Politics

സുലൈമാനിയുടെ കൊലപാതകം; എങ്ങനെയായിരിക്കും ഇറാന്റെ തിരിച്ചടി?

വധശിക്ഷാവിധി നടപ്പാക്കാന്‍ കാത്തിരിക്കുന്നത് വധശിക്ഷയേക്കാള്‍ വേദനാജനകമായ കാര്യമാണ്. ഇറാന്റെ മുതിര്‍ന്ന സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാന്റെയും അദ്ദേഹത്തിന്റെ മിത്രം അബുമഹ്ദി അല്‍മുഹന്ദിസിന്റെയും വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേതൃത്വം വ്യക്തമാക്കിയിരിക്കെ അമേരിക്കയുടെയും അതിന്റെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും കാര്യത്തില്‍ ഈ തത്വം വളരെയധികം ചേരുന്ന സന്ദര്‍ഭമാണിത്. ബൈറൂത്തിലെ മിന്നല്‍ സന്ദര്‍ശനം കഴിഞ്ഞ ബഗ്ദാദ് എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സുലൈമാനിയുടെ സംഘവും. എന്നാല്‍ പ്രതികാരം എപ്പോഴെന്നോ എങ്ങനെയെന്നോ വ്യക്തമാക്കിയിട്ടില്ല.

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ ദേശീയ സുരക്ഷാ കൗണ്‍സില്‍ മീറ്റിംഗ് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തു. ആദ്യമായാണ് അദ്ദേഹം ഇത്തരത്തിലൊരു യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഈ കൊലപാതകത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും അതിന്റെ തിരിച്ചടിയെ കുറിച്ച് ആലോചിക്കാനുമായിരുന്നു അത്. ഇറാന്‍ പറയുന്ന പ്രവര്‍ത്തിക്കുമെന്ന് മുഴുലോകത്തിനും കാണിച്ചു കൊടുക്കാനുതകും വിധം ഈ തിരിച്ചടി സൈനികവും ശക്തവുമായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എതിരാളി അമേരിക്കയെ പോലുള്ള വന്‍രാഷ്ട്രമാണെങ്കില്‍ തങ്ങളുടെ ആളുകളുടെ രക്തത്തിന് പകരം ചോദിച്ചിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

തിരിച്ചടിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി കൊണ്ട് അമേരിക്കന്‍ നേതൃത്വം ഇറാഖ് നേതൃത്വത്തിന് മൂന്ന് കത്തുകള്‍ അയച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വിസ് അംബാസഡര്‍ വശമാണ് അവയില്‍ രണ്ടെണ്ണം. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി മുഖേനയാണ് മറ്റൊന്ന്. ശനിയാഴ്ച്ച വളരെ പെട്ടന്ന് തന്നെ തെഹ്‌റാനിലേക്ക് പുറപ്പെടുകയായിരുന്നു അദ്ദേഹം. എന്നാല്‍ പ്രസ്തുത കത്തുകള്‍ തുറന്ന് നോക്കാന്‍ ഇറാന്‍ നേതൃത്വം വിസമ്മതിച്ചിരിക്കുന്നു എന്ന വിവരമാണ് ചോര്‍ന്ന് കിട്ടിയിരിക്കുന്നത്. യാതൊരുവിധ മധ്യസ്ഥതയും അംഗീകരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതില്‍ നിന്നും പിന്നോട്ടടിക്കില്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആ തിരിച്ചടിയുടെ സ്വഭാവവും വ്യാപ്തിയും സമയവും അതുണ്ടാക്കുന്ന പ്രതിഫലനങ്ങളും പ്രത്യകിച്ചും അമേരിക്കയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടിയും സംബന്ധിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

ഈയവസരത്തില്‍ പ്രവചിക്കാവുന്ന പല സാധ്യതകളുമുണ്ട്. ഇറാന്റെ മുന്‍മാതൃകകളും പ്രസ്താവനകളും പഠനവിധേയമാക്കുമ്പോള്‍ ചുവടെ നല്‍കുന്ന തരത്തില്‍ അവയെ സംഗ്രഹിക്കാം:

ഒന്ന്, അമേരിക്കയുടെ രാഷ്ട്രീയ രംഗത്തോ സൈനിക രംഗത്തോ ഉള്ള മുതിര്‍ന്ന ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളേയോ കൊലപ്പെടുത്തുക. അത് അമേരിക്കകത്ത് വെച്ചോ പുറത്ത് വെച്ചോ ആവാം.

