Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക ശരീഅത്തന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍

ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ചെടുത്തോളം ഒരു സ്‌റ്റേറ്റ് എങ്ങനെയായിരിക്കണമെന്നും നേതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്നും വളരെ വ്യക്തമായിത്തന്നെ അല്ലാഹുവും മുഹമ്മദ് നബിയും സ്വഹാബത്തും വിവരിച്ചു തന്നിട്ടുണ്ട്. നേതൃത്വത്തിലുള്ള അനുയായികളുടെ സംതൃപ്തിയും മുസ്‌ലിം ഉമ്മത്തിന്റെ ഐക്യവും തുടങ്ങി രാഷ്ട്രീയ മേഖലയിലെ ഇസ്‌ലാമിക വീക്ഷണങ്ങള്‍ ശേഷം വന്ന പണ്ഡിതന്മാരും വിശദീകരിച്ചു തന്നിട്ടുണ്ട്.
രാഷ്ട്രീയത്തിലെ ഇസ്‌ലാമിന്റെ സമ്പൂര്‍ണ്ണ കാഴ്ചപ്പാട് വിശകലനം ചെയ്യുന്ന സമകാലികവും ആധികാരികവുമായ ഗ്രന്ഥമാണ് ഡോ. മുഹമ്മദ് ളിയാഉദ്ദീന്റെ ‘ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍'(അന്നദ്‌രിയാത്തു സിയാസത്തില്‍ ഇസ്‌ലാമിയ്യ) എന്ന ഗ്രന്ഥം. സ്‌റ്റേറ്റ്, മന്ത്രാലയം, രാഷ്ട്രീയ മേല്‍കോയ്മ, മറ്റു ഉടമ്പടികളെക്കുറിച്ചെല്ലാം ഡോ. ളിയാഉദ്ദീന്‍ ഈ ഗ്രന്ഥത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ഒരു രാഷ്ട്രീയ വ്യവസ്ഥിതിയുടെ പൂര്‍ണ്ണ രൂപരേഖ ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളില്‍ നിന്ന് കണ്ടെടുക്കാനാകുമെന്ന് കൂടി ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ പറഞ്ഞു വെക്കുന്നുണ്ട്.

ഇസ്‌ലാമിക ഘടനയുടെ ഭാഗമായ മറ്റു ചില കാര്യങ്ങള്‍:
1- നീതി (നിയമത്തിലും സമ്പത്തിലും പാലിക്കേണ്ട നീതിയും മതകീയ ന്യൂനപക്ഷങ്ങള്‍ക്ക് വകവെച്ച് കൊടുക്കേണ്ട നീതിയും ഇതില്‍ ഉള്‍പ്പെടും)
2- ഉപദേശക സമിതി
3- ഭരണാധികാരിയുടെ ചുമതല
ഇസ്‌ലാമിക രാഷ്ട്രീയ ഘടനയെക്കുറിച്ച് തെളിവ് സഹിതം പഠനം നടത്തിയ ഓറിയന്റലിസ്റ്റുകള്‍ക്ക് സംഭവിച്ച പിഴവ് ളിയാഉദ്ദീന്‍ തുറന്നു കാട്ടുന്നുണ്ട്. മുസ്‌ലിം സമുധായത്തിന്റെ നേതൃത്വത്തിന് സമുധായത്തിന് നിര്‍ബന്ധമായും ചെയ്തു കൊടുക്കേണ്ട ഒരു ചുമതലയുമില്ലെന്നാണ് മുസ്‌ലിം പൗരന്മാരെക്കുറിച്ച് മാര്‍ഗലോട്ടിനെപ്പോലെയുള്ളവര്‍ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നത്. സമകാലിക സാഹചര്യത്തില്‍ ഭരണഘടനയില്‍ അധിഷ്ടിതമായ ഭരണാധികാരിയാകാന്‍ ഒരു നേതാവിനുമാകില്ലയെന്നിടത്തേക്കാണ് മക്‌ഡൊണാള്‍ഡിന്റെ നിരീക്ഷണം ചെന്നെത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്‌ലാമിക ഖിലാഫത്ത് ചരിത്രത്തിലുണ്ടായ പരാക്രമികളായ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ഭാഗമാണെന്നാണ് അര്‍ണോള്‍ഡ് കണ്ടെത്തുന്നത്. ഓറിയന്റലിസ്റ്റുകള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ പിഴവുകളില്‍ പെട്ടതാണത്. കാരണം, ഇസ്‌ലാമിനെ സമ്പൂര്‍ണമായി മനസ്സിലാക്കാതെ അവര്‍ക്ക് അത്യാവശ്യമായി കിട്ടേണ്ട കാര്യങ്ങളില്‍ മാത്രം അവര്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ചെയ്തത്.

Also read: സന്താനപരിപാലനത്തിലൂടെ സ്വര്‍ഗ്ഗം ഉറപ്പാക്കാം

ഭരണകൂടത്തിന്റെയും നേതൃത്വത്തിന്റെയും സ്വഭാവത്തെയും പ്രകൃതത്തെയും കുറിച്ച് പറയാനാണ് തന്റെ പുസ്തകത്തിന്റെ അവസാന ഭാഗങ്ങളില്‍ ഡോ. ളിയാഉദ്ദിന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിക പണ്ഡിതന്മാര്‍ പറയുകയും എഴുതുകയും ചെയ്ത ജ്ഞാനങ്ങളും ചരിത്രങ്ങളും ഉപയോഗിച്ച് ഓറിയന്റലിസ്റ്റുകളുടെ രചനകള്‍ക്കും ചിന്തകള്‍ക്കുമുള്ള വിമര്‍ശനം, ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം, ഇസ്‌ലാമിക ഭരണകൂടത്തിന്റെയും അതിന്റെ ഘടനയുടെയും പ്രത്യേകതകള്‍ എന്നിവയുമാണ് പുസ്തകത്തിന്റെ അവസാന ഭാഗങ്ങിലെ പ്രധാന ചര്‍ച്ചകള്‍. ഓറിയന്റലിസ്റ്റുകള്‍ ശ്രദ്ധിക്കാതെ പോയ വളരെ പ്രാധാന്യമേറിയ കാര്യങ്ങളാണിതൊക്കെത്തന്നെയും.

പുതിയ കവാടം
ഡോ. മുഹമ്മദ് ളിയാഉദ്ദീന്റെ പുസ്തകത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതിനെക്കുറിച്ചുള്ള സാമൂഹിക നേതൃത്വങ്ങളുടെയും ഗ്രന്ഥകാരന്മാരുടെയും പരാമര്‍ശങ്ങളും പറയുന്നത് ഉചിതമാണ്. കാരണം, സാമൂഹികവും വൈയക്തികവുമായ ജീവിതങ്ങളുമായി ഇസ്‌ലാം എത്രത്തോളം ബന്ധിതമാണെന്ന് അവര്‍ക്കെല്ലാം തന്നെ അതില്‍ കണ്ടെത്താനാകുന്നുണ്ട്.
മുന്‍ ഈജിപ്ഷ്യന്‍ മന്ത്രിയായിരുന്ന അലി മാഹിര്‍ ഗ്രന്ഥകാരനെഴുതിയ കത്തില്‍ പറയുന്നുണ്ട്: താങ്കളുടെ ഗ്രന്ഥം വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്; അത് ഗഹനമായ ഒരു പഠനം തന്നെയാണ്. ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനത്തിലും വിശദീകരണത്തിലും വളരെ പ്രശംസനീയമായ ഒരു ചുവടുവെപ്പാണ് താങ്കള്‍ നടത്തിയത്. നിങ്ങള്‍ക്കും നിങ്ങളുടെ സഹപാഠികള്‍ക്കും ഇത്തരം മേഖലകളില്‍ ആശാവഹമായ ഇടപെടലുകള്‍ നടത്താന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.

