Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം നല്ലതാണ്

പ്രസിഡന്റ് ട്രംപിന്റെ സിറിയയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം വളരെ ശരിയാണ്. എങ്കിലും സിറിയന്‍ ജനത,അന്താരാഷ്ട്ര സമൂഹം, യു എസ് എന്നിവരുടെ താത്പര്യങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താനായി പങ്കാളികളോട് കൂടി ശരിയായ പദ്ധതിയോടെ നടപ്പില്‍ വരുത്തേണ്ടതാണ് ഈ പിന്മാറ്റം. NATOയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുര്‍ക്കിക് മാത്രമേ ഈ ദൗത്യം ശക്തിയോടും അര്‍പ്പണബോധത്തോടും നിര്‍വഹിക്കാന്‍ കഴിയൂ. 2016 ല്‍ തുര്‍ക്കിയാണ് സിറിയയില്‍ ഐസിസിനെ ഗ്രൗണ്ട് ലെവലില്‍ നേരിടാന്‍ സൈന്യത്തെ വിന്യസിച്ച ആദ്യ രാഷ്ട്രം. ഞങ്ങളുടെ സൈനിക മുന്നേറ്റം നാറ്റോ അതിര്‍ത്തികളിലേക്കുള്ള ഈ ഗ്രൂപ്പിന്റെ പ്രവേശനം തകര്‍ക്കുകയും തുര്‍ക്കിയിലും യൂറോപിലും ഭീരകരാക്രണങ്ങള്‍ നടത്താനുള്ള അവരുടെ ആയുധശേഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

റഖയിലും മൗസിലിലും ധാരാളം സാധാരണപൗരന്മാരുടെ ജീവഹാനിക്ക് കാരണമായ വ്യോമാക്രമണത്തില്‍ കൂടുതല്‍ അവലംബിച്ച സംയുക്താക്രമണത്തില്‍ നിന്ന് വ്യത്യസ്തമായി തുര്‍ക്കി സൈന്യവും ഫ്രീ സിറിയന്‍ ആര്‍മി പോരാളികളും ഐസിസിന്റെ ശക്തികേന്ദ്രമായിരുന്ന അല്‍ ബാബില്‍ വീട് വീടാന്തരം കയറി കലാപകാരികളെ ഉന്മൂലനം ചെയ്യുകയാണുണ്ടായത്. ഞങ്ങളുടെ ഈ നടപടി നഗരത്തിന്റെ ആന്തരഘടനക്കു പോറലേല്‍പ്പിക്കാതെ നിലനിര്‍ത്താനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ സ്ഥിതിയിലേക്ക് മടങ്ങുന്നതിന് വഴിയൊരുക്കുകയും ചെയ്തു. ഇന്ന് ,അവിടെ കുട്ടികള്‍ സ്‌കൂളുകളില്‍ തിരികെ എത്തിയിട്ടുണ്ട് . തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തിലൂടെ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നു. പ്രാദേശിക സാമ്പത്തികാവസ്ഥ ഊര്‍ജിതപെടുത്തുവാനും തൊഴില്‍ സൃഷ്ടിക്കുവാനും പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സുസ്ഥിരമായ പരിതസ്ഥിതിയാണ് ഭീകരവാദത്തിനുള്ള ഏക പ്രതിവിധി.

ഐസിസിനെയും സിറിയയിലെ മറ്റു ഭീകരസംഘടനകളെയും പരാജയപ്പെടുത്തുന്നതില്‍ തുര്‍ക്കി പ്രതിജ്ഞാബദ്ധരാണ്. കാരണം തുര്‍ക്കി ജനതയും ഭീകരവാദ ഭീഷണി അനുഭവിചിട്ടുള്ളവരാണ്. 2003ല്‍ ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അല്‍ ഖാഇദയുടെ അക്രമണത്തില്‍ നിരവധി തുര്‍ക്കി പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈയിടെ ഐസിസ്, ഞങ്ങളുടെ പൗരന്മാരെയും സന്തുലിത ലോകവീക്ഷണത്തെയും ജീവിതശൈലിയെയും അക്രമിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു തീവ്രവാദ സംഘടന ‘ചതിയനായ ചെകുത്താന്‍’ എന്നാണ് എന്നെ വിളിച്ചത്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഈ ഭീകര വാദികളുടെ അക്രമം ഭയന്ന് തുര്‍ക്കിയില്‍ അഭയം തേടിയ ആയിരക്കണക്കിനു യസിദികളുടെയും ക്രിസ്ത്യാനികളുടെയും മുഖങ്ങളില്‍ ഭയം ഞങ്ങള്‍ കണ്ടിരുന്നു. തീവ്രവാദികള്‍ ഒരിക്കലും വിജയിക്കുകയില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. തുര്‍ക്കി സ്വസുരക്ഷക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ ക്ഷേമത്തിനുമായി അനിവാര്യമായതെല്ലാം തുടര്‍ന്നും ചെയ്യുന്നതായിരിക്കും. സൈനികമായി ഐസിസ് സിറിയയില്‍ പരാജയപ്പെട്ടിട്ടുങ്കിലും ചില പുറംശക്തികള്‍ സിറിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഇതൊരു കാരണമായി ഉപയോഗിക്കുന്നത് അതീവ ഗൗരവതോടെയാണ് ഞങ്ങള്‍ വീക്ഷിക്കുന്നത്.

ഈ തീവ്രവാദികള്‍ക്കെതിരെയുള്ള മിലിറ്ററി വിജയം ആദ്യപടി മാത്രമാണ്. ഇവര്‍ ഉടലെടുത്ത ഇറാഖിലെ അപക്വമായ വിജയപ്രഖ്യാപനവും പിന്നീട് പരിഹാരത്തെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും ഒരു പാഠമാണ്. അന്താരാഷ്ട്ര സമൂഹത്തിന് വീണ്ടുമൊരു തെറ്റ് സഹിക്കാന്‍ കഴിയില്ല. റാഡിക്കലൈസേഷന്റ മൂലകാരണങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സമഗ്രമായ സ്ട്രാറ്റജിയാണ് തുര്‍ക്കി മുന്നോട്ട് വെക്കുന്നത്. പൗരര്‍ക്ക് ഒരിക്കലും ഭരണകൂടത്തില്‍ നിന്ന് വിഛേദിക്കപ്പെടുന്ന വികാരമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സുസ്ഥിരമായ ഭാവി പ്രതീക്ഷിക്കുന്ന സാധാരണക്കാരുടെയും പ്രാദേശിക കമ്യൂണിറ്റികളുടെയും പ്രയാസങ്ങള്‍ തീവ്രവാദി വിഭാഗങ്ങള്‍ ഉപയോഗപ്പെടുത്തുന്ന അവസ്ഥയുണ്ടാവരുത്.സിറിയയുടെ നാനാതുറയില്‍ നിന്നും പോരാളികളുടെ ഫോഴ്‌സ് സൃഷ്ട്ടിക്കുക എന്നതാണ് ആദ്യ പടി.വൈവിധ്യമായ സംഘത്തിന് മാത്രമേ സിറിയന്‍ സമൂഹത്തിന്റെ ശരിയായ രീതിയില്‍ സേവിക്കാനും ക്രമസമാധാനം നിലനിര്‍ത്താനും കഴിയു. ഈ അര്‍ത്ഥത്തില്‍ സിറിയന്‍ കുര്‍ദുകളുമായി ഞങ്ങള്‍ക്കു അഭിപ്രായവ്യത്യാസമില്ല.

യുദ്ധകാല സാഹചര്യത്തില്‍ പല ചെറുപ്പക്കാരും തുര്‍ക്കിയും അമേരിക്കയും തീവ്രവാദ സംഘടനയായി പരിഗണിക്കണിക്കുന്ന പി കെ കെയുടെ സിറിയന്‍ ബ്രാഞ്ച് ആയ PYD/YPG യില്‍ ചേരേണ്ടി വന്നിരുന്നു. YPG കുട്ടികളെ റിക്രൂട്ട് ചെയ്തു അന്താരാഷ്ട്ര നിയമ ലംഘനം നടത്തി എന്നാണു ഹ്യൂമന്‍ റൈറ്റ് വാച് തന്നെ അഭിപ്രായപെട്ടിരിക്കുന്നത്. യു എസിന്റെ സിറിയയില്‍ നിന്നുള്ള പിന്മാറ്റത്തെ തുടര്‍ന്നു ബാല സൈനികരെ അവരുടെ കുടുംബങ്ങളിലേക് തിരികെ എത്തിക്കാനും തീവ്രവാദികളുമായി ബന്ധമില്ലാത്ത പോരാളികളെ പുതിയ ക്രമാസമാധാന സൈന്യത്തില്‍ ചേര്‍ക്കാനുമുള്ള സൂക്ഷ്മവും തീഷ്ണവുമായ നടപടിക്രമം പൂര്‍ത്തീകരിക്കുന്നതായിരിക്കും.

എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള യോഗ്യമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്നതാണ് മറ്റൊരു മുന്‍ഗണനാ വിഷയം. YPG യുടെയോ ഐസിസിന്റെയോ അധീനതയിലുള്ള പ്രദേശങ്ങള്‍ തുര്‍ക്കിയുടെ മേല്‍നോട്ടത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സിലുകള്‍ ഭരിക്കുന്നതായിരിക്കും. തീവ്രവാദികളുമായി ബന്ധമില്ലാത്ത വ്യക്തികള്‍ക്ക് പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ പ്രതിനിധികാളാവാന്‍ സാധിക്കും. കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശമായ വടക്കന്‍ സിറിയയുടെ പ്രാദേശിക കൗണ്‍സിലുകളില്‍ കുര്‍ദിഷ് പ്രതിനിധികള്‍ക് മേധാവിത്വമുണ്ടാവുമെങ്കിലും മറ്റുള്ളവരുടെയും ഉചിതമായ പ്രാതിനിധ്യവും ഉണ്ടാകും. ഭരണപരിചയമുള്ള തുര്‍ക്കിഷ് ഉദ്യോഗസ്ഥര്‍ മുനിസിപ്പല്‍ വിഷയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം മറ്റു അടിയന്തിര സേവനങ്ങള്‍ക്കു ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. തുര്‍ക്കി സഖ്യകക്ഷികളുമായും സുഹൃത്തുക്കളുമായും സഹകരിക്കാനും ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. ജനീവ ,അസ്താന നടപടികളില്‍ അടുത്ത് ഇടപഴകിയിട്ടുണ്ട് അതുപോലെ പ്രധാന താത്പര കക്ഷിയെന്ന നിലയില്‍യു എസുമായും റഷ്യയുമായും ഒരുമിച്ചു പ്രവര്‍ത്തിക്കാനും സാധിക്കും. ഈ പങ്കാളിത്തത്തിലൂടെ സിറിയയിലെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയും.

ഇസ്ലാമിന്റെയും മുസ്ലിം ലോകത്തിന്റെയും ശത്രുവായ ഐസിസ് അഴിച്ചുവിട്ട ഭീകരത അവസാനിപ്പിക്കുവാനും സിറിയയുടെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുവാനും എല്ലാ താത്പര കക്ഷികളും ഒത്തു ചേരേണ്ട സാഹചര്യമാണിത്. ചരിത്രത്തിലെ നിര്‍ണായകവേളയില്‍ ഈ കനത്ത ഭാരം തോളിലേറാന്‍ തുര്‍ക്കി സ്വയം സന്നദ്ധമായിരിക്കുകയാണ്. ഞങ്ങളോടൊപ്പം അന്താരാഷ്ട്ര സമൂഹവും നിലകൊള്ളുമെന്നു പ്രതീക്ഷിക്കുന്നു.

വിവ: സൈഫുദ്ദീന്‍ കുഞ്ഞ്
അവലംബം: www.nytimes.com

Related Articles