രണ്ട്, ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം നടത്തല്‍. 15 താവളങ്ങളിലായി 5300 സൈനികര്‍ക്ക് പുറമെ ആയിരത്തിലേറെ സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ അവിടെയുണ്ട്. സിറിയ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അല്‍-തന്‍ഫ് സൈനിക താവളം അതിലൊന്നാണ്.

മൂന്ന്, ഖത്തറിലെ അല്‍ഉദൈദ് പോലുള്ള ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ഉന്നം വെക്കുക. അല്ലെങ്കില്‍ മനാമയിലെ അമേരിക്കയുടെ അഞ്ചാമത്തെ നാവിക താവളമോ, കുവൈത്തിലെ അദ്ദൗഹ സൈനിക താവളമോ അബുദബിയിലെ സൈനിക താവളമോ ആക്രമിക്കപ്പെട്ടേക്കാം.

നാല്, അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമണ ലക്ഷ്യമാവാം. ജനറല്‍ സുലൈമാനിയുടെ കൊലപാതകത്തില്‍ ഏതോ അര്‍ത്ഥത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിന് സാധ്യതയേറെയാണ്. കഴിഞ്ഞ ബുധനാഴ്ച്ച ട്രംപ് നെതന്യാഹുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കൊലപാതകത്തില്‍ പങ്കുവഹിച്ചതായും ഇസ്രയേല്‍ പത്രങ്ങളും ടെലിവിഷന്‍ കേന്ദ്രങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അവ നല്‍കിയിട്ടില്ല.

ചില രാഷ്ട്രീയ നിരീക്ഷകര്‍, വിശിഷ്യാ അറബ് നിരീക്ഷകര്‍ പറയുന്നത് അമേരിക്കയുടെ തിരിച്ചടി മുഖവിലക്കെടുത്ത് അമേരിക്കക്കെതിരെ ആക്രമണം നടത്തില്ലെന്നാണ്. ഇന്ന് ഇറാഖിലും ലബനാനിലും സിറിയയിലും സംഭവിക്കുന്ന പോലെ ഒരു യുദ്ധത്തിന് തുടക്കം കുറിക്കുന്നത് ഒഴിവാക്കുന്നതിനായിരിക്കാം അത്.

ഹുര്‍മുസ് കടലിടുക്കിന് മുകളിലൂടെ ഇരുപത് കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ അമേരിക്കയുടെ ‘ഗ്ലോബല്‍ ഹ്വാക്’ വിമാനം ഇറാന്‍ മിസൈല്‍ വീഴ്ത്തിയത് അവര്‍ മറക്കുന്നു. അതിന് പ്രതികാരം ചെയ്യാന്‍ ട്രംപ് ധൈര്യപ്പെട്ടില്ല. അമേരിക്ക സമാധാനത്തിന് മുന്‍ഗണന നല്‍കി ഈ നിന്ദത സഹിക്കുകയായിരുന്നു.

