ്ടെന്നും എന്റെ പഠനകാലത്ത് ഇക്കാര്യത്തിലുണ്ടായിരുന്ന ബോധവും ഞാന്‍ താരതമ്യം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണെന്ന് പരിശോധിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നമ്മള്‍ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടോ ? നമ്മുടെ കൗമാരപ്രായക്കാര്‍ക്ക് രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉണ്ടോ?

പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ ആകാനുള്ള എന്റെ താല്‍പര്യം ഒരിക്കലും ഒരു രാഷ്ട്രീയ തീരുമാനമായിരുന്നില്ല. ഞാന്‍ പഠിക്കുന്ന സമയത്ത് ടീച്ചര്‍ ക്ലാസില്‍ വരും ഞങ്ങളോട് പുസ്തകം തുറക്കാന്‍ ആവശ്യപ്പെടും എന്നിട്ട് ഭരണകൂടത്തിന്റെ വിവിധ ശാഖകളെക്കുറിച്ചും ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളെക്കുറിച്ചും ലോക്‌സഭ,രാജ്യസഭ എന്നിവയുടെ വ്യത്യാസങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ പഠിപ്പിക്കും. ഞാന്‍ ക്ലാസില്‍ ജാഗ്രതയോടെ ശ്രദ്ധിച്ചിരിക്കുമായിരുന്നു.

എനിക്ക് രാഷ്ട്രമീമാംസയോട് താല്‍പര്യമുണ്ടാക്കിയെടുത്തത് എന്റെ അധ്യാപികയായ രഗുബീര്‍ ആണ്. രഗുബീര്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്നതിനിടെ വാള്‍ട്ടര്‍ സ്‌കോട്,വി.എസ് നായ്‌പോള്‍,ടാഗോര്‍,ഷേക്‌സ്പിയര്‍ എന്നിവരെ ആ സന്ദര്‍ഭങ്ങളിലെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്താറുണ്ടായിരുന്നു. അവര്‍ ഇംഗ്ലീഷ് സാഹിത്യം ഞങ്ങള്‍ക്ക് ലോകത്തെ കാണാനുള്ള ഒരു വാതിലാക്കി തന്നു.

എല്ലാ ദിവസവും മിനിമം രണ്ട് ന്യൂസ്‌പേപ്പറുകള്‍ വായിക്കണമെന്നും രാത്രിയില്‍ ടി.വി വാര്‍ത്ത കാണണമെന്നും നിര്‍ദേശിച്ചു. ദൂരദര്‍ശന്റെ പാദസേവയെ അവര്‍ വിമര്‍ശിക്കുമായിരുന്നു. വാര്‍ത്തയെ വിമര്‍ശനാത്മകമായി കാണാന്‍ അവര്‍ ഞങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഞങ്ങള്‍ ക്ലാസില്‍ പരസ്പരം ചൂടേറിയ സംവാദങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അത് ആക്രമത്തിലേക്കൊന്നും പോകാറില്ല. പരസ്പരം വെറുക്കാത്ത തരത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ അവര്‍ നമ്മെ പഠിപ്പിച്ചു.

അന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളില്‍ അധിക പേരും തങ്ങളുടെ പിതാക്കളുടെ സ്വത്തിന്റെ മഹത്വം കാണിക്കാന്‍ വേണ്ടി സ്‌കൂളില്‍ ഷോ കാണിക്കുമായിരുന്നു. എന്റെ സ്‌കൂളിലുമുണ്ടായിരുന്നു അത്തരം ആളുകള്‍. മതത്തിന്റെ പേരില്‍ സഹിഷ്ണുതകള്‍ ആ കാലത്ത് നിലനിന്നിരുന്നു.

ഒരു ദിവസമാണ് എല്ലാം മാറിമറിഞ്ഞത്. 1985ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാബരി മസ്ജിദ് തുറക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഞാന്‍ രഗുബീര്‍ ടീച്ചറോട് ചോദിച്ചു. അപ്പോള്‍ അവര്‍ അസാധാരണമായി മൗനമവലംബിച്ചു. അവസാനം അവര്‍ മാക്‌ബെത്തിലെ ഒരു ഖണ്ഡികയിലൂടെ എനിക്ക് മറുപടി നല്‍കി. ‘അന്തരീക്ഷത്തില്‍ ഞാന്‍ വിലാപങ്ങള്‍ കേട്ടു. മരണത്തിന്റെ വിചിത്രമായ ആര്‍പ്പുവിളികള്‍ കേട്ടു. ഒരു ദാരുണ സംഭവത്തിന്റെ മുന്നറിയിപ്പ് നല്‍കി. കഠിനമായ ജ്വലനം,ആശയക്കുഴപ്പമുള്ള സംഭവങ്ങള്‍. ദുഷിച്ച സമയത്തിനുള്ള അട വയ്ക്കലാണത്’ ഇതായിരുന്നു അന്ന് ടീച്ചര്‍ നല്‍കിയ മറുപടി. അതിനു ശേഷം അവര്‍ പറഞ്ഞതിനെക്കുറിച്ച് എനിക്ക് വലിയ നിശ്ചയമില്ലായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ അറിയാം. ഏഴു വര്‍ഷത്തിനു ശേഷം 1992ല്‍ എല്‍.കെ അദ്വാനിയുടെ നിയമവിരുദ്ധമായ രഥയാത്രയെക്കുറിച്ചായിരുന്നു രഗുബീര്‍ അന്ന് എന്നോട് വിശദീകരിച്ചത്. അവരുടെ ദീര്‍ഘ വീക്ഷണമായിരുന്നു അത്.

നമ്മള്‍ മറ്റൊരാളെ മതത്തിന്റെ കണ്ണാടി വെച്ച് നോക്കുന്നതാണ് വര്‍ഗ്ഗീയത എന്നാണ് ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചത്. റിച്ചാര്‍ഡ് ആറ്റന്‍ബോറോയുടെ ഗാന്ധി എന്ന സിനിമ വര്‍ഷത്തില്‍ ഒരു തവണ കാണാന്‍ അവര്‍ നമ്മോട് നിര്‍ദേശിച്ചിരുന്നു. ആ സിനിമയില്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു രംഗം ടീച്ചര്‍ നമ്മോട് പറയാറുണ്ട്. ഒരു ഹിന്ദു യുവാവ് ഗാന്ധിജിയുടെ അടുത്തെത്തി താന്‍ ഒരു മുസ്‌ലിം കുട്ടിയെ കൊന്നെന്നും അതുമൂലം താന്‍ നരകത്തില്‍ പോകുമെന്നും പറഞ്ഞു. അപ്പോള്‍ ഗാന്ധിജി പറഞ്ഞു. നരകത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം ഞാന്‍ നിനക്ക് പറഞ്ഞു തരാം. അനാഥയായ ഒരു മുസ്‌ലിം കുട്ടിയെ ദത്തെടുക്കുക. എന്നിട്ട് നിന്റെ സ്വന്തം കുട്ടിയെ പോലെ വളര്‍ത്തുക. അവനെ ഒരു മുസ്‌ലിം ആയി തന്നെ വളര്‍ത്താന്‍ നീ ശ്രദ്ധിക്കണം. ഇത്തരത്തില്‍ എന്റെയുള്ളില്‍ ഒരു ലോകകാഴ്ച്ചപ്പാട് ഉണ്ടാക്കിയത് അവരാണ്. വര്‍ഷങള്‍ക്ക് മുന്‍പ് രഘുബീര്‍ നമ്മോട് വിട പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞു തന്ന പാഠങ്ങള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ പലതിലും ടീച്ചര്‍ക്ക് ഒരു പങ്കുണ്ട്. അതിനാല്‍ തന്നെ ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാനുള്ള ഏറ്റവും വലിയ ഒരു കാരണം ടീച്ചറാണ്.

Related Articles