Politics

എന്‍.ആര്‍.സി: പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ധൈര്യം പകര്‍ന്ന് ഒരു എം.എല്‍.എ

1960കളുടെ തുടക്കത്തിലാണ് മാലോ കുടുംബം അതിര്‍ത്തി കടന്ന് ആസാമിലെത്തുന്നത്. എനിക്ക് അതിനെക്കുറിച്ച് കൃത്യമായി ഓര്‍മയില്ല. അന്ന് എനിക്ക് നാലോ അഞ്ചോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1957ല്‍ ജനിച്ച അനന്ദ കുമാര്‍ മാലോയുടെ വാക്കുകളാണിത്. എന്നാല്‍ ബംഗ്ലാദേശില്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് നേരിടേണ്ടി വന്ന ഭയാനകമായ കഥകളെക്കുറിച്ച് എന്റെ മാതാപിതാക്കളില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. ഒരു അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും മറ്റൊരു അഭയാര്‍ത്ഥി ക്യാംപിലേക്കുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ഇതിനിടെ സര്‍ക്കാര്‍ നല്‍കുന്ന തുഛമായ റേഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നീട് അദ്ദേഹം ആസാമില്‍ പുതിയ ജീവിതം ആരംഭിച്ചു. ബാര്‍പേട്ട ജില്ലയിലെ ബാഗ്ഭറിലായിരുന്നു ആദ്യമെത്തിയത്. ഇപ്പോള്‍ സോളന്തോപറയിലാണ് അദ്ദേഹം സ്ഥിരതാമസമാക്കിയത്. അദ്ദേഹം ഇപ്പോള്‍ ഒരു വ്യവസായി എന്നതിലുപരി ജനപ്രതിനിധി കൂടിയാണ്. 2016 ല്‍ അഭയപുരി സൗത്ത് നിയോജക മണ്ഡലത്തിന്റെ എം.എല്‍.എ കൂടിയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. ബംഗാള്‍ വംശജരായ മുസ്ലിംകളുടെ താല്‍പര്യപ്രകാരം അവരുടെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിച്ചിരുന്നത്.

50 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍, മാലോ വീണ്ടും രാജ്യമില്ലാത്ത പൗരനായി മാറിയിരിക്കുകയാണ്. എന്‍.ആര്‍.സി പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട അദ്ദേഹം ഇപ്പോള്‍ ഫോറീനേര്‍സ് ട്രിബ്യൂണലിന് മുമ്പിലെത്തി നില്‍ക്കുകയാണ്. അസമിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിന് അവരുടെ പൂര്‍വീകര്‍ 1971 മാര്‍ച്ച് 24ന് മുന്‍പ് ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുകയാണ് വേണ്ടത്.
തന്റെ കുടുംബം അതിന് മുന്‍പായി ഇന്ത്യയിലെത്തിയെന്നാണ് മാലോ പറയുന്നത്. 1964ല്‍ ഞങ്ങള്‍ക്ക് അഭയാര്‍ത്ഥി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാലോക്കും തന്റെ മകനും എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെടാന്‍ അത് മതിയായില്ല. അതിശയമെന്തെന്നാല്‍ തന്റെ മകള്‍ അടക്കം കുടുംബത്തിലെ മറ്റു അംഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു.

ഈ രേഖക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പിന്നെ എന്റെ കുടുംബാംഗങ്ങള്‍ എങ്ങിനെ പട്ടികയില്‍ ഉള്‍പ്പെട്ടു.? ജൂലൈയില്‍ പ്രസിദ്ധീകരിച്ച കരട് പൗരത്വ പട്ടികയില്‍ തന്റെ പേര് ഇല്ലാതിരുന്നപ്പോള്‍ മാലോ അപ്പീല്‍ നല്‍കിയിരുന്നു. അത് അധികൃതര്‍ക്ക് തെറ്റിപ്പോയതാകാമെന്ന് ഉറച്ചു വിശ്വസിക്കുകയായിരുന്നു അദ്ദേഹം. അന്ന് അന്തിമ പട്ടികയില്‍ താങ്കളുടെ പേര് ഉണ്ടാകുമെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് എന്‍.ആര്‍.സി ഓഫീസര്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
വിദേശികളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തില്‍ എന്‍.ആര്‍.സി പരാജയപ്പെട്ടു. അസാമിലെ ജനങ്ങള്‍ക്ക് പൗരത്വ പട്ടിക വേണം, എന്നാല്‍ ആരും ഇപ്പോള്‍ അതില്‍ സന്തുഷ്ടരല്ല. ഇതില്‍ നിരവധി വിദേശികളെ ഉള്‍പ്പെടുത്തുകയും യഥാര്‍ത്ഥ പൗരന്മാരെ പുറത്താക്കുകയും ചെയ്തു. ഇതല്ല ഞങ്ങള്‍ക്കാവശ്യമുള്ളത്.

മാലോ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. ഇതിനെ പോസിറ്റീവായി കാണുകയാണ് അദ്ദേഹം. നിരവധി പാവപ്പെട്ട ജനങ്ങള്‍ പട്ടികയില്‍ നിന്നും പുറത്തായി. എന്റെ പുറത്താകല്‍ അത്തരക്കാര്‍ക്ക് അല്‍പം ധൈര്യം നല്‍കുമെങ്കില്‍ ഇതില്‍ നമ്മള്‍ ഒന്നാണെന്ന് കാണിക്കാന്‍ കഴിയും. അതവര്‍ക്ക് കുറച്ച് ആശ്വാസമായിരിക്കും- മാലോ പറഞ്ഞു നിര്‍ത്തി.

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Show More
Close
Close