ലോകത്തിലെ വൻ കേന്ദ്ര രാഷ്ട്രങ്ങൾ അവയുടെ ഭൂമിശാസ്ത്ര അതിരുകൾ വിപുലീകരിക്കുമ്പോൾ സൈനിക ക്ഷമത വർധിപ്പിക്കാനും ശ്രമങ്ങൾ നടത്തും. നിലവിലുള്ള സൈനിക ഘടനയെ പുനപ്പരിശോധനക്ക് വിധേയമാക്കും. പുതിയ തരം റിക്രൂട്ട്മെന്റുകൾ നടത്തും. ചരിത്രത്തിൽ നിന്ന് അബ്ബാസി സാമ്രാജ്യത്തിന്റെ ഉദാഹരണമെടുക്കാം. അബ്ബാസികൾ മധ്യേഷ്യയിൽ നിന്ന് കുറെ അടിമകളായ പോരാളികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തു. ക്രമേണ ഇക്കൂട്ടർ സൈന്യത്തിൽ പിടിമുറുക്കി. അബ്ബാസികൾ ക്ഷയിച്ചു തുടങ്ങിയപ്പോൾ ഈ അടിമപ്പോരാളികളുടെ ഭാഗ്യ നക്ഷത്രം തെളിഞ്ഞു തുടങ്ങി. അവർ അബ്ബാസി സാമ്രാജ്യത്തിലെ പ്രധാന രാഷ്ട്രീയ- സൈനിക തസ്തികകളിൽ കയറിപ്പറ്റി. പിന്നീട് അയ്യൂബി ഭരണം വന്നപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്. ഈ ഭരണകൂടങ്ങളൊക്കെ തകർന്നു കഴിഞ്ഞപ്പോൾ ഈ അടിമ സൈനികർക്ക് നേരിട്ട് അധികാരം കൈയാളാനുള്ള തടസ്സങ്ങൾ നീങ്ങി. അവർ ഒരു പുതിയ രാജവംശം തന്നെ സ്ഥാപിച്ചു – മംലൂകി (അടിമ) രാജവംശം.
ഇന്നത്തെ ലോകത്തെ ഒരു വൻ കേന്ദ്ര രാഷ്ട്രം എന്ന നിലയിൽ റഷ്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. ഒരു തരം നവ അടിമ സൈനിക റിക്രൂട്ട്മെന്റാണ് അവിടെയും നടക്കുന്നത്. വാഗ്നർ സൈനിക വിംഗ് (Wagner Group/PMC Wagner) എന്നാണത് അറിയപ്പെടുന്നത്. റഷ്യ തങ്ങളുടെ സൈനിക- സ്ട്രാറ്റജിക്ക് ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ വാഗ്നറെ കൂട്ടുപിടിക്കുന്നു. റഷ്യയുടെ ഔദ്യോഗിക സൈന്യത്തിന് അവ ഒറ്റക്ക് നേടിയെടുക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് അതിന് കാരണം. യുക്രെയ്നിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും റഷ്യയുടെ അടുപ്പക്കാരനുമായിരുന്ന വിക്ടർ യാനുകോവിച്ച് 2014 – ൽ പുറത്താക്കപ്പെട്ടതോടെ പടിഞ്ഞാറുമായി നേരിട്ട് ഏറ്റുമുട്ടേണ്ട സ്ഥിതി സംജാതമായപ്പോഴാണ് ഇങ്ങനെയൊരു അനൗദ്യോഗിക – അർധ സൈനിക വിഭാഗത്തിന്റെ ആവശ്യകത ബോധ്യമായത്. ജനകീയ പ്രക്ഷോഭത്തിലൂടെയാണ് വിക്ടർ പുറത്തായത്. പ്രതിപക്ഷം അതിനെ വിപ്ലവം എന്ന് വിശേഷിപ്പിച്ചു; റഷ്യൻ അനുകൂലികൾ അട്ടിമറിയെന്നും.
തുടർന്ന് റഷ്യ സൈനിക നീക്കത്തിലൂടെ ഇതാദ്യമായി നാറ്റോയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒരു യൂറോപ്പ്യൻ രാജ്യത്തിന്റെ / യുക്രെയ്ന്റെ കീഴിലുള്ള ഡൊൻബസ് പ്രവിശ്യയും ക്രീമിയ ഉപദ്വീപും പിടിച്ചെടുത്തു. ആ സമയത്ത് വാഗ്നർ ഗ്രൂപ്പിന്റെ ജോലി, കിഴക്കൻ യുക്രെയ്നിലെ ഡോന്റസ്ക്ക്, ലൊഹാൻസ്ക് പ്രവിശ്യകളിൽ വിഘടന വാദം വളർത്തി അവയെ യുക്രെയ്നിൽ നിന്ന് വിഘടിപ്പിച്ച് റിപ്പബ്ലിക്കുകളാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു. ഒരു പക്ഷെ വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനം ഇതിൽ ഒതുങ്ങേണ്ടതായിരുന്നു. പക്ഷെ പിൽക്കാല വർഷങ്ങളിൽ റഷ്യ സിറിയയിലും ആഫ്രിക്കയിലുമൊക്കെ സൈനികമായി തലയിട്ടതോടെ ഈ ഗ്രൂപ്പിന്റെ സഹായം അവിടങ്ങളിലും ആവശ്യമായി.
വാഗ്നറെ ഒരു മറക്ക് പിന്നിലായി നിർത്താനും റഷ്യക്ക് കഴിയുമായിരുന്നു. ചില അമേരിക്കൻ സുരക്ഷാ കമ്പനികൾ ബ്ലാക്ക് വാട്ടർ പോലുള്ള സംഘങ്ങളെ നിലനിർത്തുന്നത് പോലെ. പക്ഷെ യുക്രെയ്നിൽ പോരാട്ടം രൂക്ഷമായതോടെ റഷ്യൻ സൈന്യവും വാഗ്നർ നേതൃത്വവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. യുദ്ധത്തിന്റെ മുഴുവൻ വിലയും തങ്ങളാണ് ഒടുക്കിക്കൊണ്ടിരിക്കുന്നതെന്നും അതിനാൽ അതിന്റെതായ പരിഗണനയും സഹായവും തങ്ങൾക്ക് കിട്ടിയേ തീരൂ എന്നുമാണ് വാഗ്നർ സംഘം പറയുന്നത്. റഷ്യൻ സൈനിക പാരമ്പര്യമനുസരിച്ച് ഈ ആവശ്യം അതിന്റെ സൈനിക ശ്രേണീ ഘടനയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. വാഗ്നർക്ക് നിർദേശങ്ങൾ കൊടുക്കുന്നത് റഷ്യൻ സൈനിക നേതൃത്വമല്ല എന്നതും പരസ്യമാണ്. മറ്റേതോ ഒരു നേതൃത്വത്തിന്റെ നിർദേശങ്ങൾക്കാണ് അത് ചെവി കൊടുക്കുന്നത്. അല്ലെങ്കിൽ റഷ്യൻ സൈനിക നേതൃത്വത്തെ ഈവിധം അതിനെങ്ങനെയാണ് വെല്ലുവിളിക്കാനാവുക?
വ്ളാഡ്മിർ പുട്ടിൻ എന്ന ഒറ്റയാളെ മാത്രം കേന്ദീകരിച്ച് നീങ്ങുന്ന റഷ്യയുടെ രാഷ്ട്രീയ വഴിയിയിൽ പതുങ്ങിയാണെങ്കിലും വാഗ്നർ നേതൃത്വവും തല പൊക്കിയിരിക്കുന്നു. പരമ്പരാഗത പാർട്ടികളും ശക്തികളും തകരുമ്പോൾ ഇത്തരം പരമ്പരാഗതമല്ലാത്ത ശക്തി കേന്ദ്രങ്ങളാവും ഉയർന്നു വരിക. അധികാര മത്സരം അപ്പോൾ പരസ്യമാകും. ആണവ ശക്തിയായ റഷ്യയിൽ വാഗ്നർ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. തൊട്ടുടനെയോ അൽപ്പം കഴിഞ്ഞോ, റഷ്യയുടെ രാഷ്ടീയ – സ്ട്രാറ്റജിക് പ്രയാണത്തിൽ തങ്ങളുടെ നിലപാട് വാഗ്നർ നേതൃത്വം പരസ്യമായി പറയാനിരിക്കുകയാണ്. വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യവ്ജിനി പ്രിഗോസിന്റെ തുറന്നു പറച്ചിൽ അതിന്റെ സൂചനയായിട്ടെടുക്കാം. 2016 – ലെ അമേരിക്കൻ ഇടക്കാല സെനറ്റ് – കോൺഗ്രസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, വാഗ്നർ സംഘത്തിന്റെ ‘സേവനം’ യുദ്ധ മേഖലകളിൽ ഒതുങ്ങുന്നില്ല എന്നർഥം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ വരെ അത് ഇടപെട്ടു തുടങ്ങിയിരിക്കുന്നു. ഇതിനേക്കാൾ ഗൗരവതരമായ പലതും ആ സംഘം മറച്ചു പിടിക്കുന്നുമുണ്ടാവുമല്ലോ.
അതിനർഥം, ഒരു ഘട്ടത്തിൽ റഷ്യയുടെ ഭരണം വാഗ്നറിലേക്ക് പോകുമെന്നാണോ ? കൃത്യമായ ഒരു ഉത്തരവും പറയാൻ കഴിയില്ല. റഷ്യ ദുർബലപ്പെടുന്ന പക്ഷം പുട്ടിന്റെ കാലത്തോ അദ്ദേഹത്തിന്റെ പിൻഗാമികളുടെ കാലത്തോ ഭരണത്തിൽ ആ സംഘത്തിന് സുപ്രധാന റോളുണ്ടാവും എന്നാണ് ഇപ്പോൾ പറയാനാവുന്നത്.
വിവ. അശ്റഫ് കീഴുപറമ്പ്
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL