Current Date

Search
Close this search box.
Search
Close this search box.

ഭയപ്പെടുത്തൽ രാഷ്ട്രീയം ആഴത്തിൽ വേരോടി കഴിഞ്ഞു

വിഭജനാനന്തര ചരിത്രത്തിലെ ഏറ്റവും ഭയാനകവും നിർണായകവുമായ മുഹൂർത്തത്തിലാണ് ഇന്ത്യൻ മുസ്ലിംകൾ ഇന്ന് ജീവിക്കുന്നത്: നിലനിൽപ്പിനു നേരെയുള്ള ഭീഷണിയെ പ്രതിരോധിക്കാതിരുന്നാൽ ഉന്മൂലനം ചെയ്യപ്പെടുകയും, വൃത്തിക്കെട്ട മതേതര-ഹിന്ദുത്വ രാഷ്ട്രീയ ചതുരംഗക്കളത്തിൽ തങ്ങളുടെ സ്വത്വം ഉറക്കെ പ്രഖ്യാപിക്കാൻ തുനിഞ്ഞാൽ അപഹസിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. കഴിഞ്ഞ ആറു വർഷക്കാലത്തെ സംഭവവികാസങ്ങളുടെ നാൾവഴി എടുത്താൽ, നൂറ്റാണ്ടുകൾക്കു മുൻപ്, കാത്തലിക് യൂറോപ്പ് എവ്വിധമാണോ ഫിലോസഫിയെ മതനിന്ദയായി കണക്കാക്കിയിരുന്നത്, അതുപോലെയാണ് ഇന്ത്യ ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യത്തെ നോക്കികാണുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും.

ഫിലോസഫി ക്രമേണ സൂര്യനിൽ നിന്നും വെളിച്ചം സ്വീകരിച്ച് തിളങ്ങുന്ന പൂർണ ചന്ദ്രന്റെ സ്ഥാനം കരസ്ഥമാക്കുകയും ആധുനിക യൂറോപ്പിന്റെ ഭാഗധേയം നിർണയിക്കുകയും ചെയ്തു. മുസ്ലിംകൾക്കു മുകളിൽ വിജയത്തിന്റെ പൂർണചന്ദ്രൻ ഉദിച്ചുയരുമോ അതോ ഇന്ത്യയാകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇരുട്ടിനാൽ അവർ വിഴുങ്ങപ്പെടുമോ? എന്തായിരുന്നാലും, ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പ്രതിഷേധകരായ മുസ്ലിം വിദ്യാർഥിനികളുടെ പ്രതീകാത്മക ചിത്രങ്ങളും, കോളനിയാനന്തര ഇന്ത്യൻ ഭാവനയിൽ മുസ്ലിം രാഷ്ട്രീയം അട്ടിമറിക്കപ്പെടുന്നതിനെ സംബന്ധിച്ച ഈ വിദ്യാർഥിനികളുടെ കൃത്യവും വ്യക്തവുമായ ബോധ്യങ്ങളും എന്തെങ്കിലും തരത്തിലുള്ള സന്ദേശം കൈമാറ്റം ചെയ്യുന്നുണ്ടെങ്കിൽ, തീർച്ചയായും ഇതൊരു പുതിയ പ്രഭാതത്തിന്റെ തുടക്കമാണ്.

ഡിസംബർ 15ന് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി സംസാരിക്കുകയുണ്ടായി, “പ്രതിഷേധക്കാരെ അവരുടെ വസ്ത്രങ്ങളിൽ നിന്നും നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കും” എന്ന് അവിടെവെച്ച് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ജാമിഅ മില്ലിയയിലെയും അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥികൾക്കു നേരെ ക്രൂരമായ ഭരണകൂട അടിച്ചമർത്തൽ അരങ്ങേറിയത്. ‘തൊപ്പിയും ബുർഖയും’ മുസ്ലിം മതവിശ്വാസികളെ സൂചിപ്പിക്കുന്ന പ്രത്യക്ഷ ചിഹ്നങ്ങളാണ് എന്നിരിക്കെ, മുസ്ലിം സമുദായക്കാരാണ് പ്രതിഷേധിക്കുന്നത് എന്ന സന്ദേശമാണ് ഭൂരിപക്ഷ ഇന്ത്യക്കാർക്കും രാജ്യത്തെ സൈനിക പോലീസ് വിഭാഗങ്ങൾക്കും പ്രധാനമന്ത്രി നൽകിയത്. അത്തരമൊരു സമുദായവുമായി നിങ്ങൾ എങ്ങനെയാണ് ഇടപെടുന്നത്? നിലവിലെ ഭരണകൂട രാഷ്ട്രീയത്തിന്റെ പ്രകൃതം കണക്കിലെടുത്താൽ, ചരിത്രം ആവർത്തിക്കുന്നത് അവരുടെ താൽപര്യങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. ‘ഗുജറാത്ത് കൂട്ടക്കൊല’യിൽ ശ്രമിക്കുകയും പരീക്ഷിക്കുകയും ചെയ്ത ഹൃദയശൂന്യമായ പ്രവർത്തനരീതി പ്രയോഗിക്കപ്പെട്ടു. രണ്ടു മുസ്ലിം-ന്യൂനപക്ഷ സർവകലാശാലകളിൽ നടന്ന ക്രൂരമായ പോലീസ് അഴിഞ്ഞാട്ടം, മണിക്കൂറുകളോളം നീണ്ടു നിന്ന കണ്ണീർവാതക പ്രയോഗം, കെട്ടിച്ചമച്ച വ്യാജ വാർത്തകൾ നിർമിക്കാൻ സജ്ജമായി നിൽക്കുന്ന ഭരണകൂട ദാസ്യവൃത്തി ചെയ്യുന്ന മുഖ്യധാര മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം തന്നെ ഹിന്ദു ഇന്ത്യയിലെ പുതിയ സ്വാഭാവികതയെയാണ് അടയാളപ്പെടുത്തുന്നത്.

മുസ്ലിംകൾ പ്രകൃത്യാ കുറ്റവാളികൾ ആണെന്നും, അവർ ശിക്ഷിക്കപ്പെടാൻ അർഹരാണെന്നും പോലീസിലെ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നതായി അടുത്തിടെ തന്നെ ഒരു പഠനം സമർഥിച്ചിരുന്നു. മുസ്ലിംകൾക്കെതിരെ ഇത്തരമൊരു ശത്രുതാപരമായ സമീപനം നിലനിൽക്കുമ്പോൾ, പ്രതിഷേധങ്ങളെ അടിച്ചമർത്തുകയല്ല പോലീസ് അതിക്രമങ്ങൾ ലക്ഷ്യം വെക്കുന്നത്, മറിച്ച് പ്രതിഷേധിക്കുന്ന സമുദായത്തിന്റെ മനസ്സിലും ഹൃദയത്തിലും ഭയം ജനിപ്പിക്കുകയാണ് പോലീസ് അതിക്രമങ്ങളുടെ ആത്യന്തികലക്ഷ്യം. ഭയമാണ് ബി.ജെ.പി സർക്കാറിന്റെ യു.എസ്.പി (യുണീക് സെല്ലിംഗ് പോയിന്റ്), ഭയത്തിന്റെ രാഷ്ട്രീയം സാമൂഹിക ഘടനയിൽ ആഴത്തിൽ പടർന്നു കഴിഞ്ഞു. അതിന്റെ എല്ലാവിധ ദുരിതങ്ങളും അനുഭവിക്കുന്നത് മുസ്ലിംകളാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ, മുത്തലാഖിന്റെ കുറ്റകൃത്യവത്കരണം, ബാബരി മസ്ജിദ് വിധി തുടങ്ങിയവ എല്ലാം സംഭവിച്ചിട്ടും, കഴിഞ്ഞ ആറു വർഷക്കാലം പൊതുമണ്ഡലത്തിൽ മുസ്ലിംകൾ പുലർത്തിയ കാതടപ്പിക്കുന്ന നിശബ്ദത, ഇന്ത്യൻ രാഷ്ട്രവും അതിന്റെ സ്ഥാപനങ്ങളും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രയാസജനകമായി മാറിയിരിക്കുന്നു എന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

വിയോജിക്കുക എന്നത് ഒരു സാർവലൗകിക അവകാശമാണ്, അത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതുമാണ്- പക്ഷേ, പ്രായോഗികതലത്തിൽ അതൊരു വിലക്കപ്പെട്ട കനിയാണ്. എന്തുകൊണ്ടാണ് ജാമിഅയിലെയും അലീഗഡിലെയും വിദ്യാർഥികൾക്ക് അനുഭവിക്കേണ്ടി വന്ന ഭരണകൂട ഭീകരത മറ്റു സർവകലാശാലകളിലെ വിദ്യാർഥികൾക്ക് അഭിമുഖീകരിക്കേണ്ടി വരാത്തത്? ജാമിഅയും അലീഗഡും അവയുടെ മുസ്ലിം ന്യൂനപക്ഷ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് നോക്കിക്കാണപ്പെടുന്നത്, കൂടാതെ ഭീകരവാദികളുടെ താവളങ്ങൾ എന്ന നിലയിൽ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പ്രവണതക്കൊരു പേരുണ്ട്: ഇസ്ലാമോഫോബിയ, അതായത് മുസ്ലിം വിരുദ്ധ വംശീയത. തങ്ങളുടെ സ്വത്വം പൊതുമണ്ഡലത്തിൽ ബോധപൂർവം ഉയർത്തിപിടിക്കുന്ന, ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കു മുന്നിൽ മുട്ടുമടക്കാത്ത വളർന്നു വരുന്ന മുസ്ലിം തലമുറ, ഇന്ത്യയിൽ ആഴത്തിൽ വേരോടിയ ഘടനാപരവും വ്യാപകവുമായ ഇസ്ലാമോഫോബിയ എങ്ങനെയാണ് വികസിക്കുന്നത് എന്ന് വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. പോലീസ് ക്രൂരത അരങ്ങേറി 48 മണിക്കൂറിനകം തന്നെ, മൂന്ന് മുസ്ലിം സർവകലാശാലകൾ (അലീഗഡ്, ജാമിഅ, ലഖ്നൗ നദവ) എന്തുകൊണ്ടാണ് ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടിക്കപ്പെട്ടത് എന്ന ചോദ്യത്തിന് ഇസ്ലാമോഫോബിയ എന്ന ഒറ്റ ഉത്തരമേയുള്ളു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅയിലെയും അലീഗഡിലെയും വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങൾ നയിച്ചു, കാരണം പ്രസ്തുത നിയമം അവരുടെ നിലനിൽപ്പിനും ജീവനും ഭീഷണി ഉയർത്തുന്നതാണ് എന്നതുതന്നെ. വിദ്യാർഥികളെ കൈകൾ ഉയർത്തി പിടിച്ച് കുറ്റവാളികളെ പോലെ കലാലയത്തിന്റെ പുറത്തേക്ക് നടത്തിച്ചതും, സർവകലാശാലയുടെ സ്വത്തുവകകളും സ്വകാര്യ വാഹനങ്ങളും നശിപ്പിക്കുന്ന പോലീസിന്റെ വൈറൽ വീഡിയോകളും എല്ലാം തന്നെ, ഈ രാജ്യത്തെ സെക്കൻഡ് ക്ലാസ് പൗരൻമാരിൽ നിന്നുള്ള സമ്പൂർണ വിധേയത്വം ഭരണകൂടം ആവശ്യപ്പെടുന്നതിന്റെ രീതിയെയാണ് തുറന്നുകാണിക്കുന്നത്. മറുവശത്ത്, കിരാതമായ ഭരണകൂട ഭീകരത അഭിമുഖീകരിക്കുമ്പോൾ തന്നെ, തളരാതെ വളർന്നു കൊണ്ടിരിക്കുന്ന മുസ്ലിം വിദ്യാർഥി പ്രതിഷേധ പ്രകടനങ്ങൾ, കോൺഗ്രസും അതുപോലെ തന്നെ പ്രിവിലേജ്ഡ് വർഗത്തിന്റെ രക്ഷാധികാരി ചമയൽ രാഷ്ട്രീയവും ചേർന്ന് തുടക്കം കുറിച്ച ഭയം ഉള്ളിൽ വിതക്കുന്ന പ്രക്രിയ ഇനിയും അനുവദിച്ചു കൊടുക്കുകയില്ല എന്ന മുസ്ലിംകളുടെ നിശ്ചയദാർഢ്യത്തെയാണ് സൂചിപ്പിക്കുന്നത്.

 

വിവ. ഇർഷാദ് കാളാചാൽ

ജാമിഅ മില്ലിയ സർവകലാശാലയിലെ ഡോക്ടറൽ ഫെല്ലോ ആണ് ലേഖൻ.

Related Articles