ഇറാഖിന്റെ മണ്ണില്‍ അമേരിക്കക്ക് തിരിച്ചടി നല്‍കാനാണ് ഇറാന്‍ ഉദ്ദേശിക്കുന്നത്. അതിലൂടെ ഇറാഖിലെ മുഴുവന്‍ അമേരിക്കന്‍ സൈനികരെയും പുറത്താക്കാനും അവിടെ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം അനുവദിക്കുന്ന കരാറുകള്‍ റദ്ദാക്കാനുമാണ് ഇറാന്‍ താല്‍പര്യപ്പെടുന്നത്. സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ വലിയ വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ഹി ആവശ്യപ്പെട്ടത് പ്രകാരം ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തിര യോഗം ഞായറാഴ്ച്ച രാവിലെ ചേരാനിരിക്കുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കാനും സുലൈമാനിയുടെയും മുഹന്ദിസിന്റെയും കൊലപാതകം ഈ കരാറുകളുടെ ലംഘനമായി പരിഗണിക്കാനുമാണത്. കരാറുകള്‍ പ്രകാരം അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍ നിലനിര്‍ത്തുന്നത് പരിശീലന രംഗത്ത് മാത്രമാണ്. ഇറാഖികളെ വകവരുത്തുന്ന എല്ലാ പ്രവര്‍ത്തനവും വിലക്കുന്നതാണ് പ്രസ്തുത കരാറുകള്‍. മുഖ്തദ സ്വദ്‌റിന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്‍െയും പിന്തുണ ഈ മുന്നോട്ടു പോക്കിലുള്ള വലിയൊരു പ്രതിബന്ധത്തെയാണ് ഒഴിവാക്കി നല്‍കിയിരിക്കുന്നത്.

ഈ തിരക്കുകള്‍ക്കിടയില്‍ വിട്ടുകളയാന്‍ കഴിയാത്ത ഒരു വിഷയമുണ്ട്. ഇറാനിലെ ഈ പ്രമുഖവ്യക്തിയുടെ കൊലപാതകവും അതിന് സ്വീകരിച്ച രീതിയും സ്ഥലവുമെല്ലാം ഇറാന്‍ ഭരണകൂടത്തിലെ തീവ്രവിഭാഗം നന്നായി ഉപയോഗപ്പെടുത്തുമെന്നതാണത്. ആണവഉടമ്പടിയില്‍ ഒപ്പുവെച്ച് ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ത്ത വിഭാഗമാണത്. ആണവകരാറില്‍ നിന്ന് പിന്‍വാങ്ങി ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി അവര്‍ വീണ്ടും രംഗത്ത് വരാനുള്ള സാധ്യത തള്ളിക്കളയനാവില്ല.

ഇറാഖ് യുദ്ധത്തെ ശക്തമായി എതിര്‍ത്ത ട്രംപ് താന്‍ പ്രസിഡന്റായാല്‍ മിഡിലീസ്റ്റിലെ അമേരിക്കന്‍ സൈനികരെ മുഴുവന്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു കുറ്റവാളിയായി രംഗത്തേക്ക് തിരിച്ചുവരുന്ന അദ്ദേഹത്തിന്റെ തന്റെ രാജ്യത്തിന്റെ നഷ്ടം നികത്താന്‍ പുതിയ അധിനിവേശങ്ങളും യുദ്ധങ്ങളും നടത്തേണ്ടതുണ്ട്.

ഈ കൊലപാതകം തെരെഞ്ഞെടുപ്പിലെ തന്റെ വിജയസാധ്യത കൂട്ടുമെന്നാണ് ട്രംപ് കരുതിയിരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിയിരിക്കുന്നു. മിഡിലീസ്റ്റിലെ കുഴിബോംബുകളാണ് – പ്രത്യേകിച്ചും ഇറാനിലെ – ജിമ്മി കാര്‍ട്ടറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയത്. ക്യാമ്പ് ഡേവിഡ് കരാറുകള്‍ അദ്ദേഹത്തിന് തുണയായെത്തിയില്ല. തെഹ്‌റാനിലെ അംമേരിക്കന്‍ എംബസിയിലെ ബന്ധികളെ രക്ഷിക്കാന്‍ പുറപ്പെട്ട അമേരിക്കന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം രണ്ടാമതും പ്രസിഡന്റാവാനുള്ള അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞു. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്ത വിഡ്ഢിയാണ് ട്രംപ് എന്നതാണ് പ്രശ്‌നം.

സൈനിക മേധാവി സുലൈമാനിയുടെയും മുഹന്ദിസിന്റെ രക്തത്തിന് ഇറാന്‍ നേതൃത്വം പ്രതികാരം ചെയ്യും. എന്നാലത് അത്ര പെട്ടന്നായി കൊള്ളണമെന്നില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

മൊഴിമാറ്റം: അബുഅയാശ്‌

Facebook Comments
Related Articles

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Close
Close