Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലെ സ്ത്രീകൾക്ക് താലിബാൻ വാഗ്ദാനം ചെയ്യുന്നത്?

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ നാടകീയമായി പിടിച്ചെടുത്തത് മുതൽ #womensrights എന്ന് ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ അമേരിക്കയിൽ ട്രംപ്-ബൈഡൻ അധികാര കൈമാറ്റത്തെത്തുടർന്ന് വാഷിംഗ്ടണിലുണ്ടായ കലാപത്തെ അപേക്ഷിച്ച് ഈ അധികാരകൈമാറ്റം കുറച്ചുകൂടി സമാധാനപരമാണ്. അന്ന്, തലസ്ഥാനകെട്ടിടത്തിലേക്ക് കലാപകാരികൾ അതിക്രമിച്ച് കയറിയതിനെത്തുടർന്ന് അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭയചകിതരായ യു.എസ് കോൺഗ്രസ്സ് ഉദ്യോഗസ്ഥരെയും സ്ത്രീകളെയും ഉപരോധിച്ചുകൊണ്ടായിരുന്നു അന്ന് അതിക്രമങ്ങൾ അരങ്ങേറിയത്.

താലിബാന്റെ അതിശയകരമായ സൈനികവിജയത്തെത്തുടർന്ന് കാബൂളിൽ നിന്ന് പുറത്തുവന്ന ഏറ്റവും വലിയ തലക്കെട്ട്, തുടർന്ന് നടന്ന അസാധാരണമായ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. ഒരു ഫോൺ കോളിന്റെ മറുവശത്ത് ശബ്ദം മാത്രമായി മിക്കപത്രപ്രവർത്തകർക്കും അറിയാവുന്ന താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ മുഖം അന്ന് എല്ലാ മാധ്യമപ്രവർത്തകരും കണ്ടു. ആ പത്രസമ്മേളനത്തിൽ അവർ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു. സ്ത്രീകളെ ഇസ്ലാമിക നിമയത്തിന്റെ ചട്ടക്കൂടിനകത്ത് നിഷ്‌കർഷിക്കുന്ന എല്ലാവിധ ബഹുമാനവും പരിഗണനയും നൽകുമെന്ന് പ്രതിജ്ഞയെടുത്ത്‌കൊണ്ടായിരുന്നു ആ പത്രസമ്മേളനം അവസാനിപ്പിച്ചത്.

പാശ്ചാത്യമാധ്യമങ്ങളിൽ കുറച്ചുപേർക്കെങ്കിലും വക്താവിന്റെ വാക്കുകൾ കൃത്യമായി ബോധ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ പേരും ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ ആയ വാക്കുകളായിരുന്നില്ല വക്താവിൽ നിന്ന് ഉണ്ടായത്. അദ്ദേഹം മുന്നോട്ടുവെച്ച ആഖ്യാനത്തെ കൃത്യമായി പ്രചരിപ്പിക്കുന്നതിന് പകരം അതിനെ പൊളിക്കാനാവശ്യമായ കാര്യങ്ങൾക്കാണ് പിന്നീട് പലരും ശ്രദ്ധ കേന്ദ്രീകരിച്ചത്. അവർ താലിബാൻ വിരുദ്ധ ലൈൻ സ്വീകരിക്കുന്ന വ്യാഖ്യാതാക്കളെ കണ്ടെത്താൻ കച്ചകെട്ടിയിറങ്ങി. ടെലിവിഷൻ സ്റ്റുഡിയോകളിലെ ”വിദഗ്ധർ” കോവിഡ്-19 നെക്കുറിച്ചും പകർച്ചാവ്യാധിയെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്നതിൽ നിന്നും മാറി അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് താലിബാൻ വിജയം എന്താണ് സമ്മാനിക്കാൻ പോവുന്നതെന്നതിനെക്കുറിച്ച് വാതോരാതെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ തുടങ്ങി. ഖേദകരമെന്ന് പറയട്ടെ, പല വിശകലനങ്ങളും ഗുണനിലവാരമില്ലാത്തതും ആഴത്തിലുള്ള അറിവിന്റെ അഭാവം നിഴലിച്ച് കാണിക്കുന്നതുമായിരുന്നു.

താലിബാന് കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾ പൂർണമായും റദ്ദ് ചെയ്യപ്പെട്ടുകഴിഞ്ഞു. നിർബന്ധിത വിവാഹം, ബലാത്സംഗം, വിദ്യാഭ്യാസമില്ലാതെ പന്ത്രണ്ടാം വയസ്സിൽ ലൈംഗിക അടിമകളായി മാറേണ്ടിവരുന്ന പെൺകുട്ടികൾ ഇതൊക്കെയാണ് വ്യാപകമായി പ്രചരിക്കപ്പെട്ട ചില പ്രവചനങ്ങൾ. പലരും ഇപ്പോഴും വിശ്വസിക്കുന്നതും അങ്ങനെത്തന്നെയാണ്. അഫ്ഗാൻ താലിബാൻ പ്രസ്ഥാനത്തെ ദാഇഷ് ഭീകരരുടെ ക്രൂരകൃത്യങ്ങളുമായി കൂട്ടിച്ചേർത്ത് വായിച്ചത് കൊണ്ടാണ് ചിലരെങ്കിലും അങ്ങനെയൊരു ബോധത്തിലേക്കെത്തിയത്. ചിലപ്പോഴൊക്കെ, ബോധപൂർവ്വം അങ്ങനെ അവതരിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും, എങ്ങനെയാണ് കെട്ടിച്ചമച്ചുണ്ടാക്കുന്ന കഥകൾ കൊണ്ട് വസ്തുതകളെ നശിപ്പിക്കാൻ സാധിക്കുന്നത്. ദാഇഷിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ താലിബാൻ മുന്നോട്ട്‌വെക്കുന്ന മൂല്യങ്ങൾക്ക് അങ്ങേയറ്റം അപമാനകരമാണെന്ന് അവർക്ക് അറിയാം. അതിനാൽ തന്നെ, അഫ്ഗാനിൽ അവശേഷിക്കുന്ന ദാഇഷ് ഘടകങ്ങൾ പെട്ടെന്ന് തന്നെ നീക്കം ചെയ്യപ്പെടുമെന്നതിൽ എനിക്ക് സംശയമില്ല.

2001ൽ താലിബാനെ അട്ടിമറിച്ചതിന് ശേഷം ചില അഫ്ഗാൻ സ്ത്രീകളുടെ സ്ഥാനക്കയറ്റം അംഗീകരിക്കാതിരിക്കുന്നത് നീതികേട് ആകുമെങ്കിൽ പോലും, കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ അവരുടെ ജീവിതം പൊതുവെ വലിയ മാറ്റങ്ങളൊന്നുമില്ലാതെത്തന്നെ തുടരുകയായിരുന്നു. നഗരങ്ങൾക്ക് പുറത്ത് ജീവിക്കുന്ന പലരുടേയും ജീവിതം അങ്ങേയറ്റം കഠിനവും ദയനീയവുമായിരുന്നു. കുറച്ച് വനിതാ എം.പിമാരും എൻ.ജി.ഒ.കളും ചാരിറ്റികളും നടത്തുന്ന അഫ്ഗാൻ സ്ത്രീകളും ഡോക്ടർമാരും പത്രപ്രവർത്തകരും പ്രഭാഷകരുമൊക്കെയായ സ്ത്രീകളും ഉണ്ടായിരുന്നുവെന്നത് ശരി തന്നെയാണ്. എന്നാൽ മൊത്തത്തിൽ, അത് വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ്. ക്യാമറകൾക്ക് മുന്നിൽ വന്ന് സംസാരിക്കുന്ന വളരെ ചുരുക്കം എണ്ണം വരുന്ന വലിയൊരു പ്രിവിലേജ്ഡ് എലീറ്റ് വിഭാഗം മാത്രമാണത്. ക്യാമറകൾക്ക് പിറകിൽ ദുരിത ജീവിതം നയിക്കുന്ന സ്ത്രീകൾ ഒട്ടേറെയുണ്ടായിരുന്നു.

