Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌വാന്‍ വിരുദ്ധ യുദ്ധം വിജയിക്കുമോ ?

ഇഖ് വാനുൽ മുസ്ലിമൂൻ എന്ന സംഘടനക്ക് 94 വയസ്സ് തികഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതോടനുബന്ധിച്ച് ഒരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടിരുന്നു ഇസ്തംബൂളിൽ. 1928 – ൽ ശഹീദ് ഹസനുൽ ബന്നയാണ് സംഘടനക്ക് ബീജാവാപം നൽകുന്നത്. സംഘടന അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരവും സങ്കീർണ്ണവുമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഈ പിറവിയാഘോഷം. ഒരു ഭാഗത്ത് ഒരു കൂട്ടം അറബ് രാഷ്ട്രങ്ങൾ സംഘടനയോട് സ്വീകരിക്കുന്ന കടുത്ത നിലപാടുകളിൽ ഒരയവും ഉണ്ടാകുന്നില്ല. മറുവശത്ത് ഇഖ് വാൻ നേതൃത്വത്തിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നതകൾ സംഘടനാ ഭദ്രതയെ തകർക്കാൻ പോരുന്ന വിധം ഭീഷണ രൂപം പ്രാപിച്ചു നിൽക്കുന്നു.

മുൻ ദശകങ്ങളിലൊക്കെ പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുകയായിരുന്നു സംഘടന. രൂപീകരിക്കപ്പെട്ട കാലം മുതൽ ഇഖ്‌വാനെതിരെയുള്ള പ്രതിയോഗികളുടെ നീക്കങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. പക്ഷെ കഴിഞ്ഞ ദശകത്തിൽ, കൃത്യമായി പറഞ്ഞാൽ അറബ് വസന്ത വിപ്ലവങ്ങൾക്ക് ശേഷം ഇഖ് വാനെതിരെ ശത്രുക്കളുടെ അസാധാരണമായ നീക്കങ്ങളാണ് നമുക്ക് കാണാൻ കഴിയുക. ശതവാർഷികത്തിന് ആറ് വർഷം മാത്രം ശേഷിക്കെ , അതിലേക്കെത്തുന്നതിന് മുമ്പ് സംഘടനയെ ഉന്മൂലനം ചെയ്തേ അടങ്ങൂ എന്ന വാശിയിലാണ് ശത്രുക്കൾ. ലക്ഷ്യം നേടുന്നതിൽ ഈ അറബ് രാജ്യങ്ങൾ വിജയിക്കുമോ?

ഈ രാഷ്ടീയ ശത്രുതക്ക് എന്താണ് കാരണമെന്ന് ചോദിച്ചാൽ, ഇഖ് വാൻ ഉയർത്തിപ്പിടിക്കുന്ന ചില നിലപാടുകളും തത്ത്വങ്ങളും എന്നാണ് ഉത്തരം. അറബ് ഭരണകൂടങ്ങളുടെയും സയണിസ്റ്റ് ലോബികളുടെയും ശതുത ക്ഷണിച്ച് വരുത്തുന്നത് ആ തത്ത്വാധിഷ്ഠിത നിലപാടുകളാണ്. സംഘടനാ സ്ഥാപകൻ ഹസനുൽ ബന്ന ഉയർത്തിപ്പിടിച്ച ആ തത്ത്വങ്ങൾ വിട്ടുകളിച്ചാൽ സംഘടന ഉണ്ടാക്കിയതിന്റെ ന്യായം തന്നെ നഷ്ടമാവും. സംഘടന തകരുകയായിരിക്കും അതിന്റെ ഫലം.

അറബ് വസന്താനന്തരം അറബ് ഭരണകൂടങ്ങൾ ഇഖ്‌വാനോട് സ്വീകരിച്ച നിലപാടിലേക്ക് വരുന്നതിന് മുമ്പ്, മുൻകാലങ്ങളിൽ അവരുടെ സമീപനമെന്തായിരുന്നുവെന്ന് നോക്കാം. ഓരോ രാഷ്ട്രത്തിനും വ്യത്യസ്ത നിലപാടുകളായിരുന്നു ഈ സംഘടനയോട്. ഈജിപ്തിലെ അബ്ദുന്നാസ്വിറും സിറിയയിലെ ഹാഫിസുൽ അസദും തുനീഷ്യയിലെ ബിൻ അലിയും ലിബിയയിലെ ഖദ്ദാഫിയും ആ സംഘടനയെ അടിച്ചമർത്തുകയായിരുന്നു. പൊതുവിൽ ഗൾഫ് രാഷ്ട്രങ്ങൾക്ക് നിഷ്പക്ഷ നിലപാടായിരുന്നു. ജോർദാനും മൊറോക്കോയും ഇഖ്‌വാനെ രാഷ്ടീയ മണ്ഡലത്തിലേക്ക് ഉൾച്ചേർക്കാൻ തയ്യാറായി. പിന്നീട് സഊദിയും അൻവർ സാദാത്തിന്റെ ഈജിപ്തും ആഭ്യന്തര രാഷ്ട്രീയത്തിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി അവരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിച്ചു.

അറബ് വസന്തത്തിന് ശേഷം പല നിലപാടുകൾ മാറി മറഞ്ഞ് ഒന്നായി കടുത്ത ശത്രുതയായി പരിണമിച്ചു. ഭീകര വിരുദ്ധ യുദ്ധം എന്ന അതേ ടോണിൽ ഇഖ്‌വാൻ വിരുദ്ധ യുദ്ധം എന്നും പറയാൻ തുടങ്ങി. ‘ഇഖ്‌വാൻ’ എന്നാൽ ‘ഭീകരത’ യുടെ പര്യായമായി. മിക്ക അറബ് രാഷ്ട്രങ്ങളും ഈ കടുത്ത ശത്രുതാ നിലപാടിൽ ഒന്നിക്കുന്നത് നാം കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം അറബ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്ക് ഏറ്റവും വലിയ ഭീഷണി ഇഖ് വാനാണ്. മുമ്പവർ ഏറ്റവും വലിയ ഭീഷണിയായി കണ്ടിരുന്നത് ഇസ്രായേലിനെയായിരുന്നു.

ഇന്ന് ഇസ്രായേൽ സഖ്യകക്ഷിയാണ്. ഇഖ് വാനെ കുഴിച്ചുമൂടണം എന്ന കാര്യത്തിൽ ഇവരെല്ലാം ഒറ്റക്കെട്ടാണ്. ഇനിയൊരിക്കലും തല പൊക്കാൻ അതിന് അവസരം കൊടുക്കരുത്. ഒരു ഇഖ് വാൻ മുക്ത അറബ് മേഖലയാണ് അവർ ലക്ഷ്യം വെക്കുന്നത്. അങ്ങനെയാണ് ഇതാദ്യമായി ഇഖ് വാന്റെ മേൽ ഭീകര മുദ്ര ചാർത്തപ്പെടുന്നത്. അതുമായി സഹകരിക്കുന്നവരും ഭീകര പ്പട്ടികയിൽ ഇടം പിടിക്കും. അതിനെതിരായ ഇത്തരം പ്രചാര വേലകൾ അറബ് നാടുകൾക്കകത്തും പുറത്തും ശക്തമായി നടത്തി വരുന്നുമുണ്ട്. അത് പൂർണ്ണമായി വിജയിച്ചെന്ന് പറഞ്ഞു കൂടാ. എങ്കിലും നിരവധി അറബ്- പാശ്ചാത്യ നാടുകൾ പലതരം നിയന്ത്രണങ്ങൾ സംഘടനക്കെതിരെ കൊണ്ട് വരാൻ ഇത് കാരണമായിട്ടുണ്ട്.

ഈ നേരിടലിന്റെ ഭാഗമായി ഒരു പാട് അറസ്റ്റുകളും സ്വത്തു കണ്ടുകെട്ടലുകളും ഉണ്ടായിട്ടുണ്ട്; അറബ് ലോകത്ത് മാത്രമല്ല മറ്റു നാടുകളിലും. ഇഖ് വാനികൾക്ക് തങ്ങളുടെ ചിന്താഭിമുഖ്യങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇഖ്‌വാൻ വിളിച്ചു ചേർക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പലർക്കും കഴിയാതെ വരുന്നു.

സ്വന്തം പേരിൽ വൈജ്ഞാനികമോ സാമൂഹികമോ ആയ പരിപാടികൾ സംഘടിപ്പിക്കാൻ ഇഖ് വാന്നും കഴിയുന്നില്ല പലപ്പോഴും. അവർക്കു വേണ്ടി പ്രതിരോധം തീർക്കുന്ന, അവരെ പീഡിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന എഴുത്തുകാരെ അപൂർവ്വമായേ നിങ്ങൾ കാണൂ. ഇഖ്‌വാൻ അനുകൂലികളും അനുഭാവികളും തന്നെ സംഘടനയിൽ നിന്ന് അകലം പാലിക്കുകയാണ്. അത്തരക്കാർ ഇഖ് വാനെ ചിലപ്പോൾ കടന്നാക്രമിക്കുന്നതും കാണാം. അവർക്ക് തങ്ങളുടെ മേൽ പതിഞ്ഞ ഇഖ് വാൻ മുദ്ര എങ്ങനെയെങ്കിലും തേച്ചുമായ്ച്ച് കളയണമല്ലോ!

ഇഖ് വാനെ തകർക്കാനുള്ള മുൻ കാല ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും, ഇപ്പോൾ നടക്കുന്ന ശ്രമങ്ങളും പരാജയപ്പെടുമെന്നാണോ? ഒറ്റ വാക്കിൽ, അല്ലാഹുവിനറിയാം എന്നേ പറയാൻ പറ്റൂ. മൊത്തം അവലോകനം ചെയ്യുമ്പോൾ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളും ദുർബലമാണെന്ന് പറയേണ്ടിവരും. പക്ഷേ ഈ നീക്കങ്ങളെ അങ്ങനെ എഴുതിത്തള്ളാനും പറ്റില്ല. സംഘടനക്കകത്തും അതിന്റെ പ്രവർത്തകരിലും കണ്ട് വരുന്ന വിള്ളലുകളാണ് അതിന് കാരണം. ഈ ശൈഥില്യം സംഘടനക്ക് അതിന്റെ പഴയ ശക്തിയും സ്ഥാനവും നഷ്ടപ്പെടുത്തിയേക്കാം. ഈ രാഷ്ട്രങ്ങൾ തങ്ങളുടെ ആവനാഴിയിൽ ഇഖ് വാനെതിരെ തൊടുക്കാൻ ഇനിയും എന്തൊക്കെ അസ്ത്രങ്ങളാണ് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് അറിയുകയുമില്ലല്ലോ.

ചിന്താശക്തിയോ സംഘടനാ ശക്തിയോ?

അതി ഭീകരമായ കടന്നാക്രമണങ്ങളെ നേരിട്ടും ചെറുത്തുമാണ് ഇഖ് വാൻ കടന്നുവന്നിട്ടുള്ളത്. മറ്റേതെങ്കിലും സംഘടനയായിരുന്നുവെങ്കിൽ പൊടി പോലും ബാക്കിയാകുമായിരുന്നില്ല. ഇപ്പോൾ നടക്കുന്ന കടന്നാക്രമണങ്ങളിലും അതിന് ഒരു പാട് ഒടിവുകളും ചതവുകളും നഷ്ടങ്ങളും പറ്റിയിട്ടുണ്ട്. ഈ വെല്ലുവിളികളെയും ഒന്നിച്ച് നിന്ന് നേരിടുമെന്നാണ് ഇഖ് വാൻ നേതൃത്വം ആണയിടുന്നത്. അപ്പോൾ ഒരു ചോദ്യം നമ്മുടെ മുന്നിൽ ഉയരുന്നുണ്ട്. ഇഖ് വാന്റെ ബലം ആശയ- ചിന്താ ബലമാണോ ? അതോ സംഘടനാ ബലമോ? അതുമല്ലെങ്കിൽ രണ്ടും കൂടി ചേർന്നതോ?

നമുക്കറിയാവുന്നത് പോലെ ചിന്തകൾ തടസ്സങ്ങളില്ലാതെ രാജ്യങ്ങളിലേക്കും തലമുറകളിലേക്കും പല രീതികളിലൂടെ, കൈവഴികളിലൂടെ ഒഴുകിപ്പരക്കും. അതിന് ഒരു സംഘടന വേണമെന്നില്ല. പക്ഷെ ആശയങ്ങൾക്ക് ഒരു സംഘടനയുടെ പിൻബലം കൂടി ഉണ്ടാവുമ്പോൾ അതൊരു ജീവിത രീതിയായി പരിണമിക്കുന്നു. സംഘടന ശക്തിപ്പെടുന്നതിനനുസരിച്ച് ആശയങ്ങൾ ആഴത്തിൽ വേര് പിടിക്കും. ഇഖ് വാനെ സംബന്ധിച്ചിടത്തോളം അതിന്റെ ശക്തി എന്ന് പറയുന്നത് ആശയത്തേക്കാളുപരി അതിന്റെ സംഘടനാ ശക്തിയാണ് (വ്യക്തികളെ സംഘടനയിലേക്ക് ആകർഷിക്കുന്നത് അതിന്റെ ആശയമാണ് എന്ന വസ്തുത നിഷേധിക്കുകയല്ല ). അത് കൊണ്ടാണ് അറബ് വസന്തത്തിന് മുമ്പും ശേഷവും ഇഖ് വാന്റെ സംഘടനാ സംവിധാനം തകർക്കാൻ ചില രാഷ്ട്രങ്ങൾ കിണഞ്ഞ് ശ്രമിക്കുന്നത്. സംഘടനയുടെ കെട്ടുറപ്പിനെ കുറിച്ച് വാചാലരാവുന്ന അതിന്റെ നേതൃത്വം ഒരു സത്യം കണ്ടില്ലെന്ന് നടിക്കരുത്. സംഘടനക്കകത്തും പുറത്തും അത് വെല്ലുവിളി നേരിടുന്നു എന്നതാണത്. ദൈവത്തിന്റെ ഒരു നടപടി ക്രമമുണ്ടല്ലോ. അതാ രേയും ഒഴിച്ച് നിർത്തില്ല. ആഭ്യന്തര ശൈഥില്യം നാശത്തിലേ കലാശിക്കൂ.

94 വർഷം പിന്നിട്ട് ശതവാർഷികമാഘോഷിക്കാൻ കാത്തിരിക്കുന്ന, കനത്ത ഉന്മൂലന ശ്രമങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സംഘടന ആഭ്യന്തര ശൈഥില്യങ്ങളാൽ തളരുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്. ഭിന്നതകൾ പറഞ്ഞ് തീർക്കാനാവുന്നില്ല. ഭിന്നതകളാൽ ഉലയുന്ന സ്ഥിതിയാണ്. ചില രാഷ്ട്രങ്ങളുടെ സുരക്ഷാ ഏജൻസികൾ ഈ ആഭ്യന്തര ഭിന്നതകൾക്ക് പിന്നിൽ കളിക്കുന്നുണ്ടെന്ന ചില രാഷ്ടീയ നിരീക്ഷകരുടെ അഭിപ്രായത്തെ നമുക്ക് തള്ളിക്കളയാൻ കഴിയാത്തത് അത് കൊണ്ടാണ്. ഈ ശൈഥില്യം സംഘടനക്കേൽപ്പിക്കുന്ന പരിക്കുകളെ ഒരിക്കലും നിസ്സാരമായി കാണരുത്. സംഘടനക്കെതിരെ മുമ്പ് നടന്ന ആക്രമണങ്ങൾ പരാജയപ്പെട്ടെങ്കിൽ, ശൈഥില്യം മുതലെടുത്ത് ഇപ്പോൾ നടക്കുന്ന ആക്രമണം അതിന്റെ ലക്ഷ്യം നേടില്ലെന്ന് ആര് കണ്ടു!

(അൽ ജസീറ.നെറ്റ് കോളമിസ്റ്റാണ് ലേഖകൻ)
വിവ : അശ്റഫ് കീഴുപറമ്പ്

Related Articles