അല്‍-അക്ബാര്‍ ന്യൂസ് പേപ്പര്‍ ചീഫ് എഡിറ്ററായ മുഹമ്മദ് സകി അബ്ദുല്‍ ഖാദിര്‍ പറയുന്നു: എന്റെ അറിവിന് വ്യക്തത തരുന്ന ഒരുപാട് അറിവുകള്‍ ഈ ഗ്രന്ഥം വായിക്കുന്നതിനിടെ എനിക്ക് കണ്ടെത്താനായി. ഇസ്‌ലാമിക വിഭാഗങ്ങളെക്കുറിച്ചും ആനുകാലിക സിദ്ധാന്തങ്ങളുമായുള്ള കര്‍മ്മശാസ്ത്രത്തിന്റെ ഇടപെടലുകളെക്കുറിച്ചും ഗ്രന്ഥകാരന്‍ ഇതില്‍ വളരെ സ്പഷ്ടമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സംബന്ധിയായുള്ള ഇസ്‌ലാമിക സിദ്ധാന്തങ്ങളും കര്‍മ്മശാസ്ത്ര വിശാരദന്മാരുടെ ഇടപെടലുകളുമാണ് ഈ ഗ്രന്ഥത്തില്‍ എന്നെ ഏറെ അല്‍ഭുതപ്പെടുത്തിയത്. ഒരുപാട് ആധുനിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ എനിക്കറിയാമെങ്കിലും അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണിത്. കാരണം, കര്‍മ്മശാസ്ത്ര പണ്ഡിതന്മാരൊക്കെത്തന്നെയും തിരുനബിയുടെ ചര്യയും വാമൊഴിയുമാണ് ഈയൊരു രാഷ്ട്രീയ ഘടനക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. അവരെല്ലാം തന്നെ ഇസ്‌ലാമിന്റെ മൗലിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇത് മുന്നോട്ട് കൊണ്ട് പോയിരുന്നത്. അതെല്ലാം സമകാലിക യുഗത്തിലെ ഏതൊരു രാഷ്ട്രത്തിനും മാതൃകായോഗ്യമായ ഘടനയും രീതിശാസ്ത്രവുമാണ്.

ശൈഖ് മുഹമ്മദ് അബൂസഹ്‌റ പറയുന്നു: ‘ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ’ രചയിതാവ് ഇസ്‌ലാമിക രാഷ്ട്രീയ തത്വശാസ്ത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം ഇസ്‌ലാമിനകത്തെ മദ്ഹബുകളെക്കുറിച്ചും ആന്തരിക വിഭാഗങ്ങളെക്കുറിച്ചും അത് ഗാഢ അറിവ് നല്‍കുന്നുണ്ട്.

സുഡാന്‍ ചരിത്രകാരന്മാരിലൊരാളായ മുഹമ്മദ് കൈര്‍ അബ്ദുല്‍ ഖാദിര്‍ എഴുതുന്നു: സമകാലിക ഗ്രന്ഥങ്ങളില്‍ ഏറ്റവും കേളികേട്ടതും പ്രശംസനീയമായതുമായ ഗ്രന്ഥമാണ് ഇത്. ഇസ്‌ലാമിക ചരിത്രവും ചിന്തയും സിദ്ധാന്തവും പറയുന്നു എന്നതല്ല അതിനുള്ള കാരണം. മറിച്ച്, ഇസ്‌ലാമിനെയും സ്‌റ്റേറ്റിനെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ച് കാണിക്കുന്ന ഇസ്‌ലാം വിരുദ്ധരുടെ രഹസ്യമായ അജണ്ടയില്‍ മുസ്‌ലിംകളും പെട്ടുപോകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത് വിരചിതമാകുന്നത്.

ഡോ. ആയിശ അബ്ദു റഹ്മാന്‍ എഴുതുന്നു: ഈയൊരു വിഷയത്തില്‍ ഡോ. ളിയാഉദ്ദിന്റെ പുസ്തകത്തോളം ഉത്തമമായ ഒരു ഗ്രന്ഥവും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. ചരിത്രാന്വേഷണത്തോടൊപ്പമുള്ള ഫലോസഫിക്കല്‍ കാഴ്ചപ്പാടും ഇതിന്റെ ഉള്ളടക്കമാണ്. യൂണിവേഴിസിറ്റി തലങ്ങളിലെ സിലബസില്‍ ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതുവഴിയുണ്ടാകുന്ന നേട്ടം മഹത്തരമായിരിക്കും. ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള അക്കാദമിക വ്യവഹാരങ്ങളില്‍ ഇതുപോലൊരു വിമര്‍ശനാതീതമായ ഗ്രന്ഥം നമുക്കൊരിക്കലും കണ്ടെത്താനാവില്ല.

Also read: ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-2

സമകാലിക യുഗത്തിലെ ഇസ്‌ലാമും ഖിലാഫത്തും
‘ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍’ എന്ന ഗ്രന്ഥം രചിച്ച് കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ഡോ. ളിയാഉദ്ദീന്‍ തന്റെ പുതിയ ഗ്രന്ഥമായ ‘സമാകാലിക യുഗത്തിലെ ഇസ്‌ലാമും ഖിലാഫത്തും’ എഴുതുന്നത്. അതില്‍ അദ്ദേഹം ശൈഖ് അലി അബ്ദു റസാഖിന്റെ ‘ഇസ്‌ലാമും ഭരണത്തിന്റെ പ്രാരംഭകാലഘട്ടവും’ എന്ന ഗ്രന്ഥത്തിനെതിരെ തെളുവുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്:
ഇദ്ദേഹം ഒരു റിസര്‍ച്ചറാണെന്നോ രാഷ്ട്രീയ മീമാംസകനാണെന്നോ രാഷ്ട്രീയമായി ഇദ്ദേഹത്തിന് വല്ല കാര്യമാത്ര ബന്ധമുണ്ടോയെന്നൊന്നും ഇതുവരെ അറിയപ്പെട്ടിട്ടില്ല. മാത്രമല്ല, മുസ്‌ലിം ശരീഅത്ത് അനുസരിച്ച് വിധി നിര്‍ണ്ണിയിക്കുന്ന ഒരു ഖാളി ഇത്തരത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ രാഷ്ട്രീയ ചിന്താഗതിയെയും ഭരണസംവിധാനത്തെയും നിഷിധമായി വിമര്‍ശിക്കുന്നത് ചിന്തിക്കാനാവില്ല. ബൈബിള്‍, മത്തായി, ഏശു, സീസര്‍ എന്നിവരെക്കുറിച്ചെല്ലാം നന്നായി പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്ത ഇദ്ദേഹം അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണെന്ന് വിശ്വസിക്കുക പ്രയാസം തന്നെയാണ്.

ഇതിനെക്കുറിച്ച് ഈജിപ്ത് ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് ബുകയ്ത്ത് പറഞ്ഞത് ഇങ്ങനെയാണ്: ആ പുസ്തകത്തിന്റെ രചയിതാവിന്റെ നാമം കേവലം ഒരു നാമം മാത്രമാണ്. അത് മുസ്‌ലിംകളെ ആക്ഷേപിക്കാന്‍ വേണ്ടി മാത്രം തയ്യാറാക്കപ്പെട്ടതാണ്.
ഡോ. ളിയാഉദ്ദീന്‍ തന്റെ പുസ്തകവുമായി അദ്ദേഹത്തെ സമീപിക്കുകയും അതിന് നല്ലൊരു വിമര്‍ശനക്കുറിപ്പ് തയ്യാറാക്കാനാകുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. പക്ഷെ, അബ്ദു റസാഖ് അതിന് മറുപടി നല്‍കാന്‍ സന്നദ്ധനായില്ല. മാത്രമല്ല, തന്റെ പുസ്തകം റീപ്രിന്റ് ചെയ്യാന്‍ ദാറുല്‍ ഹിലാല്‍ പബ്ലിക്കേഷനെ സമ്മതിക്കുകയും ചെയ്തില്ല. അതിനാല്‍ തന്നെയാണ് ഇത് ഓറിയന്റലിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ഒരു ഒളിയമ്പായി കണ്ടാല്‍ മതിയെന്നാണ് ളിയാഉദ്ദീന്‍ പിന്നീട് അതിനെക്കുറിച്ച് എഴുതിയത്.