വിദ്യാഭ്യാസം ഒരു സ്ത്രീയുടെ അവകാശമാണെന്നും അത് ഉറപ്പ വരുത്തുമെന്നും പ്രസ്ഥാനം ആവർത്തിച്ച് പറഞ്ഞിട്ടും, താലിബാന് കീഴിൽ പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടുമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഫെമിനിസ്റ്റുകൾ ഉൾപ്പെടെ സ്ത്രീകളിൽ പലരും യു.എസ് അധിനിവേശത്തോടൊപ്പം നിൽക്കാനുള്ള തീരുമാനമെടുക്കുന്നത് ഫെമിനിസത്തിന് തന്നെ ഒരു പ്രഹരമാണെന്നാണ് എനിക്ക് തോന്നുന്നത്. അക്രമാസക്തമായ ഈ ഇരുപത് വർഷത്തിനിടയിൽ, അസംഖ്യം അഫ്ഗാൻ പുരുഷന്മാർ പീഡിപ്പിക്കപ്പെടുകയും കാണാതാവുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്തിരുന്നു. അവരെല്ലാം അധിനിവേശ ശക്തികളുടെ പ്രവർത്തനങ്ങൾ ക്ഷമിക്കുകയോ മറക്കുകയോ ചെയ്യാത്ത അസ്വസ്ഥരായ സ്ത്രീകളുടെ പുത്രന്മാരും പിതാക്കളും ഭർത്താക്കന്മാരുമൊക്കെയായിരുന്നു.

അഫ്ഗാൻ സ്ത്രീകളെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ച് യുറോപ്പിലെയും നോർത്ത് അമേരിക്കയിലെയും സർക്കാറുകളിൽ നിന്നുള്ള എല്ലാ മുതലക്കണ്ണീരിനോടും പ്രതികരിച്ച്‌കൊണ്ട് ഞാൻ ഇത് പറയാൻ താത്പര്യപ്പെടുകയാണ്. ” തങ്ങളുടെ രാജ്യത്തെ പുനർനിർമിക്കാൻ ആഗ്രഹിക്കുന്നവർ കാബൂളിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ കയറാതെ തങ്ങളുടെ രാജ്യത്ത് തന്നെ താമസിക്കട്ടെ.”

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെല്ലാം താലിബാന് എതിരാണെന്ന് പൊതുവെ ഒരു അനുമാനമുണ്ട്. പുരുഷന്മാർ മാത്രമാണ് പ്രസ്ഥാനത്തെ പിന്തുണക്കുന്നതെന്നാണ് പലരും ധരിക്കുന്നത്. എന്നാൽ ഈ വീക്ഷണം തികച്ചും തെറ്റാണ്. പാശ്ചാത്യർ തങ്ങളുടെ രാജ്യത്ത് അടിച്ചേൽപ്പിച്ച അഴിമതി സർക്കാരിനെ താലിബാൻ അട്ടിമറിച്ചതിൽ സന്തോഷിക്കുന്ന സ്ത്രീകൾ അവിടെ ധാരാളമുണ്ട്. എന്നാൽ നമ്മിൽ പലർക്കും അത് മനസ്സിലാകണമെന്നില്ല, പക്ഷെ, ഞങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യഥാർഥത്തിൽ ഇനിമുതൽ പ്രസക്തമല്ലെന്നതാണ് കാര്യം.

1996ൽ അമേരിക്ക താലിബാനിൽ നിന്നുള്ള പിന്തുണ പിൻവലിച്ചതുമുതൽ ഇസ്ലാമോഫോബിയ വ്യാപിപ്പിക്കുന്നതിനുള്ള പൈശാചികപ്രക്രിയ അമേരിക്ക ആരംഭിച്ചിരുന്നു. വാഷിംഗ്ടണിലെ ഡോക്ടർമാരുടെ സഹായത്തോടെ താലിബാൻ പ്രാകൃത കാട്ടാളന്മാരും സ്ത്രീവിരുദ്ധരും പീഡോഫീലുകളും ആയി ചിത്രീകരിക്കപ്പെട്ടു. അവരിൽ നിന്നും സംരക്ഷക കവചം തീർക്കുന്ന വെളുത്ത രക്ഷകന്മാരെ നിർമിച്ചെടുക്കാൻ ഇരകൾ അത്യാവശ്യമായിരുന്നു, അങ്ങനെ അഫ്ഗാനിലെ സ്ത്രീകൾ ഇരകളാക്കപ്പെട്ടു. എന്നെപ്പോലുള്ള പാശ്ചാത്യ ഫെമിനിസ്റ്റുകളെ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നു. വിഷലിപ്തമായ ആഖ്യാനങ്ങളിൽ ഒരു വേള ഞാൻ വീണു പോയി. അത്ഭുതമെന്തെന്നാൽ, ഒരു ദൗത്യത്തിനിടെ താലിബാൻ എന്നെ പിടികൂടി എന്ന വാർത്ത പുറത്തുവന്നതിന് ശേഷം എന്റെ സഹപ്രവർത്തകർ മരണവാർത്ത തയ്യാറാക്കുകയായിരുന്നു. എന്നാൽ, വസ്തുത എന്തെന്നാൽ 2001 സെപ്തംബറിൽ തടങ്കലിൽ നിന്നും ഞാൻ രക്ഷപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ, ഞാനത് ചെയ്തു. മാനുഷികമായ എല്ലാ പരിഗണനകളും വകവെച്ചുനൽകി എന്നെ മോചിപ്പിക്കുകയും എന്റെ അനുഭവങ്ങൾ പ്രതിഫലിപ്പിക്കാൻ സമയം നൽകുകയും ചെയ്തപ്പോഴാണ് ഈ പ്രസ്ഥാനത്തെ പാശ്ചാത്യർ ക്രൂരരും ദുഷ്ട രാക്ഷസന്മാരുമായ ഒരു കൂട്ടമായി തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടത്.

ലണ്ടനിൽ തിരിച്ചുവന്ന് ഞാൻ എന്റെ കുറച്ച് സഹപ്രവർത്തകരെയും ഫെമിനിസ്റ്റുകളെയും കൂടെകൂട്ടി ഈ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും എന്റെ വാദങ്ങളൊക്കെ നിരസിക്കപ്പെടുകയായിരുന്നു. സത്യസന്ധമായ അനുഭവങ്ങളെയൊക്കെ നിരാകരിച്ച് നുണകളുടെ ഒരു കൂട്ടത്തിൽ ഇപ്പോഴും അവർ വിശ്വസിക്കുകയാണ്. ഒരു കൂട്ടം നുണകളുടെ മേൽ കെട്ടിപ്പൊക്കിയ വീക്ഷണങ്ങളെ നിരുപാധികം അംഗീകരിക്കുന്നതോടെ യു.എസ്-നാറ്റോ സഖ്യകക്ഷികളെ പൂർണമായും പിന്തുണക്കുകയും സിവിലിയന്മാർക്കെതിരായ ഡ്രോൺ അക്രമണങ്ങൾക്കും കാബൂളിലെ അഴിമതി സർക്കാരിനെയും അവർ അംഗീകരിക്കുകുയാണ് ചെയ്യുന്നത്.

താലിബാൻ നേതാക്കൾ അവരുടെ വാക്ക് പാലിച്ച് സ്ത്രീകളെ ബിരുദ തലത്തിലും അതിനുമുകളിലും വിദ്യാഭ്യാസം നേടാൻ അനുവദിക്കുകയും അതിന് ശേഷം അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ അവസരം സൃഷ്ടിക്കുകയും ചെയ്യും എന്നത് കാലം കാണിച്ചുതരാൻ പോകുന്ന കാര്യമാണ്. അവർ അവരുടെ വാക്ക് പാലിച്ചില്ലെങ്കിൽ അവരുടെ രാജ്യത്തിന്റെ ഭാവിക്കായി താമസിക്കാനും തൊഴിൽ ചെയ്യാനും തീരുമാനിച്ച സ്ത്രീകൾ അവരോട് ഒരിക്കലും പൊറുക്കില്ല. താലിബാനെ അതിന്റെ പാശ്ചാത്യ എതിരാളികൾ വ്യവസ്ഥാപിതമായി ഭരിക്കാൻ അനുവദിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇത് സംഭവിക്കുക. 2006ൽ സ്വതന്ത്രവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഹമാസിന് അധിനിവേശ ഫലസ്തീനിൽ സർക്കാർ ഭരണം നടത്തുന്നത് അസാധ്യമായത് എങ്ങനെയാണെന്നത് ഞങ്ങൾ കണ്ടതാണ്. താലിബാൻ വിരുദ്ധ ഉപരോധത്തിനുള്ള ആഹ്വാനം ഈ ആഴ്ച ഇതിനകം കേട്ടിട്ടുണ്ട്. താലിബാന് കാര്യക്ഷമമായി ഭരിക്കാൻ കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. അവർ സ്വയം അതിന് എല്ലാവിധ ശ്രമങ്ങളും നടത്തുമെങ്കിലും പാശ്ചാത്യർ അതിന് അനുവദിക്കില്ല എന്നതാണ് വസ്തുത.

നമ്മൾ കണ്ടതുപോലെ, പ്രസ്ഥാനത്തിനെതിരായ ഒരു പ്രധാന എതിർപ്പ് സ്ത്രീകളുടെ അവകാശങ്ങളെയും പദവികളെയും ചുറ്റിപ്പറ്റിയാണ്. യു.എസും സഖ്യക്ഷികളും മുന്നോട്ടുവെച്ച തുടർച്ചയായ സർക്കാരുകളുടെ കീഴിൽ എല്ലാം മുകളിലേക്കുള്ള പാതയിലായിരുന്നു എന്നാണ് വാദം. എന്നാൽ അശ്‌റഫ് ഗനിയുടെ സർക്കാർ സ്ത്രീകൾക്ക് അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യം സംബന്ധിച്ച യാഥ്യാർത്ഥ്യം എന്താണ്? സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം, 84 ശതമാനം അഫ്ഗാൻ സ്ത്രീകളും നിരക്ഷരരാണ്. രണ്ട് ശതമാനം സ്ത്രീകൾക്ക് മാത്രമേ ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത്. പാശ്ചാത്യ രാഷ്ട്രീയക്കാർ 20 വർഷത്തെ അധിനിവേശത്തെയും യുദ്ധത്തെയും ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ അഫ്ഗാൻ സ്ത്രീകൾ, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൽ നേടിയ വലിയ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നത് നുണകൾ മാത്രമാണ്.

അഫ്ഗാൻ ഇൻഡിപെൻഡന്റ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ (എഐ.എച്ച്.ആർ.സി) അനുസരിച്ച് പ്രതിവർഷം മുവ്വായിരത്തോളം അഫ്ഗാൻ പൗരന്മാർ ആത്മഹത്യക്ക് ശ്രമിക്കുന്നു. അത്തരമൊരു പ്രശ്‌നം നിലവിലുണ്ടെന്ന് പല കുടുംബങ്ങളും സമ്മതിക്കാൻ ആഗ്രഹിക്കാത്തതിനാൽ ആ കണക്ക് പൂർണ്ണമല്ല. ആഗോളതലത്തിൽ, സ്ത്രീ ആത്മഹത്യകളേക്കാൾ നിരക്ക് കൂടുതൽ പുരുഷ ആത്മഹത്യയാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ അങ്ങനെയല്ല, അവിടെ 80 ശതമാനം ആത്മഹത്യാ ശ്രമങ്ങളും സ്ത്രീകളാണ് നടത്തുന്നത്. രാജ്യത്തുടനീളമുള്ള കേസുകളിൽ പകുതിയിലധികവും ഹെറാത്ത് പ്രവിശ്യയിലാണ്. സ്ഥിതിവിവരക്കണക്കുകൾ ഭയാനകമായ പല സത്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാൻ കൂടുതൽ അസ്ഥിരമാകുന്ന സമയത്ത്, ഏകദേശം 10 ദശലക്ഷം കുട്ടികൾ സ്ഥിരമായി സ്‌കൂൾ ഹാജർ നഷ്ടപ്പെടുന്നവരായിരുന്നു. 3.7 ദശലക്ഷം പേർക്ക് വിദ്യാഭ്യാസം തന്നെ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഏത് മാധ്യമപ്രവർത്തകനും എളുപ്പത്തിൽ പരിശോധിച്ച് കണ്ടെത്താവുന്ന വസ്തുതകളാണിവ. ഇരുപത് വർഷത്തെ രാഷ്ട്രനിർമ്മാണവും വിദ്യാഭ്യാസവിതരണവുമെല്ലാം വലിയതോതിൽ പരാജയമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് വിജയമാണെന്ന് പറയുന്നതി് തെരെഞ്ഞെടുക്കപ്പെട്ട അൽപം ചിലരുടെ കാര്യം മാത്രം പരിഗണിച്ച്‌കൊണ്ടാണ്. സിംബാവെയുടെ അന്തരിച്ച റോബർട്ട് മുഗാബെയെപ്പോലെ (പടിഞ്ഞാറ് അപമാനിച്ച മറ്റൊരു വ്യക്തി) ഒരാൾക്ക് വിദ്യാഭ്യാസത്തിൽ വൻതോതിൽ നിക്ഷേപം നടത്തി ആഫ്രിക്കയിലെ സ്ത്രീകൾക്ക് ഉയർന്ന സാക്ഷരതാ നിരക്ക് നേടിക്കൊടുക്കാൻ കഴിയുമെങ്കിൽ അഫ്ഗാനിൽ അത്തരത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ലോകബാങ്കിന്റെ കണക്കനുസരിച്ച് മുഗാബെ അധികാരത്തിലെത്തി രണ്ട് പതിറ്റാണ്ടിനുള്ളിൽ, സിംബാവെയിലെ മുതിർന്ന ജനസംഖ്യയുടെ 89 ശതമാനം സാക്ഷരരായിരുന്നു. അതൊരു വിജയകഥയായിരുന്നു. അത്തരത്തിൽ താരതമ്യം ചെയ്യുമ്പോൾ അഫ്ഗാനിസ്ഥാനിലെ സാക്ഷരതാ പരിപാടികൾ വലിയ ദുരന്തമാണ്.

