Politics

ഹിന്ദുത്വ ഫാസിസ്റ്റ് കാലത്ത് സാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്ത് ചെയ്യണം?

ഫാസിസ്റ്റ്കാലത്തെ കലാകാരന്മാര്‍-എഴുത്തുകാര്‍-ബുദ്ധിജീവികള്‍ എന്നിവരുടെ ചുമതലകളെക്കുറിച്ച് പങ്കുവെക്കുന്നതിന് മുമ്പ് ഫാസിസത്തെക്കുറിച്ചും അത് ഏകാധിപത്യത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഹ്രസ്വമായി നിര്‍വചിക്കാം. ഏകാധിപത്യം എന്നത് രാഷ്ട്രീയ സങ്കല്‍പ്പമാണ്, ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ഗ്രൂപ്പിന്റെയോ സ്വേച്ഛാധിപത്യമാണ് അത്. ഏകാധിപത്യം ഏതെങ്കിലും രൂപത്തില്‍ എതിര്‍പ്പുകളെ നിരോധിക്കുകയും പൊതു-സ്വകാര്യ ജീവിതത്തിന്മേല്‍ ശക്തമായ നിയന്ത്രണം ചെലുത്തുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഫാസിസം, ഈ അടിച്ചമര്‍ത്തല്‍ സവിശേഷതകളെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഭരണാധികാരികളുടെ വംശം, സംസ്‌കാരം, മതം, ഭാഷ എന്നിവയുടെ ദൈവീക ആധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട്.

ആര്‍എസ്എസ് / ബിജെപി ഭരണാധികാരികള്‍ ഇന്ത്യന്‍ ഭരണകൂടം പിടിച്ചടക്കിയതിനെ ജര്‍മ്മനിയിലെ നാസി പാര്‍ട്ടിയുടെയും ഒന്നാം ലോക യുദ്ധത്തിനുശേഷം ഇറ്റലിയിലെ ഫാസിസ്റ്റ് പാര്‍ട്ടിയുടെയും ഭരണവുമായി സമീകരിക്കരുത്. യൂറോപ്പില്‍ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ഉയര്‍ച്ച ആഗോളതലത്തില്‍ മുതലാളിത്തത്തിന്റെ കടുത്ത പ്രതിസന്ധിയുടെ ഫലമായിരുന്നു. ജര്‍മ്മനിക്കും ഇറ്റലിക്കും ശക്തമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുണ്ടായിരുന്നതിനാല്‍, മുതലാളിമാര്‍, ബ്യൂറോക്രാറ്റുകള്‍, സൈനിക വരേണ്യവര്‍ഗവും വലതുപക്ഷ രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷത്തെ തകര്‍ക്കാനും ഇരു രാജ്യങ്ങളിലും ഏകാധിപത്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ഉപദ്വീപിലേക്ക് ആര്യന്മാരുടെ വരവോടെ സവര്‍ണ്ണ ജാതിക്കാരുടെ പ്രിയപ്പെട്ട പ്രത്യയശാസ്ത്രമായി ബ്രാഹ്മണിസമോ ഹിന്ദുത്വ ഫാസിസമോ ഉള്ള ഏകാധിപത്യ പ്രത്യയശാസ്ത്രം മാറി. ബ്രാഹ്മണിക് വേദങ്ങള്‍, മനു സ്മൃതി, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം എന്നിവയൊക്കെയായിരുന്നു ഹിന്ദുത്വ ഫാസിസത്തിന്റെ അടിസ്ഥാന രേഖകള്‍.

ഹിന്ദുത്വ ഫാസിസം എന്താണെന്നറിയാന്‍ ബ്രാഹ്മണിസത്തിന്റെ ഈ രേഖകളില്‍ അടങ്ങിയിരിക്കുന്ന മനുഷ്യത്വരഹിതമായ ചില ഘടകങ്ങളെ പരിശോധിച്ചാല്‍ മതി. ഇന്ത്യയിലെ ആധുനിക ഹിന്ദുത്വ ഫാസിസം രൂപകല്‍പ്പന ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ച വി ഡി സവര്‍ക്കര്‍, സംസ്‌കൃതം ഒരു വിശുദ്ധ ഭാഷയാണെന്നും ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞുവെക്കുന്നു.

Also read: ഇൻറർനെറ്റ് കാലത്ത് വഞ്ചിതരാകുന്ന ഇണകള്‍

ഹിന്ദുത്വ ഫാസിസത്തിന്റെ മറ്റൊരു പ്രമുഖ പ്രത്യയശാസ്ത്രജ്ഞനായ എം.എസ്. ഗോല്‍വാല്‍ക്കര്‍ ഹിറ്റ്ലറും മുസ്സോളിനിയും അവരവരുടെ രാജ്യങ്ങളില്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിനെ പൂര്‍ണ്ണമായി പിന്തുണക്കുന്നു. ഇന്ത്യയില്‍ ആര്യന്മാരല്ലാത്തവരെ ഉന്മൂലനം ചെയ്യുന്നതില്‍ ഹിറ്റ്‌ലറില്‍ നിന്നും മുസ്സോളിനിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം ലജ്ജയില്ലാതെ പ്രഖ്യാപിക്കുന്നു.

ജര്‍മ്മന്‍ / ഇറ്റാലിയന്‍ ഫാസിസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദുത്വ ഫാസിസം ബഹുമുഖവും കൂടുതല്‍ അപകടകാരിയുമാണെന്ന വസ്തുത നാം അറിയാതെ പോവരുത്. യൂറോപ്പില്‍ ആര്യന്മാരും ജൂതന്മാരും തമ്മിലായിരുന്നു ശത്രുതയെങ്കില്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പിലേക്ക് വരുമ്പോള്‍ എതിരാളികളെ രണ്ട് തലങ്ങളിലാക്കി ചിത്രീകരിക്കുന്നത് കാണാം. ഒരു തലത്തില്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും, മുസ് ലിംകളെയും ക്രിസ്ത്യാനികളെയും പൂര്‍ണ്ണമായും ശുദ്ധീകരിക്കേണ്ടതുണ്ട്, മറ്റൊരു തലത്തില്‍ വര്‍ണ്ണ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ ശൂദ്രന്മാരെ അടിമകളാക്കേണ്ടതുമുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഹിന്ദുമതം, ഹിന്ദു രാഷ്ട്രം, ജാതിത്വം എന്നിവ പര്യായമാണ്. ബ്രഹ്മാവ് ക്ഷത്രിയനെ വായയില്‍ നിന്നും വൈശ്യനെ കൈയില്‍ നിന്നും ശൂദ്രനെ കാലുകളില്‍ നിന്നുമാണ് സൃഷ്ടിച്ചതെന്ന് മനുസ്മൃതി വളച്ചുകെട്ടില്ലാതെ പറയുന്നുണ്ട്. ശൂദ്രന് തൊഴിലായി പ്രഭു നിര്‍ദ്ദേശിച്ചത് മറ്റു മൂന്ന് ജാതിക്കാരെ സേവിക്കുക എന്നതായിരുന്നു. ഉയര്‍ന്ന ജാതിക്കാരെ ശൂദ്രര്‍ വിമര്‍ശിച്ചാല്‍ അവന്റെ നാവ് മുറിച്ച് മാറ്റപ്പെടണം എന്നാണ് വിശാസം. ഏതെങ്കിലും ശൂദ്രന്‍ അഹങ്കാരത്തോടെ ബ്രഹ്മണനോട് സംസാരിച്ചാല്‍ രാജാവ് ചൂടുള്ള എണ്ണ വായിലേക്കും ചെവിയിലേക്കും ഒഴിക്കുമായിരുന്നു. താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരനോടൊപ്പം ഒരേ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചാല്‍ അയാളുടെ അരക്കട്ടില്‍ മുദ്രകുത്തപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുമായിരുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിയതയുടെ മോശപ്പെട്ട പതിപ്പാണിത്. മനുസ്മൃതി ഒരേ സമയം ശൂദ്രര്‍ക്ക് ചെറിയ ലംഘനങ്ങള്‍ക്ക് പോലും ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കുമ്പോള്‍ തന്നെ ബ്രഹ്മണരോട് വളരെ സൗമ്യത പുലര്‍ത്തുകയും ചെയ്യുന്നു.

സാധ്യമായ എല്ലാ കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അവന്‍ ഒരിക്കലും ഒരു ബ്രാഹ്മണനെ കൊല്ലരുതെന്നും അയാളുടെ സ്വത്ത് മുഴുവന്‍ അവനും ശരീരത്തിനും പരിക്കേല്‍ക്കാതെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടണമെന്നും മനുസ്മൃതി പറയുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് യഥാര്‍ത്ഥ ഫാസിസ്റ്റ് സമ്പ്രദായം. 2014 ല്‍ മോദി അധികാരത്തില്‍ വന്നതോടെ ഇന്ത്യ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ യാത്ര ആരംഭിച്ചു എന്നത് ശരിയാണ്. എന്നിരുന്നാലും, മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യ ഒരു ജനതയുടെ ജനാധിപത്യമായിരുന്നു എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിന്റെ മറവില്‍ ജനവിരുദ്ധ ഭരണമായിരുന്നു ഇവിടെ അരങ്ങേറിയിരുന്നത്. സാമ്രാജ്യത്വത്തിന്റെയും മുതലാളിമാരുടെയും ഫ്യൂഡല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി രാജ്യം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഭരണാധികാരികളെല്ലാം തന്നെ ഇന്ത്യ ജനാധിപത്യ-മതേതര രാഷ്ട്രമാണെന്ന്  പരസ്യമായി സ്ഥിരീകരിച്ചു. എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ ഈ മുഖം ഉപേക്ഷിച്ചു. ആര്‍എസ്എസ് / ബിജെപി ഭരണാധികാരികള്‍ ഹിന്ദുത്വത്തെ തങ്ങളുടെ പ്രത്യയശാസ്ത്രമായി പ്രഖ്യാപിച്ചു. അതിനു കീഴില്‍ ഇന്ത്യയുടെ കാലങ്ങളായി പറഞ്ഞുപോരുന്ന മൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും ഉപേക്ഷിക്കുകയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയും ചെയ്യും. ഹിന്ദുത്വ ഭരണത്തിന്റെ നിലവിലെ ഈ കാഴ്ചപ്പാട് ഗോല്‍വാല്‍ക്കറില്‍ നിന്ന് നേരിട്ട് കടമെടുത്തതാണ്. ആര്‍എസ്എസിന്റെ 1350 ഉന്നതതല കേഡര്‍മാര്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് 1940 ല്‍ ഗോല്‍വാല്‍ക്കര്‍ ഇങ്ങനെ പസംഗിക്കുകയുണ്ടായി: ”ആര്‍എസ്എസ് ഒരു പതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പ്രത്യയശാസ്ത്രമാണ്. ഈ മഹത്തായ ദേശത്തിന്റെ ഓരോ കോണിലും ഹിന്ദുത്വത്തിന്റെ. ‘ ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം’ എന്നീ മുദ്രാവാക്യം അലയടിക്കുകയുണ്ടായി. യൂറോപ്പിലെ നാസി- ഫാസിസ്റ്റ് പാര്‍ട്ടികളുടെ പരിപാടികളില്‍ നിന്ന് നേരിട്ട് കടമെടുത്തതായിരുന്നു പ്രസ്തുത മുദ്രാവാക്യം.

എഴുത്തുകാര്‍-കലാകാരന്മാര്‍-ബുദ്ധിജീവികള്‍ ഫാസിസത്തെ പ്രതിരോധിച്ച വിധം

ജനങ്ങളുടെ അഭിലാഷങ്ങളെ അടിച്ചമര്‍ത്താനും മാനവികതയെ തകര്‍ക്കാനും ശ്മശാനത്തിന്റെ നിശബ്ദത സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനും ഫാസിസ്റ്റുകള്‍ ശ്രമിക്കുമ്പോഴെല്ലാം, എഴുത്തുകാര്‍-കലാകാരന്മാര്‍-ബുദ്ധിജീവികള്‍ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളുമായി തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടുണ്ട് എന്നഅത്ഭുതകരമായ വസ്തുതയ്ക്ക് ലോക ചരിത്രം സാക്ഷിയാണ്. മഹത്തായ ചില ഉദാഹരണങ്ങള്‍ ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്.

Also read: വേരറുക്കാൻ ശ്രമിക്കും തോറും വേരുറക്കുന്ന ഇസ്‌ലാം

ബ്രെക്ട് ( BRECHT )

ജര്‍മ്മന്‍ നാടക പരിശീലകനും നാടകകൃത്തും കവിയുമായിരുന്നു യൂജെന്‍ ബെര്‍ത്തോള്‍ഡ് ഫ്രീഡ്രിക്ക് ബ്രെക്റ്റ്. ‘വൈരുദ്ധ്യാത്മക നാടകം” എന്ന വിഭാഗത്തിന്റെ പ്രധാന വക്താവായിരുന്നു. നാസി കാലഘട്ടത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും അദ്ദേഹം പ്രവാസജീവിതത്തിലായിരുന്നു. ആദ്യം സ്‌കാന്‍ഡിനേവിയയിലും പിന്നീട് അമേരിക്കയിലും. നാസി ഭരണകാലത്ത്, ബ്രെക്റ്റ് തന്റെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൂടെ ദേശീയ സോഷ്യലിസ്റ്റ്, ഫാസിസ്റ്റ് പ്രസ്ഥാനങ്ങളോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി: ലൈഫ് ഓഫ് ഗലീലിയോ, ദി ഗുഡ് പേഴ്സണ്‍ ഓഫ് സെച്വാന്‍ (  The Good Person of Szechwan), ദി റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍തുറോ യു (The Resistible Rise of Arturo Ui), കൊക്കേഷ്യന്‍ ചോക്ക് സര്‍ക്കിള്‍ തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ ബ്രെക്ട് രചിക്കുകയുണ്ടായി.

ഫാസിസത്തിനെതിരായ ഏറ്റവും വലിയ നാടകകൃത്തും കവിയുമായി ബ്രെക്റ്റ് ഇന്നും നിലനില്‍ക്കുന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരെ പോരാടുന്നതില്‍ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ”കല യാഥാര്‍ത്ഥ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കണ്ണാടിയല്ല, മറിച്ച് അതിനെ രൂപപ്പെടുത്തുന്നതിനുള്ള ഒരു ചുറ്റികയാണ്” എന്ന കലാകാരന്മാര്‍ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. അങ്ങനെ കലാകാരന്മാര്‍ വിപ്ലവകരമായ ഒരു രാഷ്ട്രീയ ഉപകരണമായി കലയെ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നു. എഴുത്തുകാര്‍-കലാകാരന്മാര്‍-ബുദ്ധിജീവികള്‍ ഫാസിസ്റ്റ് അടിച്ചമര്‍ത്തലിന് വഴങ്ങരുതെന്ന് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചു: ”ഇരുണ്ട കാലത്ത് ആലാപനം ഉണ്ടാകുമോ? അതെ, ആലാപനവും ഉണ്ടാകും. ഇരുണ്ട കാലത്തെക്കുറിച്ച് തന്നെ’.

ഫാസിസം സത്യത്തെ നശിപ്പിക്കുന്നു. സത്യം ഉയര്‍ത്തിപ്പിടിക്കാനും നുണകളെ നേരിടാനും ബ്രെക്റ്റ് ഏറെ കഠിനാധ്വാനം ചെയ്തു. ഇക്കാലത്ത്, നുണകളെയും അജ്ഞതയെയും ചെറുക്കാനും സത്യം എഴുതാനും ആഗ്രഹിക്കുന്നവര്‍ അല്‍പം പ്രതിസന്ധികള്‍ നേരിടാന്‍ തയ്യാറാവണം. സത്യം ചരിത്രത്തില്‍ എല്ലായിപ്പോഴും എതിര്‍ക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ അത് തുറന്നുപറയാനുള്ള ചങ്കൂറ്റവും ധൈര്യവും ചിലര്‍ കാണിച്ചു. സത്യം നിരന്തരം നിര്‍ഭയം തുറന്നുപറയാനുള്ള ധൈര്യം എഴുത്തുകാരും കലാകാരന്മാരും ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.

ചാര്‍ലി ചാപ്ലിന്‍

1889 ഏപ്രില്‍ 16ന് ലണ്ടനില്‍ ജനിച്ച കലാകാരനാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാര്‍ലി ചാപ്ലിന്‍. ചാപ്ലിന്റെ ബാല്യം കഷ്ടപ്പാടുകളും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. ഏഴാമത്തെ വയസ്സില്‍ ചാപ്ലിനെ ഒരു വര്‍ക്ക് ഹൗസിലേക്ക് അയക്കുകയുണ്ടായി. പതിമൂന്നാം വയസ്സില്‍, ചാപ്ലിന്‍ നാടക ലോകത്തേക്ക് ചെറിയ രീതിയിലുള്ള രംഗപ്രവേശം നടത്തി. നിശബ്ദ ചലച്ചിത്ര കാലഘട്ടത്തിലെ ഏറ്റവും മികച്ച കലാകാരന്‍ മാത്രമായിരുന്നില്ല ചാപ്ലിന്‍, മറിച്ച് തന്റെ ആക്ഷേപഹാസ്യങ്ങളിലൂടെ അഡോള്‍ഫ് ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി എന്നിവരെയടക്കം സധൈര്യം നേരിട്ട ശക്തനായ ഒരു കലാകാരന്‍ കൂടിയാണ് ചാപ്ലിന്‍. ദി ഗ്രേറ്റ് ഡിറ്റാക്റ്റര്‍ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം നടത്തിയ നീണ്ട പ്രസംഗം ചരിത്രത്തില്‍ വംശീയതക്കും ഫാസിസത്തിനുമെതിരായ ഏറ്റവും പ്രചോദനാത്മകവും പ്രതിരോധാത്മകവുമായ പ്രസംഗങ്ങളിലൊന്നായി ചരിത്രത്തില്‍ ഇന്നും ഓര്‍മ്മിക്കപ്പെടുകയാണ്. അദ്ദഹേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ക്ഷമിക്കണം, എനിക്ക് ഒരു ചക്രവര്‍ത്തിയാകാന്‍ ആഗ്രഹമില്ല.
അത് എന്റെ താത്പര്യവുമല്ല.
ആരെയും ഭരിക്കാനോ ജയിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല.
സാധ്യമെങ്കില്‍ എല്ലാവരേയും സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ജൂത-യഹൂദേതര – കറുത്ത – വെളുത്ത മനുഷ്യന്‍,
നാമെല്ലാവരും പരസ്പരം സഹായിക്കാന്‍ ആഗ്രഹിക്കുന്നു, മനുഷ്യര്‍ അങ്ങനെയാണ്.
പരസ്പരം സന്തോഷത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പരസ്പരം ദുരിതത്താലല്ല.
പരസ്പരം വെറുക്കാനും പുച്ഛിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ഈ ലോകത്ത് എല്ലാവര്‍ക്കുമായി ഇടമുണ്ട്,
സമ്പന്നമാണ് നമ്മുടെ ഭൂമി.
അത്യാഗ്രഹം മനുഷ്യരുടെ ആത്മാക്കളെ വിഷലിപ്തമാക്കി,
അത് ദുരിതത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും ഞങ്ങളെ നയിച്ചു.
യുദ്ധ സാമഗ്രികളേക്കാള്‍ നമുക്കാവശ്യം മാനവികതയാണ്.
ബുദ്ധിയേക്കാള്‍ ഉപരിയായി നമുക്ക് ദയയും സൗമ്യതയും ആവശ്യമാണ്.
ഈ ഗുണങ്ങളില്ലാതെ, ജീവിതം അക്രമാസക്തമാകും, എല്ലാം നഷ്ടപ്പെടും…
ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നവരോട് ഞാന്‍ പറയുന്നു – നിരാശപ്പെടരുത്.
സ്വേച്ഛാധിപതികളൊക്കെ ഒരു നാള്‍ മരിക്കും,
ജനങ്ങളില്‍ നിന്നും അവര്‍ തട്ടിയെടുത്ത അധികാരം ജനങ്ങളിലേക്ക് തന്നെ മടങ്ങും.
മനുഷ്യര്‍ മരിക്കുന്നിടത്തോളം സ്വാതന്ത്ര്യം ഒരിക്കലും നശിക്കുകയില്ല. ….
ഈ ജീവിതം സ്വതന്ത്രവും മനോഹരവുമാക്കുന്നതിനും
ഈ ജീവിതത്തെ അതിശയകരമായ ഒരു സാഹസികതയാക്കുന്നതിനും നിങ്ങള്‍ക്ക്, ജനങ്ങള്‍ക്ക് അധികാരമുണ്ട്.
അപ്പോള്‍ – ജനാധിപത്യത്തിന്റെ പേരില്‍ – നമുക്ക് ആ ശക്തി ഉപയോഗിക്കാം – നമുക്കെല്ലാവര്‍ക്കും ഒന്നിക്കാം.
നമുക്ക് ഒരു പുതിയ ലോകത്തിനായി പോരാടാം –
പുരുഷന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന മാന്യമായ ഒരു ലോകം
ജനാധിപത്യത്തിന്റെ പേരില്‍ നാമെല്ലാവരും ഒന്നിക്കാം.

Also read: ‘തഹരീള്’ ചെറുത്തുനില്‍പിന്‍റെ കാവ്യ മുഖം

മാര്‍ട്ടിന്‍ നീമൊല്ലര്‍ (Martin Niemöller )

1892 ല്‍ ജര്‍മ്മനിയിലെ ലിപ്സ്റ്റാഡില്‍ ജനിച്ച ഒരു ജര്‍മ്മന്‍ പാസ്റ്ററും ദൈവശാസ്ത്രജ്ഞനുമായിരുന്നു മാര്‍ട്ടിന്‍ നീമൊല്ലര്‍. കമ്മ്യൂണിസ്റ്റ് വിരുദ്ധനും അഡോള്‍ഫ് ഹിറ്റ്‌ലറുടെ അധികാരത്തില്‍ ആദ്യം വരാന്‍ പിന്തുണച്ചവനുമായിരുന്നു നിമൊല്ലര്‍. എന്നാല്‍ ഹിറ്റ്ലര്‍ ജൂതന്മാരെ ശുദ്ധീകരിക്കാനുള്ള വംശഹത്യ ആരംഭിക്കുകയും തൊഴിലാളിവര്‍ഗം നാസിസത്തിനെതിരെ തിരിയുകയും ചെയ്തപ്പോള്‍ അദ്ദേഹം ഹിറ്റ്ലറെ എതിര്‍ക്കുന്ന ഒരു കൂട്ടം ജര്‍മ്മന്‍ പുരോഹിതന്മാരുടെ നേതാവായി. 1937 ല്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഫാസിസത്തിനെതിരായ ഏറ്റവും വലിയ ഗാനങ്ങളിലൊന്നായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നീണ്ട കവിതയില്‍ നിന്നുള്ള ഒരു ഭാഗം ഇവിടെ ചേര്‍ക്കുന്നു.

ആദ്യം അവര്‍ വന്നത് യഹൂദന്മാര്‍ക്കുവേണ്ടിയാണ്
ഞാന്‍ സംസാരിച്ചില്ല
ഞാന്‍ യഹൂദനായിരുന്നില്ല.
പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കായി വന്നു
ഞാന്‍ സംസാരിച്ചില്ല
കാരണം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല.
പിന്നെ അവര്‍ ട്രേഡ് യൂണിയനിസ്റ്റുകള്‍ക്കായി വന്നു
ഞാന്‍ സംസാരിച്ചില്ല
കാരണം ഞാന്‍ ഒരു ട്രേഡ് യൂണിയനിസ്റ്റ് ആയിരുന്നില്ല.
പിന്നെ അവര്‍ എനിക്കായി വന്നു
ആരും ശേഷിച്ചില്ല
എനിക്കുവേണ്ടി സംസാരിക്കാന്‍.

( First they came for the Jews
and I did not speak out
because I was not a Jew.
Then they came for the Communists
and I did not speak out
because I was not a Communist.
Then they came for the trade unionists
and I did not speak out
because I was not a trade unionist.
Then they came for me
and there was no one left
to speak out for me.)

ഗ്രാംഷി  (Antonio Francesco Gramsci)

ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് തത്ത്വചിന്തകനും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനുമായിരുന്നു അന്റോണിയോ ഫ്രാന്‍സെസ്‌കോ ഗ്രാംഷി. രാഷ്ട്രീയ സിദ്ധാന്തം, സാമൂഹ്യശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതി. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗവും നേതാവുമായിരുന്നു അദ്ദേഹം. ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ തടവിലാക്കി. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് അദ്ദേഹം മോചിതനായി.

ജയിലില്‍ കഴിയുമ്പോള്‍ 30 ലധികം നോട്ട്ബുക്കുകളും 3,000 പേജുകളുടെ ചരിത്രവും വിശകലനവും അദ്ദേഹം എഴുതിത്തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ ജയില്‍ നോട്ട്ബുക്കുകള്‍ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ മഹത്തായ സംഭാവനയായി കണക്കാക്കപ്പെടുന്നു. ദേശീയത, ഫ്രഞ്ച് വിപ്ലവം, ഫാസിസം, സിവില്‍ സൊസൈറ്റി, നാടോടിക്കഥകള്‍, മതം, ഉയര്‍ന്നതും ജനപ്രിയവുമായ സംസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ഉള്‍ക്കൊള്ളുന്നു.

മുതലാളിത്ത സമൂഹങ്ങളില്‍ അധികാരം നിലനിര്‍ത്താന്‍ ഭരണകൂടവും മുതലാളിത്ത വര്‍ഗ്ഗവും – ബൂര്‍ഷ്വാസിയും സാംസ്‌കാരിക സ്ഥാപനങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വിവരിക്കുന്ന സാംസ്‌കാരിക ആധിപത്യ സിദ്ധാന്തത്തിലൂടെയാണ് ഗ്രാംഷി അറിയപ്പെടുന്നത്. അക്രമത്തിനോ സാമ്പത്തിക ശക്തിയോ ബലപ്രയോഗത്തിനോ പകരം പ്രത്യയശാസ്ത്രം ഉപയോഗിച്ച് ഒരു ആധിപത്യ സംസ്‌കാരം അവര്‍ വികസിപ്പിക്കുന്നു. ആധിപത്യ സംസ്‌കാരം അതിന്റേതായ മൂല്യങ്ങളും മാനദണ്ഡങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ പൊതുബോധമായി മാറുകയും അങ്ങനെ നില നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ആധിപത്യം നിലനിര്‍ത്താന്‍ ബലപ്രയോഗം നടത്തുന്നതിനുപകരം മുതലാളിത്ത വ്യവസ്ഥയുടെ സമ്മതം നിലനിര്‍ത്താനാണ് ആധിപത്യശക്തി ഉപയോഗിക്കുന്നത്.

ഒരു ആധിപത്യം കെട്ടിപ്പടുക്കുന്നതിലൂടെ മുതലാളിത്ത ശക്തിയെ വെല്ലുവിളിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഒരു തൊഴിലാളിവര്‍ഗ സംസ്‌കാരവും എതിര്‍-ആധിപത്യവും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാല്‍, ആധിപത്യം പുലര്‍ത്തിയിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ശ്രമിച്ച ഒരുതരം വിദ്യാഭ്യാസത്തെ ഉദ്ദേശിച്ചുള്ളതാണ് ഗ്രാംഷിയുടെ നിരീക്ഷണങ്ങള്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ”വിമര്‍ശനാത്മക ബോധം” നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഒരു സിദ്ധാന്തവും പ്രയോഗവുമായിരുന്നു അത്.

ഈ മഹത്തായ പൈതൃകത്തില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാനുണ്ട്. വിപ്ലവകരവും സൃഷ്ടിപരവുമായ ഇടപെടലുകളിലൂടെ നിലവിലെ ഹിന്ദുത്വ ഫാസിസ്റ്റ് അക്രമണത്തെ കൂടുതല്‍ അര്‍ഥപൂര്‍വ്വം പ്രതിരോധിക്കാന്‍ നമുക്ക് കഴിയും.

വിവ. അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments
Related Articles
Tags
Close
Close