Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യ ലോകത്തെ ‘ജിഹാദിസ്റ്റ് ഭീഷണി’: വസ്തുതകളും കെട്ടുകഥകളും

യൂറോപോളിന്റെ (Europol) ഭീകരവാദ പ്രവണതകളുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ട് എല്ലായ്പ്പോഴും വസ്തുതാ പരിശോധനയിൽ വളരെ ഉപകാരപ്രദമാണ്. “ഭീകര വിരുദ്ധ യുദ്ധത്തെ” ചുറ്റിപ്പറ്റിയുള്ള വലിയ തോതിലുള്ള അവാസ്തവ വിവരങ്ങളെ തള്ളിക്കളയാൻ സഹായകരമായി വർത്തിക്കുന്ന ഒന്നാണ് പ്രസ്തുത റിപ്പോർട്ട്.

ഭീകരവാദവുമായി ബന്ധപ്പെട്ട നമ്മുടെ പൊതുവ്യവഹാരത്തെ നിർമിക്കുന്ന ഭീഷണികളുടെ പെരുപ്പത്തിന്റെ പരിഹാസ്യത പ്രസ്തുത റിപ്പോർട്ട് വരച്ചുകാട്ടുന്നുണ്ട്. 9/11 മുതൽക്ക്, മുഖ്യധാര മാധ്യമങ്ങൾ, സർക്കാറുകൾ, പോലീസ്, മിലിറ്ററി, അക്കാദമീയ അടക്കമുള്ള എല്ലാ പ്രധാന സ്ഥാപനങ്ങളും ചേർന്ന് “ഇസ്ലാമിസ്റ്റ് മൗലികവാദം” “ജിഹാദിസ്റ്റ് ഭീഷണി” എന്നിവക്കെതിരെയുള്ള ആൾക്കൂട്ട ഉന്മാദത്തെ ശ്രദ്ധാപൂർവം വളർത്തിയെടുത്തിട്ടുണ്ട്. തദ്ഫലമായി, യഥാർഥത്തിലുള്ളതിനേക്കാൾ എത്രയോ മടങ്ങ് അധികം ഭീകരവാദ ഭീഷണികൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്നാണ് ജനങ്ങൾ കരുതുന്നത്.

പാശ്ചാത്യ നാഗരികതയുടെ നിലനിൽപ്പിന് ഭീഷണി എന്ന നിലയിൽ അവതരിപ്പിച്ച് പ്രസ്തുത ഭീഷണിയെ പെരുപ്പിച്ച് കാട്ടുന്നതിനുള്ള മുഖ്യ പ്രചോദനം, അത്തരം ഭയപ്പെടുത്തൽ തന്ത്രങ്ങൾ പാശ്ചാത്യ ശക്തികളുടെ താൽപര്യങ്ങൾ നിറവേറ്റുന്നു എന്നതാണ്, നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന സൈനിക-സുരക്ഷാ സമുച്ചയവും, “ഭീകരവിരുദ്ധ യുദ്ധ”ത്തിനു വേണ്ടി നീക്കിവെക്കപ്പെട്ട വൻ ബജറ്റും അതിൽ ഉൾപ്പെടും.

ലോകത്തിലെ മുൻനിര ഭീകരവാദ പണ്ഡിതൻമാരിൽ ഒരാളായ മാർക് സെയ്ജ്മാൻ, അദ്ദേഹത്തിന്റെ ‘മിസ്അണ്ടർസ്റ്റാൻഡിങ് ടെററിസം’ എന്ന കൃതിയിൽ പറയുന്നത്, ഭീകരവാദ ഭീഷണിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രേരിത കൃത്രിമകണക്കുകൾ, തങ്ങൾ വിശ്വസിപ്പിക്കപ്പെട്ടതിനേക്കാൾ വളരെ ചെറുതായ ഒരു ഭീഷണിക്കു മുന്നിൽ ഭയന്നു വിറയ്ക്കുകയും സുരക്ഷയെ സംബന്ധിച്ച് ആശങ്കാകുലരാകുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് അമേരിക്കക്കാരെയും യൂറോപ്യൻമാരെയും എത്തിച്ചിട്ടുണ്ട് എന്നാണ്.

2002നും 2012നും ഇടയിൽ, മൊത്തം പാശ്ചാത്യ രാജ്യങ്ങളിൽ ആകെ 66 ഇസ്ലാമിക് ജിഹാദിസ്റ്റ് ഗൂഢാലോചനകൾ മാത്രമാണ് അരങ്ങേറിയതെന്ന് സെയ്ജ്മാൻ കണക്കാക്കുന്നു, 700 മില്ല്യൺ ജനങ്ങളിൽ 220 പേരാണ് ഈ ഗൂഢാലോചനകളിൽ ഭാഗഭാക്കായിട്ടുള്ളത്. എന്നിട്ടും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പെരുപ്പിച്ചുകാട്ടലിന്റെ ഫലമായി, പൊതുഖജനാവിലെ കോടിക്കണക്കിനു ഡോളറാണ് ഒരു ചെറുഭീഷണിയെ വലുതാക്കി കാണിച്ച് അതിനെ പ്രതിരോധിക്കാനെന്ന പേരിൽ സുരക്ഷാ സ്ഥാപനങ്ങളും നിരീക്ഷണ സംവിധാനങ്ങളും നിർമിക്കാൻ വേണ്ടി വഴിതിരിച്ചുവിട്ടത്.

എന്നാൽ, “ജിഹാദിസ്റ്റ് ഭീഷണി” പെരുപ്പിച്ച് കാട്ടി ജനങ്ങളെ ഭയപ്പെടുത്തുന്നത് ഭരണവർഗത്തെ സംബന്ധിച്ചിടത്തോളം രാഷട്രീയപരമായി വളരെയധികം ഉപകാരപ്രദമാണെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്, അതുകൊണ്ടു തന്നെ പൊതുജനത്തിന്റെ ബില്ല്യൺ കണക്കിന് ഡോളറുകൾ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ചെലവഴിക്കാതെ, ‘ദേശീയ സുരക്ഷ’ സമുച്ചയങ്ങളിലേക്കു വഴിതിരിച്ചുവിടപ്പെടുമെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇതുകൊണ്ടു കൂടിയാണ് രാഷ്ട്രീയക്കാരും മുഖ്യധാര മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തുവിടാതിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ, ആക്രമണത്തിന്റെ എണ്ണത്തിന്റെ കാര്യത്തിലും, മരണസംഖ്യയുടെ കാര്യത്തിലും, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭീകരവാദ പ്രവണതകൾ കുറഞ്ഞുവരികയാണ്,

ജിഹാദിസ്റ്റ് ഭീഷണിയിൽ നിന്ന് ഒരു രാജ്യവും ഒഴിഞ്ഞുനിൽക്കുന്നില്ല എന്ന തരത്തിലുള്ള നിരന്തരമായ നുണകൾക്കു വിരുദ്ധമായി, യഥാർഥത്തിൽ, 2018-ൽ, മുൻ വർഷങ്ങൾക്കു സമാനമായി, “യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും ഒരുതരത്തിലുള്ള ജിഹാദിസ്റ്റ് ഭീകരവാദ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല,” യൂറോപോൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ കാര്യത്തിൽ ഇതു തന്നെയാണ് യാഥാർഥ്യം.

“ജിഹാദി” ഭീകരവാദ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം വളരെ ചെറുതാണ്. 510 മില്ല്യണിലധികം വരുന്ന യൂറോപ്യൻ ജനസംഖ്യയിൽ നിന്നും, 25 മില്ല്യൺ വരുന്ന മുസ്ലിം യൂറോപ്യൻ ജനസംഖ്യയിൽ നിന്നും 511 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 511 പേർ എന്നത് സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ്, ശിക്ഷിക്കപ്പെട്ടവരല്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഭീകരവാദവുമായി ബന്ധപ്പെട്ട് വിധി കൽപിക്കപ്പെട്ട കേസുകളുടെ എണ്ണം 664 ആണ്, ഇതിൽ ശിക്ഷിക്കപ്പെട്ടവയും വെറുതെ വിടപ്പെട്ടവയും ഉൾപ്പെടും. വ്യാജരേഖ ചമയ്ക്കൽ, “ഭീകരവാദികളുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് യാത്ര ചെയ്യൽ”, “ഭീകരവാദത്തെ മഹത്വവത്കരിക്കൽ”, “ഭീകരവാദ ഉള്ളടക്കമുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാൻ” സോഷ്യൽ മീഡിയ ഉപയോഗിക്കൽ തുടങ്ങി ഭീകരവാദ പട്ടികയിലുള്ള ആരുടെയെങ്കിലും പേരിനോട് സാദൃശ്യമുള്ള ഒരാളെ വിവാഹം ചെയ്യാൻ” സിറിയയിലേക്ക് പോകാൻ യാത്രക്കൊരുങ്ങുന്നത് പോലും ഭീകരവാദ കേസുകളുടെ ഗണത്തിൽ പെടുത്തിയാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