വാസ്തവത്തിൽ, യു.എസും നാറ്റോ സഖ്യകക്ഷികളും ഒരുക്കിക്കൊടുത്ത അവസരങ്ങൾ പ്രയോജനപ്പെടുത്തി സമ്പന്നരായത് ചെറിയൊരുവിഭാഗം അഫ്ഗാനികൾ മാത്രമാണ്. അതാണ് യു.എസ് വലിയ വിജയഗാഥയായി അവതരിപ്പിക്കുന്നത്. വെറുതെയല്ല, അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ സർക്കാരായി അധിക്ഷേപിക്കപ്പെടുന്നത്. കഴിഞ്ഞ വാരാന്ത്യം വരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും അതിശയകരമായ പുരോഗതി കൊണ്ടുവന്നുവെന്ന മിഥ്യകൾ പ്രചരിപ്പിച്ച് നിയോലിബറലുകൾ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.

കൊലപാതകം, ആക്രമണം, കൂട്ടബലാത്സംഗം എന്നിവയുൾപ്പെടെയുള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് നവലിബറലുകൾ ബോധപൂർവ്വം മിണ്ടാതിരിക്കുന്നു. അവയല്ലാം താലിബാനിലേക്ക് ചേർത്തുവെക്കപ്പെട്ട കുറ്റകൃത്യങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ ഗാർഹിക പീഡനങ്ങൾ വ്യാപകമാണ്. പക്ഷെ, അതൊന്നും വാർത്തകളിൽ ഇടം പിടിക്കുന്നില്ല. ഉദാഹരണത്തിന് ലാൽ ബീബിയുടെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് നമ്മളിൽ എത്ര പേർക്ക് അറിയാം? പതിനേഴുകാരിയായ പെൺകുട്ടിയെ അമ്മായിയപ്പനും ഭർത്താവും ചേർന്ന് മർദ്ദിക്കുകയും പീഢിപ്പിക്കുകയും കത്തിക്കുകയും ചെയ്യുകയുണ്ടായി. പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തപ്പോൾ പോലും, പ്രാദേശിക യുദ്ധപ്രഭുക്കന്മാർ അവരുടെ മോചനം ഉറപ്പിക്കുകയും താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തു. പ്രസ്ഥാനത്തിന് ഇപ്പോൾ ലാൽ ബീബിക്ക് നീതി ലഭ്യമാക്കാൻ അവസരമുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ അത് ചെയ്യണം.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള കോടതിയുടെ സ്ഥിതി വളരെ പരിതാപകരമാണ് എന്നതാണ് സത്യം. യു.എസ്, ബ്രിട്ടീഷ്, നാറ്റോ അധിനിവേശം നേടിയതിന്റെ അഭിമാനമായി എടുത്ത് പറയുന്ന വിദ്യാഭ്യാസ സമ്പ്രദായം തകർച്ചയിലാണ്, സാക്ഷരതാ നിരക്കുകൾ അങ്ങേയറ്റം കുറവാണ്.

അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന് ഇന്ധനം പകരാൻ അമേരിക്ക 2 ട്രില്യൺ ഡോളർ ചെലവഴിച്ചു, എന്നാൽ കാബൂളിലെ താലിബാന്റെ വരവിന് മുമ്പായി അതെല്ലാം ഉരുകിപ്പോയി. 300,000 ശക്തമായ അഫ്ഗാൻ നാഷണൽ ആർമിയും പോലീസ് സേനയും സ്ഥാപിക്കുന്നതിനും ആയുധരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഏകദേശം 90 ബില്യൺ ഡോളർ ചെലവഴിക്കുകുയുണ്ടായി. യു.എസ് മിലിട്ടറി, സ്വകാര്യ സെക്യൂരിറ്റി കോൺട്രാക്ടർമാർ, ആയുധ നിർമ്മാതാക്കൾ എന്നിവരുടെ മേൽ കോടിക്കണക്കിന് പണം വേറെയും എറിഞ്ഞു. എല്ലാം പരാജയമായിരുന്നു. എന്തുകൊണ്ടാണ് ഈ വലിയ തുകകൾ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാതിരുന്നത്? അതാണ് വാസ്തവത്തിൽ രാഷ്ട്രനിർമ്മാണം. 2001ൽ ജോർജ് ഡബ്ല്യൂ ബുഷിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. ബുഷ് 9/11 ന്റെ പ്രതികാരം ചെയ്യാൻ കാത്തുനിൽക്കുകയായിരുന്നു. താലിബാന് അതുമായി പ്രത്യേകിച്ച് ബന്ധമൊന്നുമുണ്ടായിരുന്നില്ല, എന്നിരുന്നാലും യു.എസിന്റെ സൈനിക കളിസ്ഥലം പോലെ അഫ്ഗാനിസ്ഥാനെ കൈകാര്യം ചെയ്യുകയായിരുന്നു. അതിന്റെ ഫലമായി അഫ്ഗാനിലെ ജനങ്ങൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു.

സമാധാനം, സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് താലിബാൻ നേതാക്കൾ സംസാരിക്കുന്നത് തീർച്ചയായും നവോന്മേഷം പകരുന്നതാണ്. വാക്കുകൾ അവർ പ്രാവർത്തികമാക്കണം. രണ്ട് പതിറ്റാണ്ടുകളായി അവരുടെ ഭൂമി കൈവശപ്പെടുത്തിയവർക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുകൊടുക്കണം. വിദേശ കൊളോണിയൽ ഇടപെടൽ, ക്രിമിനൽ യുദ്ധപ്രഭുക്കളുടെ അക്രമം, ക്ഷാമം, ആഭ്യന്തരയുദ്ധങ്ങൾ, 1990കളിലെ താലിബാൻ, 2001 മുതൽ യു.എസ് സൈന്യവും അവരുടെ അഴിമതിക്കാരായ പ്രാദേശിക പ്രതിനിധികളും നടത്തുന്ന നെറികെട്ട ഭരണം ഇവയെല്ലാം കൂടി അഫ്ഗാനികൾ പതിറ്റാണ്ടുകളായി കഷ്ടപ്പെടുകയാണ്.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ തങ്ങളെ ഇപ്പോൾ ഇരുണ്ട മധ്യകാലത്തെ അജ്ഞതയുടെ അവസ്ഥയിലേക്ക് താലിബാൻ കൊണ്ടുപോകുമെന്ന് വിശ്വസിക്കുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. ബുഷിനും കമ്യൂണിസത്തിനും കീഴിൽ അവർ അനേകം യുദ്ധങ്ങളിലും അഭയാർഥി ക്യാമ്പുകളിലുമായി സങ്കൽപ്പിക്കാനാവാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു. താലിബാൻ സ്ത്രീവിരുദ്ധമാണ്, പക്ഷെ, അവർ ഇപ്പോൾ അഫ്ഗാനിലെ ജനങ്ങൾക്ക് പൊതുവിലും സ്ത്രികൾക്ക് വിശേഷിച്ചും സമാധാനവും സ്ഥിരതയും പ്രതീക്ഷയും വാഗ്ദാനം ചെയ്യുന്നു. ഇവയെല്ലാം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇല്ലാത്തതാണ്. ജോൺ ലെനൻ ഒരിക്കൽ പാടിയതുപോലെ സമാധാനത്തിന് ഒരു അവസരം നൽകുക, അഫ്ഗാനിലെ ജനങ്ങൾ മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles