Politics

ഒരിക്കൽകൂടി അമേരിക്ക കുർദുകളെ വഞ്ചിച്ചു

സിറിയയോടു ചേർന്നുകിടക്കുന്ന തങ്ങളുടെ തെക്കൻ അതിർത്തിയിൽ തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ‘ഓപ്പറേഷൻ പീസ് സ്പ്രിങ്’ എന്നു പേരിട്ട സൈനിക നടപടി ആരംഭിച്ചപ്പോൾ, സൈനിക നീക്കത്തിനു പകരം അയൽരാജ്യക്കാരായ കുർദുകളുടെയും അവരെ പിന്തുണക്കുന്നവരുടെയും പ്രതികരണമാണ് ഏറെ അത്ഭുതപ്പെടുത്തിയത്.

കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളോടെ മാത്രം ഭീഷണികൾ പുറപ്പെടുവിക്കുന്ന ആളാണ് താനെന്ന് ഉർദുഗാൻ ഒരിക്കൽകൂടി തെളിയിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങൾക്കു മുൻപു തന്നെ “തങ്ങളുടെ തെക്കൻ അതിർത്തിയിൽ ഉണ്ടായി വരുന്ന ഭീകര ഇടനാഴിയുടെ നിർമാണം തടയാനും, സമാധാനവും സ്ഥിരതയും കൊണ്ടുവരാനും” വേണ്ടിയുള്ള തന്റെ പദ്ധതികളെ കുറിച്ച് അദ്ദേഹം ലോകത്തോടു പറഞ്ഞിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് ചിലത് ചെയ്യാൻ അദ്ദേഹം ഉദ്ദേശിക്കുന്നു.

അമേരിക്കയ്ക്കും അവരുടെ പാശ്ചാത്യ സഖ്യകക്ഷികൾക്കും കുർദുകളെ ഒറ്റുകൊടുത്ത ഒരു നീണ്ട ചരിത്രം ഉണ്ടെന്നത് കണക്കിലെടുക്കുമ്പോൾ, കുർദുകളുടെ ആശ്ചര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. തുർക്കി, സിറിയ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലായി പടർന്നുകിടക്കുന്ന കുർദിഷ് ഭൂരിപക്ഷ പ്രദേശങ്ങളിൽ അവരുടെ സ്വയംനിർണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പിന്തുണ നൽകുന്ന അതേസമയം തന്നെ, തങ്ങൾക്കു വേണ്ടി പോരാടാനും ഭീഷണിപ്പെടുത്താനും വേണ്ടി കുർദുകൾക്ക് അമേരിക്ക നിരന്തരം ആയുധങ്ങൾ നൽകിയിരുന്നു.

ഏതാണ്ട് 40 മില്ല്യൺ കുർദുകൾ ഈ നാലു രാജ്യങ്ങളിലായി ജീവിക്കുന്നുണ്ട്, അവരിൽ ഭൂരിഭാഗവും ഇസ്ലാംമത വിശ്വാസികളാണെങ്കിലും, കുർദിഷ് ക്രിസ്ത്യാനികൾ, സൊരാഷ്ട്രമതക്കാർ, യർസാനികൾ, യസീദികൾ, അലവികൾ, ജൂതമതവിശ്വാസികൾ എന്നിവരും അവർക്കിടയിലുണ്ട്. ദശാബ്ദങ്ങളായി അമേരിക്ക നൽകി വരുന്ന സ്വാതന്ത്ര്യ വാഗ്ദാനങ്ങൾ ഒരിക്കലും ഫലംകണ്ടില്ല, എന്നാൽ, കുർദുകളുടെ കോട്ടംതട്ടാത്ത ശുഭാപ്തിവിശ്വാസം കാരണം അവർ എല്ലായ്പ്പോഴും ചൂണ്ടയിൽ കൊരുക്കപ്പെടുന്നു.

ഒന്നാം ലോക യുദ്ധത്തിനു ശേഷം ഓട്ടോമൻ സാമ്രാജ്യം തകർന്നപ്പോൾ തങ്ങളുടെ സമയം ആഗതമായിരിക്കുന്നു എന്ന് അവർ വിശ്വസിച്ചു, എന്നാൽ ഓട്ടോമൻ സാമ്രാജ്യം ഫ്രഞ്ച് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കിടയിൽ വിഭജിക്കപ്പെട്ടപ്പോൾ, വാഗ്ദത്ത കുർദിസ്ഥാൻ എന്ന സ്വപ്നം വളരെപെട്ടെന്നു തന്നെ ഇല്ലാതായി. 1923-ലെ ലൗസാൻ ഉടമ്പടിയോടെയാണ് അതു സംഭവിച്ചത്, അന്ന് ഇറാഖിൽ പിച്ചവെച്ചുവന്ന കുർദിസ്ഥാൻ സാമ്രാജ്യം ബ്രിട്ടീഷുകാർ തകർത്തുകളഞ്ഞു.

രണ്ടാം ലോക യുദ്ധം ആരംഭിക്കുന്നത് വരേക്കും, ജോലിക്കു കൂലി തോൽവിക്കു ശിക്ഷ എന്ന സമീപനമാണ് കുർദുകളോട് ബ്രിട്ടീഷുകാർ സ്വീകരിച്ചതെങ്കിലും, അവസാനം ഓരോ അവസരത്തിലും ബ്രിട്ടീഷുകാർ തുർക്കിയുടെ ഭാഗംചേരുകയാണ് ഉണ്ടായത്. ഇറാഖിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കുർദുകൾ കലാപമുണ്ടാക്കിയപ്പോൾ, വിൻസ്റ്റൺ ചർച്ചിൽ നടത്തിയ പ്രസ്താവന പ്രസിദ്ധമാണ്: “അപരിഷ്കൃത ഗോത്രവിഭാഗങ്ങൾക്കെതിരെ വിഷവാതകം പ്രയോഗിക്കുന്നതിനെ ഞാൻ ശക്തിയായി അനുകൂലിക്കുന്നു.. കാരണം അവർ ഭീകരത പടർത്തുന്ന കൂട്ടരാണ്.” 1988-ലേക്ക് വന്നാൽ, വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതു തന്നെയാണ്, ഹലബ്ജയിലെ കുർദുകൾക്കെതിരെ കെമിക്കൽ ഗ്യാസ് ബോംബുകൾ വർഷിച്ചു കൊണ്ട് സദ്ദാം ഹുസൈനും ചെയ്തത്.

മേഖലയിലെ പ്രധാന കൊളോണിയൽ ശക്തിയായ അമേരിക്കയ്ക്കു നന്ദി പറഞ്ഞുകൊണ്ടാണ് സദ്ദാം അധികാരത്തിലേക്കു ഉയർന്നുവന്നത്. കുർദുകൾക്കുള്ള സഹായം അമേരിക്ക പിൻവലിച്ച സമയം തന്നെ, കുർദുകൾക്കെതിരെ ഉപയോഗിക്കുവാൻ വേണ്ടി ഇറാഖ് സർക്കാറിന് അമേരിക്ക നാപാം ബോംബുകളും നൽകിയിരുന്നു.

അങ്കിൾ സാമിന്റെ നേട്ടത്തിനായി രഹസ്യയുദ്ധങ്ങൾ നടത്തുന്നതിന് അമേരിക്കൻ ആയുധങ്ങൾ എടുക്കാൻ ഇറാഖി കുർദുകൾ പലതവണ കബളിപ്പിക്കപ്പെട്ടു. അതിലൂടെ ഇറാഖിന്റെയും ഇറാന്റെയും ശക്തിയും വിഭവങ്ങളും കാലിയാക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. 1980-കളിൽ കുർദുകളെ എല്ലാതരത്തിലും സദ്ദാം വംശീയ ഉന്മൂലനത്തിന് ഇരയാക്കുകയും പശ്ചാത്യലോകം കൂട്ടത്തോടെ മുഖം തിരിക്കുകയും ചെയ്തതോടെ, അമേരിക്കയോടു കുർദുകൾ കാണിച്ച കൂറ് വ്യഥാവിലായി.

1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തോടെ, കുവൈത്തിൽ നിന്നും സദ്ദാമിന്റെ സൈന്യം പിന്മാറുന്നതിലേക്ക് നയിച്ച വിജയകരമായ ബോംബിങ് കാമ്പയിനിനു പിന്നാലെ യു.എസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ ടി.വിയിലും മാധ്യമങ്ങളും പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഇറാഖിന്റെ തെക്കുഭാഗത്തുള്ള ശിയാക്കളോടും, വടക്കുഭാഗത്തുള്ള കുർദുകളോടും സദ്ദാമിനെതിരെ കലാപമുണ്ടാക്കാൻ നേരിട്ട് ആഹ്വാനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകൾ.

ബുഷിന്റെ ആഹ്വാനം ഞാൻ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്, അമേരിക്കൻ പ്രസിഡന്റ് ഉത്തരവിട്ട പ്രകാരം തന്നെ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങളും പരസ്പരം പോരടിക്കുന്നത് കണ്ട് ഞാൻ നിരാശയോടെ ഇരുന്നു. അമേരിക്കക്കാർ സ്വദേശത്തേക്കു മടങ്ങുകയും സദ്ദാമിനെതിരെ കുർദുകൾ തെരുവിലിറങ്ങുകയും ചെയ്തതോടെ, അമേരിക്കൻ പ്രേരിത കലാപങ്ങളിൽ പങ്കെടുത്തവരെ സദ്ദാമിന്റെ സൈന്യം കൂട്ടക്കൊല ചെയ്തു. ആഗോള പ്രതിഷേധത്തെ തുടർന്ന്, വടക്കൻ ഇറാഖിലെ കുർദുകളെ സംരക്ഷിക്കാൻ വേണ്ടി ഒരു സുരക്ഷിത താവളവും നോ-ഫ്ലൈ സോണും സൃഷ്ടിക്കപ്പെട്ടു.

2014-ൽ സിറിയയിലെ തുർക്കിഷ് കുർദുകളുമായി അമേരിക്ക സഖ്യം ചേരുകയും ഐ.എസിനെതിരെയുളള പോരാട്ടത്തിന് അവർക്ക് ആയുധങ്ങൾ നൽകുകയും ചെയ്തു. ഇത് തുർക്കിയിൽ ആശങ്കയുളവാക്കി. 2007-ൽ ഇറാഖി കുർദുകൾക്കെതിരെ കനത്ത ബോംബാക്രണം നടത്താൻ തുർക്കിക്ക് അമേരിക്ക അനുവാദം നൽകിയതിനാൽ, ഇത് ശരിക്കും ഒരു മുന്നറിയിപ്പായിരിക്കണം.

കഴിഞ്ഞാഴ്ച്ച അതിർത്തി മേഖലയിലെ റാസ് അൽഅയ്ൻ, താൽ അബിയദ് എന്നിവിടങ്ങളിൽ നിന്നും അമേരിക്കൻ സൈനികരെ നീക്കം ചെയ്തതോടെ തുർക്കിഷ് കുർദിഷ് സൈന്യങ്ങൾ തമ്മിലുള്ള പോരാട്ടം അനിവാര്യമായി മാറി. സിറിയയിൽ ചർച്ചയിലേർപ്പെട്ടിരിക്കുന്ന തന്റെ സ്വന്തം നയതന്ത്രജ്ഞരോടും, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള തന്റെ പ്രധാന സഖ്യകക്ഷികളോടും ആലോചിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്തുചാടിയതോടെ സംഘർഷ സാധ്യത കനത്തു.

തുർക്കിയിലെ കുർദിഷ് തീവ്രവാദികളും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും തുർക്കിയെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞാഴ്ച ആരംഭിച്ച സൈനിക നടപടി സംഭവിക്കേണ്ടതു തന്നെയായിരുന്നു.

തുർക്കിക്കും അമേരിക്കക്കും ഇടയിലെ മുൻകാല ഉടമ്പടികളിൽ അമേരിക്കൻ പിന്തുണയുള്ള കുർദുകളെ കുറിച്ച് നിരന്തരം പരാമർശിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ ഞായറാഴ്ച്ച വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ കുർദുകളെ കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല. വൈറ്റ് ഹൗസ് പ്രസ്താവന ഇങ്ങനെ വായിക്കാം: “ഇന്ന്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കി പ്രസിഡന്റ് ഉർദുഗാനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. തുർക്കി അവരുടെ ദീർഘകാല പദ്ധതി പ്രകാരം വടക്കൻ സിറിയയിലേക്ക് ഉടനെ സൈനിക നീക്കം നടത്തും. സൈനിക നടപടിയെ അമേരിക്കൻ സൈന്യം പിന്തുണക്കുകയോ, അതിൽ പങ്കെടുക്കുകയോ ചെയ്യില്ല. ഐ.എസ് കാലിഫൈറ്റിനെ പരാജയപ്പെടുത്തിയ അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം സംഘർഷ മേഖലയിൽ ഉണ്ടാവുകയില്ല.”

സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെ തുർക്കി മേഖലയുടെ ഭൂമിശാസ്ത്രം മാറ്റിമറിക്കുകയാണെന്നാണ് കുർദിഷ് എസ്.ഡി.എഫിന്റെ ആരോപണം. തുർക്കി നിർമിച്ച സെയ്ഫ് സോൺ തുർക്കിയിൽ ജീവിക്കുന്ന രണ്ടു മില്ല്യൺ സിറിയൻ അഭയാർഥികൾക്ക് തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങാൻ സഹായകരമായി വർത്തിക്കുമെന്ന് ഉർദുഗാൻ പറഞ്ഞിരുന്നു.

എന്നിരുന്നാലും തുർക്കിഷ് പ്രസിഡന്റ് ഉർദുഗാനെതിരെയുള്ള യൂറോപ്യൻ നേതാക്കളുടെ വിമർശനം കനത്തുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച, തന്റെ സൈനിക നടപടിയെ അധിനിവേശമെന്ന് വിളിക്കരുതെന്നും, അതിനു തയ്യാറല്ലെങ്കിൽ ലക്ഷക്കണക്കിനു വരുന്ന സിറിയൻ അഭയാർഥികളെ യൂറോപ്പിലേക്ക് അയച്ചു കൊണ്ട് തിരിച്ചടിക്കുമെന്നും യൂറോപ്യൻ യൂണിയന് ഉർദുഗാൻ മുന്നറിയിപ്പ് നൽകിയിരുന്നു. “ഞങ്ങൾ അതിർത്തി തുറക്കും, 3.6 മില്ല്യൺ വരുന്ന അഭയാർഥികളെ നിങ്ങളുടെ വഴിയിലേക്ക് തുറന്നുവിടും,” ഉർദുഗാൻ യൂറോപ്പിന് മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ പീസ് സ്പ്രിങ്ങിന്റെ അനന്തരഫലങ്ങൾ എന്തു തന്നെയായാലും, രണ്ടു കാര്യങ്ങൾ വളരെ വ്യക്തമാണ്: താൻ പറയുന്നത് എന്താണോ അതു തന്നെയാണ് തുർക്കിഷ് പ്രസിഡന്റ് അർഥമാക്കുന്നത്, അദ്ദേഹം അർഥമാക്കുന്നത് എന്താണോ അതു തന്നെയാണ് അദ്ദേഹം പറയുന്നതും; പാശ്ചാത്യർ കുർദുകൾക്കു നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സൗജന്യമായാണ് നൽകിയത്, എന്നാൽ അവയ്ക്കു യാതൊരു വിലയുമില്ലെന്ന് തെളിഞ്ഞു. ഒരിക്കൽ കൂടി അമേരിക്ക കുർദുകളെ വഞ്ചിച്ചു. അവരവരുടെ കർമഫലം അവരവർ തന്നെ അനുഭവിക്കും.

അവലംബം: middleeastmonitor.com
വിവ. ഇര്‍ശാദ് കാളാചാല്‍

Facebook Comments
Show More

Related Articles

Close
Close