ആക്രമണവും പ്രതിരോധവും
അലി അബ്ദു റസാഖിന്റെ ഗ്രന്ഥം മുസ്‌ലിം ലോകത്തെ പല പണ്ഡതന്മാരുടെയും ശക്തമായ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. ഇമാമുല്‍ അക്ബര്‍ മുഹമ്മദ് അല്‍-ഖിദ്ര്‍ ഹുസൈന്‍(നഖ്ദു കിതാബില്‍ ഇസ്‌ലാം വ ഉസൂലില്‍ ഹുകും-1926), ഈജിപ്ഷ്യന്‍ ഗ്രാന്റ് മുഫ്തി മുഹമ്മദ് ബുകയ്ത്ത് അല്‍-മുത്വീഈ(ഹഖീഖത്തുല്‍ ഇസ്‌ലാം വ ഉസൂലുല്‍ ഹുകും-1926), അബ്ദു റസാഖ് അല്‍- സന്‍ഹൂരി(ഉസൂലുല്‍ ഹുകും ഫില്‍ ഇസ്‌ലാം), ശൈഖ് മുഹമ്മദ് ത്വാഹിര്‍ ബ്‌നു ആശൂറാഅ്(നഖ്ദുന്‍ ഇല്‍മി ലി കിതാബില്‍ ഇസ്‌ലാം വ ഉസൂലില്‍ ഹുകും) എന്നിവര്‍ അവരില്‍ പ്രധാനികളാണ്.

ഇസ്‌ലാമിക പണ്ഡിതന്മാരെപ്പോലെത്തന്നെ സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അവരില്‍ പ്രധാനിയാണ് മുഹമ്മദ് ഹുസൈന്‍ ഹയ്കല്‍(അല്‍-സിയാസ എന്ന പത്രത്തില്‍ ഈ പുസ്തകത്തിനെതിരെ ഇദ്ദേഹം ലേഖനം എഴുതിയിരുന്നു). ഈയൊരു പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് സിയൂര്‍ പാഷയുടെ മന്ത്രാലയത്തിലെ ഹഖാനി മന്ത്രിപദത്തില്‍ നിന്ന് 1925 മാര്‍ച്ച് 13 ന് അബ്ദുല്‍ അസീസ് ഫഹ്മി രാജിവെച്ചു. ‘അല്‍-ബലാഗ്’ ന്യൂസ്‌പേപ്പറില്‍ മഹ്മൂദ് അല്‍-അഖാദ് അബ്ദു റസാഖിനെതിരെ ലേഖനമെഴുതി. അല്‍-മുഖ്തത്വിഫ് പത്രത്തില്‍ സലാമ മൂസയും റസാഖിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി.

അടുത്ത കാലത്ത്, ഈജിപ്തിലെയും അറബ് രാജ്യങ്ങളിലെയും പടിഞ്ഞാറിനെ പിന്തുണക്കുന്നവരും ചില അള്‍ട്രാ മതേതരവാദികളും ഈ പുസ്തകത്തിന്റെ ഉള്ളടക്കവും അബ്ദു റസാഖിന്റെ ചിന്തയും(പ്രത്യേകിച്ചും മതവും സ്‌റ്റേറ്റും രണ്ടാണെന്ന വാദം, ഇസ്‌ലാം ആരാധനയില്‍ മാത്രം ഒതുങ്ങുന്ന മതമാണെന്നും നിത്യജീവിതമായും ജീവിത യാഥാര്‍ത്ഥ്യങ്ങളുമായും അതിനൊരു ബന്ധവുമില്ലെന്ന ചിന്താഗതി) വീണ്ടും ലേഖനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സെക്കുലറിസത്തിന്റെ ഏറ്റവും മോശമായ രീതിയാണ് മുസ്‌ലിംകള്‍ക്കിടയില്‍ പടിഞ്ഞാറന്‍ പ്രേമികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. മുസ്ഥഫ കമാല്‍ അത്താതുര്‍ക്കിലൂടെ അവരത് തുര്‍ക്കിയില്‍ സാധ്യമാക്കിയെങ്കിലും അതിന്റെ പരിണിത ഫലം നിരാശാജനകമായിരുന്നു. അത് ജീവിതത്തിന്റെ നിഖില മേഖലകളെയും തകര്‍ത്തു. അവസാനം തുര്‍ക്കികള്‍ വീണ്ടും ഇസ്‌ലാമിലേക്ക് തന്നെ തിരികെ വരികയാണുണ്ടായത്.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. mugtama.com

Related Articles