“ഭീകരവാദം” എന്നതിന് ഇത്തരത്തിൽ വിശാലമായ ജുഡീഷ്യൽ നിർവചനമാണ് ഉള്ളതെങ്കിലും, കുറ്റവിമുക്തമാക്കപ്പെട്ട കേസുകൾ ഉൾപ്പെടെ എടുത്താൽ പോലും, കേസുകളുടെ എണ്ണം 700 കവിയില്ല.

ഇതിലും രസകരമായ മറ്റൊരു കാര്യം എന്താണെന്നാൽ, പൊതു അധീശ വ്യവഹാരത്തിനും കാഴ്ചപ്പാടുകൾക്കും വിരുദ്ധമായി, “ജിഹാദിസം” അല്ല നമ്മുടെ സമൂഹങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീകരവാദ ഭീഷണി എന്നതാണ്. യൂറോപോൾ കണക്കുകൾ പ്രകാരം : “കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നടന്ന വംശീയ-ദേശീയ, വിഘടനവാദ ഭീകരവാദ ആക്രമണങ്ങളുടെ എണ്ണം മറ്റു തരത്തിലുള്ള ഭീകരവാദ ആക്രമണങ്ങളെ വലിയ തോതിൽ കവച്ചുവെക്കുന്നതാണ്.”

കൃത്യമായി പറഞ്ഞാൽ, യൂറോപ്പിൽ ഉടനീളം അരങ്ങേറിയ മൊത്തം 129 “പരാജയപ്പെട്ടതും, തടയപ്പെട്ടതും, വിജയിച്ചതുമായ” ആക്രമണങ്ങളിൽ, 24 എണ്ണമാണ് “ജിഹാദിസ്റ്റ്” ഗണത്തിൽ പെട്ടതായി ഉണ്ടായിരുന്നത്. അതേസമയം, 83 എണ്ണം, അതായത് മൂന്നിൽ രണ്ട്, “വംശീയ-ദേശീയ, വിഘടനവാദ”വുമായി ബന്ധപ്പെട്ട ഭീകരാക്രമണങ്ങളായിരുന്നു. “ഇസ്ലാമിസ്റ്റ്/ജിഹാദിസ്റ്റ് ഭീഷണി”യെ കുറിച്ച് പെരുപ്പിച്ച് സംസാരിക്കുന്ന ഏതെങ്കിലും രാഷ്ട്രീക്കാരനോ, ഉദ്യോഗസ്ഥനോ, “വിദഗ്ദനോ”, മാധ്യമ പ്രവർത്തകനോ ഈ വസ്തുതകളെ കുറിച്ച് എപ്പോഴെങ്കിലും പരാമർശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോന്ന് സ്വയം ചോദിച്ചു നോക്കുക?

ഈ വസ്തുതകളും, കണക്കുകളും, പ്രവണതകളും പൊതു അധീശ വ്യവഹാരത്തിൽ നിന്നും ആസൂത്രിതമായി മറയ്ച്ചുവെക്കപ്പെടുകയാണ് എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം പൊതു അധീശ വ്യവഹാരം വസ്തുതകൾക്കല്ല മറിച്ച് വൈകാരികതയ്ക്കാണ് ബോധപൂർവം പ്രാധാന്യം നൽകുന്നത്. “ഭീകര വിരുദ്ധ യുദ്ധ”ത്തിന്റെ ലക്ഷ്യം ഏതെങ്കിലുമൊരു ഭീഷണിയെ ഇല്ലാതാക്കുകയല്ല, മറിച്ച് വ്യവഹാരങ്ങളെ മാനിപുലേറ്റ് ചെയ്യുന്ന, പോളിസികളെ നിയന്ത്രിക്കുന്ന ഭരണവർഗത്തിന്റെ വിവിധ രാഷ്ട്രീയ, സാമ്പത്തിക, ഭൗമരാഷ്ട്രീയ അജണ്ടകൾ സംരക്ഷിക്കുക എന്നതാണ് യഥാർഥത്തിൽ “ഭീകരവിരുദ്ധ യുദ്ധ”ത്തിന്റെ ലക്ഷ്യം.

 

വിവ.ഇർഷാദ് കാളച്ചാൽ

Related Articles