Current Date

Search
Close this search box.
Search
Close this search box.

ലോക ആണവ ശക്തികള്‍ ആരെല്ലാം ? സമഗ്ര വിശകലനം

ഐക്യരാഷ്ട്ര സഭയുടെ 26ാമത് കാലാവസ്ഥ വ്യതിയാന ഉച്ചകോടി കഴിഞ്ഞ ദിവസം സമാപിച്ചു. ആഗോള താപനത്തെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോകരാജ്യങ്ങള്‍ ഹരിത ഊര്‍ജത്തിലേക്ക് നീങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആണവോര്‍ജം എന്നത് ഇപ്പോഴും ലോകത്തിന് ഒരു പ്രതിബന്ധമാണ്. ന്യൂക്ലിയര്‍ എനര്‍ജിയെ കാലാവസ്ഥാ സൗഹൃദമായി തരംതിരിക്കുന്നതിനെതിരെ ചില രാജ്യങ്ങള്‍ ഉച്ചകോടിയില്‍ എതിര്‍ത്ത് സംസാരിച്ചിരുന്നു.

ലോകത്താകമാനം, 34 രാജ്യങ്ങള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനുമായി ആണവോര്‍ജ ശക്തി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 32 രാജ്യങ്ങളാണ് ആണവോര്‍ജം ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ആണവായുധമുണ്ട്. ഏഴ് രാജ്യങ്ങള്‍ക്ക് രണ്ടും ഉണ്ട്.

ആഗോള ആണവോര്‍ജം

ലോകത്തെ വൈദ്യുതിയുടെ ഏകദേശം 10 ശതമാനവും നല്‍കുന്നത് ആണവോര്‍ജത്തിലൂടെയാണ്. ആണവോര്‍ജ്ജ റിയാക്ടറുകളുള്ള 32 രാജ്യങ്ങളില്‍ പകുതിയിലധികവും (18) യൂറോപ്പിലാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആണവോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം ഫ്രാന്‍സിലാണ് – 71 ശതമാനം.

2011 വരെ, ജപ്പാന്‍ അതിന്റെ 30 ശതമാനം വൈദ്യുതിയും ആണവ റിയാക്ടറുകളില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ഫുകുഷിമ ആണവ ദുരന്തത്തെത്തുടര്‍ന്ന്, സുരക്ഷാ പരിശോധനകള്‍ക്കായി എല്ലാ ആണവ നിലയങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്റെ 2020ലെ കണക്കനുസരിച്ച്, ജപ്പാനിലെ വൈദ്യുതിയുടെ 5 ശതമാനം മാത്രമാണ് ആണവോര്‍ജ്ജത്തില്‍ നിന്നുള്ളത്.

യു.എസിന്റെ വൈദ്യുതിയുടെ ഏകദേശം 20 ശതമാനവും ആണവോര്‍ജ്ജത്തില്‍ നിന്നാണ്. രാജ്യത്തെ ഊര്‍ജത്തിന്റെ ബാക്കി 60 ശതമാനവും കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. ശേഷിക്കുന്ന 20 ശതമാനം പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളായ കാറ്റ്, ജലവൈദ്യുതി, സൗരോര്‍ജ്ജം എന്നിവയില്‍ നിന്നാണ്.

ആണവായുധ ശേഖരങ്ങള്‍- രാജ്യങ്ങള്‍ തിരിച്ച്

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റുകളുടെ കണക്കനുസരിച്ച് 2021 ഓഗസ്റ്റ് വരെ ഒമ്പത് രാജ്യങ്ങള്‍ ഏകദേശം 13,150 ആണവായുധ ശേഖരങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ഇത്ല്‍ 90 ശതമാനത്തിലധികവും റഷ്യയുടെയും യു എസിന്റെയും ഉടമസ്ഥതയിലുള്ളതാണ്.

ഇത് ഏറ്റവും ഉന്നതിയിലെത്തിയ 1986ല്‍ രണ്ട് എതിരാളികള്‍ക്കിടയില്‍ ഏകദേശം 65,000 ആണവായുധങ്ങള്‍ ഉണ്ടായിരുന്നു, ഈ ആണവായുധ മത്സരം ശീതയുദ്ധത്തിലെ ഏറ്റവും അപകടകരമായ സംഭവങ്ങളിലൊന്നാക്കി മാറ്റി. പിന്നീട് റഷ്യയും യു.എസും ആയിരക്കണക്കിന് ആണവായുധ ശേഖരം പൊളിച്ചുമാറ്റിയപ്പോള്‍, പല രാജ്യങ്ങളും തങ്ങളുടെ ശേഖരം വര്‍ദ്ധിപ്പിക്കുന്നതായി കരുതപ്പെടുന്നു, പ്രത്യേകിച്ച് ചൈന. പെന്റഗണിന്റെ 2021 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ചൈനയുടെ ആണവായുധ ശേഖരം 2030-ഓടെ മൂന്നിരട്ടിയിലധികമാകുമെന്നും കുറഞ്ഞത് 1,000 ആകുമെന്നും കണക്കാക്കുന്നു.

അതേസമയം, ആണവായുധങ്ങള്‍ സ്വമേധയാ ഉപേക്ഷിക്കുന്ന ഏക രാജ്യം ദക്ഷിണാഫ്രിക്കയാണ്. 1989ല്‍, ആഫ്രിക്കന്‍ സര്‍ക്കാര്‍ അതിന്റെ ആണവായുധ പദ്ധതി നിര്‍ത്തുകയും 1990-ല്‍ അതിന്റെ ആറ് ആണവായുധ ശേഖരം നശിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം, ആണവായുധ നിര്‍വ്യാപന കരാറില്‍ (NPT) ദക്ഷിണാഫ്രിക്ക ഒരു ആണവ ഇതര രാജ്യമായി ചേര്‍ന്നു.

വിവിധ രാജ്യങ്ങളുടെ ആണവായുധ ശേഖരങ്ങള്‍ സൂചിപ്പിക്കുന്ന ഗ്രാഫ് ആണ് താഴെ

ആണവായുധ നിര്‍വ്യാപന കരാര്‍

ആണവായുധങ്ങളുടെ വ്യാപനം തടയാനും ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 1968ല്‍ ആണവായുധ നിര്‍വ്യാപന കരാര്‍ (Non-Proliferation of Nuclear Weaposn) സ്ഥാപിതമായത്. യു.എന്‍ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം യു.എസ്, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയൊഴികെ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ വൈദ്യുതി ഉല്‍പാദനത്തിനായും സമാധാനപരമായ ആണവ പദ്ധതികള്‍ക്കുമല്ലാതെ ആണവായുധങ്ങള്‍ ഉത്പാദിപ്പിക്കുന്നതും വാങ്ങുന്നതും വിലക്കി.

നിലവില്‍ 190 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യ, ഇസ്രായേല്‍, പാകിസ്ഥാന്‍, ദക്ഷിണ സുഡാന്‍ എന്നിവ ഇതുവരെ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ല. 1985ല്‍ ഉത്തരകൊറിയ കരാറില്‍ ഒപ്പുവെച്ചെങ്കിലും 2003ല്‍ അതില്‍ നിന്ന് പിന്മാറി. മൂന്ന് വര്‍ഷത്തിന് ശേഷം, കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ രാജ്യം അതിന്റെ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തി.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles