വരുന്ന ജൂൺ പതിനെട്ടിന് നടക്കേണ്ടിയിരുന്ന പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരു മാസം നേരത്തെ മെയ് പതിനാലിന് നടത്തുമെന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതീക്ഷ, പണപ്പെരുപ്പം നേരിടാനായി ഏതാനും മാസങ്ങൾക്കുള്ളിൽ താൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളിലായിരുന്നു. ഉദ്യോഗസ്ഥർക്ക് ശമ്പളം വർധിപ്പിക്കുക, ഏറ്റവും കുറഞ്ഞ കൂലിയുടെ പരിധി ഉയർത്തുക എന്നിവ ആ പാക്കേജിൽ പെടും. ഇതൊക്കെ തന്റെ ജനസമ്മതി ഉയർത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. അതിനിടക്കാണ് കഴിഞ്ഞ ഫെബ്രുവരി ആറിന് അതിവിനാശകരമായ ഭൂകമ്പം ഉണ്ടാകുന്നത്. എന്നിട്ട് പോലും തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന തീരുമാനവുമായി അദ്ദേഹം മുന്നോട്ട് പോകുന്നത് വിജയ പ്രതീക്ഷ അദ്ദേഹത്തിന് ഉള്ളത് കൊണ്ട് തന്നെയാണ്. അധികാരത്തിൽ വന്ന ശേഷം തുടർച്ചയായി പത്ത് തെരഞ്ഞെടുപ്പുകൾ ജയിച്ച അപൂർവ നേട്ടത്തിന് ഉടമയാണ് ഉർദു ഗാൻ എന്നോർക്കണം. തുർക്കിയയിലെ ആഭ്യന്തര രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ വെച്ച് രാഷ്ട്രീയം കളിക്കാനുള്ള വൈദഗ്ധ്യവും പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
കഴിഞ്ഞ ഭൂകമ്പമുണ്ടാക്കിയ അതിഭീമമായ നാശനഷ്ടങ്ങളെ എങ്ങനെയാണ് തനിക്കനുകൂലമായ അവസരമാക്കി മാറ്റാൻ കഴിയുക എന്ന ചോദ്യമുയരുക സ്വാഭാവികമാണ്. പക്ഷെ, ഭൂകമ്പമുണ്ടായ ഉടനെ തന്റെ ഭരണകൂടത്തിന് ചില പാളിച്ചകൾ ഉണ്ടായെന്ന ഉർദുഗാന്റെ കുറ്റസമ്മതവും പിന്നെ നടന്ന അതിവിപുലമായ രക്ഷാപ്രവർത്തനങ്ങളും തകർന്ന കെട്ടിടങ്ങൾ ഒരു വർഷത്തിനുള്ളിൽ പുനർ നിർമ്മിച്ച് നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനവും ഭൂകമ്പമുണ്ടാക്കുന്ന രാഷ്ടീയ പ്രത്യാഘാതങ്ങളെ മറികടക്കാൻ ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ ആഴ്ച നടന്ന ഏറ്റവും പുതിയ അഭിപ്രായ സർവെകൾ വിരൽ ചൂണ്ടുന്നത് ഭരണകക്ഷി സഖ്യം ഭൂകമ്പത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ അതിജീവിച്ചും തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്ക് ഏറെക്കുറെ നിലനിർത്തും എന്ന് തന്നെയാണ്. തങ്ങളുടെ പരമ്പരാഗത വോട്ടുകൾക്ക് അപ്പുറം ഒരു നേട്ടവും പ്രതിപക്ഷത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഒരു അഭിപ്രായ സർവെയുടെ കണ്ടെത്തൽ. അതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന് : ഭൂകമ്പത്തിന്റെ വ്യാപ്തി വളരെ വിപുലമായതിനാൽ തുടക്കത്തിൽ തന്റെ ഭരണകൂടം പതറിപ്പോയി എന്ന ഉർദുഗാന്റെ ഏറ്റുപറച്ചിൽ. പ്രതികൂലമായ കാലാവസ്ഥയും പ്രശ്നങ്ങൾ സൃഷ്ടിച്ചെന്ന് അദ്ദേഹം സമ്മതിച്ചു. അത്യന്തം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറുള്ള നേതാവാണ് താനെന്ന പ്രതിഛായയാണ് അദ്ദഹം സൃഷ്ടിച്ചത്. പുനർ നിർമാണ ഘട്ടത്തിന്റെയും നേതൃത്വം തനിക്കാണ് ഏറ്റെടുക്കാൻ കഴിയുക എന്ന ധാരണയും സൃഷ്ടിക്കാൻ കഴിഞ്ഞു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുക തന്നെയാണ് അദ്ദേഹം.
രണ്ട് : ഭൂകമ്പാനന്തര പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ പ്രതിപക്ഷത്തിന്റെ പരാജയം. ഭൂകമ്പത്തെ രാഷ്ടീയമായി ഉപയോഗിക്കാൻ മാത്രമാണ് അവർ ശ്രമിച്ചത്. പുനർ നിർമാണ പ്രക്രിയക്ക് തങ്ങളുടെതായി ഒരു പദ്ധതിയും അവർക്ക് സമർപ്പിക്കാനുണ്ടായിരുന്നില്ല. ഉർദുഗാൻ ഗവൺമെന്റിനെതിരെ ജനരോഷമുയർന്നിട്ടും അത് രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഴിയാതിരുന്നത് അത് കൊണ്ടാണ്.
ഭൂകമ്പത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തടുക്കാൻ കഴിഞ്ഞതോ പണപ്പെരുപ്പം കുറച്ചു കൊണ്ട് വന്നതോ മാത്രമല്ല ഉർദുഗാന് അനുകൂലമായിരിക്കുന്നത്. മൊത്തത്തിൽ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് ആറ് പാർട്ടി സഖ്യത്തിന്റെ ദുർബലമായ പ്രകടനവും അദ്ദേഹത്തിന് തുണയായിരിക്കുകയാണ്. ആറ് പാർട്ടി സഖ്യത്തിൽ രാജ്യത്തെ രണ്ട് പ്രമുഖ പ്രതിപക്ഷ കക്ഷികൾ ഉണ്ടെന്നതിനാൽ അധികാരം നിലനിർത്തുന്നതിൽ ഉർദുഗാന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുക അവർ തന്നെയായിരിക്കും. പക്ഷെ അവർക്കിടയിലെ അനൈക്യമാണ് പ്രശ്നം. പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കമാൽ കലീഗ്ദാർ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിനോട് ഗുഡ് പാർട്ടിക്ക് യോജിപ്പില്ല. ആ പാർട്ടിയുടെ നേതാവ് മീറാൽ അക് ഷിനറെ ഒത്തുതീർപ്പ് ചർച്ചയിലേക്ക് കൊണ്ട് വരുന്നതിൽ ആറ് പാർട്ടി സഖ്യം വിജയിച്ചുവെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഛായയെ അത് വല്ലാതെ പരുക്കേൽപ്പിച്ച് കഴിഞ്ഞു. വോട്ടർമാരുടെ മനം മാറ്റുന്നതിൽ അത് വലിയ തടസ്സമായി നിൽക്കുന്നു.
ഉർദുഗാനെ പുറത്താക്കുക എന്ന കാര്യത്തിൽ മാത്രമേ ഈ പ്രതിപക്ഷ സഖ്യത്തിന് ഏകാഭിപ്രായമുള്ളൂ. അത് സാധിച്ചു കഴിഞ്ഞാൽ സഖ്യം ദുർബലമാകും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആ ഭിന്നത മറനീക്കി പുറത്ത് വരികയും ചെയ്തു. പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയാണ് ഇത് ചോദ്യം ചെയ്യുന്നത്. അധികാരത്തിൽ ഉർദുഗാൻ വേണോ വേണ്ടേ എന്നതായിരിക്കില്ല, പ്രതിപക്ഷത്തിന്റെ ഈ നിലയുറപ്പില്ലായ്മയായിരിക്കും വോട്ടർമാരെ കൂടുതൽ സ്വാധീനിക്കുക. രാഷ്ട്രീയ സ്ഥിരത അപകടപ്പെട്ടേക്കും എന്നും അവർ ചിന്തിച്ചേക്കാം.
ഏതായാലും തുർക്കിയ ജനത തെരഞ്ഞെടുപ്പിൽ ആരെ പിന്തണക്കണമെന്ന കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാൻ രാഷ്ട്രീയ സ്ഥിരത വേണമെന്ന് അവർ ചിന്തിച്ചാൽ ആഘാതമേൽക്കുക പ്രതിപക്ഷത്തിന്നായിരിക്കും. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പ്രതിപക്ഷത്തിന് ആയിരിക്കില്ല കിട്ടുക. പ്രതിപക്ഷം ഈ നിലയിലായത് ഉർദുഗാന്റെ ഭാഗ്യം എന്ന് പറയണം. ചില പൊതു അജണ്ടകളുടെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ സഖ്യത്തിന് പ്രതിപക്ഷം രൂപം നൽകിയെങ്കിലും ആദ്യം പ്രഖ്യാപിക്കേണ്ട കാര്യം അവർ പിന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പൊതു പ്രസിഡന്റ് സ്ഥാനാർഥി ആര് എന്നതാണത്. പ്രതിപക്ഷത്തിന്റെ യഥാർഥ അജണ്ട ഉർദുഗാനെ തോൽപ്പിക്കുക എന്നതിൽ ചുറ്റിക്കറങ്ങുന്നു എന്നതും അവർക്ക് ക്ഷീണമാണ്. ഇത് കാരണം ഒരു ബദൽ രാഷ്ടീയ സ്ട്രാറ്റജി അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല.
എങ്കിലും തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക ദുഷ്ക്കരം തന്നെ. ഉർദുഗാൻ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷത്തിലെ പിടലപ്പിണക്കങ്ങളും സാമ്പത്തിക നില മെച്ചപ്പെട്ടതും അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് മാത്രം. ഇനി റിപ്പബ്ലിക്കൻ പീപ്പ് ൾസ് പാർട്ടി നേതാവ് കമാൽ കലീഗ്ദാറിനെ പ്രതിപക്ഷം പൊതു സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും അത് ഉർദുഗാന്റെ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക. കലീഗ് ദാറിന് വലിയ രാഷ്ട്രീയ പാരമ്പര്യമുണ്ടെങ്കിലും ആ പാർട്ടിയിലെ തന്നെ ഇസ്തംബൂൾ മേയർ അക്റം ഇമാം ഒഗലുവിനോ അങ്കാറ മേയർ മൻസ്വൂർ യാഫാഷിനോ ആണ് ഇദ്ദേഹത്തെക്കാൾ കൂടുതൽ ഉർദുഗാന് വെല്ലുവിളി ഉയർത്താനാവുക. കടുത്ത സെക്യുലരിസ്റ്റ് ചിന്താഗതിക്കാരനായ കലീഗ് ദറിന് യാഥാസ്ഥിതിക വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനും കഴിയില്ല. ചുരുക്കം പറഞ്ഞാൽ, പലതരം അപകടങ്ങളാൽ വലയം ചെയ്യപ്പെട്ടാണ് ഉർദുഗാന്റെ നിൽപ്പെങ്കിലും, പ്രതിപക്ഷത്തിന്റെ നിലവിലുളള അവസ്ഥ അദ്ദേഹത്തിന് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. പക്ഷെ പെട്ടെന്ന് രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുന്ന നാടാണ് തുർക്കിയ. യാദൃഛികമായി എന്തെങ്കിലും സംഭവിച്ചാൽ മതി എല്ലാം തകിടം മറിയാൻ.
വിവ. അശ്റഫ് കീഴുപറമ്പ്
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0